
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശബരിമല ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കളെല്ലാം കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന സംശയം ബലപ്പെടുകയാണ്. ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍, അവയുടെ താങ്ങ് പീഠം, കട്ടിള പാളികള്‍, വാതില്‍ പാളികള്‍ എന്നിങ്ങനെ സ്വര്‍ണം പൊതിഞ്ഞ പാളികളെല്ലാം ഉണ്ണികൃഷ്ണന്‍പോറ്റി നേതൃത്വം നല്‍കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കൊള്ള സംഘം ആസൂത്രിതമായി കവര്‍ന്നെടുത്തുവെന്ന എസ്.ഐ.ടിയുടെ നിഗമനം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഭക്തര്‍ കാണിക്കയായി നല്‍കിയ സ്വര്‍ണ ഉരുപ്പടികള്‍ ഉള്‍പ്പെടെയുള്ളവയുടെ ശരിയായ കണക്കും ഇല്ല.
കിലോക്കണക്കിന് സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയും പറ്റിയ അവസരം നോക്കി കടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റയടക്കമുള്ള കൊള്ള സംഘം പദ്ധതിയിട്ടിരുന്നെവെന്നുവേണം അനുമാനിക്കാന്‍. 1998-99 കാലത്ത് 30.3 കിലോ സ്വര്‍ണമാണ് വിജയ് മല്യ ശ്രീകോവില്‍, ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍, കട്ടിള പാളികള്‍ തുടങ്ങിയവ പൊതിയാന്‍ കൊടുത്തത്. മഴയും വെയിലും ഏല്‍ക്കുന്നതിനാല്‍ ദ്വാരപാലക, കട്ടിള പാളികളേക്കാള്‍ കൂടുതല്‍ കനത്തിലാണ് മേല്‍ക്കുരയില്‍ സ്വര്‍ണം പൊതിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സ്വര്‍ണ പാളികള്‍ പൂശാന്‍ കൊണ്ടുപോയതിലെ വന്‍ ക്രമക്കേട് പുറത്തു വന്നില്ലായിരുന്നുവെങ്കില്‍ അധികം താമസിയാതെ ശ്രീകോവിലിന്റെ മേല്‍ക്കൂരയും അപ്രത്യക്ഷമായേനെ.
ഇതിനിടെ ശ്രീകോവിലിന്റെ യഥാര്‍ത്ഥ വാതിലുകള്‍ കാണുന്നില്ലെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമില്‍ വാതിലുകള്‍ ഇല്ലെന്നാണ് വ്യക്തമാവുന്നത്. അതും ഇരുട്ടിന്റെ മറവില്‍ കടത്തിയിട്ടുണ്ടാവണം. കടകം പള്ളി സുരേന്ദ്രനായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രി. ഇപ്പോള്‍ വി.എന്‍ വാസവനാണ്. ഈ സമയത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന എന്‍ വാസു, എ പത്മകുമാര്‍, പി.എസ് പ്രശാന്ത് തുടങ്ങിയവരുടെ കാലത്താണ് ഞെട്ടിപ്പിക്കുന്ന കൊള്ള നടന്നിരിക്കുന്നത്. അതിനാല്‍ സര്‍ക്കാരിനും പ്രസ്തുത മന്ത്രിമാര്‍ക്കും ദേവസ്വം ബോര്‍ഡ് അധികാരികള്‍ക്കും കവര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല.
ഇപ്പോള്‍ ഭക്തകോടികള്‍ നെഞ്ചേറ്റി ആരാധിക്കുന്ന അയ്യപ്പ വിഗ്രഹം യഥാര്‍ത്ഥമാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. തീവെട്ടിക്കൊള്ളയുടെ നഗ്‌നമായ ചിത്രം പുറത്ത് വരുമ്പോള്‍ അങ്ങനെ മാത്രമേ കരുതാനാവൂ. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സസ്‌പെന്‍ഷനിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും രണ്ടാം പ്രതിയുമായ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജു എന്നിവരാണ് ഇപ്പോള്‍ എസി.ഐ.ടിയുടെ കസ്റ്റഡിയിലുള്ളത്. എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മാറ്റിയ പി.എസ് പ്രശാന്തും സംശയത്തിന്റെ നിഴലിലാണ്.
ഇതിനിടെ, ശബരിമലയില്‍ മൊത്തം കുത്തഴിഞ്ഞ അവസ്ഥയാണെന്നും നിയമപരമായി ഒന്നും നടക്കുന്നില്ലെന്നും അറിയിച്ച് 2019-ല്‍ തിരുവാഭണം കമ്മിഷണര്‍ ആയിരുന്ന ആര്‍.ജി രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് എ പത്മകുമാറിന് സെപ്റ്റംബര്‍ 3-ന് എഴുതിയ കത്തില്‍ സ്‌ഫോടനാത്മകമായ വിവരങ്ങളാണുള്ളത്. അയ്യപ്പന്റെ വസ്തുവകകള്‍ ഒന്നും സുരക്ഷിതമല്ല, അതിലുപരി ഒന്നും വ്യവസ്ഥാപിതമല്ല, സ്വര്‍ണ ഉരുപ്പടികളുടെ സ്റ്റോക്കിന്റെ കാര്യത്തിലടക്കം ഒരുകാര്യത്തിലും വെരിഫിക്കേഷന്‍ നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
കവര്‍ച്ചയുടെ നേര്‍ചിത്രമായ ഈ കത്ത് എസ്.ഐ.ടി കണ്ടെടുത്തിട്ടുണ്ട്. നടവരവ് സാധനങ്ങളുടെ കൂടുതല്‍, കുറവ് സ്റ്റേറ്റ്‌മെന്റുകള്‍ മാസത്തില്‍ ഒരിക്കലോ ആറ് മാസത്തില്‍ ഒരിക്കലോ പോലും മേലാഫീസിലേക്ക് അയക്കാറില്ല. നിയമപ്രകാരം മേലാഫീസില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളുടെ എണ്ണപ്പടി പരിശോധന നടക്കാറില്ല. ഇത് സംബന്ധിച്ച രജിസ്റ്ററുകള്‍ ഒന്നും തന്നെ സൂക്ഷിക്കുന്നില്ല. ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ഉരുപ്പടികളടെ നടവരവിലും വിനിയോഗത്തിലുമാണ്. എന്നാല്‍ ഈ സംഗതികള്‍ക്ക് ഏറ്റവും അവസാനത്തെ പരിഗണനയാണ് ലഭിക്കുന്നത്-കത്തില്‍ പറയുന്നു.
തന്മൂലം ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങളും നടവരവായ ഉരുപ്പടികളും സുരക്ഷിതമാണോ എന്നും ആശങ്കപ്പെടേണ്ടതുണ്ട്. ആകയാല്‍ എത്രയും വേഗം തിരുവാഭരണങ്ങളുടെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ബോര്‍ഡ് പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങള്‍ കര്‍ശനമായി അനുവര്‍ത്തിക്കാന്‍ എല്ലാ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് നല്‍കേണ്ടതാണെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. വളരെ വ്യക്തവും കൃത്യവുമായി കാര്യങ്ങള്‍ വിശദീകരിച്ച് ദേവസ്വം പ്രസിഡന്റിന് മുന്നറിയിപ്പ് രേഖാമൂലം നല്‍കിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്നത് ഗരുതരമായ കൃത്യ വിലോപമാണ്.
അനധികൃതമോ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായിട്ടോ നിയമവിരുദ്ധമായിട്ടോ ഒരു കാര്യവും താന്‍ അധ്യക്ഷനായ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ലെന്നും എ പത്മകുമാര്‍ അവകാശപ്പെടുമ്പോഴാണ് സംഘടിത കൊള്ളയ്ക്ക് ബോര്‍ഡ് ഭാരവാഹികള്‍ ഒത്താശ ചെയ്തുവെന്ന് തുറന്നടിക്കുന്ന മുന്‍ തിരുവാഭരണം കമ്മീഷണറുടെ കത്ത് കോളിളക്കമുണ്ടാക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രകള്‍ അന്വേഷിക്കാന്‍ എസ്.ഐ.ടി ആലോചിക്കുന്നുവെന്നതാണ് മറ്റൊരു സംഭവവികാസം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമാണോ എന്ന സംശയം അടുത്തിടെ ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. രാജ്യാന്തര കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ പദ്ധതിയോട് ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് സാമ്യമുള്ളതായും കോടതി നിരീക്ഷിച്ചിരുന്നു.