
ജ്ഞാനത്തോടുകൂടിയ വിജ്ഞാനത്തെ പൂർണ്ണമായി ഞാൻ നിനക്ക് മനസ്സിലാക്കിതരാം. അതറിഞ്ഞാൽ പിന്നെ വേറൊന്നുമറിയേണ്ടതില്ലെന്നു പ്രഭു പറഞ്ഞു. അനേകായിരം പേരിൽ ഒരാൾ മാത്രമാണ് പൂർണ്ണതയ്ക്ക് വേണ്ടി പ്രയത്നിക്കുന്നത്. അങ്ങനെ പ്രയത്നിക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ മാത്രമാണ് എന്നെ അറിയുന്നത്. എന്റെ പ്രകൃതിയെ എട്ടായി തിരിക്കാം അവ ഭൂമി, ജലം, അഗ്നി, വായു, ആകാശം, ബുദ്ധി, അഹങ്കാരം, മുതലായവയാകുന്നു. മേൽപ്പറഞ്ഞ പ്രകൃതിയെക്കാൾ ഉത്കൃഷ്ടമായ എന്റെ പ്രകൃതി (പരാ പ്രകൃതി) യിലാണ് ഈ ലോകം നില നിൽക്കുന്നത്. ഓ കൗന്തേയ, ഞാൻ ജലത്തിലെ രസമാകുന്നു. സൂര്യചന്ദ്രന്മാരിലെ പ്രഭയും, വേദങ്ങളിലെ ഓങ്കാരവും, ആകാശത്തിലെ ശബ്ദവും, പുരുഷനിലെ പൗരുഷവും, ഞാനാകുന്നു. ദുഃഖിതൻ, ജ്ഞാനത്തെ അന്വേഷിക്കുന്നവ ൻ, ധനമന്വേഷിക്കുന്നവൻ, ജ്ഞാനി എന്നിവർ ഉൽകൃഷ്ടരാണെങ്കിലും എനിക്ക് കൂടുതൽ പ്രിയം, ജ്ഞാനിയോടാണ്. കാരണം അവൻ ഞാൻ തന്നെയാണ്. അവൻ എന്നിൽ മനസ്സുറപ്പിച്ച് എന്നെത്തന്നെ തേടുന്നവനാണ്.
രാഗദ്വേഷങ്ങളിൽ നിന്നുണ്ടാകുന്ന സുഖവും ദുഖവും മൂലമുളവാകുന്ന മായായാൽ മനുഷ്യർക്ക് മൗഢ്യമുണ്ടാകുന്നു. ഈ മായയുടെ മറവിൽ കഴിയുന്ന മനുഷ്യൻ പരമാത്മാവിനെ തിരിച്ചറിയുന്നില്ല. എന്നെ ജഗത്തായും, ജീവചൈതന്യമായും, പരമാത്മാവായും കരുതുന്നവർ മരണസമയത്ത്കൂടി എന്നെയറിയുന്നു.
ഇനി വിശദമായി.
പ്രഭു പറഞ്ഞു - ഓ അർജുനാ എന്നിൽ അഭയം പ്രാപിച്ച്, മനസ്സ് എന്നിൽ ഏകാഗ്രമാക്കി യോഗാഭ്യാസം നടത്തുന്നവൻ ഏതു പ്രകാരം സംശയലേശമെന്യേ എന്നെ പൂർണ്ണമായി അറിയുന്നുവെന്നോ അപ്രകാരം നീ കേൾക്കുക. ജ്ഞാനവിജ്ഞാനത്തെക്കുറിച്ചുള്ള അറിവിനെപ്പറ്റി ഞാൻ നിനക്ക് വിവരിച്ചുതരാം, അതറിഞ്ഞാൽ പിന്നെ കൂടുതലൊന്നും അറിയാനായി അവശേഷിക്കുന്നില്ല.
മനുഷ്യാണാം സഹസ്രേഷു
കശ്ചി ദ്യ ത തിസിദ്ധയേ
യത താമപി സിദ്ധാനാം
കശ്ചിൻമാം വേത്തി തത്ത്വത:
അനേകായിരം പേരിൽ ഒരാളാണ് ആത്മീയ പൂർണ്ണതയ്ക്ക് വേണ്ടി യത്നിക്കുന്നത്. അങ്ങനെ പ്രയത്നിക്കുന്നവരിൽ ഒരാളാണ് എന്നെ ശരിക്കുമറിയുന്നത് . എന്റെ പ്രകൃതിയെ ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി അഹങ്കാരം, ഇങ്ങനെ എട്ടായി തിരിച്ചിരിക്കുന്നു. ഇതെന്റെ താഴ്ന്ന പ്രകൃതിയാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി എനിക്കുള്ള ഉത്കൃഷ്ട പ്രകൃതിയാണ് ജീവൻ.അതുകൊണ്ടാണ് ഓ മഹാബാഹു ഈ ലോകം നിലനിൽക്കുന്നത്. മേൽപ്പറഞ്ഞ എന്റെ രണ്ടു പ്രകൃതികളിൽ നിന്നാണ് സകലജീവികളുമുണ്ടായത്. ഈ ലോകത്തിന്റെ ഉത്ഭവവും, ലയവും ഞാൻ തന്നെയാകുന്നു. അല്ലയോ, അർജുന, എന്നെക്കാൾ ശ്രേഷ്ഠമായി വേറൊന്നില്ലന്നറിയുക. ചരടിൽ കോർത്ത മുത്തുകളെപ്പോലെ ഈ ലോകം മുഴുവൻ എന്നിൽ കോർക്കപ്പെട്ടിരിക്കുന്നു.
മത്ത:പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മായി സർവമിദം പ്രോതം
സൂത്രേ മണിഗണാ ഇവ
ജലങ്ങളിൽ ഞാനതിന്റെ രസമാണ്. സൂര്യനിലും ചന്ദ്രനിലും ഞാൻ വെളിച്ചമാണ്. വേദങ്ങളിലെ "ഓം" ആണ്. ആകാശത്തിലെ ശബ്ദമാണ്. പുരുഷനിലെ പൗരുഷമാണ്. ഞാൻ ഭൂമിയുടെ സുഗന്ധമാണ്. അഗ്നിയിലെ ശോഭയാണ്. എല്ലാ ജീവജാലങ്ങളിലെയും ജീവനാണ്. സന്യാസിമാരുടെ കഠിനനിഷ്ഠയാണ്. ഓ പാർത്ഥാ എല്ലാ ജീവജാലങ്ങളിലെയും ആദ്യത്തെ വിത്തായി എന്നെ അറിയുക. ചിന്താശക്തിയുള്ള എല്ലാ ജീവികളുടെയും പ്രജ്ഞയാണ് ഞാൻ. തേജസ്വികളുടെ തേജസ്സും ഞാനാകുന്നു. കാമവും രാഗവും ഉപേക്ഷിച്ച ശക്തിമാന്മാരുടെ ശക്തിയാണ് ഞാൻ. മനുഷ്യരിലെ ധർമ്മാനുസൃതമായ കാമമാണ് ഞാൻ.വേദവിദ്യാർത്ഥികൾക്ക് കാമവും, രാഗവും സമാനർത്ഥപദങ്ങളാണ്.ശ്രീ ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരം കാമം - കിട്ടാത്തത് കിട്ടാനുള്ള ആഗ്രഹമാണ്. രാഗം ലഭിച്ചതിനോടുള്ള ആസക്തിയാണ്. കാമവും രാഗവും മൂലമുണ്ടാകുന്ന വികാരങ്ങളാൽ മനുഷ്യർ അവരവരുടെ ശക്തി കാണിക്കുന്നു. അപ്പോൾ ലോകത്തിൽ ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ ഭാവങ്ങൾ എന്നിൽ നിന്നുണ്ടായിട്ടുള്ളതാണ്. എന്നാൽ ഞാനാവയിലില്ല അവ എന്നിലാണ്. തിരകളുടെ ഉയർച്ചയും, അലകളും, ഓളങ്ങളും അലിയലും എന്നിൽ തന്നെയാണെങ്കിലും ഞാൻ തിരകളിലല്ലെന്നു സമുദ്രം പറയുന്നപോലെ. പ്രകൃതി പുരുഷനെയാണാഗ്രഹിക്കുന്നത് പുരുഷൻ പ്രകൃതിയെയല്ല. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളുടെ വലയത്തിൽപ്പെട്ട ഈ ലോകം എന്നെ തിരിച്ചറിയുന്നില്ല. ഞാൻ ഈ ഗുണങ്ങളെക്കാൾ മീതെയാണ്.അനശ്വരനാണ്. ദിവ്യമായ എന്റെ ഈ മായയെ അതിക്രമിക്കാൻ പ്രയാസമാണ്. എന്നിൽ പൂർണ്ണമായി ശരണം പ്രാപിച്ചവർക്ക് മാത്രമേ ഈ മായയെ തരണം ചെയ്യാൻ കഴിയുകയുള്ളു. വിഡ്ഢികളും അസുര പ്രകൃതിയുള്ളവരും ദുർമ്മാർഗ്ഗികളുമായ മനുഷ്യാധമന്മാർ മായാവലയത്തിൽപ്പെട്ടു അജ്ഞരായി എന്നിൽ ശരണം പ്രാപിക്കുന്നില്ല. ഭാരതവംശത്തിലെ മഹാനായ അർജുനാ നാല് തരത്തിലുള്ള സുകൃതികൾ എന്നെ ഭജിക്കുന്നു.
ചതുർവിധാ ഭജന്തേ മാം
ജനാഃ സുകൃതിനോർജുന
ആർത്തോ ജിജ്ഞാസുരർഥാ ർ ഥി
ജ്ഞാനി ച ഭരതർഷഭ
അവർ യഥാക്രമം ദുഃഖിതർ, ജിജ്ഞാസു,ധനം, ആഗ്രഹിക്കുന്നവൻ, ആത്മജ്ഞാനി എന്നിവരാകുന്നു. ഇവരിൽ എപ്പോഴും സമഭാവം പുലർത്തുന്നവനും, താനും ഈശ്വരനുമൊന്നെന്ന നിലയിൽ ഭക്തിയുള്ളവനുമായ ജ്ഞാനിയാണ് ശ്രേഷ്ഠൻ. ഞാൻ അവനും അവൻ എനിക്കും പ്രിയപ്പെട്ടവനാണ്. എന്നെ ഭജിക്കുന്ന ഈ നാലുപേരും ഉൽകൃഷ്ടർ തന്നെയെങ്കിലും അവരിൽ ജ്ഞാനി കൂടുതൽ ശ്രേഷ്ഠനാണ്..
അവനെ ഞാൻ തന്നെയെന്ന് കരുതുന്നു. കാരണം അവൻ എന്നിൽ മനസ്സുറപ്പിച്ച് പരമഗതി മാത്രം ലക്ഷ്യമാക്കി എന്നെ ആശ്രയിച്ചവനാണ്. (മറ്റു മൂന്നു പേരും ഫലേച്ഛയോടെയാണ് എന്നെ ഭജിക്കുന്നത്) അനേകം ജന്മങ്ങളുടെ അവസാനം സർവവും വാസുദേവനാണെന്നു ബോധം തെളിയുന്ന ജ്ഞാനി എന്നെ പ്രാപിക്കുന്നു. അപ്രകാരമുള്ള മഹാത്മാക്കൾ വളരെ ചുരുക്കമാണ്. ഓരോരുത്തരും അവരുടെ പ്രകൃതിഗുണങ്ങളാൽ പ്രേരിതരായി ഭൗതികമോഹങ്ങളുടെ ഭ്രമങ്ങളിൽപ്പെടുന്നു.അങ്ങനെയുള്ളവരുടെ ജ്ഞാനം അത്തരം ഭ്രമങ്ങൾ അപഹരിക്കുന്നു. അവർ അന്യദേവഗതകളെ അനേകം ആരാധനാക്രമങ്ങളിലൂടെ ഭജിക്കുന്നു. (അന്യദേവതാരാധനയും അതിനുള്ള രീതികളും വേദങ്ങളിൽ പറയുന്നുണ്ട്. ഓരോകാര്യ സിദ്ധിക്ക് ഓരോ ദേവതകൾ. ഉദാ: അസുഖങ്ങൾ മാറാൻ സൂര്യനെ ആരാധിക്കൽ) ഏതേത് ഭക്തൻ ഏതേത് ദേവതകളെ വിശ്വാസത്തോടെ ഭജിക്കുന്നവോ അത്തരം ഭക്തന്മാരുടെ വിശ്വാസത്തെ ഞാൻ ദൃഢമാക്കുന്നു. അപ്രകാരമുള്ള വിശ്വാസത്തോടെ ഒരു ഭക്തൻ ഒരു ദേവതയെ ആരാധിക്കുമ്പോൾ അവനു കിട്ടുന്ന ഇഷ്ടഫലങ്ങൾ ഞാൻ തന്നെ നിശ്ചയിച്ചതാണ്.ഭക്തന്മാർ ഏതേത് ദേവതകളെ ഉപാസിച്ചാലും അതിനുള്ള ശ്രദ്ധയും ഫലങ്ങളും ലഭിക്കുന്നത് പരമാത്മാവിൽ നിന്ന് തന്നെയാണ്. ബുദ്ധികുറഞ്ഞ ഈ മനുഷ്യരുടെ (അന്യദേവതാരാധകരുടെ) ഭൗതികനേട്ടങ്ങൾ താൽക്കാലികമാണ്. ദേവന്മാരെ പൂജിക്കുന്നവർ ദേവന്മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്മാർ എന്നിലേക്ക് വരുന്നു.
അവ്യയവും, നിസ്തുലവും ശ്രേഷ്ഠവുമായ എന്റെ സ്വരൂപത്തെ അറിയാത്ത ബുദ്ധിശൂന്യർ എന്നെ വ്യക്തമല്ലാത്ത ഭാവത്തിൽ നിന്ന് വ്യക്തിഭാവത്തെ പ്രാപിച്ചവനായി കാണുന്നു (ശരീരം ഉള്ളവനായി). ദിവ്യമായ മായയാൽ ഞാൻ മറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ ഞാൻ ആർക്കും പ്രത്യക്ഷനല്ല. അതുകൊണ്ട് മായാവലയത്തിൽ കിടക്കുന്ന മൂഢൻ എന്നെ ജന്മവും നാശവുമില്ലാത്തവനായി അറിയുന്നില്ല. ഓ അർജുനാ ജീവികളുടെ ഭൂതവും, വർത്തമാനവും, ഭാവിയും എനിക്കറിയാം. എന്നാൽ ആരും തന്നെ എന്നെ അറിയുന്നില്ല. ശത്രുക്കളെ തപിക്കുന്നവനായ അർജനാ സുഖദുഖങ്ങ ളുടെ ദ്വന്ദതയിൽ നിന്നുണ്ടാകുന്ന മോഹത്താൽ ജന്മം മുതൽ മായാബദ്ധരായി കഴിയുന്ന ജീവികൾ മൂഢതയെ പ്രാപിക്കുന്നു. തന്മൂലം അവർക്ക് പരമാത്മാവിനെ ഭജിക്കാൻ കഴിയുന്നില്ല. എന്നാൽ പുണ്യകർമ്മങ്ങൾ അനുഷ്ഠിച്ച് പാപത്തെ നശിപ്പിച്ചവർ സുഖദുഃഖാദി ദ്വന്ദങ്ങൾ ഉണ്ടാക്കുന്ന മോഹത്തിൽ നിന്ന് മുക്തരായി എന്നെ ദൃഡചിത്തമായ വിശ്വാസത്തോടെ ആരാധിക്കുന്നു. ജരാമരണങ്ങളിൽ നിന്നു ള്ള മുക്തിക്കായി എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നവർ ആ ബ്രഹ്‌മത്തെയും പൂർണ്ണമായ അധ്യാത്മരഹസ്യങ്ങളെയും എല്ലാ കർമ്മങ്ങളെയും അറിയുന്നു.
സാധിഭൂതാദി ദൈവം മാം
സാധി യജ്‌ഞം ചയേ വിദുഃ
പ്രയാണകാല പി ച മാം
തേ വിദുർ യുക്ത ചേതസഃ
എന്നെ അധിഭൂതം, അധിദൈവം, അധിയജ്‌ഞം എന്നിവയോടും കൂടി അറിയുകയും എന്നിൽ മനസ്സുറപ്പിച്ചവരും മരണസമയത്ത് കൂടി എന്നെ അറിയുന്നു. അധിഭൂതം നാമരൂപാത്മകമായ ഈ ലോകം തന്നെ. അധിദൈവം ഇന്ദ്രിയ മനോബുദ്ധികളെ സംബന്ധിച്ചത്. അധിയജ്‌ഞം ശാരീരികവും മാനസികവും ബുദ്ധിപരവുമായ ജീവിതവ്യാപാരങ്ങളെ സംബന്ധിച്ചത്. അടുത്ത അധ്യായത്തിൽ ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാവുന്നതാണ്.
അധ്യായം ഏഴ് സമാപ്തം
അടുത്തലക്കത്തിൽ "അക്ഷരബ്രഹ്‌മയോഗം "
ശുഭം
Read More: https://www.emalayalee.com/writer/11