Image

ആക്ഷന്റെ 'കരം' പിടിച്ച് - 'കരം' -റിവ്യൂ

Published on 01 October, 2025
 ആക്ഷന്റെ 'കരം' പിടിച്ച് - 'കരം' -റിവ്യൂ

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം അനുജന്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ എടുത്ത 'തിര' എന്ന ചിത്രം ഇപ്പോഴും മനസില്‍ അലയടിക്കുന്നുണ്ട്. വിനീതിനെ പോലെ ഒരു സംവിധായകനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ജോണറിലുള്ള ഒരു ചിത്രം. പക്ഷേ അന്നു പടം കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ചു. പടത്തിന്റെ മികവിന്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ത്രില്ലിങ്ങ് ആയി കൊണ്ടു പോയതിന്.

തിര പോയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ 'കരം' എന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്‍ വീണ്ടും തിയേറ്ററില്‍ എത്തിയിരിക്കുന്നു. എന്താണ് ചിത്രത്തിന്റെ പുതുമകള്‍. ചിത്രത്തിന്റെ ട്രയിലറില്‍ കാണുന്നതു പോലെ തന്നെ ആക്ഷന്‍ സിനിമയാണ് 'കരം.' ജോര്‍ജ്ജിയ, അസര്‍ബൈജാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ മനോഹരമായ പശ്ചാത്തലത്തിലൊരുക്കിയ കണ്ടിരിക്കാന്‍ രസമുള്ള ചിത്രമെന്ന് ഒറ്റ വാചകത്തില്‍ പറയാം. പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന ശക്തമായ ഒരു പ്രമേയത്തിന്റെ അഭാവം പലയിടത്തും അനുഭവപ്പെടുന്നുണ്ടങ്കിലും മേക്കിങ്ങിന്റെ മികവ് കൊണ്ട് അത് മറികടക്കാന്‍ കഴിയുന്നുണ്ട്.

'ഹെലന്‍' അടക്കം നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ നിര്‍മ്മാതാവ് നോബിള്‍ ബാബു തോമസ് ആമ് ചിത്രത്തില്‍ നായകന്‍. തീര്‍ത്തും ബോളിവുഡ് ലുക്കുള്ള നായകന്‍ എന്ന് തീര്‍ത്തും പറയാം. 'കര'ത്തിന്റെ കഥ അദ്ദേഹത്തിന്റേതാണ്. ദേവ് മഹേന്ദ്രന്‍ എന്ന സൈനിക ഉദ്യോഗസ്ഥന്‍ കോര്‍ട്ട് മാര്‍ഷല്‍ നേരിട്ട് വീട്ടിലേക് തിരികെ എത്തുന്നതു മുതലാണ് കഥ ആരംഭിക്കുന്നത്. കുട്ടിക്കാലം മുതല്‍ അയാള്‍ അച്ഛനുമായി അത്ര അടുപ്പത്തിലല്ല. ദേവും അച്ഛനും അങ്ങനെയാണ് കഴിഞ്ഞിരുന്നത്. ദേവ് മഹേന്ദ്രനും ഭാര്യ താരയും മകനും ലെനാര്‍ക്കോയിലേക്ക് നടത്തുന്ന വിദേശയാത്രക്കിടയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രതിസന്ധികളും അതിനെ അവര്‍ അതിജീവിക്കുന്നതുമാണ് ചിത്രം പറയുന്നത്.

ആദ്യ സീന്‍ മുതല്‍ ആക്ഷനിലേക്കാണ് ചിത്രം ലാന്‍ഡ് ചെയ്യുന്നത്. അതിനുള്ള പശ്ചാത്തല കാര്യങ്ങളെല്ലാം ഒരുക്കി വച്ചിട്ടുമുണ്ട്. നായകനായി എത്തിയ നോബിള്‍ ബാബു തോമസ് മികച്ച രീതിയില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രേക്ഷരെ അമ്പരപ്പിച്ചു കളഞ്ഞത് വില്ലനായി എത്തിയ ഇവാന്‍ വുക്ക്മാന നോവിച്ച് ആണ്. കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍. അധികം ബഹളം വയ്ക്കാതെ കടന്നു വരുന്ന വില്ലന്‍ പിന്നെ കാട്ടിത്തരുന്നത് വില്ലനിസത്തിന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ്. അതില്‍ നായകനായ നോബിള്‍ പോലും പലപ്പോഴും മങ്ങിപ്പോകുന്നുണ്ട്. ഫുട്‌ബോള്‍ മാറ്റി വച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയ ഇവാന്റെ പ്രകടനം മലയാള സിനിമയിലേക്ക് കരുത്തുറ്റ ഒരു നടന്റെ അപ്രഖ്യാപിത പ്രവേശന വിളംബരമായി കാണാം. അത്രയ്ക്ക് മിന്നും അഭിനയമാണ് ഈ താരം പുറത്തെടുത്തത്. വയലന്‍സൊക്കെ ഇത്ര വെറൈറ്റിയായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം കാട്ടിയ ഇന്റലിജന്‍സ് ഒന്നു വേറെ തന്നെ. ഇടവേളയ്ക്ക് ശേഷം ആക്ടീവാകുന്ന പടത്തില്‍ ശരിക്കും ഇവാന്റെ പൂണ്ടു വിളയാട്ടം തന്നെയെന്നു പറയാം. കഥയിലും അഭിനയത്തിലും നായകനും വില്ലനൊപ്പം കട്ടയ്ക്ക് നില്‍ക്കാതെ രക്ഷയില്ലെന്നു വരുത്തിയതിലാണ് ഇവാന്റെ റേഞ്ച്.

കാര്യം ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ പെട്ട ചിത്രമാണെങ്കിലും വളരെ നല്ല രീതിയില്‍ നര്‍മ്മം ചാലിച്ചു കൊണ്ടാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ബ്‌ളാക്ക് ഹ്യൂമറിന് ശ്രീനിവാസനെ കഴിഞ്ഞേ മലയാള സിനിമയില്‍ മറ്റാരുമുളളൂ. ആ കഴിവിന്റെ ഒരു തലോടല്‍ വിനീതിനും കിട്ടിയിട്ടുണ്ട് എന്നു പറയാം. എന്നിങ്ങനെ 'കര'ത്തില്‍ സ്പൂഫുകള്‍ക്ക് പുറമേ, ഡോളോ ഗുളികയെ വരെ ട്രോളി വിടുന്നുണ്ട് കക്ഷി. ഇന്‍ഡ്യക്കാരുടെ അമിത വൈകാരികതയെ കളിയാക്കുന്ന ഡയലോഗുകളും ഏറെയുണ്ട്. അച്ഛന്റെ ഭാര്യ, അച്ഛന്റെ കാമുകി, മകന്റെ ഭാര്യ, മകന്റെ കാമുകി എന്നൊക്കെ പറഞ്ഞുകൊണ്ട് നര്‍മ്മം ലയിപ്പിച്ച ഡയലോഗുകളുമായാണ് വില്ലന്‍ വരുന്നത് വേറിട്ട അനുഭവമായി.

വിദേശത്തുള്ള മലയാളി ഗുണ്ടയായി എത്തിയ ബാബുരാജിന്റെ പ്രകടനം പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. കൃത്യമായ ടൈമിങ്ങ് ഉള്ള ഹ്യൂമറാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്. കൂടാതെ മനോജ് കെ ജയന്‍, ജോണി ആന്റണി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ആകെയുള്ള മൂഡിനനുസരിച്ച് എല്ലാ ഫ്രയിമുകളും സമ്പന്നമാക്കിയ ജോമോന്‍ ടി.ജോണിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ ടോട്ടാലിറ്റിക്ക് കൃത്യമായ അനുപാതത്തില്‍ നടത്തിയ രഞ്ജന്‍ പ്രമോദിന്റെ എഡിറ്റിങ്ങ്, ഷാന്‍ റഹ്‌മാന്റെ കിടിലന്‍ സംഗീതം എന്നിവ ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. രണ്ടു മണിക്കൂര്‍ എട്ടുമിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അതിനനുസരിച്ച് കഥയുടെ കാമ്പ് ചിത്രത്തില്‍ കാണാനുണ്ടോ എന്നു ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. കാരണം പ്രേക്ഷകന്റെ മനസ്സില്‍ ഇപ്പോഴും 'തിര' അടങ്ങിയിട്ടില്ല.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക