
യുഎസിൽ പ്രവർത്തിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി സി എസ്), കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് എന്നിവ ഉൾപ്പെടെ 10 ടെക്നോളജി സ്ഥാപനങ്ങൾ ആയിരക്കണക്കിനു അമേരിക്കൻ ജീവനക്കാരെ പിരിച്ചു വിട്ട ശേഷം വിദേശത്തു നിന്നു ജീവനക്കാരെ കൊണ്ടുവരാൻ ശ്രമിക്കയാണെന്നു യുഎസ് സെനറ്റർമാർ ആരോപിച്ചു. ആയിരക്കണക്കിന് എച്-1ബി വിസകൾക്കു അവർ അപേക്ഷകൾ നൽകിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി, യുഎസിൽ ആളുകളെ ജോലിക്കെടുക്കുന്നതിനു അവലംബിക്കുന്ന മാർഗങ്ങളുടെ വിശദാംശങ്ങൾ നൽകാൻ അവരോടു സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ആവശ്യപ്പെട്ടു.
കമ്മിറ്റി ചെയർമാൻ ചക് ഗ്രാസ്‌ലി (റിപ്പബ്ലിക്കൻ-അയോവ) ഡിക്ക് ഡർബിൻ (ഡെമോക്രാറ്റ്-ഇല്ലിനോയ്) എന്നിവരാണ് ഈ വിവരങ്ങൾ ആവശ്യപ്പെട്ടത്. എച്-1 ബി വിസ പരിഷകരിക്കണം എന്ന ആവശ്യം ദീർഘകാലമായി ഉന്നയിക്കുന്നവരാണ് ഇവർ കത്തിൽ പറയുന്നു: "സാങ്കേതിക വ്യവസായത്തിൽ കാണുന്ന ചില പ്രവണതകൾ അസ്വസ്ഥത ഉളവാക്കുന്നു. അമേരിക്കൻ സാങ്കേതിക ജീവനക്കാർ വൻ തോതിൽ തൊഴിലില്ലാതെ കഴിയുമ്പോൾ നിങ്ങൾ കുറേക്കാലമായി വൻ തോതിൽ പിരിച്ചു വിടൽ നടത്തുന്നത് ഞങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല.
"അതേ സമയം നിങ്ങൾ ആയിരക്കണക്കിനു വിദേശ ജീവനക്കാരെ കൊണ്ടുവരാൻ എച്-1 ബി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്."
ആപ്പിൾ, ആമസോൺ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡിലോയിറ്റ്, ജെ പി മോർഗൻചെയ്‌സ്, വോൾമാർട്ട് എന്നിവയാണ് അവർ ലക്‌ഷ്യം വച്ച മറ്റു കമ്പനികൾ. ഒക്ടോബർ 10നകം മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസ് ജീവനക്കാർ ഉൾപ്പെടെ ലോകമൊട്ടാകെ 12,000 പേരെ പിരിച്ചുവിടാൻ ടി സി എസ് നീക്കം നടത്തുന്നതായി സെനറ്റർമാർ കത്തിൽ പറയുന്നു. കമ്പനിയുടെ 600,000 ജീവനക്കാരിൽ രണ്ടു ശതമാനത്തെ ഈ വർഷം പിരിച്ചു വിടുമെന്ന് ജൂലൈയിൽ ടി സി എസ് അറിയിച്ചിരുന്നു. അതിൽ ജാക്‌സൺവിൽ ഓഫിസിൽ മാത്രം 60 പേർ ഉൾപ്പെടുന്നു.
അമേരിക്കൻ ജീവനക്കാർ വേണ്ടത്ര ലഭ്യമാണ് എന്നിരിക്കെ ടി സി എസ് ഈ ഒഴിവുകൾ നികത്താൻ അവരെ ഉപയോഗിക്കാത്തത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നു സെനറ്റർമാർ ചൂണ്ടിക്കാട്ടി. "ടി സി എസ് അമേരിക്കൻ ജീവനക്കാർക്ക് പകരം എച്-1 ബി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ?" അവർ ചോദിച്ചു.
2025 സാമ്പത്തിക വർഷത്തിൽ 5,505 എച്-1 ബി വിസക്കാരെ നിയമിക്കാൻ ടി സി എസ് അനുമതി തേടിയെന്ന് അവർ ചൂണ്ടിക്കാട്ടി. പുതിയ എച്-1 ബി വിസകൾ തേടുന്ന കമ്പനികളിൽ രണ്ടാം സ്ഥാനമാണ് ടി സി എസിന്.
അമേരിക്കയുടെ സാങ്കേതിക രംഗത്ത് തൊഴിലില്ലായ്‌മ മറ്റു രംഗങ്ങളെക്കാൾ ഏറെ കൂടി നിൽക്കുന്നുവെന്ന് യുഎസ് ഫെഡ് കണക്കുകൾ കാണിക്കുന്നു.
US Senators quiz TCS, 9 other firms on H-1 B hiring