Image

പ്രശസ്ത നടി സന്ധ്യ ശാന്താറാം അന്തരിച്ചു

Published on 04 October, 2025
പ്രശസ്ത നടി സന്ധ്യ ശാന്താറാം അന്തരിച്ചു

മുംബൈ: ഹിന്ദി-മറാത്തി സിനിമാലോകത്തെ അതുല്യ പ്രതിഭയും വിഖ്യാത സംവിധായകൻ വി ശാന്താറാമിൻ്റെ ഭാര്യയുമായ സന്ധ്യ ശാന്താറാം (87) വിടവാങ്ങി. അഭിനയരംഗത്തും ക്ലാസിക്കൽ നൃത്തവേദികളിലും തൻ്റേതായ കൈയൊപ്പ് ചാർത്തിയ ഈ കലാകാരിയുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണ്.

 തൻ്റെ ഉജ്ജ്വലമായ അഭിനയ ചാതുരി കൊണ്ടും നൃത്ത വൈദഗ്ധ്യം കൊണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ച താരമാണ് സന്ധ്യ. 'പിഞ്ചാര', 'ദോ ആംഖേൻ ബരാ ഹാഥ്' എന്നീ ചിത്രങ്ങളിലെ അവരുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. സന്ധ്യ ശാന്താറാമിൻ്റെ വിയോ​ഗത്തിൽ മഹാരാഷ്ട്രയുടെ ഇൻഫർമേഷൻ ടെക്നോളജി, സാംസ്കാരിക വകുപ്പ് മന്ത്രി ആശിഷ് ഷെലാർ അനുശോചനം രേഖപ്പെടുത്തി. "ഭാവപൂർണ്ണമായ ശ്രദ്ധാഞ്ജലി! 'പിഞ്ചാര' എന്ന വിഖ്യാത ചിത്രത്തിലെ നായികയായ സന്ധ്യ ശാന്താറാം ജിയുടെ നിര്യാണ വാർത്ത അത്യന്തം ദുഃഖകരമാണ്. മറാത്തി, ഹിന്ദി ചലച്ചിത്ര ലോകത്ത്, തൻ്റെ സമാനതകളില്ലാത്ത അഭിനയശേഷി കൊണ്ടും ലാസ്യഭാവങ്ങൾ നിറഞ്ഞ നൃത്തപാടവം കൊണ്ടും അവർ പ്രേക്ഷക ഹൃദയങ്ങളിൽ ഒരസാധാരണ മുദ്ര പതിപ്പിച്ചു"

പ്രത്യേകിച്ച്, 'ജാനക് ജാനക് പായൽ ബാജെ', 'ദോ ആംഖേൻ ബരാ ഹാഥ്', 'പിഞ്ചാര' എന്നീ ചിത്രങ്ങളിലെ അവരുടെ അനശ്വരമായ പ്രകടനങ്ങൾ എന്നും പ്രേക്ഷക മനസ്സിൽ മായാതെ നിൽക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ... മന്ത്രി കുറിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക