Image

ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ!- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 07 November, 2025
ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ!- (രാജു മൈലപ്രാ)

'ഇത്തവണ നമുക്കു കൂടി ഒന്നു പോയാലോ?'
'പോകാം...'
എങ്ങോട്ടെന്നോ, എവിടേക്കെന്നോ ഞാന്‍ ചോദിച്ചില്ല. 'പുഷ്പ ഇത്തവണ എങ്ങും പോകണ്ടാ' എന്നെങ്ങാനം ഞാന്‍ പറഞ്ഞാല്‍, അവളിലെ നാഗവല്ലി ഉണരും:
'എന്താ? എന്താ ഞാന്‍ കൂടെ പോയല് ? വിടമാട്ടേ? അപ്പോ നീ ഇങ്കയില്‍ നിന്നും എങ്കെയും പോക വിടമാട്ടേ?'
ആ ഒരു ഡയലോഗ് വീണ്ടും കേള്‍ക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ വരും വരാഴികകളേക്കുറിച്ച് ചിന്തിക്കാതെ 'യെസ്'  മൂളിയത്. 

കാടു കയറാതെ കാര്യത്തിലേക്കും കടക്കാം- 'ലാന'യുടെ ദ്വൈവാര്‍ഷീക സമ്മേളനം ഒക്ടോബര്‍ 30- മുതല്‍ ഡാളസില്‍ വെച്ചു നടക്കുന്നു. സമ്മേളന വേദിയായ Atrium ഹോട്ടലിനു തൊട്ടടുത്താണ് പുഷ്പയുടെ ബാല്യകാല സഖിയായ ശാന്തയുടെ വാസസ്ഥാലം. നാല്പതു കൊല്ലത്തോളമായി അവര്‍ തമ്മില്‍ കണ്ടിട്ട്.... എങ്കിലും...
'എടി ശാന്തേ!
എടി പുഷ്‌പേ!
നീ ഓര്‍ക്കുന്നുണ്ടോടി'- എന്ന ഡയലോഗു കൂടി നിരന്തരം ഫോണില്‍ക്കൂടി ബന്ധപ്പെടാറുണ്ട്. നേരിക്കാണണമെന്നുള്ള മോഹം രണ്ടു പേര്‍്ക്കുമുണ്ട്.

ശാന്ത ചെറിയ മീനൊന്നുമല്ല. 'കേണല്‍' പദവിയിലാണു ഇന്‍ഡ്യന്‍ സേനയില്‍ നിന്നും റിട്ടയര്‍ ചെയ്തത്. മുന്തിയ ഇനം മുപ്പതു ബോട്ടില്‍ വിസ്‌ക്കിയാണു ഒരു മാസത്തെ ക്വോട്ടാ എന്നു കേട്ടപ്പോള്‍ എന്റെ കണ്ണു തള്ളിപ്പോയി.
'കര്‍ത്താവേ! ആവുന്ന കാലത്ത് ഒരു വനിതാ കേണലിനെ എനിക്കു തുണയായും ഇണയും നീ തന്നില്ലല്ലോ' എന്നു ഞാന്‍ മനസ്സില്‍ ദൈവത്തോടു പരിഭവിച്ചു.

'ലാനാ' സമ്മേളനത്തില്‍ എനിക്കു കാര്യമായ റോള്‍ ഒന്നുമില്ല. പുതുതായി എന്തെങ്കിലും അറിവു നേടാനുള്ള താല്‍പര്യവുമില്ല. വാര്‍ദ്ധക്യം മൂലം ചുരുങ്ങിപ്പോയ എന്റെ തലച്ചോറിന്, പുതിയ അറിവുകള്‍ ശേഖരിക്കുവാനുള്ള കപ്പാസിറ്റിയൊന്നുമില്ല.

എങ്കിലും പഴയ കുറേ സ്‌നേഹിതരെ കാണാം-ഓര്‍മ്മകള്‍ മായുന്നതിനു മുന്‍പു ബന്ധങ്ങള്‍ ഒന്നു കൂടി പുതുക്കാം എന്നൊരു തോന്നലുണ്ടായപ്പോള്‍, ഒന്നു പോയാല്‍ തരക്കേടില്ല എന്നെനിക്കും ഒരു തോന്നല്‍.

ഇനി ആര്, എപ്പോള്‍, എവിടെ, എങ്ങിനെ- ആര്‍ക്കറിയാം? അങ്ങിനെ ടിക്കറ്റും, റൂമും ബുക്കു ചെയ്തു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായുള്ള  കൈ-കാല്‍ വെട്ട്, മുടി വലിച്ചു നീട്ടല്‍ തുടങ്ങിയ പതിവു കര്‍മ്മങ്ങളെല്ലാം പുഷ്പ നടത്തി.

സാഹിത്യസദസ്സിലേക്കു എഴുന്നെള്ളുന്നതിന് രണ്ടു ദിവസം മുമ്പ് വെള്ളിടി പോലെ ശാന്തയുടെ ഒരു വിളി.
'എടി പുഷ്‌പേ! അത്യാവശ്യമായിട്ട് എനിക്കു നാട്ടിലൊന്നു പോകണം-നിങ്ങള്‍ വരുമ്പോള്‍ ഞാനിവിടെ കാണില്ല....'
പുഷ്പയെ വലംവെച്ചു കൊണ്ടു ഭൂമിയൊന്നു കറങ്ങി. അവളുടെ ആവേശമെല്ലാം ആവിയായി.

'ഇങ്ങേര് ഒരുത്തന്‍ കാരണമാ!'
ശാന്ത പെട്ടെന്നു നാട്ടില്‍ പോകുന്നതിന്റെ കുറ്റം എന്റെ തലയില്‍ കെട്ടിവെച്ചു.
'അതിനു ഞാന്‍ എന്നാ ചെയ്തു?'
ഇപ്പോള്‍ ഈ ലാനാ, കൂനാ എന്നും പറഞ്ഞ് അവിടെ പോയിട്ട് വല്ല കാര്യവുമുണ്ടോ?'
ഒരു കാര്യത്തില്‍ സ്ത്രീകളെ സമ്മതിക്കണം-അവര്‍ എന്തെങ്കിലും മണ്ടത്തരം കാണിച്ചാലും, അതിന്റെ കുറ്റം നമ്മുടെ തലയില്‍ കെട്ടിവെയ്ക്കുവാന്‍, ദൈവം അവര്‍ക്ക് ഒരു പ്രത്യേക വരം കൊടുത്തിട്ടുണ്ട്.

ഏതായാലും ചിലവാകാനുള്ളതു ചിലവായി. എന്നാല്‍പ്പിന്നെ പോയിട്ടു തന്നെ കാര്യം. ലാനയെങ്കില്‍ ലാന.
രാത്രി എട്ടുമണി ആയപ്പോള്‍ ശാന്തയുടെ ഫോണ്‍ കോള്‍-നാട്ടില്‍ നിന്നാണ്.

'എടി പുഷ്‌പേ! വളരെ സോറിയുണ്ട്. ഏതായാലും നീ ഡാളസ്സില്‍ വരെ വന്നതല്ലേ! എ്‌ന്റെ പിള്ളേര്‍ക്ക് നിന്നെയൊന്നു കാണണമെന്നുണ്ട്. അവരു ഹോട്ടലിന്റെ ലോബിയില്‍ വന്നിട്ടു നിന്നെ വിളിക്കും-'
'എന്നാലും....?'
'ഒരു എന്നാലുമില്ല- അവരു വിളിക്കുമ്പോള്‍ നീ ചെയ്യണം' ഫോണ്‍ കട്ട്!

ഒന്‍പതു മണിക്കു ലോബിയില്‍ നിന്നും വിളി വന്നു.
'ശാന്തയുടെ പിള്ളേരു വന്നിട്ടുണ്ട്. ഇങ്ങേരു കൂടി വാ- നമുക്ക്  അവരെയൊന്നു കണ്ടേച്ചു വരാം.'
ലോബിയില്‍ ചെന്നപ്പോള്‍, അവര്‍ ഞങ്ങളെ കാത്തു നില്‍പ്പുണ്ട്.
'എടി-പുഷ്‌പേ! ഇതു ഞാനാടീ...'
'എടീ ശാാ...'
മരം വെട്ടിയിട്ടതു പോലെ പുഷ്പ പുറകോട്ടു മറിഞ്ഞു. ഞാനാകെ പരിഭ്രമിച്ചു. ഈ വയസുകാലത്ത് എന്നെ പരിചരിക്കേണ്ടവളാണ് വെട്ടിയട്ട വാഴത്തണ്ടു പോലെ, അവിടെ മലര്‍ന്നടിച്ചു കിടക്കുന്നത്.

ആരോ മുഖത്തു കുറച്ചു വെള്ളം തളിച്ചപ്പോള്‍, പുഷ്പ കണ്ണു തുറന്നു.

'എന്നാലും ഈ കോപ്പുതരം എന്നോടു കാണിക്കണ്ടായിരുന്നു-'(കോപ്പ് എന്ന വാക്ക് പിറവംകാരു സാധാരണ ഉപയോഗിക്കുന്ന ഭാഷയാണ്. പിറവംകാരന്‍ ലാലു അലക്‌സിന്റെ സിനിമാ ഡയലോഗുകള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും.)

സംഭവം വെറു സിമ്പിളാണ്. പുഷ്പക്കൊരു 'സര്‍പ്രൈസ്' കൊടുക്കുവാന്‍ വേണ്ടി, കേരളത്തിലാണെന്നുള്ള നിര്‍ദോഷമായ ഒരു കള്ളം ശാന്ത പ്രയോഗിച്ചു. അത്രമാത്രം!

അപ്പോള്‍ തന്നെ അവരുടെ വീട്ടിലേക്കു ചെല്ലണമെന്നു ഒരേയൊരു നിര്‍ബന്ധം. അരനൂറ്റാണ്ടിലേറെയുള്ള അനുഭവങ്ങള്‍ അയവിറക്കാനുള്ളതാണ്.

എനിക്കവിടെ കാര്യമായ റോളൊന്നുമില്ലാത്തതുകൊണ്ട് എന്നെ ഒഴിവാക്കി.

ഞാന്‍ തിരിച്ചു മുറിയിലേക്കു നടക്കുമ്പോള്‍, സമ്മേളന ഹാളിനോടു ചേര്‍ന്നുള്ള ഡൈനിംഗ് ഹാളില്‍ നിന്നുമൊരു മലയാള ബഹളം. അവിടെ പാട്ടും, തമാശും എ്‌ലലാം നടക്കുകയാണ്. ആ ആരവത്തില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു.
എന്നോടു മുന്‍വൈരാഗ്യമുള്ള ഏതോ ഒരു ദ്രോഹി 'ഇനി മൈലപ്രാ ഒരു പാട്ടു പാടും' എന്നൊരു കാച്ചു കാച്ചി. മറ്റു മൂന്നാലു പേര്‍ അതേറ്റു പിടിച്ചു.

അത്ര വലിയ സദസ്സൊന്നുമല്ല. മിക്കവാറും എല്ലാവരും സുഹൃത്തുക്കളോ പരിചയക്കാരോ ആണ്. പുഷ്പ കൂടെയില്ലാത്തതു ഒരു ആത്മധൈര്യം പകര്‍ന്നു.

രണ്ടു മൂന്നു പാട്ടുകളുടെ, ആദ്യത്തെ മൂന്നാലു വരികളേ എനിക്കോര്‍മ്മയുള്ളൂ. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തതു കൊണ്ടും, നേടാന്‍ നാണക്കേടും മാത്രമേയുള്ളൂ എന്നും മനസ്സിലാക്കിക്കൊണ്ട്, വിദ്യാഭ്യാസകാലത്ത് കേട്ടു മറന്ന ഒരു പാട്ടിന്റെ ഏതാനും വരികള്‍ എടുത്തൊരു കാച്ചു കാച്ചി:
'ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ
ചതിക്കല്ലേ അവസാനമൊരു കയറില്‍...'
ആരോ താളം പിടിച്ചപ്പോള്‍, ഞാനൊരു സംഭവമാണെന്ന് എനിക്കു തോന്നിയതുകൊണ്ട്, മൂന്നാലു വരികള്‍ക്കൂടി ഞാന്‍ പാടിയൊപ്പിച്ചു. പാട്ടിനിടയില്‍ ഞാന്‍ ആരുടെയൊക്കെ നേര്‍ക്ക് വെറുതെ കൈ ചൂണ്ടി. പാട്ടു തുടരുകയാണ്:
ഹണിമൂണ്‍ കൊണ്ടാടും ഞാനമേരിക്കയില്‍
കോട്ടയത്തിറങ്ങും ഞാന്‍ വരുന്ന വഴി
കവലേലെ ഖാദറിന്റെ കടയില്‍ നിന്നും
ഒരു കുഞ്ഞുടുപ്പു വാങ്ങിക്കൊണ്ടു നടന്നനില്‍ക്കും...'
വിജയകരമായ 'ലാന' സമ്മേളനത്തിനു ശേഷം, തിരിച്ചു വീട്ടിലെത്തുന്നതുവരെ നദി ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു.
ഉറക്കത്തിനു മുമ്പായി പതിവുള്ള ഫോണ്‍ തോണ്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഭാര്യ.

'ആരാ ഇങ്ങേരെ ചിരിച്ചു മയക്കിയ മിടുക്കിപ്പെണ്ണ്?' പാതിമയക്കത്തിലേക്കു വഴുതിവീണ ഞാന്‍, ഞെട്ടിയുണര്‍ന്നു.
ഓ..ഞാന്‍ കുറച്ചുനേരം മാറി നിന്നപ്പോഴേക്കും മുഖത്തെ ഒരു സന്തോഷം-ഇങ്ങേരെന്നാ യേശുദാസയാത്? ആരെ നോക്കിയാ ഇളിച്ചു കാണിച്ചത്?
ഞാനില്ലാത്ത നേരം നോക്കി പിന്നെയും കള്ളുകുടി തുങ്ങിയോ? ഞാനത്ര പൊട്ടിയൊന്നുമല്ല.

സത്യം പറ. കോട്ടയത്ത് ഞാനറിയാതെ നിങ്ങള്‍ക്ക് പിള്ളേരു വല്ലതുമുണ്ടോ?'
ചോദ്യങ്ങളൊക്കെ സേതു രാമയ്യരുടെ സ്‌റ്റൈലില്‍ ആയിരുന്നതിനാല്‍, മാനസിക പീഢനം മാത്രമേ അനുഭവിച്ചുള്ളൂ.

 അവള്‍ ശാന്തയെ കാണാന്‍ പോയ നേരത്ത്്, മര്യാദക്കാരില്‍ മര്യാദക്കാരനായ ഞാന്‍, ഒരു ഗാനമാലപിച്ചത്, ഏതോ സാമദ്രോഹി വീഡിയോയില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നു.

ഇനിയുമവിടെ കിടന്നാല്‍, അവളിലെ ഗംഗ വീണ്ടും ഉണരുമോ എന്നൊരു ചിന്തയില്‍ ഞാനവിടെ നിന്നും തെന്നി മാറി. 'മര്യാദക്കാരനു സോഫായില്‍ കിടന്നാലും ഉറക്കം വരും' - എന്ന പഴഞ്ചൊല്ല് സത്യമാണെന്നു മനസ്സിലായി.
കര്‍ത്താവാണേ- എന്റെ അണ്ണാക്കില്‍ കമ്പിപ്പാര ഇട്ടു കുത്തിയാലും ഇനി മേലാല്‍ ഞാന്‍ പാടുകയില്ല എന്നൊരു ശപഥവും എടുത്തിട്ടുണ്ട്.

(ലാനയില്‍ നിന്നു പഠിച്ചത്.
1. ആദ്യത്തെ വാചകത്തില്‍ത്തന്നെ വായനക്കാരനു തുടര്‍ന്നു വായിക്കുവാനുള്ള പ്രചോദനം ലഭിക്കണം- സജി ഏബ്രഹാം.
2. ഡോ.എം.വി.പിള്ള-അന്‍പത്തിയഞ്ചു സെക്കന്‍ഡിനുള്ളില്‍, ഒരു ഫലിതം പറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിവില്ലെങ്കില്‍ അതിനു തുനിയരുത്.- അദ്ദേഹം അതു പറഞ്ഞപ്പോള്‍ എന്റെ നേരെ ഒന്നു നോക്കിയോ എന്നൊരു സംശയം.)

Join WhatsApp News
LANAN 2025-11-07 12:20:04
സ്വയം വരുത്തിവയ്ക്കുന്ന അബദ്ധങ്ങളുടെ ഉത്തരവാദിത്വം ഭർത്താക്കൻമ്മാരുടെ തലയിൽ കെട്ടിവയ്ക്കുവാൻ സ്ത്രീകൾക്ക് ഒരു സ്പെഷ്യൽ കഴിവുണ്ടെന്ന് മൈലപ്ര എഴുതിയത് നൂറു ശതമാനം ശരിയാണ്. അതുപോലെ എത്ര കാലം കൂടെ കഴിഞ്ഞാലും സ്ത്രീകൾക്കുള്ള ഒരു സംശയ രോഗവും. ലാന സമ്മേളനത്തെപ്പറ്റി വേറിട്ടൊരു വിവരണം. ആസ്വദിച്ചു.
Varghese K 2025-11-07 12:31:01
Beautiful narration!! Enjoyed it!!!
Ramachandran 2025-11-07 13:26:41
"പുഷ്പയെ വലം വെച്ചുകൊണ്ട് ഭൂമിയൊന്നു കറങ്ങി..." തലകറക്കത്തിന് ഒരു പുതിയ പദപ്രയോഗം കണ്ടെത്തിയ മൈലപ്ര സാറിന് അഭിനന്ദനങ്ങൾ. പഴയ കൂട്ടുകാരിയുടെ സർപ്രൈസ് ഏതായാലും കലക്കി.
Meenu Elizabeth 2025-11-07 15:51:38
എന്നത്തെപ്പോലെയും രാജുച്ചേട്ടൻറെ എഴുത്തു വായിച്ചു ചിരിച്ചു രസിച്ചു. ഒന്നോ രണ്ടോ LANA എപ്പിസോഡുകൾ കൂടി എഴുതണമേ! പുഷ്പചേച്ചിയെ സ്നേഹാന്വേവേഷണം അറിയിക്കണം.
Haridas Thankappan 2025-11-07 16:00:16
Super !!! Thank you sir for your presence at LANA
ബാജി ഓടംവേലി 2025-11-07 17:05:24
നന്നായി പറഞ്ഞു..... ഞാനും സാക്ഷി..... നന്ദിയുണ്ട്.... ഡാലസിൽ വന്നതിനും. ... കണ്ടതിനും.... പരിചയപ്പെട്ടതിനും....
Josen George 2025-11-07 17:59:11
"മഴയൊന്നു പെയ്താൽ മരക്കാൽ ഏഴു പെയ്യും" എന്ന പഴമൊഴി അന്വർത്ഥമാക്കും വിധം, ലാന സമ്മേളനത്തിൻറെ ഓർമ്മക്കുറിപ്പുകൾ വർണാഭമായ വളപ്പൊട്ടുകൾ പോലെ, ലാനയുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്നു നിറയുന്നതിൽ സന്തോഷം. പതിവുപോലെ ഡാളസിലെ ഇക്കഴിഞ്ഞ ലാന സമ്മേളനവും അതീവ ഹൃദ്യമായ ഒരനുഭവമായി. ... അതിഥികളെന്നോ ആതിഥേയരെന്നോ വ്യത്യസമില്ലാതെ, സമത്വത്തിന്റെയും സഹനത്തിന്റെയും ഒരു നിസ്വാർത്ഥലോകത്തിലേക്കുള്ള ഒരു പരകായ പ്രവേശം. ഒരു കുറവായിട്ടല്ലെങ്കിലും ഒരു നഷ്ട്ടബോധം തോന്നിയത് കൂടി പറയെട്ടെ. Dr. MVP - യും, രാജു ചേട്ടനും (രാജു മൈലപ്ര), രാജുച്ചായനും (രാജ് തോമസ്) ചേർന്ന ഫലിതത്രയങ്ങൾ ആമകീഫലം പോലെ നമ്മുക്ക് ഒന്നിച്ചു ലഭിച്ചിട്ടും ഒരു 'ചിരി അരങ്ങിനു' സമയം കണ്ടെത്താതെ പോയത് ഒരു നഷ്ടമായി. (വൽക്കഷണം) - രാജുച്ചേട്ടന്റെ ഫലിത (കദന) കഥ വായിച്ചപ്പോൾ ഇത്രയും എഴുതി എന്നേയുള്ളു. (രാജുച്ചേട്ട, ചില 'പുഷ്പ'ങ്ങൾക്ക് പേരിൽ മാത്രമേ ഉള്ളു മൃദുത്വം, പ്രവർത്തിയിൽ ഇല്ല. അല്ലെ?).
PDP 2025-11-07 18:13:44
നടന്നതെന്തായാലും കാര്യ ഗൗരവമല്ല. സുകരമായി വായിക്കാനും ആസ്വദിക്കാനും ആ എഴുത്ത് ധാരാളം. നന്ദി.
Mathew V. Zacgaria. New Yorker 2025-11-07 18:41:15
Raju Myelapra: that song was my hit song in several places since 60's . Last time I sang that song at Sunny Kallooparas family get together. " kalloopara kavalel khadaril .... " 10 years ago. admired your writing. MATHEW V. ZACHARIA, NEW YORKER.
ചലോ ചലോ ന്യൂയോർക് 2025 2025-11-07 19:29:23
എന്തായാലും "ചിരി ചൊരങ്ങു " എന്നൊരു ഇക്കിളി എന്ന ഐറ്റം പരിപാടി ചേർക്കാത്തതിൽ ചെറിയ സദസ്സു രക്ഷപെട്ടു., ലാനക്ക് ഒരു സല്യൂട്ട് . ഇസ്ട്രോജൻ കൂടി ചെലവക്കാത്തവർക്കു നഷ്ടപെട്ട സുവർണാവസരം അടുത്തവർഷം കേമം സംഗമങ്ങൾ ചാൻസുണ്ട് .
Anupa/LANA 2025-11-07 21:49:00
ഇതൊരു വളരെ ഹൃദ്യമായ എഴുത്താണല്ലോ. ചിരിക്കുവാനും ചിരിപ്പിക്കുവാനും കഴിവുള്ളവർ കുറഞ്ഞു വരുമ്പോൾ താങ്കൾ ഇനിയും എഴുതുക. ഞങ്ങൾ വായിച്ചിരിക്കും.
ലോലൻ 2025-11-07 23:18:11
ഈ പ്രായത്തിലും ഇടയ്ക്കിടെ ഇങ്ങനെ ഉണരുന്ന ഗംഗയെ ചുമന്നുകൊണ്ട് നടക്കുന്ന താങ്കൾക്ക് ഒരു നോക്കുകൂലി നമസ്കാരം
New Yorker 2025-11-08 00:56:05
ചിരിക്കുന്നത് ഏതോ വലിയ അപരാധമാണ് എന്നു കരുതുന്ന ശുംഭൻമ്മാർ അമേരിക്കൻ മലയാളികളുടെ കൂട്ടത്തിൽ ധാരാളമുണ്ട്. എത്ര കോമഡി പറഞ്ഞാലും ബലം പിടിച്ചിരിക്കുന്ന, 'ബുദ്ധിജീവികൾ' എന്നു സ്വയം കരുതുന്ന അല്പൻമ്മാർ.അവർക്കു ഈ ലോകത്തോട് തന്നെ പുച്ഛമാണ്. കഷ്ട്ടം.
ജെ. മാത്യു 2025-11-08 13:57:35
മൈലപ്ര തിരഞെടുത്ത പാട്ട് ആണ് കുഴപ്പമായത്. ഒരു പുഷ്പം മാത്രമെൻ. പുഷ്പ തല്പത്തിൽ മുതലായവയിൽ ഒന്ന് പാടിയിരുന്നെന്കിൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല.
നരകൾ ബാധിച്ച ഓർമ്മകൾ പറന്നു പോകുമ്പോൾ , ഓടിപിടിക്കാൻ മോഹം 2025-11-08 16:03:34
നീലാംബരങ്ങൾ വിരിഞ്ഞുണർന്ന കൂമ്പിന്റെ ദളങ്ങളിൽ കിനാവുകൾ കണ്ടു മയങ്ങിയ ഈ മനോരഥത്തിൽ മിന്നാമിന്നിങ്ങുകൾ പായുന്ന ഈ പാതയോരത്തിൽ ഞാനെങ്ങനെ ഏകാകനായി ഒരു തന്ത്രി മാത്രം മീട്ടി യോഗേന്ദ്രനായി മന്ത്രം ചൊല്ലി വരണ്ട ചില്ലയായീ സായൂജ്യമണിയുമ്പോഴും , വളകിലുക്കം അരുകിൽ കേൾക്കാൻ കാതോർതുവോ , പണ്ടൊരുന്നാളിൽ പാതിവഴിയിൽ ഞെട്ടറ്റു പോയ ഒരു കരപർശം കാംഷിക്കുന്നുവോ?
സീതത്തോടു വിക്രമൻ 2025-11-08 21:47:21
ശ്രീ രാജു മൈലപ്രായുടെ നർമ കഥ വളരെ ഇഷ്ടമായി. കഴിഞ്ഞ വർഷം കേരള അസോസിയേഷന്റെ വടം വലി മാമാങ്കം നടക്കുമ്പോൾ ഞാൻ ശ്രീ രാജൻ തോമസിനോടൊപ്പം ഡാളിൽ ഉണ്ടായിരുന്നു.
Sheela Joseph 2025-11-09 00:37:25
ആര്? ചേച്ചിയാ?
Varughese George 2025-11-09 00:51:21
സൂപ്പർ! നല്ല കോമഡി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക