
ന്യൂ യോർക്ക് നിവാസികൾക്കെതിരെ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ചു ഐസ് ഭീകരത അഴിച്ചു വിട്ടാൽ പോലീസ് അക്കാര്യത്തിൽ ഐസിനെ സഹായിക്കേണ്ടതില്ല എന്നായിരിക്കും തന്റെ നിലപാടെന്നു നിയുക്ത മേയർ സോഹ്രാൻ മാംദാനി വ്യക്തമാക്കുന്ന വീഡിയോ പുറത്തു വന്നു.
എക്‌സിൽ പ്രചരിക്കുന്ന ക്ലിപ് സ്പെക്ട്രം ന്യൂസിൽ നിന്നുള്ളതാണ്. കനാൽ സ്ട്രീറ്റിൽ റെയ്‌ഡ് നടത്താൻ ഐസിനു കമ്മിഷണർ ടിഷ് അനുമതി നൽകിയെന്ന വാർത്ത ചൂണ്ടിക്കാട്ടി, താങ്കളാണ് മേയറെങ്കിൽ കമ്മീഷണറെ അനുവദിക്കുമോ എന്നു ഒരു റിപ്പോർട്ടർ മാംദാനിയോട് ചോദിക്കുമ്പോൾ അദ്ദേഹം പ്രതികരിക്കുന്നത് ഇങ്ങിനെ: "ന്യൂ യോർക്കിൽ ജീവിക്കുന്നവർക്കു വേണ്ടി നിലപടെടുക്കുന്ന ആളായിരിക്കും ഞാൻ. അമേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം പേരെ നാടുകടത്താൻ ഐസിനെ ഡോണൾഡ് ട്രംപ് ഉപയോഗിക്കുമ്പോൾ അവർ ന്യൂ യോർക്കിന്റെ അഞ്ചു ബറകളിൽ ഭീകരത അഴിച്ചു വിടാൻ ശ്രമിച്ചാൽ എൻ വൈ പി ഡിയുടെ സഹായം ഉണ്ടാവില്ല.
"എൻ വൈ പി ഡിയും ഐസും തമ്മിൽ അകലം ഉണ്ടായിരിക്കുന്നതാണ് നല്ലത്. എറിക് ആഡംസ് എടുത്ത സമീപനം അവസാനിപ്പിക്കുക എന്നത് പ്രധാനമാണെന്നു ഞാൻ കരുതുന്നു."
തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മാംദാനി ക്വീൻസിൽ പറഞ്ഞു: "ഐസ് ഏജന്റുമാർക്കും ഈ നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കും എന്റെ സന്ദേശം എല്ലാവരും നിയമത്തിന്റെ മുന്നിൽ ഒന്നു പോലെയാണ് എന്നാണ്. നിങ്ങൾ നിയമം ലംഘിച്ചാൽ അതിനു ഉത്തരം പറയേണ്ടി വരും. പ്രസിഡന്റ് ആയാലും ഏജന്റ് ആയാലും നിയമം ലംഘിക്കാൻ ചിലർക്ക് അനുമതി ലഭിക്കുന്നു എന്ന ധാരണ ഈ രാജ്യത്തു ജീവിക്കുന്നവർക്ക് ഉണ്ടായിട്ടുണ്ട് എന്നതു ദുഃഖസത്യമാണ്."
Mamdani wants to separate NYPD from ICE