
ഒട്ടാവ: തിയേറ്ററിനുള്ളിലും പുറത്തുമായി ആഘോഷങ്ങൾ അതിരുവിടുന്നത് പതിവായതോടെ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ച് കാനഡയിലെ തിയേറ്ററുകൾ. തിയേറ്ററിന് പുറത്ത് തീയിടുക, പടക്കം പൊട്ടിക്കുക ഉൾപ്പെടെയുള്ള അപകടകരമായ പ്രവർത്തികൾ തുടരുന്ന സാഹചര്യത്തിലണ് നടപടി. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ഒരു സിനിമാ തിയേറ്റർ കഴിഞ്ഞയാഴ്ച രണ്ടുതവണയാണ് അതിരുവിട്ട ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഇതോടെ നിരവധി ഇന്ത്യൻ സിനിമകളുടെ പ്രദർശനങ്ങൾ പിൻവലിച്ചു.
ഋഷഭ് ഷെട്ടി നായകനായി എത്തിയ കാന്താര എ ലെജൻഡ് ചാപ്റ്റർ 1, പവൻ കല്യാണിന്റെ ഒജി എന്നിവയുടെ പ്രദർശനങ്ങൾ തിയേറ്ററിൽ നിന്ന് പിൻവലിച്ചതായി ഓക്ക്‌വില്ലിലെ ഫിലിം സിഎ സിനിമാസ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിയേറ്ററിൽ രണ്ട് അക്രമങ്ങൾ നടന്നു. ജീവനക്കാരുടെയും പ്രേക്ഷകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം. ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിച്ചതാണ് അക്രമങ്ങൾക്ക് കാരണമെന്ന് തിയേറ്റർ അധികൃതർ കരുതുന്നു. തിയേറ്ററിന്റെ വെബ്‌സൈറ്റിലെ പട്ടികയിൽ ദക്ഷിണേഷ്യൻ സിനിമകളുടെ പേരുകൾ നൽകിയിട്ടില്ല.