
ഗാസ യുദ്ധം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ ഇസ്രായേലിന് യു.എസ്. നൽകിയ ധനസഹായത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. യുദ്ധം തുടങ്ങിയ ശേഷം അമേരിക്ക ഇസ്രായേലിന് ആകെ 21.7 ബില്യൺ ഡോളറിൻ്റെ സഹായം നൽകിയതായി പുതിയ അക്കാദമിക് പഠനം വ്യക്തമാക്കുന്നു. ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയതിൻ്റെ രണ്ടാം വാർഷിക ദിനമായ ചൊവ്വാഴ്ചയാണ് ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വാട്സൺ സ്കൂൾ ഓഫ് ഇൻ്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിലെ 'കോസ്റ്റ്‌സ് ഓഫ് വാർ പ്രോജക്റ്റ്' ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. യുദ്ധത്തിൻ്റെ ആദ്യ വർഷത്തിൽ അന്നത്തെ പ്രസിഡൻ്റ് ജോ ബൈഡൻ 17.9 ബില്യൺ ഡോളറും രണ്ടാം വർഷത്തിൽ 3.8 ബില്യൺ ഡോളറുമാണ് ഇസ്രായേലിന് കൈമാറിയത്. കൂടാതെ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ മിഡിൽ ഈസ്റ്റിലെ സുരക്ഷയ്ക്കായി യു.എസ്. ഏകദേശം 10 ബില്യൺ ഡോളർ അധികമായി ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഈജിപ്‌തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാംഘട്ടം അനുകൂല സാഹചര്യത്തിൽ അവസാനിച്ചു. ഈജിപ്‌തിലെ ഷാമെൽ ഷെയ്‌ഖ് റിസോർട്ടിലാണ് ചർച്ച നടന്നത്. ട്രംപിൻ്റെ 20 ഇന സമാധാന പദ്ധതി ചർച്ച ചെയ്യുന്നതിനായി ഈജിപ്‌തിൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച. ആദ്യഘട്ടത്തിൽ ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് പ്രധാനമായും ചർച്ചയായതെന്നാണ് വിവരം. ഇസ്രായേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവരും ഹമാസിനെ നയിച്ച് മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയും ചർച്ചയിൽ പങ്കെടുത്തു.
English summary:
The United States has provided Israel with financial aid worth $21.7 billion for the Gaza conflict.