Image

മുതിർന്ന പത്ര പ്രവർത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

Published on 03 October, 2025
മുതിർന്ന പത്ര പ്രവർത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

 

ബംഗളൂരു: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു . വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.

പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ഇദ്ദേഹം  പ്രഗല്ഭനായ കോളമിസ്റ്റാണ്‌. പത്രാധിപർ, പംക്തി എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നതിനു പുറമെ ദീർഘകാലമായി ചൈനാ നിരീക്ഷകനുമായിരുന്നു.

മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാച്ചിയമ്മ ജേക്കബിന്റെയും മകനായി പത്തനംതിട്ട തുമ്പമണ്ണിൽ 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം.  എട്ടു മക്കളിൽ നാലാമനായിരുന്നു.  തുമ്പമൺ ആണ്  സ്വദേശമെങ്കിലും ജീവിതത്തിന്റെ വലിയൊരു ഭാഗവും  ഭാര്യ അമ്മു ജോർജിനൊപ്പം   ബെംഗളൂരുവിലും കോയമ്പത്തൂരിലുമാണ്  അദ്ദേഹം ചെലവഴിച്ചത് .

മക്കൾ  ഷേബ തയ്യിൽ,  ജീത് തയ്യിൽ. പ്രശസ്ത അമേരിക്കൻ ടി വി ജേണലിസ്റ്റ്  രാജ് മത്തായി  ഇദ്ദേഹത്തിന്റെ സഹോദരീപുത്രനാണ്.

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോംങ്കോങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.

സമകാലിക മലയാളം ഉള്‍പ്പെടുന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഉപദേശക പദവി വഹിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ 25 വര്‍ഷത്തോളം ചെയ്ത പോയിന്റ് ഓഫ് വ്യൂ എന്ന കോളം ഏറെ ശ്രദ്ധേയമായിരുന്നു. 2022ല്‍ 94ാം വയസിലാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം വിടപറയുന്നത്. 57 വര്‍ഷത്തെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിനായിരുന്നു അന്ന് വിരാമമായത്.


സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്്. പട്‌നയില്‍ സെര്‍ച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ കേസ് വാദിക്കാന്‍ അന്ന് പട്‌നയിലെത്തിയത്

ടിജെഎസ് ജോര്‍ജിന്റെ ‘ഘോഷയാത്ര’ എന്ന ആത്മകഥ ഏറെ പ്രസിദ്ധമാണ്.
 

വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയ മഹാന്‍മാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ഘോഷയാത്രയും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

മോഹൻലാൽ, നസീറുദ്ദീൻ ഷാ എന്നിവർ അഭിനയിച്ച 'കൃഷ്ണ' എന്ന ചിത്രത്തിനുള്ള തിരക്കഥ ശശി തരൂരുമായി ചേർന്ന് എഴുതിയിട്ടുണ്ട്.


സ്വദേശാഭിമാനി പുരസ്കാരം, ബഷീർ പുരസ്കാരം, രാജ്യോത്സവ പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവർത്തക പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്രിക അക്കാദമി പുരസ്കാരം, പത്മഭൂഷൺ പുരസ്കാരം, ‘ഗൾഫ് മാധ്യമം’ ഏർപ്പെടുത്തിയ കമലാ സുറയ്യ പുരസ്കാരം എന്നീ പുരസ്കാരങ്ങളും ലഭിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക