Image

തദ്ദേശപ്പോരില്‍ കേരളത്തിലെ 3 കോര്‍പ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകള്‍ ഭരിക്കും (എ.എസ് ശ്രീകുമാര്‍)

Published on 06 November, 2025
തദ്ദേശപ്പോരില്‍ കേരളത്തിലെ 3 കോര്‍പ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകള്‍ ഭരിക്കും (എ.എസ് ശ്രീകുമാര്‍)

രാഷ്ട്രീയ കേരളത്തില്‍ ഉല്‍സവമാകുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളികള്‍ കേട്ടുതുടങ്ങി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നു കഴിഞ്ഞിരിക്കെ എല്ലാ മുന്നണികളിലും പൊട്ടിത്തെറികള്‍ ഉണ്ടാകുന്നുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പലരും പാര്‍ട്ടി മാറുന്ന കാഴ്ച ഇന്നും ഉണ്ടായി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം  തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇതനുസരിച്ച് കേരളത്തിലെ 3 കോര്‍പറേഷനുകളും 48 മുനിസിപ്പല്‍ കൗണ്‍സിലുകളും സ്ത്രീകള്‍ ഭരിക്കും.

കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനങ്ങളില്‍ കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. 87 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 44 എണ്ണം സ്ത്രീകള്‍ക്കും 6 എണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. പ്രധാന സംവരണ വിഭാഗങ്ങളിലെ കൗണ്‍സിലുകള്‍, പട്ടിക ജാതി (സ്ത്രീ) സംവരണം: തിരുവല്ല (പത്തനംതിട്ട), ഒറ്റപ്പാലം (പാലക്കാട്), ഫറോക്ക് (കോഴിക്കോട്), കരുനാഗപ്പളളി (കൊല്ലം), കായംകുളം (ആലപ്പുഴ), കൊയിലാണ്ടി (കോഴിക്കോട്), കല്‍പ്പറ്റ (വയനാട്) എന്നിവയാണ്.

നെയ്യാറ്റിന്‍കര, വര്‍ക്കല, കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, പന്തളം, ആലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, പാലാ, തൊടുപുഴ, ആലുവ, അങ്കമാലി, കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പൊന്നാനി, മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കാസര്‍ഗോഡ്, ഏലൂര്‍, മരട്, ചാലക്കുടി, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, ചെറുപ്പുളശേരി, മണ്ണാര്‍ക്കാട്, കുന്നംകുളം, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, കൊടുവള്ളി, മുക്കം, സുല്‍ത്താന്‍ ബത്തേരി, മട്ടന്നൂര്‍, പാനൂര്‍, ആന്തൂര്‍ എന്നിവയാണ് സ്ത്രീകള്‍ക്ക് സംവരണം ചെയ്ത മറ്റ് മുനിസിപ്പല്‍ കൗണ്‍സിലുകള്‍.

കേരളത്തില്‍ 941 ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവയടക്കം ആകെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞടുപ്പ് പ്രചാരണവും പോളിങ്ങുമെല്ലാം കര്‍ക്കശ നിയന്ത്രണത്തിലായിരുന്നു. 2020 ഡിസംബര്‍ 8,10, 14 തീയതികളിലായിരുന്നു വോട്ടെടുപ്പ്. സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും തമ്മിലായിരുന്നു 2020-ലെ പ്രധാന മല്‍സരം. വെല്‍ഫെയര്‍ പാര്‍ട്ടി പല ജില്ലകളിലും യു.ഡി.എഫിനൊപ്പം നിന്നു. എസ്.ഡി.പി.ഐ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പാര്‍ട്ടി, 20 ട്വന്റി എന്നിവയും മല്‍സര രംഗത്തുണ്ടായിരുന്നു.

കോളിളക്കമുണ്ടാക്കിയ ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പില്‍ വലിയ ക്ഷീണമുണ്ടാക്കുമെന്നായിരുന്നു എതിരാളികളുടെ പ്രചാരണം. യു.ഡി.എഫിനുള്ളിലെ കലഹങ്ങള്‍ അവര്‍ക്കും തിരിച്ചടിയാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. ബി.ജെ.പിയിലും നേതാക്കള്‍ തമ്മിലെ വിഭാഗീയത മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഡിസംബര്‍ പതിനാറിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നത്.

വോട്ടെടുപ്പില്‍ ഇടതു തരംഗമാണ് ആഞ്ഞടിച്ചത്. 514 ഗ്രാമ പഞ്ചായത്തുകളില്‍ ഇടതു മുന്നണി വിജയിച്ചപ്പോള്‍ യു.ഡി.എഫ് 377 പഞ്ചായത്തുകളില്‍ യു.ഡി.എഫ് എത്തി. 22 ഇടത്ത് എന്‍.ഡി.എ ഭരണത്തിലേറി. ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ മൂന്നില്‍ രണ്ടു സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 108 എണ്ണം എല്‍.ഡി.എഫിന്റെയും 44 സീറ്റുകള്‍ യു.ഡി.എഫിന്റെയും പേരില്‍ കുറിക്കപ്പെട്ടു. 11 ജില്ലാ പഞ്ചായത്തുകള്‍ ഇടതു മുന്നണിയും 3 എണ്ണം യു.ഡി.എഫും നേടി. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ ഒന്നില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്.

എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. യു.ഡി.എഫ്-45, എല്‍.ഡി.എഫ്-35. ഇടതുമുന്നണിക്ക് 7263 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 1267 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും 213 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും 1167 മുന്‍സിപ്പല്‍ വാര്‍ഡുകളും 207 കോര്‍പ്പറേഷന്‍ വാര്‍ഡുകളുമടക്കം 2020 ല്‍ 10117 ജനപ്രതിനിധികളെയാണ് വിജയിപ്പിക്കാനായത്. യു.ഡി.എഫിനാകട്ടെ 5896 ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും 727 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളേയും 110 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും 1174 മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരേയും 121 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരേയും ഉള്‍പ്പെടെ മൊത്തം 8028 ജനപ്രതിനിധികളെ 2020-ല്‍ വിജയിപ്പിക്കാനായി.

എന്‍.ഡി.എ 1182 ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും 37 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളേയും 2 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും 320 നഗരസഭാ കൗണ്‍സിലര്‍മാരേയും 59 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരേയും അടക്കം 1600 ജനപ്രതിനിധികളെ ജയിപ്പിച്ചെടുത്തു. സ്വതന്ത്രരും മറ്റുള്ളവരുമായി 1622 ഗ്രാമ പഞ്ചായത്തംഗങ്ങളും 49 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 6 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 417 നഗരസഭാംഗങ്ങളും 27 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ജയിച്ചു കയറി. ഒന്നാം സര്‍ക്കാരിനുള്ള ശക്തമായ പിന്തുണയായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പൊതുവെ വിലയിരുത്തപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പരമ്പരാഗത യു.ഡി.എഫ് കോട്ടകളില്‍, മികച്ച പ്രകടനം കാഴ്ച വച്ചതും ഇടതുമുന്നണിക്ക് അനുകൂലമായി. എറണാകുളത്തും മലപ്പുറത്തും യു.ഡി.എഫ് നില മെച്ചപ്പെടുത്തി.

2026-ലെ അത്യന്തം വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിനു മമ്പുള്ള വിധിയെഴുത്താണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടക്കാന്‍ പോകുന്നത്. മൂന്നാമൂഴത്തിനായി പിണറായി സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, അതി ദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപനം, സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കൂട്ടല്‍ തുടങ്ങിയ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആയുധമാക്കി എല്‍.ഡി.എഫിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫും എന്‍.ഡി.എയും കച്ച കെട്ടുന്നത്. 
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക