Image

റെഡ്‌ഫോർഡിന്റെ നാട്ടിൽ മോർമോണുകളുടെ വത്തിക്കാൻ (കുര്യൻ പാമ്പാടി)

Published on 08 November, 2025
റെഡ്‌ഫോർഡിന്റെ നാട്ടിൽ മോർമോണുകളുടെ വത്തിക്കാൻ (കുര്യൻ പാമ്പാടി)

ന്യുയോർക്കിൽ നിന്ന്  യൂട്ടാ  സ്റ്റേറ്റിന്റെ തലസ്ഥാനമായ സാൾട്  ലേക്ക്  സിറ്റിയിൽ എത്താൻ റോഡ് മാർഗം  പെൻസിൽവേനിയ, ഇല്ലിനോയി, അയോവ, നെബ്രാസ്ക, വയോമിങ് സ്റ്റേറ്റുകൾ വഴി 3500  കി മീ സഞ്ചരിക്കണം.  നിർത്താതെ കാറോടിച്ചാൽ 33 മണിക്കൂർ.

ആംട്രാക്ക് ട്രെയിനിൽ പോകാം. ചിക്കാഗോയിൽ എത്തി മാറിക്കയറണം. രണ്ടു ദിവസത്തിലേറെ എടുക്കും. മഞ്ഞണിഞ്ഞ റോക്കി പർവ്വതനിരകൾക്കിടയിലൂടെയാണ് ട്രാക്. പക്ഷെ ചെലവേറും. വിമാനമാണ് ലാഭം.  അഞ്ചരമണിക്കൂർ.  ന്യു യോർക്കിലെ ലഗാർഡിയയിൽ നിന്ന് സൗത്ത് വെസ്റ്റ് എയർലൈൻസിൽ ഒരു ടിക്കറ്റിനു 103  ഡോളർ.

റെഡ്‌ഫോർഡും മെരിൽ സ്ട്രീപ്പും വൻ വിജയം ആയ 'ഔട്ട് ഓഫ് ആഫ്രിക്ക' യിൽ

പർവത നിരകൾ  അണിനിരന്ന മൗണ്ടൻ സ്റ്റേറ്റുകളിൽ പെട്ടതാണ് സാൽട്ട് ലേക്ക് സിറ്റി സ്ഥിതി ചെയ്യുന്ന  യൂട്ടാ. സിയേറ നെവേഡ പർവതനിരകളുടെ മഴനിഴൽ പ്രദേശമാകയാൽ യൂട്ടായുടെ നല്ലൊരു ഭാഗം മരുഭൂമിയാണ്. 1850 മുതൽ ഡെസേർട് ന്യൂസ് എന്ന പേരിൽ ഒരു പത്രം പോലും അവരിറക്കുന്നു. അത് ഇന്നുമുണ്ട്.

സൺഡാൻസ്  ഫിലിം ഫെസ്റ്റിവലിനു  തുടക്കം കുറിച്ച നടൻ റോബർട്ട് റെഡ്ഫോർഡിന്റെ നാടാണ് യൂട്ടാ.  ഞങ്ങൾ എത്തുമ്പോൾ സാൾട്ട് ലേക്ക് സിറ്റി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു  മാസം നീണ്ടുനിൽക്കുന്ന റെഡ്ഫോർഡ് ചിത്രങ്ങളുടെ ഒരു മേള നടക്കുകയാണ്.

ആദ്യ ചിത്രം 'ബുച്ച് കാസിഡി'യിൽ;  ആദ്യം സംവിധാനം ചെയ്ത 'ഓർഡിനറി പീപ്പിളി'നു ഓസ്കർ

ബുച്ച്‌കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ് എന്ന ചിത്രത്തോടെയാണ്  തുടക്കം.. ഇലക്ട്രിക്  ഹോഴ്‌സ്മാൻ, ദി കാൻഡിഡേറ്റ്, ഓൾ ദി പ്രസിഡന്റ്‌സ്‌ മെൻ, ഓൾ ഈസ് ലോസ്റ്റ്,   ദി വേ വി വെയർ, ദി ഗ്രേറ്റ് വാൾഡോ പെപ്പർ, ഡൗൺഹിൽ റേസർ,  ദി നാച്വറൽ, ദി ഗ്രേറ്റ് ഗാസ്‌ബി, ജെറമിയ ജോൺസൻ, ദി സ്റ്റിങ്.  എല്ലാം അദ്ദേഹം  അഭിനയിച്ച ചിത്രങ്ങൾ.

നടനും സംവിധായകനും നിർമ്മാതാവുമായിരുന്ന ചാൾസ് റോബർട്ട് റെഡ്ഫോർഡ്, ആറു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര  ജീവിതത്തിനിടയിൽ ഒരു ഓസ്കറും ഒരു ബ്രിട്ടീഷ് ബാഫ്റ്റ  അവാർഡും അഞ്ചു ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും നേടി. 2016 ൽ പ്രസിഡന്റിന്റെ  ഫ്രീഡം മെഡലും.

പർവത നഗരം സാൾട്ട് ലേക് സിറ്റി

കാലിഫോർണിയയിലെ സാന്താ മോണിക്കയിൽ ജനിച്ചു കോളറാഡോ  യൂണിവേഴ്‌സിറ്റിയിലും അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിലും പഠിച്ച്‌ ടെലിവിഷനിലൂടെ അഭിനയ രംഗത്ത് കടന്ന റെഡ്ഫോഡ് ജീവിതത്തിലേറെയും കഴിഞ്ഞത് യൂട്ടായിലാണ്. അവിടത്തെ പർവത നിരകൾ അദ്ദേഹത്തെ വശീകരിച്ചു. പ്രകൃതി സംരക്ഷകനായി.  

സാൾട്ട്  ലേക്ക് സിറ്റി പ്രാന്തത്തിലെ  പ്രോവോ  മലയോരത്തു നിർമ്മിച്ച വീട്ടിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 16നു അന്തരിക്കുമ്പോൾ 89 വയസ്. അവിടെ ആയിരക്കണക്കിന് ഏക്കറിൽ ഒരു റിസോർട്ടിലായിരുന്നു താമസം. ഫിലിം ഫെസ്റ്റിവലിന് എത്തിയ സെലിബ്രിറ്റികൾക്കു താമസം ഒരുക്കിയതും അവിടെയായിരുന്നു. അവസാന കാലഘട്ടത്തിൽ ഭൂമിയിൽ നല്ലൊരു പങ്കു പ്രിയപെട്ടസ്ഥാപനങ്ങൾക്കു ദാനം ചെയ്തു.

യുറ്റിഎ  ട്രാക്സ് എന്ന മെട്രോ ട്രെയിൻ

അമേരിക്കൻ ന്യൂ വേവ് സിനിമയുടെ ഏറ്റവും വലിയ പ്രയോക്താവായിരുന്നു. റെഡ്ഫോർഡ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്‌ത  ഓർഡിനറി പീപ്പിൾ (1980) നാലു ഓസ്കർ  അവാർഡുകൾ നേടി-മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനും  ഉൾപ്പെടെ. എ റിവർ റൺസ് ത്രൂ  ഇറ്റ്, ദി ഹോഴ്സ് വിസ്‌പെറർ, ദി ലെജൻഡ് ഓഫ് ബാഗർ വാൻസ്‌ പിന്നാലെ.

റെഡ്ഫോഡ്  ചിത്രങ്ങളെല്ലാം തന്നെ  ഏറ്റവും കൂടുതൽ ജനപ്രീതി  നേടിയ അമേരിക്കൻ ചിത്രങ്ങളുടെ കൂടെ വരും. മിക്കതും റിക്കാർഡ് വരുമാനം നേടി. ജെയിൻ ഫോണ്ട, മെറിൽ സ്ട്രീപ്, മിഷെൽ ഫെയ്‌ഫർ,  മിയ ഫെരോ, പോൾ  ന്യൂ മാൻ, ഡസ്റ്റിൻ  ഹോഫ്‌മാൻ,  ബ്രാഡ്  പിറ്റ്  ഇവരെല്ലാം റെഡ്ഫോർഡിന്റെ സിനിമ ജീവിതത്തിൽ ഭാഗഭാക്കുകളായി.

മോർമോൺ ടെമ്പിൾ, അവിടത്തെ പലനാട്ടുകാരായ വോളണ്ടീയർമാർ

ഹോളിവുഡിൽ നിന്ന് അകന്നു മാറി സ്വതന്ത്ര സംവിധാനമെന്ന ആശയം മുന്നോട്ടു കൊണ്ടുപോകാൻ റെഡ്ഫോർഡ്  സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടും 1978ൽ  സൺ ഡാൻസ്  ഫിലിം ഫെസ്റ്റിവലും ആരംഭിച്ചു.  അമേരിക്കൻ ഇന്ത്യൻ വംശക്കാർക്കു വേണ്ടിയും  എൽജിബിറ്റി വിഭാഗത്തിന് വേണ്ടിയും ശബ്ദമുയർത്തി. ദൈ വത്തിന്റെ സ്വന്തം നാട് എന്നതു പോലെ തുല്യാവകാശം സംരക്ഷിക്കുന്ന നാട്, എൽജിബിറ്റിക്കാരുടെ നാട് എന്നൊക്കെയാണ് യൂട്ടായുടെ  മുദ്രാവാക്യം.

മനോഹരമായി വിരിച്ചൊരുക്കിയ നഗരമാണ് സാൾട്  ലേക് സിറ്റി. മോർമോൺ  സഭയുടെ വത്തിക്കാൻ ആണ് 1847ൽ മോർമോൺ സഭാനേതാക്കൾ കെട്ടിപ്പടുത്ത നഗരം. നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ ഇന്നും സംരക്ഷിച്ചിരിക്കുന്നു.  The Church of Jesus Christ of Latter-day Saints  എന്നാണ് സഭയുടെ പൂർണ രുപം. എൽഡിഎസ് എന്ന് ചുരുക്കം. ലോകമാകെ 17  മില്യൻ അംഗങ്ങൾ.

സിസ്റ്റർ ജോൺസൻ; ചെന്നയിൽ ബോയിങ് ഉദ്യോഗസ്ഥനായ മകൻ  ക്വിൻ

അമേരിക്കൻ ബാങ്കുകളിൽ പലതിന്റെയും ആസ്ഥാനം ഈ നഗരത്തിലാണ്.  ഡൗൺ ടൗൺ എന്ന നഗര  ഹൃദയത്തിൽ തന്നെ അവയെല്ലാം. മാരിയറ്റ്, ഹ്യാറ്റ് റീജൻസി, ഹോളിഡേ  എക്സ്പ്രസ്സ്, മൊണാക്കോ എന്നീ സ്റ്റാർ ഹോട്ടലുകൾ ചുറ്റിനും. 13 ലക്ഷം ജനം. 2002 ൽ വിന്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച നഗരം 2034 ൽ മറ്റൊരു ഒളിമ്പിക്സിന് കൂടി  കൂടി തയ്യാറെടുക്കുകയാണ്.

നഗരത്തിൽ കൊച്ചി മെട്രോയെക്കാൾ മെച്ചപ്പെട്ട മൂന്നു തരം -റെഡ്, ബ്ലൂ, ഗ്രീൻ- മെട്രോ ട്രയിനുകൾ ഓടുന്നു. നഗരഹൃദയത്തിൽ അവയ്ക്ക് ടിക്കറ്റു വേണ്ട. എയർപോർട്‌ വരെയും യൂട്ടാ  യൂണിവേഴ്‌സിറ്റി വരെയും പോകാൻ ടിക്കറ്റു വേണം. ബസിലും  ട്രെയിനിലും ഉപയോഗിക്കാവുന്ന ഡേ പാസിന് 15  ഡോളർ. ട്രെയിനുകൾ ജർമ്മനിയിലെ സീമെൻസ് നിർമ്മിച്ചത്. 80 ട്രെയിനുകൾക്കു സ്വിസ് സ്റ്റാഡ്‌ലെർ കമ്പനിക്കും 2024 ൽ ഓർഡർ നൽകി.

മേപ്പിൾ മരങ്ങൾ നിരന്ന നടപ്പാതകൾ

നഗര പാതയോരങ്ങളിൽ നട്ടു പിടിപ്പിച്ച മേപ്പിൾ മരങ്ങൾ  ശൈത്യകാല കാലത്തു ഇലപൊഴിയാൻ വെമ്പി  നിൽക്കുന്നു. മറ്റു മരങ്ങളിൽ പച്ചയും ചുവപ്പും മഞ്ഞയും ഇലകൾ. ആകെ വർണ്ണപ്രപഞ്ചം. അവയ്ക്കിടയിൽ സിനിമാ, നാടക, ബാലെ തിയേറ്ററുകൾ.  തൊട്ടടുത്ത കാപ്പിറ്റോൾ  തിയേറ്ററിൽ റോമിയോ ആൻഡ്  ജൂലിയറ്റ് ബാലെ  ഓടുന്നു. ടിക്കറ്റു ഒന്നിന് 50  ഡോളർ.

നഗരത്തിനു നടുവിലെ ഒരു ചെറിയ കടയിൽ  മിച്ചം വന്ന ബർഗറും കേക്കും ഡൂനട്ടും നിറച്ച പായ്ക്കറ്റുകൾ അഞ്ചു ഡോളറിനു വിൽക്കുന്നു. അഞ്ചു ഡോളറിനു ഒന്നല്ല രണ്ടു പാക്കറ്റുകൾ തന്നെ കിട്ടും. ഹോർമോൺസ് മാർക്കറ്റിൽ ഭക്ഷ്യപേയങ്ങൾ ആസ്വദിക്കാൻ രണ്ടാം നിലയിൽ സംവിധാനം ഉണ്ട്. ചൂടാറാതെ  ഷെൽഫുകളി
ൽ  സൂക്ഷിച്ച ഐറ്റങ്ങളുടെ കൂടെ ചൂടു ചോറും കണ്ടു.

മോർമോൺ  ടെമ്പിൾ {പള്ളി) റിപ്പയറിനു വേണ്ടി ആറുമാസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.എങ്കിലും പൊതു സംഗമ വേദിയായ ടാബർനാക്കിൾ തുറന്നിട്ടുണ്ട്.  അവിടെ സംഗീത പരിപാടിയുടെ റിഹേഴ്‌സൽ നടക്കുന്നു. വിശാലമായ  വളപ്പിനുള്ളിൽ കടക്കുമ്പോൾ തന്നെ ഡെൻമാർക്ക്‌, ഉറുഗ്വേ, സാൻഡിയേഗോ, അരിസോണക്കാരായ യുവ വോളണ്ടീയർമാർ സഹായിക്കാൻ ഓടിയെത്തി.

റോമിയോ ആൻഡ് ജൂലിയറ്റ് ബാലെയുടെ പോസ്റ്റർ  

ഉള്ളിൽ കടന്നപ്പോഴാകട്ടെ സിസ്റ്റർ ഷാർലെറ്റ് ജോൺസൺ മോർമോണുകളെക്കുറിച്ചു ഒരു പ്രഭാഷണം തന്നെ തുടങ്ങി. 1880ൽ  ജോസഫ് സ്മിത്ത് ന്യു യോർക്ക് സംസ്ഥാനത്തു തുടക്കം കുറിച്ച സഭയിൽ ആദ്യകാലത്തു ബഹുഭാര്യാത്വം നിലവിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. മദ്യമോ, ചായയോ കാപ്പിയോ കോക്കോ തൊടില്ല. വിവാഹേതര ലൈംഗികബന്ധം  പാടില്ല.

സിറ്റി പ്രാന്തത്തിൽ  വീടുള്ള ഷാർലെറ്റ് ഒരു നിശ്ചിത കാലത്തേക്ക് സഭയുടെ മിഷനറിയായി പ്രവർത്തി ക്കുകയാണ്. ഭർത്താവ് ജോൺസനെയും കണ്ടു.  അദ്ദേഹം സഭയുടെ എൽഡർ (പാസ്റ്റർ) ആണ്. മകൻ ക്വിൻ ചെന്നൈയിൽ ബോയിങ് ഇൻഡ്യാ എൻജിനീയറിങ് ടെക്‌നോളജി സെന്ററിലാണ്. ക്വിന്നും തമിഴ് നാട്ടുകാരാ
യ സഹപ്രവർത്തകരും ചേർന്നുള്ള ചിത്രം ഷാർലെറ്റ് ഞങ്ങളെ കാണിച്ചു.

2034ലെ വിന്റർ ഒളിമ്പിക്സിന് തയാറെടുക്കുന്ന ഹോക്കി സ്റ്റേഡിയം  

ചെന്നൈയിൽ ചൂടാണെന്നു ക്വിൻ. തൊട്ടടുത്തുള്ള കേരളം മനോഹരമാണെന്നും അവിടെ മഴയാണെന്നും പറഞ്ഞപ്പോൾ  അവർക്കു അത്ഭുതം. ക്വിൻ അടുത്ത വർഷം  യൂട്ടായിലേക്കു മടങ്ങും മുമ്പ് ദക്ഷിണേന്ത്യ സന്ദർശിക്കാൻ ഞങ്ങൾ അവരെ ക്ഷണിച്ചു.

യെല്ലോസ്റ്റോൺ യാത്രക്കിടെ ഓൾഡ് ഫെയ്‌ത്ഫുൾ  ടൂറിസ്റ്റു കേന്ദ്രത്തിൽ വച്ച്‌  ഒരു മോർമോൺ കുടുംബത്തെയും  ഞങ്ങൾ കണ്ടുമുട്ടി. സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് 200  മൈൽ (322 കിമീ) അകലെ ഐഡാഹോ സ്റ്റേറ്റിലെ ഐഡഹോ ഫാൾസിൽ നിന്ന്  എത്തിയതാണ് ഡേവിഡ് റാഡ്ഫോർഡും ലിസിയും സുഹുത്തുക്കളായ മൈക്കും ഷീലയും. ഡേവിഡും മൈക്കും  ഒന്നിച്ചു ബാസ്കറ്റ്ബോളും ഫുട്‍ബോളും കളിച്ചു വളർന്നവർ. റാഡ്‌ഫോർഡും റെഡ്‌ഫോർഡും ഒന്നാണോ എന്ന് ഞാൻ ചോദിച്ചു. അല്ല, പക്ഷെ പരസ്പരം ബന്ധിതരാണ് എന്നായിരുന്നു മറുപടി.

ബോൺവിൽ കൗണ്ടി  കമ്മീഷണർ ആയിരുന്നു ഡേവ് എന്ന ഡേവിഡ്. ലിസ് ഒരു ഡെന്റിസ്റ് ക്ലിനിക്കിൽ സഹായി. ഇരുവരും റിട്ടയർ ചെയ്തു.  മോർമോൺ ആസ്ഥാനം  സന്ദർശിക്കുബോൾ സിസ്റ്റർമാരെ കാണാൻ മറക്കരുതെന്ന് ലിസ്സി ഓർമ്മിപ്പിച്ചു. സിസ്റ്റർ ഷാർലെറ്റിനോടൊപ്പമുള്ള ചിത്രങ്ങൾ അയച്ചു കൊടുത്തപ്പോൾ ഏറെ സന്തോഷം.

'സാൾട്ട് ലേക്  ട്രിബ്യുണി'ൽ  കാഷ്  പട്ടേലും കാമുകിയും

ന്യുയോർക്കിൽ മടങ്ങിയെത്തിയപ്പോൾ ദി സാൾട്ട് ലേക്ക് ട്രിബ്യുൺ പത്രത്തിൽ വന്ന ഒരു വാർത്ത ഞങ്ങൾക്ക് കൗതുകം  പകർന്നു. കൺട്രി സിംഗർ  (വേടനെപോലെ ഗ്രാമീണ ഗായകി) അലക്സിസ് വിൽക്കിൻസ്,  യൂട്ടാ സോഷ്യൽ മീഡിയ താരം ഉടാൻ  സാം പാർക്കർക്കെതിരെ അഞ്ചു മില്യൺ ഡോളറിന്റെ മാനനഷ്ട്ടക്കേസ്‌ ഫയൽ ചെയ്തു. എഫ്ബിഐ ഡയറക്ടർ കാഷ്  പട്ടേലിന്റെ കാമുകിയായ അലക്സിസ്, പട്ടേലിനൊപ്പം സത്യപ്രതിജ്ഞക്കെത്തുന്ന ചിത്രവും പത്രം കൊടുത്തിട്ടുണ്ട്. അലക് സിസ് ഇസ്രയേലിന്റെ ചാരവനിതയാണെന്നു  പാർക്കർ ആരോപിച്ചു എന്നതാണ് കേസ്. ഇസ്‌റയേലിൽ പോയിട്ടു പോലുമില്ലെന്ന് അലക്സിസ് വാദിക്കുന്നു.

1873 മുതൽ പ്രസിദ്ധീകരിക്കുന്ന പത്രമാണ് ദി സാൾട്ട് ലേക്ക് ട്രിബ്യുൺ. യൂട്ടായിലെ ബ്രിഘാം  യങ് യൂണിവേഴ്‌സിറ്റി വിദ്യർത്ഥിനികൾക്കെതിരെ ഉണ്ടായലൈംഗികാക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടു കൾക്കു പുലിറ്റ് സർ  സമ്മാനം നേടി. ഒരുകാലത്തു രണ്ടുലക്ഷം  കോപ്പി പ്രചാരം ണ്ടായിരുന്നു. ഇപ്പോൾ 36,000. ആഴ്ചയിൽ ഒരിക്കലേ അച്ചടിക്കുന്നുള്ളു. ഓൺലൈനിൽ ശക്തം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക