Image

ചുമരു തേടുന്ന ചിത്രങ്ങള്‍ (ഭാഗം 3: സുമ ശ്രീകുമാര്‍)

Published on 08 November, 2025
ചുമരു തേടുന്ന ചിത്രങ്ങള്‍ (ഭാഗം 3: സുമ ശ്രീകുമാര്‍)

അസ്വസ്ഥമായ ചിന്തകൾ പാറിനടക്കുന്ന മനസ്സിന് ഒരു തീരുമാനമെടുക്കാനാവുന്നില്ല. റാമിന്റെ പെരുമാറ്റം ഏറെ അന്യമായിത്തോന്നുന്നു.

മിക്കവാറും സുഖമില്ലെന്ന് പറഞ്ഞ് കിടക്കും . ചിലപ്പോൾ അമിതഭക്തി ... ഒരുപാടുനേരം സ്തോത്രവും പൂജയും. വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളു. ആരോടാണ് ഒന്നു സംസാരിക്കുക. ഒരിക്കലും റാമിന്റെ കുറ്റങ്ങളോ കുറവുകളോ ആരുമായും പങ്കുവെച്ചിട്ടില്ല.

അങ്ങനെയൊരവസരം ഉണ്ടാക്കിയിട്ടില്ല എന്നു പറയുന്നതാവും കൂടുതൽ ശരി. മൂന്നു വർഷത്തെ അകന്നുനിന്നുള്ള ആരാധനയും മൂന്നു വർഷത്തെ ഒരുമിച്ചുള്ള  ജീവിതവും . ഇതിനിടയിൽ മോശമായ ഒരനുഭവംപോലുമുണ്ടായിട്ടില്ല.

തന്റെ ഗവേഷണപ്രബന്ധം സമർപ്പിക്കാനും വരച്ച ചിത്രങ്ങളുടെ എക്സിബിഷൻപ്രോഗ്രാമുകളിലും കൂടെനിൽക്കാറുണ്ട്. അല്ല; തന്നേക്കാൾ ശ്രദ്ധ റാമാനായിരുന്നു എന്നു പറയുന്നതാവും സത്യം. ലോകത്തിലെ ഏറ്റവും  ഭാഗ്യശാലിയാണെന്ന് സ്വയം അഹങ്കരിച്ചിരുന്ന നാളുകൾ. എന്നാൽ ഇനി അതൊക്കെ ചിതലരിച്ച ഓർമ്മകൾമാത്രമാവുമോ ?

ഓരോ ദിവസം ചെല്ലുംതോറും തീർത്തും  അപരിചിതനായി മാറിക്കൊണ്ടിരിക്കുന്നു. ആൾക്കൂട്ടത്തിലനുഭവപ്പെടുന്ന ഏകാന്തത...

വല്ലാത്ത ശ്വാസംമുട്ടൽ.... വയ്യാ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ വിങ്ങിപ്പൊട്ടിപ്പോവും .

കൂടപ്പിറപ്പോ അതുപോലുള്ള അടുത്ത സൗഹ്യദങ്ങളോ ഇല്ലാത്തതിൽ ആദ്യമായി അവൾക്ക് ഏറെ വിഷമം തോന്നി . രാം മോഹന്റെ കൂട്ടു കിട്ടിയതുമുതൽ മറ്റൊരു സൗഹ്യദത്തിന്റെ ആവശ്യം തോന്നിയിരുന്നില്ലെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഉണ്ടായിരുന്ന പല ബന്ധങ്ങളും ഓർമ്മകളിൽപ്പോലും പൊടിപിടിച്ചിരിക്കുകയാണ്.വിശാലമായ ലോകം റാമിലേക്കുമാത്രമായി ചുരുങ്ങിയതിന്റെ ഫലം.

റാം അവൾക്കെല്ലാമെല്ലാമായിരുന്നു .. ഓർമകൾ കണ്ണുനീർച്ചാലുകളായ് പെയ്തിറങ്ങി. മേഘപാളികളില്ലാത്ത ആകശത്തിൽനിന്ന് സൂര്യനുതിർക്കുന്ന ശരങ്ങൾക്കൊപ്പം ഉള്ളിലെ ചൂടു കൂടിയായപ്പോൾ ഉരുക്കം പൂർണ്ണമായി.

ഓർമ്മകളിൽനിന്നൊരു മുഖം തപ്പിയെടുക്കാൻ ഏറെ പണിപ്പെട്ടു. ഒരുപാടു മുങ്ങിത്തപ്പലിനൊടുവിൽ ഡോക്ടർ ബോബൻ വർഗീസിന്റ  മുഖം വിടർന്നുവന്നു.
രണ്ടു വർഷം മുൻപ്  ഒരു ട്രെയ്ൻയാത്രയിൽ യാദൃശ്ചികമായി പരിചയപ്പെട്ടതാണ് . യാത്രയുടെ വിരസതയകറ്റാൻമാത്രം തുടങ്ങിയ പതിവുസംസാരം .

ഒരു പകൽ മുഴുവൻ അദ്ദേഹത്തിന്റെകൂടെ  ചിലവഴിച്ചപ്പോൾ വല്ലാത്ത അടുപ്പവും ബഹുമാനവും തോന്നി. ആകർഷകമായ പുഞ്ചിരി പടർത്തുന്ന സന്തോഷം കലർന്ന വ്യക്തിത്വം , പ്രായത്തെ ലഘൂകരിക്കുന്ന പ്രസന്നമായ മുഖവും ചുറുചുറുക്കോടെയുള്ള സരസമായ സംസാരവും . ഒരിക്കൽ കണ്ടാൽ അത്ര പെട്ടെന്ന് ആരും മറക്കില്ല.

ഇവിടെ ടൗണിൽത്തന്നെയാണ് അദ്ദേഹം . മനസ്സുകളുടെ ആഴങ്ങളിലാഴ്ന്നിറങ്ങിയ നിഗൂഢതകൾ തേടിപ്പോവുന്ന പ്രശസ്തനായ മനോരോഗവിദഗ്ദൻ .

യാത്രയ്ക്കൊടുവിൽ റാംതന്നെയാണ് നമ്പർ വാങ്ങിയത് . പക്ഷേ സേവ് ചെയ്തത് തന്റെ ഫോണിലായിരുന്നുവെന്നുമാത്രം. അതിനുശേഷം രണ്ടുമൂന്നു പ്രാവശ്യം പല ആവശ്യങ്ങൾക്കായി റാം  അദ്ദേഹത്തോട് സംസാരിച്ചിരുന്നതിനാൽ ഓർമ്മയുണ്ടാവും. പക്ഷേ, എങ്ങനെ വിളിക്കും?

അദ്ദേഹത്തിന് ഒഴിവുള്ള സമയം വേണമല്ലോ... ഏറെ ആലോചനകൾക്കുശേഷം
ഫോണെടുത്ത് സ്വയം പരിചയപ്പെടുത്തി ,
അത്യാവശ്യമായി സംസാരിക്കാനുണ്ട് ഒഴിവുസമയം പറയണമെന്നുമൊരു മെസ്സേജ് അയച്ചു.

എപ്പോൾ വേണമെങ്കിലും വിളിച്ചോളു. ഇന്ന് തുറന്ന ധ്യാനത്തിലാണ്. 
ഉടൻതന്നെ മറുപടി കിട്ടി.
തുറന്ന ധ്യാനം ... താളംതെറ്റിയ മനസ്സുകളുമായി ഒരുപാടു ദിവസം സംവദിക്കുമ്പോൾ വല്ലപ്പോഴും പാട്ടും കളിയുമായി കൂടുന്ന തുറന്ന ധ്യാനത്തെപ്പറ്റി അദ്ദേഹം പറഞ്ഞതോർത്തു.

റാം ഉറങ്ങുമ്പോൾ വിളിക്കാം .... അല്ല ഉണർന്നിരിക്കുമ്പോഴായാലും കുഴപ്പമൊന്നുമില്ല . ചുറ്റുപാടുകളെക്കുറിച്ച് വലിയ  ധാരണയൊന്നുമില്ലല്ലോ..

അല്പസമയം കഴിഞ്ഞ്  ഫോണെടുത്ത് വിളിച്ചു. 
ഹലോ ഗായത്രീ....

ചിരകാലസൗഹൃദംപോലുള്ള ശബ്ദം കേട്ടപ്പോൾ പൊട്ടാൻ വിതുമ്പിനിന്നിരുന്ന മനസ്സ് കൂടുതൽ ആർദ്രമായി...
"ഞാൻ ദിവസങ്ങളായി ഗായത്രിയുടെ വിളി കാത്തിരിക്കുകയായിരുന്നു. "

അല്പനേരത്തെ മൗനത്തിനുശേഷം അവളെ അത്ദുതപ്പെടുത്തിക്കൊണ്ട് ആ സ്വരം ഒഴുകിവന്നു.
ബോബൻസർ എന്റെ വിളി കാത്തിരിക്കുകയോ!
ഒരു സ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്നതുപോലെ തോന്നി....

"അതെങ്ങനെ ... സർ ?" 
മുഴുമിപ്പിക്കാനാവാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. 
" ഗായത്രിക്ക് ഒരുപാടു പറയാനുണ്ട്. പക്ഷേ സാധിക്കുന്നില്ല അല്ലേ...?"

വിദൂരതയിൽനിന്നൊഴുകിവരുന്ന സാന്ത്വനം .

"നേരിൽക്കണ്ട് സംസാരിക്കാം . ക്ലിനിക്കിലേക്ക് വരാൻ ഗായത്രിക്ക് സൗകര്യമുള്ള ഒരു ദിവസം  ബുക്ക് ചെയ്തോളു .നമ്പറയച്ചുതരാം'"

കേട്ടുനിൽക്കുകയല്ലാതെ തിരിച്ചൊന്നുo ചോദിക്കാൻ കഴിഞ്ഞില്ല.
അപ്രതീക്ഷിതമായ മറുപടിയുടെ ഞെട്ടലിൽനിന്ന്  മോചിതയാവുന്നതിനു മുൻപ് ഫോൺ കട്ടായി . മനസ്സു വായിച്ചതുപോലുള്ള സംസാരത്തിലെ അദ്ഭുതവും സന്തോഷവും എത്രയെന്നു പറയുക അസാധ്യം.

തന്റെ  വിളി കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതെങ്ങനെയാവുമെന്നെത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല.
പറയാൻവന്ന കാര്യങ്ങൾ വിഴുങ്ങിപ്പോയതിലുള്ള വിഷമത്തിന്റെകൂടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾകൂടെ .

മനസ്സിൽ പുകയുമ്പോഴും  ബോബൻസാറിനെ കണ്ടുസംസാരിക്കാമെന്നും ഒരാൾകൂടെയുണ്ടെന്നുമുള്ള ചിന്തയല്പം   ആശ്വാസം പകർന്നു

Read more: https://www.emalayalee.com/writer/311

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക