Image

പാക് മന്ത്രി മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങാതെ ഇന്ത്യ; ഇത് അര്‍ഹിച്ച പ്രതിഷേധം(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 29 September, 2025
 പാക് മന്ത്രി മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങാതെ ഇന്ത്യ; ഇത് അര്‍ഹിച്ച പ്രതിഷേധം(എ.എസ് ശ്രീകുമാര്‍)

ഇന്നലെ ദുബായ് അന്താരാട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഏഷ്യാക്കപ്പ് ട്വന്റി-20 ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ, ശത്രുരാജ്യമായ പാകിസ്ഥാനെ തകര്‍ത്തത് മിന്നും പോരാട്ടത്തിലൂടെയായിരുന്നു. പക്ഷേ, നാടകീയത നിറഞ്ഞ സമ്മാനദാന ചടങ്ങില്‍ പാക് മന്ത്രി മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാതെ ജേതാക്കള്‍ മടങ്ങിയത് അവര്‍ക്കുള്ള ശക്തമായ മറുപടിയുമായി. സ്വപ്നതുല്യമായ ഈ വിജയത്തെ മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ''മൈതാനത്ത് ഓപ്പറേഷന്‍ സിന്ദൂര്‍. ഫലം ഒന്നുതന്നെ, ഇന്ത്യ വിജയിച്ചു..! നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...'' എന്നായിരുന്നു ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഏഷ്യാക്കപ്പ് ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍, അവസാന ഓവറില്‍ എതിരാളികളെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. ആവേശം നിറഞ്ഞു തുളുമ്പിയ ഗാലറിക്ക് ക്രിക്കറ്റ് പൂരത്തിന്റെ വെടിക്കെട്ടു സമ്മാനിച്ച ഫൈനല്‍ വെറുമൊരു കിരീട പോരാട്ടമായിരുന്നില്ല, വികാരം വാനോളം ഉയര്‍ന്ന  യുദ്ധം തന്നെയായിരുന്നു. ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളായി മാറിയ സാഹചര്യത്തില്‍ പരസ്പരം കൈകൊടുക്കാനോ സംസാരിക്കാനോ ക്യാപ്റ്റന്മാര്‍ തയാറായില്ല. കളിക്കാരും പരസ്പരം മിണ്ടിയില്ല. ഇന്ത്യയ്ക്ക് മാസ്മരിക വിജയം സമ്മാനിച്ച് കളി അവസാനിച്ചെങ്കിലും പരമ്പരാഗത വൈരത്തിന്റെ മൂര്‍ഛ ഒട്ടും കുറഞ്ഞതുമില്ല.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യന്‍ ടീം വിജയ കിരീടം സ്വീകരിക്കാന്‍ വിസമ്മതിച്ചു. നഖ്വി ട്രോഫി നല്‍കുമെന്ന് നിര്‍ബന്ധം പിടിച്ചതോടെ, സമ്മാന ദാനച്ചടങ്ങ് ഒരു മണിക്കൂറിലധികം വൈകി, ഒടുവില്‍ ട്രോഫി സമ്മാനിക്കാതെ തന്നെ എല്ലാം അവസാനിച്ചു. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ കളിക്കാര്‍ തയ്യാറായിരുന്നു. പക്ഷേ ഇന്ത്യന്‍ ടീമിന് മുന്നില്‍ മുട്ടുമടക്കാന്‍ നഖ്വി വിസമ്മതിച്ചു. മഞ്ഞുരുകുന്നതിനായി അവസാന നിമിഷം വരെ കാത്തെങ്കിലും ചടങ്ങ് നീണ്ടുപോയപ്പോള്‍ ഉദ്യോഗസ്ഥര്‍ ട്രോഫിയെടുത്ത് മാറ്റുകയായിരുന്നു. നഖ്വിയില്‍ നിന്ന് ഇന്ത്യന്‍ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ടൂര്‍ണമെന്റിനിടെ നിരവധി തവണയാണ് നഖ്വി പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനെ പരിഹസിച്ചും വിമാനങ്ങളെ വെടിവെച്ചിട്ടതിനെ അപഹസിച്ചും നഖ്വി പോസ്റ്റുകളിട്ടിരുന്നു. ഇതെല്ലാം നഖ്വിയുടെ കൈയില്‍ നിന്ന് ട്രോഫി സ്വീകരിക്കേണ്ടെന്ന ഇന്ത്യയുടെ തീരുമാനത്തിന് കാരണമായി. എന്തായാലും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റേയും മാനേജ്മെന്റിന്റേയും അഹങ്കാരരവും ധാര്‍ഷ്യവും ഒടിച്ചുമടക്കിക്കൊടുത്ത വിജയമാണ് ഇന്ത്യ നേടിയെടുത്തത്. പാകിസ്ഥാനെതിരേ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിച്ചു. ഹസ്തദാനത്തിന് പുറമെ പാക് ടീമുമായുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്കും ഇന്ത്യ തയ്യാറായില്ല.

ഏഷ്യന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി 1983-ല്‍ ഏഷ്യന്‍ ക്രിക്കറ്റ് സമിതിയാണ് രണ്ടു വര്‍ഷം കൂടുമ്പോഴുള്ള ഏഷ്യാകപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്. 1984-ല്‍ ഷാര്‍ജയില്‍ ടൂര്‍ണമെന്റ് തുടങ്ങി. എന്നാല്‍ ഈ ടൂര്‍ണമെന്റ് നടന്ന മൈതാനങ്ങളിലൊന്നും ഇന്ത്യ-പാക് സൗഹൃദം വളര്‍ന്നില്ലെന്ന് മാത്രമല്ല, വൈരാഗ്യം പതിന്‍മടങ്ങ് വര്‍ധിക്കുകയും ചെയ്തു. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായിട്ടുള്ള രാജ്യം ഇന്ത്യയാണ് - 8 തവണ. പാകിസ്താന്‍ രണ്ടുവട്ടം മാത്രം ജേതാക്കളായി.

''ഒരു ചാമ്പ്യന്‍ ടീം ട്രോഫി വാങ്ങാന്‍ വിസമ്മതിക്കുന്നത് ഇതാദ്യമായിരിക്കും. എന്റെ യഥാര്‍ത്ഥ ട്രോഫി എന്റെ ടീമാണ്, അവര്‍ എന്റെ കൂടെയുണ്ട്...'' മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞതിങ്ങനെ. പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കാണ് സൂര്യകുമാര്‍ വിജയം സമര്‍പ്പിച്ചത്. പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയതെന്നത് ആവേശം ഉയര്‍ത്തുന്ന കാര്യം തന്നെയാണ്. ട്രോഫി മാത്രമല്ല, വിജയികള്‍ക്കുള്ള മെഡല്‍ പോലും ഏറ്റുവാങ്ങാതെയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ചരിത്രത്തിലെ ആദ്യ സംഭവമാണിതെന്നതില്‍ സംശയമില്ല.  സാങ്കല്‍പ്പിക കിരീടം ഉയര്‍ത്തിയാണ് ഇന്ത്യ ഫോട്ടോക്ക് പോസ് ചെയ്തത്.

ഇന്ത്യ ഫൈനലില്‍ കിരീടം വാങ്ങാതെ വിജയം ആഘോഷിച്ചത് വൈറലായിരിക്കെ ഇന്ത്യ-പാക് ക്രിക്കറ്റിന് അസ്വാരസ്യങ്ങളുടെ ചരിത്രമുണ്ട്. 1990-91-ല്‍ ഏഷ്യാ കപ്പിന് ആതിഥ്യം വഹിച്ചത് ഇന്ത്യയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, ടീമിനെ അയയ്ക്കേണ്ടെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. അതോടെ മത്സരം, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ തമ്മിലായി. ഇന്ത്യ ഏഷ്യാകപ്പ് ജയിക്കുകയും ചെയ്തു. 1991-ലും പാകിസ്ഥാന്‍ ഇന്ത്യയിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പര്യടനം റദ്ദാക്കി. അതേവര്‍ഷം തന്നെ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ പാകിസ്ഥാന്‍ തയ്യാറായി. എന്നാല്‍ അന്ന് ശിവ സേന ഉയര്‍ത്തിവിട്ട പ്രതിഷേധം മൂലം മത്സരങ്ങള്‍ ഇന്ത്യ റദ്ദാക്കി.

1994-ലും ടെസ്റ്റ് പരമ്പരയില്‍നിന്ന് പാകിസ്ഥാന്‍ പിന്മാറി. 1999-ലെ കാര്‍ഗില്‍ യുദ്ധം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരാടുന്ന സഹാറ കപ്പിനെ ബാധിച്ചു. 2001-ലെ പാര്‍ലമെന്റ് ആക്രമണം സ്ഥിതി കൂടുതല്‍ വഷളാക്കി. ഇരു രാജ്യങ്ങളും വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് പുതിയ നയതന്ത്ര സമീപനത്തിന്റെ ഭാഗമായി 2004-ല്‍ ഇന്ത്യ ടീമിനെ പാക് പര്യടനത്തിന് അയച്ചു. ''ദില്‍ ജീത്ത് കെ ആനാ...'' (ഹൃദയങ്ങള്‍ ജയിച്ചു വാ) എന്ന സന്ദേശവുമായി സൗരവ് ഗാംഗുലിയും സംഘവും പാകിസ്ഥാനിലെത്തി.

പാക് മണ്ണില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കി ചരിത്രം കുറിച്ചു. വാജ്പേയിയുടെ ക്രിക്കറ്റ് നയതന്ത്രത്തിന്റെ വിജയഗാഥ മുഴങ്ങി. 2006-ലും ഇന്ത്യ പാകിസ്ഥാനിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര  പാകിസ്ഥാന്‍ സ്വന്തമാക്കി (1-0). അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 4-1-ന് ഇന്ത്യയും കരസ്ഥമാക്കി. ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം മെച്ചപ്പെട്ട് വരുമ്പോഴായിരുന്നു 174 പേരുടെ മരണത്തിന് കാരണമായ 2008-ലെ മുംബൈ ആക്രമണം. അതോടെ 2009-ല്‍ തീരുമാനിച്ചിരുന്ന പാക് പര്യടനത്തില്‍നിന്ന് ഇന്ത്യ പിന്മാറി.

വാജ്പേയിയുടെ പാത പിന്തുടര്‍ന്ന പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെ ശ്രമങ്ങളുടെ ഭാഗമായി 2012-ല്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തി. ടി-20 മത്സരം 1-1 സമനിലയില്‍ അവസാനിച്ചപ്പോള്‍, ഏകദിന പരമ്പര 3-1-ന് പാകിസ്ഥാന്‍ സ്വന്തമാക്കി. എന്നാല്‍ നരേന്ദ്ര മോദി 2014-ല്‍ അധികാരത്തിലെത്തിയ ശേഷം അത്തരം നയതന്ത്ര നീക്കങ്ങളൊന്നും നടന്നില്ല. തുടര്‍ന്ന ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം നിശ്ചലമായി. 2018-ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ഏഷ്യാ കപ്പ് യു.എ.ഇയിലേക്ക് മാറ്റി. 2023-ല്‍ പാകിസ്ഥാന്‍ ആതിഥ്യം വഹിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തപ്പെട്ടത് ശ്രീലങ്കയിലായിരുന്നു. ഇക്കുറി ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയിലാണ് നടന്നത്. ഈ കളി ഇനി ഇങ്ങനെ തന്നെ തുടരും.

 

Join WhatsApp News
M. Mathai 2025-09-29 14:45:42
സാധാരണക്കാരായ കുറെ ഇന്ത്യക്കാരുടെയും പാകിസ്ഥാനികളുടെയും പണം ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് വിഴുങ്ങി എന്നല്ലാതെ ഈ കളി കൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടൊ ? ഇന്ത്യൻ ടീമിനെ അയക്കുമ്പോൾ അറിയത്തില്ലായിരുന്നോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി ആയിരിക്കും ട്രോഫി നൽകുകയെന്ന്. സ്പോർട്സിനെ സ്പോർട്സ് ആയി കരുതേണ്ടതായിരുന്നു. ഇന്ത്യ ഇന്നുവരെ Davis Cup (ടെന്നീസ്) ജയിച്ചിട്ടില്ല . 1974 -ഇൽ വിജയ് അമൃതരാജ്‌ ടോപ്പ് ഫോമിൽ ആയിരുന്നപ്പോൾ അന്നത്തെ ഡേവിസ് കപ്പ് ഫൈനൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോടുള്ള വർണ്ണ വിവേചനം പ്രമാണിച്ചു ബോയ്‌കോട്ട് ചെയ്ത ചരിത്രം ലേഖകൻ മറന്നുപോയോ ? പാക്കിസ്ഥാൻ ഇന്ത്യയുടെ ശത്രു ആയ സ്ഥിതിക്കു് ഒരു സ്പോർട്സിലും പങ്കെടുക്കരുതായിരുന്നു. 1980 -ഇലെ റഷ്യൻ ഒളിമ്പിക്സ് അമേരിക്ക ഉൾപ്പെടെ 66 രാജ്യങ്ങളാണ് ബോയ്‌കോട്ട് ചെയ്തത്. അതിലും വലുതല്ലല്ലോ ഈ ക്രിക്കറ്റ്‌ മത്സരം?
A.S SREEKUMAR 2025-09-29 18:37:48
ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ മേല്‍വിലസമെന്താണെന്ന് ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്തുകൊണ്ട് ആ മല്‍സരത്തെ മാത്രം മുന്‍ നിര്‍ത്തിയാണ് ഇവിടെ പ്രദിപാദിച്ചത്. പാക് മന്ത്രി മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നതാണ്. മൊഹ്‌സിന്‍ നഖ്‌വി ടൂര്‍ണമെന്റിന്റെ പല ഘട്ടങ്ങളിലും ഇന്ത്യയ്ക്കും ഇന്ത്യന്‍ ടീമിനുമെതിരെ പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നോര്‍ക്കുക. ഏഷ്യാ കപ്പില്‍ മാത്രമല്ല, മറ്റ് മല്‍സരങ്ങളിലും ഇന്ത്യ പരമ്പരാഗത ശത്രുവായ പാകിസ്ഥാനെ തോല്‍പ്പിക്കുമ്പോള്‍ ദേശാഭിമാന ബോധമുള്ള ഇന്ത്യക്കാര്‍ സന്തോഷിക്കും. ഇപ്പോള്‍ ക്രിക്കറ്റ് അതിന് നിമിത്തമായെന്ന് മാത്രം. എ.എസ് ശ്രീകുമാര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക