
''കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍...'' എന്ന് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ച സൊഹ്‌റാന്‍ ക്വാമെ മംദാനി ലോകത്തിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ അധിപനാവുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു തിരുവനന്തപുരം ബന്ധം വലിയതോതില്‍ ചര്‍ച്ചയാവുന്നു. ഇന്ത്യന്‍ വംശജനും 34-കാരനുമായ മംദാനി ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ച് രംഗത്തുവന്നത് അഞ്ചു വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടാനാണ്. 2020-ല്‍ 21 വയസ്സുള്ളപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി സി.പി.എമ്മിന്റെ ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുപ്പട്ടപ്പോള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മംദാനി ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു.
''ഇന്ന് എങ്ങെനെയുള്ള മേയറിനെയാണ് ന്യൂയോര്‍ക്കിന് ആവശ്യം..?'' എന്ന തന്റെ സ്വയം ചോദ്യത്തിന് ഉത്തരമായി മംദാനി തന്നെ പുതുച്ചേരി സി.പി.എം ഘടകത്തിന്റെ ട്വീറ്റ് ഷെയര്‍ ചെയ്യുകയായിരുന്നു. ''സഖാവ് ആര്യ രാജേന്ദ്രന്‍, വയസ്സ് 21, കേരളത്തിലെ തിരുവനന്തപുരത്തിന്റെ പുതിയ മേയര്‍. ലോകത്തിലെ ഒരു പ്രധാന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും അവര്‍...'' 2020 ഡിസംബറില്‍ സി.പി.എം ഹാന്‍ഡില്‍ പങ്കുവച്ച പോസ്റ്റാണിത്. അന്ന് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റപ്പോള്‍ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റിട്ട മംദാനി ഇന്ന് ന്യൂയോര്‍ക്ക് സിറ്റിയുടെ 111-ാം മേയര്‍ പദത്തിലെത്തിയത് ഒട്ടും യാദൃശ്ചികമല്ല.
ട്രംപിന്റെ കടുത്ത എതിര്‍പ്പിനെയും ഭീഷണിയെയും മറികടന്നാണ് മംദാനി ന്യൂയോര്‍ക്ക് സിറ്റി മേയറായിരിക്കുന്നത്. ആ വിജയമാകട്ടെ, പാവപ്പെട്ടവരെയും സാധാരണക്കാരെയും നെഞ്ചോടു ചേര്‍ത്തുനിര്‍ത്തിയ ജനപക്ഷ മുഖത്തിന്റെ വിജയമാണ്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ മംദാനിയെ ട്രംപിന്റെ ശത്രുവാക്കി മാറ്റിയപ്പോള്‍, പുരോഗമന കാഴ്ചപ്പാടും സാധാരണക്കാര്‍ക്ക് അനുകൂലമായ നിലപാടുകളും മംദാനിയുടെ പൊതുസ്വീകാര്യത വര്‍ധിപ്പിച്ചു. ജനങ്ങളെ സേവിക്കാന്‍ പുതുതലമുറയിലുള്ള യുവാക്കള്‍ തന്നെ വരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മംദാനി അര്യാ രാജേന്ദ്രനെ ആഭിനന്ദിച്ചതെങ്കില്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ ചരിത്രം പിറക്കുമ്പോള്‍ ആര്യ മംദാനിയെ ആശംസിച്ചത് ഇങ്ങനെയാണ്...
''ന്യൂയോര്‍ക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദര്‍ശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം. നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യര്‍-അവര്‍ കേരളത്തിലാവട്ടെ ന്യൂയോര്‍ക്കിലാകട്ടെ, ജനങ്ങളെ മുന്‍നിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേര്‍ചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങള്‍ താങ്കളെ ഹൃദയപൂര്‍വം ക്ഷണിക്കുന്നു. അഭിനന്ദനങ്ങള്‍..! ഐക്യദാര്‍ഢ്യം..!''
ഉഗാണ്ടയില്‍ ജനിച്ച് ഏഴ് വയസ്സുള്ളപ്പോള്‍ യു.എസിലേക്ക് ചേക്കേറിയ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലിം, ദക്ഷിണേഷ്യന്‍ മേയറാണ്. ''നീ ഒരു വൃത്തികെട്ട കമ്മ്യൂണിസ്റ്റാണ്, അമേരിക്കയില്‍ നിന്നെക്കൊണ്ട് ഒരു കാര്യവുമില്ല...നിങ്ങള്‍ പറഞ്ഞതു പോലെ അമേരിക്കയില്‍ സംഭവിക്കാന്‍ ഒരു വഴിയുമില്ല...'' തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രചാരണ വേളയില്‍ മംദാനിക്ക് ഏല്‍ക്കേണ്ടി വന്നത്. എന്നാല്‍ വിമര്‍ശിച്ചവരുടെ വായടപ്പിച്ചു കൊണ്ട് എതിരു പറഞ്ഞവരെ കൊണ്ട് വാഴ്ത്തു പാട്ട് പാടിച്ച് അമേരിക്കയുടെ രാഷ്ട്രീയ ബിംബങ്ങളെ തന്നെ തച്ചുടച്ച് നവ യുഗം സൃഷ്ടിക്കാന്‍ പോന്നയാളായി ഈ ചെറുപ്പക്കാരന്‍ മാറി.
യുവ തലമുറയ്ക്ക് നീതിയും അവകാശവും സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ നേടണമെന്ന് പറയുന്ന വ്യക്തിയാണ് മംദാനി. ചരിത്രവിജയത്തിന് ശേഷം അനുയായികളെ അഭിസംബോധന ചെയ്യുമ്പോള്‍, ഇന്ത്യയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മംദാനി പ്രകടിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 'ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി' എന്ന പ്രസംഗത്തിലെ വരികള്‍ കടംകൊണ്ടാണ്. 1947 ഓഗസ്റ്റ് 14-ന് അര്‍ദ്ധരാത്രിക്ക് ശേഷം, ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗമാണ് ഇത്. നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍നവഭാരത ശില്‍പിയായ നെഹ്‌റുവിന്റെ വാക്കുകള്‍ ഓര്‍ത്തുപോവുകയാണെന്ന് മംദാനി പറഞ്ഞു.
''ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം ആഗതമായിരിക്കുന്നു, നാം പഴയതില്‍നിന്ന് പുതിയതിലേക്ക് കാലെടുത്തുവെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവിന് ശബ്ദം ലഭിക്കുമ്പോള്‍...'' നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് മംദാനി പറഞ്ഞു. ''ഈ രാത്രി ന്യൂയോര്‍ക്ക് അത് ചെയ്തിരിക്കുന്നു...'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ആ നിമിഷം വരികയാണ്. ചരിത്രത്തില്‍തന്നെ അവിചാരിതമെന്നോണം. പഴയതില്‍നിന്ന് പുതിയതിലേക്ക് നമ്മള്‍ ചുവട് വയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാഅതിന്റെ ശബ്ദം വീണ്ടെടുക്കുകയാണ്...'' എന്ന നെഹ്‌റുവിന്റെ വാക്കുകളാണ് മംദാനി ഉദ്ധരിച്ചത്.
ഉഗാണ്ടയിലെ കാംപ്ലയില്‍ 1991 ഒക്ടോബര്‍ 18-ന് കൊളംബിയ സര്‍വകലാശാലാ പ്രഫസറായ മഹ്‌മൂദ് മംദാനിയുടെയും 'സലാം ബോംബെ,' 'മണ്‍സൂണ്‍ വെഡ്ഡിങ്,' 'ദ് നെയിംസേക്ക്' തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ അമ്മ മീരാ നായരുടെയും മകനായ സൊഹ്‌റാന്‍ മംദാനി 2018-ലാണ് മംദാനി യുഎസ് പൗരത്വം നേടുന്നത്. 2020-ല്‍ ക്വീന്‍സില്‍നിന്നു ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 ലും 2024 ലും എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മംദാനി, ഗാസ വിഷയത്തില്‍ ഇസ്രയേലിനെതിരെയും ട്രംപിന്റെ പിന്തുണക്കെതിരെയും നിലപാടെടുത്തിരുന്നു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്നു വിമര്‍ശിച്ച മംദാനി, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി.