Image

'ഞായറാഴ്ച വൈകീട്ട് ആറിനുള്ളിൽ അംഗീകരിക്കണം, അല്ലെങ്കിൽ കനത്ത ആക്രമണം' ; ഹമാസിന് ട്രംപിന്റെ കടുത്ത അന്ത്യശാസനം

രഞ്ജിനി രാമചന്ദ്രൻ Published on 03 October, 2025
 'ഞായറാഴ്ച വൈകീട്ട് ആറിനുള്ളിൽ അംഗീകരിക്കണം, അല്ലെങ്കിൽ കനത്ത ആക്രമണം' ; ഹമാസിന് ട്രംപിന്റെ കടുത്ത അന്ത്യശാസനം

ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതി അംഗീകരിക്കുന്നതിൽ ഹമാസിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകി. ഞായറാഴ്ച വൈകീട്ട് ആറ് മണിക്കുള്ളിൽ പദ്ധതി അംഗീകരിക്കണമെന്നാണ് ട്രംപിൻ്റെ ആവശ്യം. ഇത് ഹമാസിനുള്ള അവസാന അവസരമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. (Donald Trump Sets Sunday Evening Deadline For Gaza Deal)
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ച 20 ഇന നിർദേശങ്ങൾ അടങ്ങിയ സമാധാന കരാർ അംഗീകരിക്കാൻ ഹമാസിനുമേൽ ട്രംപ് കടുത്ത സമ്മർദം ചെലുത്തുകയാണ്. ഹമാസ് ഗാസ വിട്ടുപോകണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്.

ഹമാസ് പൂർണ്ണമായി പിൻവാങ്ങാൻ തയ്യാറായില്ലെങ്കിൽ, "ഇതുവരെ ലോകം കാണാത്ത ആക്രമണം" ഹമാസിന് നേരെ നടത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. "ഹമാസിൻ്റെ 25,000 അംഗങ്ങളെയെങ്കിലും വധിച്ചിട്ടുണ്ട്, ബാക്കിയുള്ളവർ എവിടെയാണെന്ന് തങ്ങൾക്ക് കൃത്യമായി അറിയാം," എന്നും ട്രംപ് അവകാശപ്പെട്ടു. ഹമാസ് കരാർ അംഗീകരിക്കാൻ തയ്യാറാകാത്ത പക്ഷം, നിരപരാധികളായ പലസ്തീനികൾ ഗാസയുടെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും കനത്ത ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വർഷങ്ങളായി ഹമാസ് മിഡിൽ ഈസ്റ്റിന് ഒരു ക്രൂരമായ സുരക്ഷാഭീഷണിയാണ് എന്ന് ട്രംപ് കുറ്റപ്പെടുത്തി. "മനുഷ്യരെ അവർ കൊന്നൊടുക്കുകയും നിരവധി ജീവിതങ്ങളെ അസഹനീയമാം വിധത്തിൽ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന കൂട്ടക്കൊലയിൽ നിരവധി കുഞ്ഞുങ്ങൾ, സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർ മരിച്ചുവീണു. ഇത് അമേരിക്ക ഹമാസിന് നൽകുന്ന അവസാന മുന്നറിയിപ്പാണ്," ട്രംപ് കൂട്ടിച്ചേർത്തു.

 

 

English summary:

Must be accepted by Sunday evening 6 o’clock, or face a heavy attack'; Trump’s stern ultimatum to Hamas.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക