
യുഎസ്-ഇന്ത്യ ബന്ധങ്ങളിൽ ഉരുത്തിരിഞ്ഞ പ്രശ്നങ്ങളെ കുറിച്ചു ഇന്ത്യൻ അമേരിക്കൻ സമൂഹം മൗനം പാലിക്കുന്നു എന്ന കോൺഗ്രസ് എം പി: ശശി തരൂറിന്റെ വിമർശനത്തിനു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പ്രതികരിച്ചു. 'ദ പ്രിന്റി'ൽ എഴുതിയ ലേഖനത്തിൽ എച് എ എഫ് എക്സിക്യൂട്ടീവ് ഡയറക്‌ടർ സുഹാഗ് ശുക്ല പറയുന്നത് പ്രവാസി സമൂഹം യുഎസ് സംവിധാനത്തിൽ എങ്ങിനെയാണ് പ്രവർത്തിക്കുക എന്നതു തരൂർ അവഗണിച്ചു എന്നാണ്.
" ബഹുമാന്യനായ ശശി തരൂർ ഒരു സംഘത്തിൽ പെട്ട ഒരാളുടെ പ്രസ്താവനയെ മാത്രം ആധാരമാക്കി പ്രവാസികളെ കുറിച്ചു സമഗ്രമായ നിഗമനം നടത്തുകയാണ് ചെയ്തത്. ആരും തന്നെ വിളിച്ചു ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചു സംസാരിച്ചില്ലെന്നു ഒരു കോൺഗ്രസ് അംഗം പറഞ്ഞത് അദ്ദേഹം അടിസ്ഥാനമാക്കി."
ഫൗണ്ടേഷൻ സഹസ്ഥാപകയായ ശുക്ല പറയുന്നത് പ്രവാസി സമൂഹം ഇന്ത്യ-യുഎസ് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ എന്നും ശ്രമിച്ചിരുന്നു എന്നാണ്. എന്നാൽ അത് യുഎസ് നിയമങ്ങളുടെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ടാണ്. ഇന്ത്യയുടെ നയങ്ങൾ രൂപം കൊടുക്കുന്നതിൽ പ്രവാസികൾക്ക് പങ്കില്ല.
"ഇന്ത്യക്കും ഇന്ത്യൻ പൗരന്മാർക്കും എന്ന പോലെ തന്നെ, ഞങ്ങൾക്കു യുഎസ് ദേശീയ താല്പര്യങ്ങൾ അനുസരിച്ചു ജീവിക്കാൻ ചുമതലയുണ്ട്. അത് ഞങ്ങളുടെ പൈതൃകത്തെ വഞ്ചിച്ചല്ല ചെയ്യുന്നത്. അതു പൗരത്വത്തിന്റെ വിഷയം മാത്രമാണ്."
യുഎസിൽ ഇന്ത്യൻ സമൂഹം, പ്രത്യേകിച്ച് ഹൈന്ദവർ, നേരിടുന്ന സമ്മർദ്ദങ്ങൾ അവർ എടുത്തു കാട്ടി. "ഞങ്ങൾ യഥാർഥ അമേരിക്കൻ പൗരന്മാരല്ല എന്നു കരുതുന്നവർക്ക് ശക്തി പകരുന്നതാണ് തരൂരിന്റെ വാക്കുകൾ.
"ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ഇന്ത്യാ ഗവൺമെന്റിന്റെ പ്രോക്സികളല്ല. ഞങ്ങൾ അമേരിക്കൻ പൗരന്മാരാണ്. അവകാശങ്ങളും ഉത്തരവാദിത്തവും ഈ മണ്ണിനോടു കൂറുമുള്ള പൗരന്മാർ.”
ശുക്ലയുടെ വാക്കുകൾ സ്വാഗതം ചെയ്യുന്നുവെന്നു തരൂർ എക്‌സിൽ കുറിച്ചു. "എന്റെ വാക്കുകൾ ഇന്ത്യൻ അമേരിക്കൻ പൗരന്മാരെ ചിന്തിക്കാൻ പ്രേരിപ്പിച്ചെങ്കിൽ സന്തോഷം."
HAF reacts to Tharoor