
ദുബായിൽനിന്ന് മടങ്ങിയെത്തിയ ഉണ്ണിയുടെ കസിൻ ബാബു, തന്റെ പുത്തൻ ബംഗ്ലാവ് പണിതപ്പോൾ നാട്ടിൽ ഒരു വലിയ സംഭവമായി. "ദുബായ് ബാബുവിന്റെ വീട്" എന്നാണ് പലരും അതിനെ വിശേഷിപ്പിച്ചത്. ഗൃഹപ്രവേശനം ഒരു ഒന്നൊന്നര പരിപാടിയായിരുന്നു. ഉണ്ണിയും കൂട്ടുകാരൻ പ്രകാശനും ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു.
പ്രധാന ആകർഷണം വീടിന്റെ സ്വീകരണമുറിയാണ്. വിശാലമായ ഹാളിന്റെ നടുക്ക് തറനിരപ്പിൽ നിന്ന് അൽപം താഴെയായി, ഒരു തീരെ ആഴമില്ലാത്ത ചെറിയ കുളം പോലെ വെള്ളം കെട്ടിനിർത്തിയിരിക്കുന്നു. നടുക്കായി മനോഹര ഫൗണ്ടൻ. സംഗതി കാണാൻ നല്ല ഭംഗിയുണ്ട്, പക്ഷേ അതിരുകൾ തിരിക്കുന്നതിന് ഒന്നുമില്ല. ഇളം നീല ടൈലുകൾ പാകിയ ഫ്ലോർ. അതുപോലെ വെള്ളം നിറച്ച ഭാഗത്തും. പെട്ടെന്ന് തിരിച്ചറിയില്ല.
ഹാളിന്റെ ഭംഗി കണ്ടതിന് ശേഷം പ്രകാശൻ ബാബുവിനോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ഈ ഫൗണ്ടൻ നന്നായിട്ടുണ്ട് പുതിയ ആളുകൾ വരുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആരെങ്കിലും ഈ വെള്ളത്തിൽ വീഴാൻ സാധ്യതയുണ്ട്. "ഒരു ചെറിയ ബൗണ്ടറി നന്നായിരിന്നു".
പ്രകാശൻ ഈ 'സെൻസിബിൾ' കമന്റ് പറഞ്ഞ് നിമിഷങ്ങൾക്കകം അതുണ്ടായി. അതിഥികളുടെ കൂട്ടത്തിൽ വളരെ നന്നായി വസ്ത്രം ധരിച്ച ഒരു സ്ത്രീ, കയ്യിൽ ഒരു പിഞ്ചുകുഞ്ഞുമായി ഹാളിന്റെ ഭംഗി ആസ്വദിച്ച് സാവധാനം നടന്നു നീങ്ങുന്നുണ്ടായിരുന്നു.
ആർക്കും ഒരു മുന്നറിയിപ്പ് കൊടുക്കാൻ കഴിയുന്നതിനുമുമ്പേ, 'ധും' എന്നൊരു ശബ്ദത്തോടെ ആ അമ്മയും കുഞ്ഞും വെള്ളത്തിൽ!
ഭാഗ്യവശാൽ ആർക്കും ഒരു പരിക്കും പറ്റിയില്ല, വെള്ളത്തിൽനിന്ന് പെട്ടെന്ന് കരകയറി. പക്ഷേ, സംഭവിച്ചതിനെക്കാൾ വലിയ കോമഡി
ഒട്ടും താമസിച്ചില്ല, ടെൻഷനും ദേഷ്യവും ഒരുമിച്ച ഭാവവുമായി ബാബു നേരെ ഓടി വന്നത് പ്രകാശന്റെ അടുത്തേക്കാണ്.
"ചേട്ടാ ആ നാവ് ഒന്ന് കാണിച്ചേ!" ബാബുവിന്റെ ചോദ്യം കേട്ട് പ്രകാശൻ അമ്പരന്നു.
"എന്താ ബാബു, എന്തുപറ്റി?"
"ഈ ഹാളിന്റെ കുഴപ്പത്തെക്കുറിച്ച് പറഞ്ഞ ഉടനെയാണ് ഈ പണി കിട്ടിയത്! ചേട്ടന്റെ നാവ് കരിനാവ് ആണോ എന്ന് നോക്കട്ടെ! " ബാബുവിന്റെ ഈ ചോദ്യം കേട്ട് അല്പം ചമ്മിയെങ്കിലും ഉണ്ണിയോടൊപ്പം പ്രകാശനും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഈ സംഭവം കണ്ടതും ഉണ്ണിയുടെ ഓർമ്മകൾ പിന്നോട്ട് പോയി. അവന്റെ കുട്ടിക്കാലത്തേക്ക്.
"കരിനാവ്" "കരിംകണ്ണ്" എന്നെല്ലാം കേൾക്കുമ്പോൾ ഉണ്ണിക്ക് ആദ്യം ഓർമ്മ വരുന്നത് കൃഷ്‌ണൻ മാമയെയാണ്. ഉണ്ണിയുടെ വീടിനടുത്ത് കൃഷ്‌ണൻ മാമ നടന്നുപോകുന്നത് കാണുമ്പോഴേ ഉണ്ണിയുടെ അമ്മൂമ്മ പറയും: "ഓടി അകത്ത് കേറ് പിള്ളാരേ! ആ മനുഷ്യൻ കാണണ്ട! അയാളുടെ കരിനാവടിച്ചാൽ പിന്നെ കിടപ്പിലാകും!"
ഉണ്ണി ഒരു ദിവസം അമ്മൂമ്മയോട് ചോദിച്ചു: "അമ്മൂമ്മേ, എന്താണീ കരിനാവ്? എന്തിനാ ആ മനുഷ്യൻ ഞങ്ങളെ കണ്ടാൽ ഉടനെ അകത്ത് കേറാൻ പറയുന്നേ?"
അമ്മൂമ്മയുടെ മറുപടി: "നിങ്ങളെ കണ്ടാൽ അയാൾ വല്ലതും സംസാരിക്കുകയോ, നിങ്ങളെക്കുറിച്ച് മനസ്സിൽ ചിന്തിക്കുകയോ ചെയ്താൽ മതി, ആ നിമിഷം നിനക്ക് എന്തെങ്കിലും ആപത്ത് വരും! അതാണ് കരിങ്കണ്ണ് അല്ലെങ്കിൽ കരിനാവ്!"
"അതെന്താ അമ്മൂമ്മേ, അങ്ങനെ ഒരു ലോജിക്ക്? എനിക്ക് മനസ്സിലാവുന്നില്ലല്ലോ!" ഉണ്ണി വിടാൻ ഒരുക്കമല്ലായിരുന്നു.
അതോടെ അമ്മൂമ്മ തൻ്റെ 'റിയൽ ലൈഫ് കഥകൾ' പറയാൻ തുടങ്ങി:
"പണ്ട്, കൃഷ്ണൻ മാമ നമ്മുടെ അയൽവാസിയുടെ വീട്ടിലെ ഒരു ഡസനോളം കോഴിക്കുഞ്ഞുങ്ങളെ കണ്ടിട്ട്, 'ഓ! വെള്ളപ്പട്ടാളം ഇറങ്ങിയതുപോലുണ്ടല്ലോ!' എന്ന് പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞപ്പോൾ
ആ മനോഹരമായ കോഴിക്കുഞ്ഞുങ്ങളെ മുഴുവൻ കാക്കകളും പരുന്തുകളും കൊണ്ടുപോയി!"
"പിന്നെ ഒരിക്കൽ, കാദരാപ്ലയുടെ പുരപ്പുറത്ത് പടർന്നു കിടന്ന പാകമായി തുടങ്ങിയ 10-12 കുമ്പളങ്ങകൾ കിടക്കുന്നത് കണ്ടിട്ട് മാമ പറഞ്ഞു: 'എന്തോ! കുറെ പേര് കരിമ്പടം പുതച്ചു കിടപ്പുണ്ടല്ലോ!' അദ്ഭുതം എന്ന് പറയട്ടെ, രണ്ടുദിവസം കൊണ്ട് ആ കുമ്പളങ്ങകളെല്ലാം ചീഞ്ഞുപോയി!"
"നമ്മുടെ അടുത്ത വീട്ടിലെ രണ്ട് പിള്ളേര് കളിക്കുന്നത് കണ്ടിട്ട് മാമ എന്തോ ഒന്ന് പറഞ്ഞു. നിമിഷങ്ങൾക്കകം രണ്ടാളും വീണ്, ഒരാൾക്ക് കൈ ഒടിഞ്ഞു, മറ്റേയാൾക്ക് ഒരാഴ്‌ച പനിയും!"
ഈ കഥകളെല്ലാം കേട്ടപ്പോൾ ഉണ്ണിക്ക് ചിരിയാണ് വന്നതെങ്കിലും, ചെറിയൊരു സംശയവും മനസ്സിൽ കിടന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം, നാലാം ക്ലാസ്സിൽ പഠിക്കുന്ന ഉണ്ണി, തന്റെ വെളുത്ത് സുന്ദരനായ കൂട്ടുകാരന്റെ കൂടെ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്നു. കൃഷ്‌ണൻ മാമ അവർക്ക് എതിരെ വന്നു.
മാമ ചിരിച്ചുകൊണ്ട് കൂട്ടുകാരനോട് ചോദിച്ചു: "സുന്ദരക്കുട്ടന്റെ പേര് എന്താ?"
കൂട്ടുകാരൻ പേര് പറഞ്ഞു, രവി. അവർ സ്‌കൂളിലേക്ക് നടന്നു. കൃഷ്‌ണൻ മാമയുടെ നാവ് കേട്ട് സ്കൂളിൽ എത്തും മുമ്പേ ഒരു പരീക്ഷണം എന്നോണം ഉണ്ണിക്ക് ഒരു ചിന്ത വന്നു: 'നോക്കട്ടെ, ഈ കരിനാവ് സത്യമാണോ?'
ദുർഭാഗ്യം! സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ച് രവിയെ പാമ്പ് കടിച്ചു! ഭാഗ്യത്തിന് ആശുപത്രിയിൽ എത്തിച്ചു, വലിയ പ്രശ്നമൊന്നുമുണ്ടായില്ല. ഉണ്ണിക്ക് ഒന്ന് ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ല.
ഈ കൂട്ടത്തിലേക്ക് ഉണ്ണിക്ക് ഓർമ്മ വന്ന മറ്റൊരാൾ കൂടിയുണ്ട്, അലി . ഇദ്ദേഹവും കൃഷ്‌ണൻ മാമയെപ്പോലെ ഒരു 'വിഐപി' ആയിരുന്നു.
ഒരു ദിവസം അലി നടന്നുപോകുമ്പോൾ തെങ്ങിൽ തോട്ടക്കാരനായ പ്രഭാകരൻ മാസ്റ്ററെ കണ്ടു. പുതിയതായി വെച്ച തെങ്ങിൻ തൈകൾ നല്ല ഭംഗിയോടെ വരിവരിയായി നിൽക്കുന്നത് കണ്ട അലി ഒരു കമന്റ് പാസാക്കി: "മാഷെ, ഈ പരിപാടി വിജയിച്ചു കേട്ടോ!"
ഒരാഴ്ച കഴിഞ്ഞപ്പോൾ റിസൾട്ട് വന്നു: വരിയായി നിന്നിരുന്ന പത്ത് തെങ്ങിൻ തൈകൾ കരിഞ്ഞുപോയി!
ഹൗസ് വാമിംഗ് പാർട്ടിക്കിടെ പ്രകാശന്റെ "കരിനാവ്" ചെക്കപ്പ് കണ്ടപ്പോൾ, ഉണ്ണിക്കും കൂട്ടുകാർക്കും ബാബുവിന്റെ ദുബായ് ബംഗ്ലാവും, അതിലെ വെള്ളക്കുളവും, കൃഷ്‌ണൻ മാമയും അലിയും പഴഞ്ചൊല്ലിലെ കരിങ്കണ്ണും കരിനാവുമെല്ലാം ഓർമ്മ വന്നു.
തുടരും.......