
വനിതകളുടെ ക്രിക്കറ്റ് ലോക കപ്പിൽ ഇന്ത്യ അരങ്ങേറിയ വർഷം.1978. നായികയായി നിശ്ചയിച്ചത് മലയാളിയെയാണ്. വിമാനം വൈകിയതിനാൽ മത്സരം തുടങ്ങുംമുമ്പ് എത്താനായില്ല. മറ്റൊരാൾ നായികയാവുകയും ചെയ്തു. സൂസൻ ഇട്ടിച്ചെറിയയ്ക്കാണ് 1978ൽ നായിക സ്ഥാനം നഷ്ടമായത്.
വനിതാ ലോക കപ്പ് ക്രിക്കറ്റ് തുടങ്ങിയ 1973 ൽ ഇന്ത്യ മത്സരിച്ചില്ല.ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടന്നത്.രണ്ടാം ലോക കപ്പ് 1978ൽ ഇന്ത്യയിൽ നടന്നപ്പോൾ ആതിഥേയരും പങ്കെടുത്തു.
1978 ജനുവരി ഒന്നിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം.ഇംഗ്ലണ്ട് ആയിരുന്നു എതിരാളികൾ. മത്സരത്തലേന്നാന്ന് ക്യാപ്റ്റനെ നിശ്ചയിച്ചത്.തമിഴ്നാടിൻ്റെ മലയാളി താരം സൂസൻ ഇട്ടിച്ചെറിയയെ നായികയായി തിരഞ്ഞെടുത്തു. തിരുവല്ലയ്ക്കടുത്ത് നിരണം സ്വദേശിനിയാണ് സൂസൻ. പുനെയിൽ ഓസ്ട്രേട്രേലിയക്കെതിരെ നടന്ന സന്നാഹ ഏക ദിന മത്സരത്തിൽ പ്രസിഡൻറ്സ് ഇലവൻ്റെ നായികയായിരുന്ന സൂസൻ മത്സരം കഴിഞ്ഞ് മുംബൈയിൽ എത്തിയപ്പോഴാണ് തന്നെ ഇന്ത്യൻ നായികയാക്കിയെന്ന സന്തോഷ വാർത്ത അറിഞ്ഞത്. ജനുവരി ഒന്നിനു പുലർച്ചെ കൊൽക്കത്തയിൽ എത്താനായിരുന്നു നിർദേശം.മറ്റു മൂന്നു താരങ്ങളും സൂസന് ഒപ്പമുണ്ടായിരുന്നു.ഇവരുടെ വിമാനം നാഗ്പൂരിൽ എത്തിയപ്പോൾ കനത്ത മൂടൽ മഞ്ഞ്.വിമാനം ലാൻഡ് ചെയ്യാൻ വൈകി. ഒടുവിൽ കൊൽക്കത്തയിൽ എത്തിയപ്പോൾ കളി ഏതാണ്ട് തുടങ്ങി.സൂസനു പകരം ഡയാനാ എഡുൾജി ഇന്ത്യൻ നായികയായി. ടീമിൽ എന്തായാലും സൂസനു സ്ഥാനം കിട്ടി. അതിനു മുമ്പേ വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റിൽ സൂസൻ അരങ്ങേറിയിരുന്നു.
രാജ്യാന്തര വനിതാ ക്രിക്കറ്റ് കൗൺസിലിൻ്റെ കീഴിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യയിലെ വനിതാ ക്രിക്കറ്റ് നിയന്ത്രിച്ചിരുന്ന കാലമായിരുന്നത്.വനിതാ ക്രിക്കറ്റിന് രഞ്ജി ട്രോഫിയുടെ പരിഗണനപോലും കിട്ടാതിരുന്ന കാലം.
അന്ന് ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് ടീമിൽ കേരളത്തിൽ ജനിച്ച മറ്റൊരു കളിക്കാരി കൂടിയുണ്ടായിരുന്നു. തമിഴ്നാടിൻ്റെ സുധാ ഷാ.സുധ ജനിച്ചത് കണ്ണൂരിൽ ആണ്.സുധയുടെ പിതാവ് പക്ഷേ, തമിഴ്നാട്ടുകാരനാണ്. മാതാവ് മലയാളിയും . സുധയും ഒരിക്കൽ മാത്രമാണ് ലോക കപ്പിൽ കളിച്ചത്.അവർ പിന്നീട് ഇന്ത്യൻ നായികയും ഇന്ത്യൻ ടീമിൻ്റെ പരിശീലക യുമായി.2005 ൽ ഇന്ത്യ ഫൈനലിൽ എത്തിയ ലോക കപ്പിൽ സുധയായിരുന്നു പരിശീലക. 2000, 2009 ലോക കപ്പുകളിലും സുധാ ഷാ പരിശീലകയായുണ്ടായിരുന്നു.
2005 ൽ ദക്ഷിണാഫ്രിക്കയിൽ മിതാലിയായിരുന്നു ഇന്ത്യൻ നായിക.ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യൻ വനിതാ ടീമിനെ ആരും ശ്രദ്ധിച്ചില്ല.ഏതാനും ദിവസം കഴിഞ്ഞപ്പോൾ സ്പോൺസർമാരായ സഹാറ കളിക്കാർക്ക് സമ്മാനിച്ചത് 9000 രൂപയുടെ വീതം ചെക്ക്. അതിന് രണ്ടു വർഷം മുമ്പ് പുരുഷ ടീം റണ്ണേഴ്സ് അപ്പ് ആയപ്പോൾ പുനെയിൽ സഹാറയുടെ ആംബി വാലായിൽ ആഡംബര അപ്പാർട്മെൻ്റുകൾ സമ്മാനിച്ചു.വിവിധ സ്ഥാപനങ്ങൾ നൽകിയ ചെക്കുകൾ വേറെ.
2017ൽ ഇംഗ്ലണ്ടിൽ ഇന്ത്യ വീണ്ടും ഫൈനലിൽ തോറ്റു. മിതാലി തന്നെയായിരുന്നു നായിക.
2017ൽ വനിതാ ലോക കപ്പിലെ എല്ലാ മത്സരങ്ങളും തൽസമയം സംപ്രേഷണം ചെയ്തു.ഐ.സി.സിയുടെ സാമൂഹിക മാധ്യമ പ്ളാറ്റ്ഫോമുകളിൽ എത്തിയത് 10 കോടി പേർ.
ഇംഗ്ലണ്ടിൽ നിന്നു മിതാലിയുടെ ടീം മടങ്ങി വന്നപ്പോൾ വൻ സ്വീകരണമാണു ലഭിച്ചത്.
വനിതാ ക്രിക്കറ്റ് ബി.സി.സി.ഐയുടെ കീഴിൽ വരും മുമ്പ് ക്രിക്കറ്റിൽ സജീവമായവരാണ് മിതാലിയും ജൂലനും.
.കാലം മാറി. ഇക്കുറി വനിതാ ടീമിൻ്റെ വിജയം ആഘോഷിക്കുവാൻ രാജ്യം ഉണർന്നിരുന്നു. ഇന്ത്യൻ ടീമിന് ബി.സി.സി.ഐ. സമ്മാനമായി നൽകിയത് 51 കോടി രൂപ.