
ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് സൈന്യത്തിൽ താടി വളർത്തിയവരെ വിലക്കുമെന്ന് താക്കീതു നൽകിയതിൽ യുഎസ് കോൺഗ്രസിലെ ഏഷ്യൻ പസിഫിക് അമേരിക്കൻ കോക്കസ് (സി എ പി എ സി), ജ്യുവിഷ് കോക്കസ്, ബ്ലാക്ക് കോക്കസ് എന്നിവയും സിഖ് കൊയാലിഷനും ആശങ്ക ഉയർത്തി. വിർജിനിയയിൽ പ്രസ്താവന നടത്തിയതിനു തൊട്ടു പിന്നാലെ സെപ്റ്റംബർ 30നു അദ്ദേഹം മെമ്മോയും നൽകിയിരുന്നു.
സി എ പി എ സി ചെയർ റെപ്. ഗ്രെയ്‌സ് മെങ്, ജ്യുവിഷ് കോക്കസ് കോ-ചെയർ റെപ്. ജേർറോൾഡ് നഡ്‌ലർ, റെപ്. ബ്രാഡ് ഷ്നെയ്‌ഡർ, ബ്ലാക്ക് കോക്കസ് ചെയർ റെപ്. യവറ്റെ ക്ളർക് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു: "യുഎസ് സേനയിൽ ഇനി താടിക്കാർ ഉണ്ടാവില്ലെന്ന സെക്രട്ടറി ഓഫ് ഡിഫൻസ് പീറ്റ് ഹെഗ്സേത്തിന്റെ പ്രസ്താവന ഞങ്ങളിൽ അഗാധമായ ആശങ്ക ഉയർത്തുന്നു. ആ അമ്പരപ്പിക്കുന്ന അഭിപ്രായം സൈനിക സേവനത്തിനു തയാറായ മില്യൺ കണക്കിനു സിഖ്, യഹൂദ, മുസ്ലിം, ക്രിസ്ത്യൻ അമേരിക്കക്കാർക്ക് കടുത്ത അവഹേളനമാണ്.
"ആദരപൂർവം മികച്ച സേവനം കാഴ്ച്ച വയ്ക്കുമ്പോൾ സ്വന്തം വിശ്വാസത്തെയും മാനിക്കാൻ കഴിയുമെന്നു ധീരന്മാരായ ഈ സൈനികർ തെളിയിച്ചിട്ടുള്ളതാണ്. നമ്മുടെ സൈനികർക്ക് മതവിശ്വാസം സംരക്ഷിക്കാനുളള അടിസ്ഥാന അവകാശമുണ്ട്.
"മതപരമായ കാരണങ്ങളാൽ താടി വളർത്തുന്നത് ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്തു അനുവദിച്ചിരുന്നു. കോടതികൾ അത് ആവർത്തിച്ച് ശരിവച്ചിട്ടുമുണ്ട്. അത് ഇല്ലാതാക്കാൻ കഴിയുന്നതല്ല.
"കോൺഗ്രസ് അംഗങ്ങൾ എന്ന നിലയ്ക്ക്, ഡിഫൻസ് ഡിപ്പാർട്മെന്റ് സെപ്റ്റംബർ 30ലെ മെമ്മോ എങ്ങിനെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു എന്നു കേൾക്കാൻ ഞങ്ങൾക്കു താല്പര്യമുണ്ട്. നമ്മുടെ ധീരന്മാരായ സൈനികരുടെ മതപരമായ ആവശ്യങ്ങളും മെഡിക്കൽ ആവശ്യങ്ങളും എങ്ങിനെ അംഗീകരിക്കും എന്നും അറിയേണ്ടതുണ്ട്."
പഴയ നിയമം വീണ്ടും വരുന്നു
താടിക്കു പുറമെ നീണ്ട മുടിയും നിരോധിക്കും എന്നാണ് എണ്ണൂറോളം സൈനിക ഉദ്യോഗസ്ഥരോട് ഹെഗ്സേഥ് പറഞ്ഞതെന്നു റിപ്പോർട്ടുകളിൽ കാണുന്നു. 2010നു മുൻപ് താടിക്കു നിയന്ത്രണം ഉണ്ടായിരുന്നത് അദ്ദേഹം തിരിച്ചു കൊണ്ടുവരുന്നുവെന്നു സിഖ് കൊയാലിഷൻ ചൂണ്ടിക്കാട്ടി.
ഇത്തരം നയം മാറ്റങ്ങൾ സിഖുകാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ്. തലപ്പാവ് ധരിക്കുന്നതും താടി വളർത്തുന്നതും സിഖുകാർ ഉപേക്ഷിക്കില്ലെന്നു കൊയാലിഷൻ വ്യക്തമാക്കി. സൈന്യത്തിൽ ആദരണീയമായ സേവനം അനുഷ്‌ടിക്കുന്നതിനു അത് തടസമേയല്ല.
Hegseth's beard comment draws flak