
സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി വിജയിച്ച വാർത്ത പുറത്തുവന്നപ്പോൾ ഞാൻ ഏറ്റവും ആദ്യം ഓർമ്മിച്ചത് പ്രിയ സുഹൃത്ത് ഡോ. മുഹമ്മദുമായുള്ള സംഭാഷണങ്ങളാണ്. ദാറുൽഹുദ സർവ്വകലാശാല ക്യാമ്പസിലും അലിഗഡ് യൂനിവാഴ്സിറ്റി ക്യാമ്പസിലും ജെ.എൻ.യുവിലും പഠിക്കുകയും ഫാറൂഖ് കോളേജിൽ അതിഥിഅധ്യാപകനായി ജോലി ചെയ്യുകയും ചെയ്തിട്ടുള്ള കടുങ്ങല്ലൂർ ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരനാണ് മുഹമ്മദ്. ഏതാണ്ട് രണ്ട് മാസം മുമ്പ് ഞങ്ങൾ കണ്ടപ്പോൾ വയൽ വരമ്പിലിരുന്ന് സംസാരിച്ചിരുന്നത് ഇന്ത്യൻ സമൂഹത്തിനും യുവാക്കൾക്കും പിഴവ് പറ്റുന്നത് എവിടെയാണെന്ന വിഷയമായിരുന്നു. അന്ന് അവൻ ഏറ്റവും കൂടുതൽ ഉദ്ധരിച്ച പേരായിരുന്നു സൊഹ്റാൻ മംദാനി.
സത്യത്തിൽസൊഹ്റാൻ മംദാനിയിൽ നിന്നും ഇന്ത്യൻ യുവാക്കൾക്ക് ഒരുപാട് പഠിക്കാനുണ്ട്.
1991 ഒക്ടോബർ 18 ന് ഉഗാണ്ടയിലെ കംപാലയിലാണ് അദ്ദേഹം ജനിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രശസ്തയായ സിനിമാ സംവിധായിക മീര നായരാണ് മാതാവ്. അക്കാഡമീഷ്യനും കൊളംബിയൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ മഹ്മൂദ് മംദാനിയാണ് പിതാവ്. തൻ്റെ ഏഴാമത്തെ വയസ്സിലാണ് കുടുംബത്തോടൊപ്പം ന്യൂയോർക്ക് സിറ്റിയിലേക്ക് അവർ താമസം മാറുന്നത്.
ഇന്ത്യൻ വംശജരാണ് മംദാനിയുടെ മാതാപിതാക്കൾ. അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമുമാണ് എന്ന കാര്യം ഇന്ത്യൻ പശ്ചാത്തലത്തിൽ ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന ഒന്നാണ്. 2018-ലാണ് മംദാനി യുഎസ് പൗരത്വം നേടുന്നത്. ന്യൂയോർക്ക് സിറ്റിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. ബ്രോങ്സ് ഹൈസ്കൂൾ ഓഫ് സയൻസ് വിദ്യാർത്ഥിയായിരുന്നു. ഇവിടെ വെച്ച് സ്കൂളിന്റെ ആദ്യത്തെ ക്രിക്കറ്റ് ടീം സ്ഥാപിക്കുന്നതിൽ അദ്ദേഹം പങ്കുചേർന്നു.
ബൗഡോയിൻ കോളേജിൽ നിന്ന് 2014 ൽ 'ആഫ്രിക്കാന സ്റ്റഡീസിൽ' മംദാനിബിരുദവും നേടി. കോളേജിൽ 'സ്റ്റുഡൻ്റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ' എന്ന ചാപ്റ്റർ സ്ഥാപിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് മംദാനി ക്വീൻസിൽ ഭവന വായ്പാ കുടിശ്ശിക തടയുന്നതിനുള്ള കൗൺസിലറായി പ്രവർത്തിച്ചു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ താഴ്ന്ന വരുമാനക്കാരായ ആളുകളെ ഒഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഈ ജോലി, ഈ ഭവന പ്രതിസന്ധിക്ക് കാരണം നയപരമായ തീരുമാനങ്ങളാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി, ഇത് രാഷ്ട്രീയത്തിലേക്കിറങ്ങാൻ അദ്ദേഹത്തിന് പ്രചോദനമേകി.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് 'യങ് കാർഡമം ആൻഡ് എച്ച്എബി' (Young Cardamom and HAB) എന്ന റാപ്പ് സംഘത്തിലെ അംഗമാവുകയും റാപ്പർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയമായി പറയുകയാണെങ്കിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക (Democratic Socialist of America) DSA അംഗമാണ് അദ്ദേഹം. 2020-ൽ അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വംശജനായ പുരുഷനും, ആദ്യത്തെ ഉഗാണ്ടൻ വംശജനും, മൂന്നാമത്തെ മുസ്ലീം അംഗവുമായിരുന്നു അദ്ദേഹം.
വാടക നിയന്ത്രണം, താങ്ങാനാവുന്ന ഭവനം, സൗജന്യ ബസ് സർവീസ് എന്നിവയ്ക്ക് വേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. ടാക്സി ഡ്രൈവർമാർക്ക് കടാശ്വാസം നേടാൻ വേണ്ടി അദ്ദേഹം നിരാഹാര സമരം നടത്തി ശ്രദ്ധേയനായി. അടിസ്ഥാന വർഗ്ഗത്തിനും വേണ്ടിയുള്ള നിരന്തര ഇടപെടലുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.
എങ്ങിനെ ആയിരുന്നാലും 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു.
ന്യൂയോർക്ക് സിറ്റിയുടെ ആദ്യത്തെ മുസ്ലീം മേയർ, ആദ്യത്തെ ദക്ഷിണേഷ്യൻ മേയർ, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നീ ചരിത്രനേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കി എന്നുവേണം പറയാൻ.
സിറിയൻ വംശജയായ ഇല്ലസ്ട്രേറ്റർ രമ ദുവാജി (Rama Duwaji)യാണ് മംദാനിയുടെ ഭാര്യ. ക്വീൻസിലെ അസ്‌റ്റോറിയയിലാണ് അദ്ദേഹം താമസിക്കുന്നത്.
സോഹ്രാൻ മംദാനിയുടെ ഈ meteoric rise പെട്ടെന്നുള്ള വളർച്ച യുവാക്കൾക്കിടയിലും പുരോഗമന രാഷ്ട്രീയത്തിലും വലിയ ചലനമുണ്ടാക്കി എന്ന് നിരീക്ഷിക്കാനാകും.
തനതായ വ്യക്തിത്വം ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം വിജയിക്കുന്നത്. വംശീയവും മതപരവുമായ ആക്രമണങ്ങൾ നേരിട്ടപ്പോഴും അദ്ദേഹം തൻ്റെ മുസ്ലിം ഐഡന്റിറ്റിയും ഇന്ത്യൻ പശ്ചാത്തലവും ഒട്ടും ഒളിച്ചുവെച്ചില്ല. നിങ്ങൾ ആരാണോ, അതിൽ അഭിമാനിക്കുക, നിലപാടുകളിൽ ഉറച്ചുനിൽക്കുക എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യൻ പൈതൃകം, ബോളിവുഡ്, സംഗീതം എന്നിവയെല്ലാം അദ്ദേഹം തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. സ്വന്തം സംസ്കാരത്തെ പ്രചാരണത്തിൽ ഉൾപ്പെടുത്തിയത് യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് സ്വീകാര്യത നൽകി.
ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതും മംദാനിക്ക് ഗുണം ചെയ്ത സ്വഭാവ രീതിയാണ്.
വിലക്കയറ്റം, താങ്ങാനാവുന്ന ജീവിതച്ചെലവ് (Affordability Crisis), വാടക നിയന്ത്രണം, സൗജന്യ ബസ് സർവീസ്, എല്ലാവർക്കും ശിശു സംരക്ഷണം തുടങ്ങിയ സാധാരണക്കാരുടെ പ്രശ്നങ്ങളെ മുൻനിർത്തിയാണ് അദ്ദേഹം പ്രചാരണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. വലിയ കോർപ്പറേഷനുകൾക്കും ധനികർക്കും നികുതി ഏർപ്പെടുത്തി ആ പണം സാധാരണക്കാർക്കായി ഉപയോഗിക്കുക എന്ന അദ്ദേഹത്തിൻ്റെ നയം (Economic Populism) ഒരുപാട് വോട്ടർമാരെ ആകർഷിക്കുകയും ചെയ്തു.
വലിയ പണച്ചിലവില്ലാതെ, വാതിൽക്കൽ ചെന്നുള്ള പ്രചാരണത്തിലൂടെയും (Door-to-door canvassing) സോഷ്യൽ മീഡിയ തന്ത്രങ്ങളിലൂടെയുമാണ് അദ്ദേഹം വിജയിച്ചത്. സാധാരണക്കാരുടെ കൂട്ടായ ശക്തിക്ക് (People Power) പണത്തെയും പരമ്പരാഗത രാഷ്ട്രീയശക്തികളെയും തോൽപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു എന്നുവേണം പറയാൻ.
പരമ്പരാഗത രാഷ്ട്രീയക്കാർക്കെതിരെ മാറ്റത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു യുവ സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിൻ്റെ വിജയം തെളിയിക്കുന്നു. രാഷ്ട്രീയത്തിൽ പ്രായവും അനുഭവപരിചയവും ഒരു പോരായ്മയായി കണക്കാക്കുന്നതിനുപകരം, മാറ്റത്തിനായുള്ള ആഗ്രഹമായി ഇതിനെ ഉപയോഗിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ഇന്ത്യൻ പശ്ചാതലത്തിൽ രാഷ്ട്രീയത്തോട് വൈമുഖ്യം കാണിക്കുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത് എന്ന കാര്യം പറയാതിരിക്കാനാവില്ല.
ടാക്സി ഡ്രൈവർമാർക്ക് വേണ്ടിയുള്ള കടാശ്വാസത്തിനു വേണ്ടി നിരാഹാര സമരം നടത്താനുള്ള അദ്ദേഹത്തിൻ്റെ ധൈര്യം, താൻ സംസാരിക്കുന്ന വിഷയങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
ചുരുക്കത്തിൽ, സ്വന്തം നിലപാടുകളിലും മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, യുവശക്തി ഉപയോഗിച്ച് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന വലിയ പാഠമാണ് സോഹ്രാൻ മംദാനിയുടെ വിജയം ഇന്ത്യൻ യുവാക്കൾക്ക് നൽകുന്നത്.