
മിഫെപ്രിസ്റ്റോൺ സുരക്ഷ വിലയിരുത്തുകയാണ് എന്നു ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി വെളിപ്പെടുത്തിയതിനു പിന്നാലെ എഫ് ഡി എ മറ്റൊരു അബോർഷൻ ഗുളികയ്ക്കു അനുമതി നൽകി. എവിറ്റ സൊല്യൂഷൻസ് നിർമിക്കുന്ന ജനറിക് മിഫെപ്രിസ്റ്റോൺ ആണ് അംഗീകരിക്കപ്പെട്ടത്. 10 ആഴ്ച്ച കൊണ്ട് അബോർഷൻ സാധ്യമാക്കുന്ന ഗുളികയുടെ വില കുറഞ്ഞ പതിപ്പാണ് ഇത്.
മിഫെപ്രിസ്റ്റോൺ നിരോധിക്കും എന്നു പ്രതീക്ഷിച്ച യാഥാസ്ഥിതിക സമൂഹം ഇതൊരു വലിയ വഞ്ചനയാണെന്നു ആക്ഷേപിച്ചു.
അംഗീകാരം നൽകാൻ എഫ് ഡി എയ്ക്കു നിയമ ബാധ്യത ഉണ്ടെന്നു കെന്നഡി പറഞ്ഞു.
മിഫെപ്രിസ്റ്റോൺ സുരക്ഷ വിലയിരുത്തേണ്ടത് അനിവാര്യമാണെന്ന് കെന്നഡി നേരത്തെ കോൺഗ്രസ് അംഗങ്ങളോട് പറഞ്ഞിരുന്നു. കാരണം 11% സ്ത്രീകളിൽ അതുപയോഗിക്കുമ്പോൾ ഗൗരവമായ പ്രശ്നങ്ങൾ കണ്ടു. "ഞെട്ടിക്കുന്ന കണ്ടെത്തലാണത്," അദ്ദേഹം പറഞ്ഞു.
പുതിയ അംഗീകാരം വരുന്നത് സുരക്ഷാ പരിശോധന ആരംഭിച്ചെന്നു കെന്നഡി പ്രഖ്യാപിച്ചു 11 ദിവസങ്ങൾക്കു ശേഷമാണ്.
ഇപ്പോൾ നൽകിയ അംഗീകാരം ഞെട്ടിക്കുന്നുവെന്നു സെനറ്റർ ജോഷ് ഹോളി (റിപ്പബ്ലിക്കൻ-മിസൂറി) പറഞ്ഞു. "അടിമുടി പരിശോധന നടത്തും എന്നു പറഞ്ഞതിനു പിന്നാലെ എഫ് ഡി എ അംഗീകാരം നൽകിയിരിക്കുന്നു."
കെന്നഡി രാജിവയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് ആവശ്യപ്പെട്ടു. "ട്രംപിന്റെ വിജയത്തിനു സഹായിച്ച പ്രൊ - ലൈഫ് പ്രസ്ഥാനത്തെ വഞ്ചിക്കുന്ന നടപടിയാണിത്."
FDA approves another abortion pill