
"പറയൂ സഹോദരാ, അകലെക്കാണും ബ്യൂട്ടി-
പാർലറിൽ നിന്നും വരും യുവതിയാരാണെന്ന്?
കവികൾ അതുപോലെ ചിത്രകാരൻമാർ കണ്ടാൽ
കാവ്യമായ് ഒരു നല്ല ചിത്രമായ് മാറ്റും രൂപം!
താരു പോൽ വികസിച്ചു നിൽക്കുമാ നയനങ്ങൾ
ആരു കണ്ടാലും നോക്കി നിന്നുപോം കപോലങ്ങൾ!
അത്രമേൽ മനോഹരം മോഹനം കർണ്ണങ്ങളും
നിറമോ ചെമ്പകപ്പൂ തോറ്റു പിന്മാറും പോലെ!
മരാളം പോലും ക്ഷിപ്രം ലജ്ജിച്ചു വിട വാങ്ങും
മന്ദമാം ഗമനവും വശ്യമാം കടാക്ഷവും,
രാത്രി തൻ നിറമാർന്ന കേശവും അതിലെഴും
രാകേന്ദു സമാനമാം ശുഭ്രമാം മുല്ലപ്പൂവും,
കിളിക്കൊഞ്ചൽ പോലുള്ള ശബ്ദവും, അതിനൊപ്പം
കളിയും ചിരിയുമായ് ഭാഷിക്കും പ്രകൃതവും,
രമ്യമായ് ആരും കേട്ടാൽ മയങ്ങും പടുത്വവും
ഗണ്യമായ് മേളിച്ചൊരീ സ്ത്രീരത്ന, മാരാണിവൾ?
തത്തമ്മച്ചുണ്ടു പോലെ ശോണമാം ചുണ്ടുകളും
മൊത്തത്തിലൊരപ്സര കന്യതൻ ഭാവങ്ങളും,
സർവ്വവും സമന്വയിച്ചഴകിൽ കുളിച്ചൊരീ
സൗന്ദര്യ ധാമമാരെന്നറിയാൻ ജിജ്ഞാസയായ്"!
"പറയാം, ക്ഷമിക്കുകെൻ സോദരാ, പറയാതെ
മറഞ്ഞു നിൽപ്പാനെനി യ്കാവുകില്ലൊരിക്കലും!
അമ്മട്ടു മനോഹരിയാമൊരീ യുവതി നിൻ
അമ്മൂമ്മ താനെന്നു നീ, നമ്പുകില്ലൊരിക്കലും"!
പ്രകൃതി ശരീരത്തിൽ മാറ്റങ്ങൾ വരുത്തിടാം
വികൃതമാക്കാം അംഗ വൈകല്യങ്ങളും വരാം!
സുകൃതമെല്ലാമീശ നിശ്ചയ മെന്നോർത്തു നാം
വ്യാപൃതരാകാം ധർമ്മ കൈവല്യ കർമ്മങ്ങളിൽ!
വയസ്സിൽ മുന്നേറുമ്പോൾ, വാർദ്ധക്യമണയുമ്പോൾ
വരുന്നൂ വിവിധമാം മാറ്റങ്ങൾ തനുവിലും!
എങ്കിലും ചേതസ്സിനെ തെല്ലുമേ ബാധിക്കാതെ
ശങ്കിച്ചിടാതെ പരമാത്മാവിലുറപ്പിക്കാം!
സൗന്ദര്യ മതു പോലെ യൗവ്വന മിവ രണ്ടും
സന്തത മുണ്ടാവില്ല, ദാക്ഷിണ്യം കാട്ടാറില്ല!
ആദിശങ്കരന്റേഴ് വൈരാഗ്യ ശ്ലോകങ്ങളിൽ
ആദ്യന്തം ചൊല്ലുന്നതീ തത്വങ്ങളെല്ലാമല്ലോ!