
മലയാളത്തിന്റെ പ്രിയ കവി വയലാർ രാമ വർമ്മയുടെ അൻപതാമത് ചരമ വാർഷികം പ്രമാണിച് അദ്ദേഹം രചിച്ച അനശ്വര ഗാനങ്ങളുടെ അവതരണം ന്യൂജേഴ്‌സിയിൽ അരങ്ങേറുന്നു . സാഹിത്യവും, സംഗീതവും ,ആശയ ഗാംഭീര്യവും എല്ലാം ഒരുപോലെ സമ്മേളിച്ച വയലാറിന്റെ സിനിമ ഗാനങ്ങൾ എക്കാലത്തും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് .
കരുണ ചാരിറ്റിസിന്റെ മുപ്പത്തിരണ്ടാമതു വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഈ വരുന്ന ഒക്ടോബര് നാല് ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ആണ് എഡിസണിലെ പാർലർ ബാങ്ക്വറ്റ് ഹാളിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത് .
ഒരു കാലഘട്ടത്തിലെ യുവതയുടെ പ്രണയവും ,വിരഹവും , ആശയും , നിരാശയും ,ജീവിത ദർശനങ്ങളും എല്ലാം കോറിയിട്ട വയലാർ ഗാനങ്ങൾ ആസ്വദിക്കാൻ സംഗീതത്തെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം എത്തുമെന്ന് സംഗീത നിശയുടെ സംഘാടകയായ ഷീല ശ്രീകുമാർ വ്യ്കതമാക്കി .
മലയാള സിനിമ സംഗീതത്തിന്റെ സുവര്ണ്ണ കാലഘട്ടത്തിലൂടെ ഉള്ള ഒരു യാത്രയായിരിക്കും ഈ സംഗീത വിരുന്ന് എന്നും അവർ കൂട്ടിച്ചേർത്തു .
വയലാറിന്റെ മകനും പ്രശസ്ത ഗാന രചയിതാവും ആയ ശ്രീ വയലാർ ശരത്ചന്ദ്ര വർമ്മയാണ് ഈ പ്രോഗ്രാം ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്നത് . ലൈവ് ഓർക്കസ്ട്രയോടൊപ്പം അമേരിക്കയിലെ പ്രമുഖ ഗായകരായ അനിത കൃഷ്ണ , ശബരിനാഥ് , സിജി ആനന്ദ് , അശ്വതി ,ടോം എന്നിവർ വേദിയിൽ ഗാനങ്ങളുമായി അണിനിരക്കുന്നു . റോബർട്ട് , റോണി കുരിയൻ , വിനോയ് ജോൺ എന്നിവർ പിന്നണി ഒരുക്കുന്നു .
ചടങ്ങിൽ വയലാർ പുരസ്‌കാരം നേടിയ പ്രശസ്ത സിനിമ സംവിധായകൻ സോഹൻ ലാൽ വിശിഷ്ട അതിഥി ആയി എത്തുമെന്നും സംഘാടകർ അറിയിച്ചു . സംഗീത സാന്ദ്രമായ ഒരു സായാഹ്നവും ഡിന്നറും ആസ്വദിക്കാൻ ഏവരെയും കരുണ ചാരിറ്റസ് ഒക്ടോബര് നാലിന് വൈകുന്നേരം ആറുമണിക്ക് ന്യൂജേഴ്‌സിയിലേക്ക് ക്ഷണിക്കുന്നു . പരിപാടിയിൽ നിന്നുള്ള വരുമാനം മുഴുവനും ചാരിറ്റി പ്രവർത്തങ്ങൾക്കായി ആണ് ഉപയോഗിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു