Image

ഹാർമ്മണിയുടെ സൗന്ദര്യം മലയാള സിനിമാ സംഗീതത്തിൽ ചേർത്തുവച്ച ജീനിയസ് ; ആർ . കെ.ശേഖർ. : വിനോദ് കട്ടച്ചിറ

Published on 01 October, 2025
ഹാർമ്മണിയുടെ സൗന്ദര്യം മലയാള സിനിമാ സംഗീതത്തിൽ ചേർത്തുവച്ച ജീനിയസ് ; ആർ . കെ.ശേഖർ. : വിനോദ് കട്ടച്ചിറ

മലയാള സിനിമാ ഗാനങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലെ
ആയിരക്കണക്കിനു പാട്ടുകൾ മനസ്സിൽ സൂക്ഷിക്കുന്ന
ഓരോ മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്തൊരു
സംഗീതസം വിധായകനുണ്ട്.
കീബോർഡ്, കമ്പോസർ തുടങ്ങിയ അനേകം പുതു സംഗീതോപകരണങ്ങൾ
ആദ്യമായി ഇന്ത്യയിലേക്കു കൊണ്ടു വന്നൊരു സംഗീതപ്രേമി.
ഈണമിട്ട പാട്ടുകളെല്ലാം ഹിറ്റാക്കിയിട്ടും
അവസരങ്ങൾ കുറഞ്ഞു പോയൊരു ഭാഗ്യദോഷി.
ഹാർമ്മണിയുടെ സൗന്ദര്യം മലയാള സിനിമാ സംഗീതത്തിൽ
ചേർത്തുവച്ച ജീനിയസ്.
ആർ.കെ.ശേഖർ.

മലയാളസിനിമാ സംഗീതത്തിന്റെ ശൈശവ കാലത്ത്
അന്യഭാഷാ സംഗീതത്തിന്റെ ചുവടു പിടിച്ച്
പാട്ടുകൾചെയ്തിരുന്ന കാലത്താണ് ആർ.കെ.ശേഖർ
പാട്ടുകൾക്ക് മനോഹരമായ പശ്ചാത്തലസംഗീതം
ചേർത്തു വച്ചു കൊടുത്തത്.
ഉദയായുടെ "ഭാര്യ"യെന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ
അദ്ദേഹത്തിലെ മാന്ത്രികത മലയാള ലോകം തിരിച്ചറിഞ്ഞു.
പാട്ടുകൾക്ക് വശ്യമാർന്നൊരു പൂർണ്ണതയാണ് അദ്ദേഹം പകർന്നുനൽകിയത്.
"പെരിയാറെ പെരിയാറെ
പർവ്വത നിരയുടെ പനിനീരെ...."
"പഞ്ചാരപ്പാലു മിട്ടായി....."
"കാണാൻ നല്ലകിനാവുകൾകൊണ്ടൊരു....",
"മനസ്സമ്മതം തന്നാട്ടെ...."
തുടങ്ങിയ ഗാനങ്ങളിലൂടെ അദ്ദേഹം കൊളുത്തിവച്ച ഹാർമ്മണി സംഗീതത്തിന്റെ നെയ്ത്തിരിയാണ് ഇന്നും കെടാതെ ജ്വലിച്ചു നിൽക്കുന്നത്.
15 വർഷത്തോളം നമ്മൾ കേട്ട ഗാനങ്ങളിലെല്ലാം
അദ്ദേഹത്തിന്റെ കൈയൊപ്പും പതിഞ്ഞിരുന്നു.
അന്നാരുമത് അറിയാതെ പോയി.
മലയാള സിനിമാ ലോകമാകട്ടെ
അദ്ദേഹത്തെ വേണ്ടവിധം ശ്രദ്ധിച്ചതുമില്ല,
ആദരിക്കാനും മറന്നുപോയി.
പക്ഷേ,
അങ്ങനെയൊരാദരവ് അദ്ദേഹമാഗ്രഹിച്ചിരുന്നുമില്ല.
മലയാള സിനിമയുടെ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞു നോക്കുന്നവർക്ക്
ആർ.കെ.ശേഖറെന്ന സംഗീത.സംവിധായകന്റെ പേര് സുവർണ്ണ ലിപിയിലേ കാണാൻ കഴിയൂ.

അത്രമേൽ പ്രമുഖനായിരുന്നിട്ടും പിൽക്കാലത്ത് അദ്ദേഹം അറിയപ്പെട്ടത്
ലോകം കീഴടക്കിയ സംഗീതേതിഹാസം എ.ആർ.റഹ്‌മാന്റെ പിതാവ്
എന്ന ലേബലിലായിരുന്നു. പട്ടിണിയും ദാരിദ്ര്യവും വകവയ്ക്കാതെ
മദ്രാസിലെ തെരുവുകൾ തോറുമലഞ്ഞ് സ്വയം സംഗീതം പഠിച്ച്
അക്കാലത്തെ സംഗീത സംവിധായകരായ
ദക്ഷിണാ മൂർത്തി സ്വാമിയുടെയും,
എം.എസ്.വിശ്വനാഥന്റെയും,
രാമമൂർത്തിയുടെയുമൊക്കെ പ്രീതി നേടിയെടുത്തശേഷമാണ്
ആർ.കെ.ശേഖർ സിനിമാ സംഗീതത്തിലേക്ക്
ചുവടുവച്ചത്.

1961ൽ"ജ്ഞാനസുന്ദരി"യിലൂടെ ദക്ഷിണാ മൂർത്തി സ്വാമിയുടെ
അസിസ്റ്റന്റായി. കോടമ്പാക്കത്തെ ഒട്ടുമിക്ക സിനിമാസ്റ്റുഡിയോകളിലും
നിത്യ സന്ദർശകനായിരുന്നു ആർ.കെ.ശേഖർ.
പക്ഷേ, അദ്ദേഹത്തെയൊരു
സ്വതന്ത്ര സംഗീത സംവിധായകനാക്കിയത് കുഞ്ചാക്കോയായിരുന്നു.
“പഴശ്ശിരാജ” എന്ന ചിത്രത്തിലൂടെ.
"ചൊട്ട മുതൽ ചുടല വരെ
ചുമടുംതാങ്ങി
ദുഃഖത്തിൻ കണ്ണീർ പന്തലിൽ
നിൽക്കുന്നവരെ...."
എന്ന ആദ്യഗാനം തന്നെ സൂപ്പർ ഹിറ്റായപ്പോൾഗാനം പാടിയ ദാസേട്ടനുമതൊരു മേൽ വിലാസമായി.

ശരിയ്ക്കുംപറഞ്ഞാൽ
മലയാളസിനിമാ സംഗീതത്തെയെന്നല്ല ഇന്ത്യൻ സിനിമയെത്തന്നെ,
ഇലക്ട്രോണിക് യുഗത്തിലേക്ക് നയിച്ചതും,
ഏഷ്യാ ഭൂഖണ്ഡത്തിലാദ്യമായൊരു
മ്യൂസിക് സിന്തസൈസർ വാങ്ങിയതും
(1972ൽ)
ആർ.കെ.ശേഖറായിരുന്നു.
തീർന്നില്ല, 1973 ൽ റോളണ്ട് കമ്പനി ജപ്പാനിൽനിന്നും ആദ്യത്തെ എക്കോമെഷീൻ (RE100 SpaceEcho) ഇറക്കിയതറിഞ്ഞപ്പോൾത്തന്നെ അദ്ദേഹം സിംഗപ്പൂരിൽപോയി
പൊന്നുംവിലകൊടുത്തതുവാങ്ങി.അന്നൊക്കെ കൂട്ടിനുണ്ടായിരുന്നത്
ഗായകൻ ഇടവാ ബഷീറായിരുന്നു.
അച്ചാണിയിലെ
"എന്റെസ്വപ്നത്തിൻ താമരപ്പൊയ്കയിൽ....."
എന്നഗാനത്തിലൂടെ
ആർ.കെ.ശേഖറാണ് മലയാളത്തിലാദ്യമായി
എക്കോ മെഷീൻ ഉപയോഗിച്ചത്.
ഇതിനെ പിന്തുടർന്ന
ഉത്തരേന്ത്യൻ സംഗീത സംവിധായകരായ
ആർ.ഡി.ബർമ്മൻ ബപ്പിലഹിരി
തുടങ്ങിയവർ എക്കോ മെഷീനിലൂടെ ഗാനങ്ങൾ പടച്ചുവിട്ടപ്പോൾ
ലോകം മുഴുവൻ അവർക്കു പിന്നിലായി.
അതിനു തുടക്കമിട്ട ആർ.കെ.ശേഖറാകട്ടെ
മലയാളത്തിൽ മാത്രമൊതുങ്ങിപ്പോയി.

"മനസ്സുമനസ്സിന്റെ കാതിൽ
രഹസ്യങ്ങൾ......"
(ചോറ്റാനിക്കരഅമ്മ)
"ഉഷസ്സോ സന്ധ്യയോ സുന്ദരി....."
(സുമംഗലി)
"ഉടുക്കു കൊട്ടിപ്പാടും കാറ്റേ
ഉത്സവമിന്നെവിടെ......"
(കണ്ടവരുണ്ടോ)
"അച്ചൻ കോവിലാറ്റിലെ
കൊച്ചോളങ്ങളെ...."
(അനാഥ ശില്പങ്ങൾ)
"സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു....."
(അനാഥ ശില്പങ്ങൾ)
"ആഷാഢ മാസം ആത്മാവിൽ മോഹം...."
(യുദ്ധഭൂമി)
"രാഗങ്ങൾ ഭാവങ്ങൾ
മോഹമുണർത്തും......"
(കുട്ടിച്ചാത്തൻ)
"താമരപ്പൂ നാണിച്ചു
നിന്റെ തങ്കവിഗ്രഹം വിജയിച്ചു....."
(ടാക്സിക്കാർ)
"ജന്മബന്ധങ്ങൾ
വെറും ജലരേഖകൾ....."
(വെളിച്ചംഅകലെ)
"ചിറകറ്റു വീണൊരു
കൊച്ചു തുമ്പി......"
(പഴശ്ശിരാജ)
"നീലക്കരിമ്പിന്റെ നാട്ടിൽ....."
(സുമംഗലി)
"വെള്ളിത്തേൻകിണ്ണംപോൽ....."
(പെൺപട)
അങ്ങനെ എത്രയെത്ര ഹിറ്റുകൾ
അദ്ദേഹമൊരുക്കിത്തന്നു.

തലമുറകളായി മലയാളികൾ
ഹൃദയത്തിൽ സൂക്ഷിക്കുന്ന,
ഗൃഹാതുരതയോടെയോർമ്മിക്കുന്ന മിക്ക ഗാനങ്ങളുടെയും ഓർക്കസ്ട്രേഷൻ ആർ.കെ.ശേഖറിന്റേതായിരുന്നു.
പക്ഷേ,  അതിന്റെയൊക്കെ ക്രെഡിറ്റ് കിട്ടിയത്
അക്കാലത്തെ സംഗീത സംവിധായകർക്ക്.
ദേവരാജൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ , അർജ്ജുനൻ മാസ്റ്റർ,
ദക്ഷിണാ മൂർത്തിസ്വാമികൾ, എ.ടി.ഉമ്മർ
തുടങ്ങിയവരുടെ ഓരോ ഹിറ്റുകൾക്കു പിന്നിലും
ആർ.കെ.ശേഖറിന്റെ ശ്വാസമുണ്ടായിരുന്നു.

പ്രിയപ്പെട്ട ആർ.കെ.ശേഖർജി,
അങ്ങ് വലിയൊരു ചരിത്രമായിരുന്നു.
ഓരോ മലയാളിയും മനസ്സിൽ ചില്ലിട്ടു സൂക്ഷിക്കേണ്ടൊരു ചരിത്രം.
ജീവിച്ചിരുന്നപ്പോൾ അങ്ങയെ ഞങ്ങളറിയാതെ പോയി.
ശരിയ്ക്കുമൊരു പാവമായിപ്പോയി നിങ്ങൾ.
സംഗീത സംവിധായകനായി പേരെടുത്തിട്ടും
വീണ്ടും ഓർക്കസ്ട്രേഷനിലേക്ക് തിരികെ പോയി.
ധനസമ്പാദ്യങ്ങളൊന്നുമില്ലാതെ പോയി.
അസുഖബാധിതനായി അവശനിലയിൽ കിടന്നപ്പോഴും
ആരുമുണ്ടായില്ലല്ലോ ഒന്നു സഹായിക്കാൻ.
സിനിമാ ലോകവും കണ്ണടച്ചു പിടിച്ചു.
കുടുംബം പട്ടിണിയിലിരിക്കുമ്പോഴും കിട്ടിയ സമ്പാദ്യത്തിൽ
നിന്നൊരുപിടി മറ്റുള്ളവർക്ക്ദാനമായി കൊടുത്തിരുന്ന ആ വലിയമനസ്സ്.
മലയാള സിനിമാസംഗീതത്തിൽ വിപ്ലവകരമായൊരുമാറ്റം
കൊണ്ടു വന്നിട്ടും അതൊന്നും പുറംലോകമറിയാതെപോയി.
അണിയറക്കാർ അറിയിക്കേണ്ടെന്നു വച്ചതാവാം.
സംഗീതം നൽകിയ അവസാന ചിത്രം
" ചോറ്റാനിക്കര അമ്മ" തിയേറ്ററിലെത്തി ദിവസങ്ങൾക്കു ശേഷമാണ്
(1976 സെപ്റ്റംബർ 9 വ്യാഴാഴ്ച) അങ്ങ് യാത്രയായത്.
എന്നാൽ അങ്ങു മരിച്ച ദിവസമേതെന്ന കാര്യത്തിൽ പോലും സംഗീത രംഗത്തുള്ളവർക്കൊരു
വ്യക്തതയുമില്ലിന്നും. പലരും പല തീയതികളിലാണ് (സെപ്റ്റംബർ12,14,15,30)
അങ്ങയെ സ്മരിക്കുന്നത്. അങ്ങയുടെ വിയോഗ വാർത്ത ആഴ്ചകൾ കഴിഞ്ഞാണല്ലൊ
പത്ര മാദ്ധ്യമങ്ങൾ അറിഞ്ഞതു തന്നെ.
മരിച്ചിട്ടുംഅങ്ങയെ വെറുതെ വിട്ടില്ലല്ലോ നമ്മുടെ സമൂഹം.
എന്തെല്ലാം കിംവദന്തികൾ പറഞ്ഞു പരത്തി.

സംഗീതമായിരുന്നു അങ്ങേയ്ക്കെല്ലാം.
മകനിലേക്ക്അങ്ങത് പകർന്നുവല്ലോ.
ഓസ്കാർ പുരസ്ക്കാരം ലഭിച്ച മകൻ വേദിയിൽ
രണ്ടു വാക്കു പറഞ്ഞപ്പോൾ
അങ്ങയെപ്പറ്റി ഒന്നും പറയാതിരുന്നതും ഞങ്ങൾക്ക് കാണേണ്ടിവന്നുവല്ലോ.
അങ്ങ് തന്നെ ഈണമിട്ടൊരു പാട്ടുണ്ട്...
"പാതി വിരിഞ്ഞൊരു പാരിജാതം
പാഴ്മണ്ണിൽ വീണു..." അതങ്ങേയ്ക്ക്
അറംപറ്റിപ്പോയതാണോ..?
നന്മയ്ക്കും നീതിയ്ക്കും സത്യത്തിനുമൊക്കെ വിലയിടിഞ്ഞു പോയൊരു
കാലഘട്ടത്തിലായിപ്പോയി അങ്ങയുടെ കൊച്ചു ജീവിതം.
ആരൊക്കെ മറന്നാലും,സംഗീത ലോകം മറക്കാൻ ശ്രമിച്ചാലും
അങ്ങയെ സ്നേഹിക്കുന്ന അങ്ങയുടെ പാട്ടുകളിഷ്ടപ്പെടുന്ന
ഒരുപാടു പേരുണ്ടിപ്പോഴും മലയാളത്തിൽ.
തലമുറകൾ അങ്ങയുടെ ഗാനങ്ങൾ ഏറ്റുപാടിക്കൊണ്ടേയിരിക്കും.
അവരുടെ മനസ്സിലെന്നും അങ്ങയ്ക്കുള്ള സ്ഥാനം
അമൂല്യമായിരിക്കും. ഗുരുതുല്യമായിരിക്കും.
ആദരവ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക