
ഇറക്കുമതി തീരുവയിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നു $2,000 വീതം അമേരിക്കൻ പൗരന്മാർക്കു നൽകുന്ന കാര്യം പരിഗണനയിൽ തന്നെ ഉണ്ടെന്നു പ്രസിഡന്റ് ട്രംപ്. ഏപ്രിലിൽ തീരുവകൾ ചുമത്തിയതിനു ശേഷം ലഭിച്ച ബില്യണുകൾ ജനങ്ങളുമായി പങ്കിടുക എന്നതാണ് ആശയം.
ആഗോള താരിഫുകൾ അടിച്ചേൽപ്പിച്ച പ്രസിഡന്റിനു അതിനുള്ള അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീം കോടതി അടുത്ത മാസം തീരുമാനിക്കാനിരിക്കെയാണ് ട്രംപ് വൺ അമേരിക്ക ന്യൂസിൽ പഴയ വാഗ്‌ദാനം ആവർത്തിച്ചത്. "വർഷം തോറും ഒരു ട്രില്ല്യണിൽ അധികം വരും. ഒന്നാമത്, നമ്മൾ കടം വീട്ടും. വായ്‌പകൾ അതിരു വിട്ടു പോയിട്ടുണ്ട്. പക്ഷെ താരിഫ് പിരിഞ്ഞു കിട്ടുമ്പോൾ $37 ട്രില്യൺ കടം വലിയ കാര്യമല്ല.
"കടം വീട്ടുന്നതിനു പുറമെ നമ്മൾ ജനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യും. ജനങ്ങൾക്കുള്ള ഡിവിഡന്റ് ആണത്. $1,000 മുതൽ $2,000 വരെയാണ് ഞങ്ങൾ ആലോചിക്കുന്നത്. അത് ഗംഭീരമാവും."
ഫെഡറൽ വരുമാനത്തിൽ നിന്ന് അങ്ങിനെ പണം കൊടുക്കാൻ കോൺഗ്രസിന്റെ അനുമതി വേണം.
ഫോക്‌സ് ബിസിനസ് പറയുന്നത് താരിഫുകളിൽ നിന്ന് $214.9 ബില്യൺ പിരിഞ്ഞിട്ടുണ്ട് എന്നാണ്. ട്രഷറി വകുപ്പിന്റെ ഡാറ്റ അവർ ഉദ്ധരിക്കുന്നു.
ട്രംപ് തീരുവ ചുമത്തുന്നത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നു കീഴ്കോടതികൾ പറഞ്ഞിരുന്നു. അന്തിമ തീരുമാനം സുപ്രീം കോടതിയാണ് എടുക്കേണ്ടത്. നവംബറിൽ വാദം കേൾക്കും.
Trump says will pay $2,000 dividend to people from tariff revenue