
ബെല്ലടിച്ചതും ടീച്ചർ വന്നുകയറിയതും ക്ലാസ് തുടങ്ങിയതുമൊന്നും അറിയാതെ ബെഞ്ചിലിരുന്ന് "കാറ്റടിച്ചു കൊടുംകാറ്റടിച്ചു" എന്ന പാട്ടും മൂളി ഏതോ സ്വപ്നലോകത്തു പറന്നുനടന്നുകൊണ്ടിരുന്ന എൽ പി സ്കൂൾ കുട്ടിയെ ചെവിക്ക് പിടിച്ച് തിരുമ്മി എണീപ്പിച്ചുനിർത്തി കുഞ്ഞമ്മ ടീച്ചർ. എന്നിട്ട് ചോദിച്ചു: "എന്താ ടയറിൽ കാറ്റടിച്ചു കഴിഞ്ഞില്ലേ? ഇനി പഠിത്തം തുടങ്ങുവല്ലേ ?"
ജാള്യത്തോടെ തലകുനിച്ചു നിന്നു അവൻ. ചുറ്റിലും മുഴങ്ങിയ പൊട്ടിച്ചിരി ഇതാ ഇപ്പോഴുമുണ്ട് കാതിൽ. പതിറ്റാണ്ടുകൾക്കിപ്പുറവും.
മൂന്നാം ക്ലാസുകാരന്റെ പ്രിയഗാനമായിരുന്നു അത്. ഏതോ ഒരു രാത്രി റേഡിയോയിൽ നിന്നൊഴുകിയെത്തി കാതിലും മനസ്സിലും പതിഞ്ഞ പാട്ട്. അന്നറിയില്ലായിരുന്നു ആ പാട്ട് യുഗങ്ങളോളം തനിക്കൊപ്പം സഞ്ചരിക്കുമെന്ന്; അതിന്റെ ശിൽപ്പികൾ പലരും സ്വന്തം ജീവിതത്തിന്റെ ഭാഗമാകുമെന്നും.
വർഷങ്ങൾക്ക് ശേഷം സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർക്കൊപ്പം അദ്ദേഹം കളിച്ചുവളർന്ന പരവൂരിലെ നാട്ടുവഴികളിലൂടെ സഞ്ചരിക്കേ "തുലാഭാര"ത്തിലെ ആ വിഖ്യാത ഗാനം പിറന്ന കഥ അദ്ദേഹത്തിൽ നിന്നുതന്നെ കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്: "ഒരു മരണത്തെ തുടർന്നുള്ള ദുഖകരമായ ഗ്രാമാന്തരീക്ഷത്തിലാണ് ആ പാട്ട് സിനിമയിൽ കടന്നു വരുന്നത്. നസീറും ശാരദയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ആത്മസംഘർഷം വള്ളക്കാരന്റെ പാട്ട് നമ്മെ അനുഭവിപ്പിക്കണം. എന്നാലേ ആ ഗാനം കൊണ്ടു പ്രയോജനം ഉണ്ടാകൂ. തോണിപ്പാട്ട് ആയതുകൊണ്ട് ഒരു ഹമ്മിംഗിലൂടെ തുടങ്ങിയാൽ നന്നായിരിക്കുമെന്ന് തോന്നി....
"പെട്ടെന്ന് ഓർമ വന്നത് എന്‍റെ കുട്ടിക്കാലത്ത് നാട്ടിലുള്ള കുട്ടൂർ പാലത്തിന്റെ ഇരുവശത്തു നിന്നും തോണിക്കാർ പ്രത്യേക ശബ്ദത്തിലും ഈണത്തിലും നടത്തിയിരുന്ന ആശയ വിനിമയമാണ്... ദിവസവും പാലത്തിനു മുകളിലൂടെ സ്കൂളിലേക്ക് നടന്നു പോകുമ്പോൾ കേൾക്കാം ആ വിളിച്ചു കൂവൽ. പാലത്തിന്റെ ഒരു വശത്തു നിന്നാണ് ആദ്യത്തെ കൂവൽ കേൾക്കുക. മറുവശത്തുനിന്ന് അതിന്റെ മറുപടിയും ഉടൻ വരും. വാക്കുകളില്ലാത്ത ആ സംഭാഷണം ആസ്വദിച്ചങ്ങനെ നിന്നുപോയിട്ടുണ്ട് ഞാൻ. തുലാഭാരത്തിലെ പാട്ടിന് വേണ്ടി അതല്പം ചെത്തി മിനുക്കി എന്ന് മാത്രം..''
മാസ്റ്ററും പത്നിയും ഞാനും സഞ്ചരിച്ച കാർ കുട്ടൂർ പാലത്തിന് മുകളിലൂടെ കടന്നുപോകേ, യേശുദാസിന്റെ സ്വരത്തിൽ ആ ഹമ്മിംഗ് വീണ്ടും കാതിൽ മുഴങ്ങി. കാലം നമുക്ക് വേണ്ടി കരുതിവെക്കുന്ന നിയോഗങ്ങൾ എത്ര വിചിത്രം.
സിനിമയിൽ "കാറ്റടിച്ചു" പാടി അഭിനയിക്കുന്നത് പ്രേംനസീർ ആണെന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. യേശുദാസിന്റെ പാട്ടിനൊത്ത് നസീർ സാർ ചുണ്ടനക്കി കണ്ടാണല്ലോ ശീലം. എന്നാൽ വർഷങ്ങൾക്ക് ശേഷം പടം കണ്ടപ്പോൾ ആ ധാരണ മാറി. വലകെട്ടിക്കൊണ്ട് പാടി അഭിനയിക്കുന്നത് ഒരപരിചിതനാണ്. അതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ.
ബെന്നി എന്നാണ് ആ നടന്റെ പേരെന്നറിഞ്ഞത് തുലാഭാരത്തിന്റെ സംവിധായകൻ വിൻസന്റ് മാസ്റ്ററിൽ നിന്നാണ്. സിനിമാക്കാരുടെ പ്രിയപ്പെട്ട ബെന്നി അങ്കിൾ. വിൻസന്റ് മാസ്റ്ററുടെ സഹോദരീഭർത്താവും സ്ഥിരം ഛായാഗ്രഹണ സഹായിയുമായിരുന്നു അദ്ദേഹം. ഇടക്കൊരു പടവും സംവിധാനം ചെയ്തു: മുഹൂർത്തങ്ങൾ.
അധികം വൈകാതെ ബെന്നി അങ്കിളിനേയും പരിചയപ്പെട്ടു. ജീവിതം മുഴുവൻ സിനിമക്ക് വേണ്ടി സമർപ്പിച്ച ഒരാൾ.
പൊള്ളാച്ചിക്കടുത്ത് ആനമലൈ എസ്റ്റേറ്റിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലിനോക്കുമ്പോഴാണ് കോഴിക്കോട്ടുകാരനായ ബെന്നിയുടെ ഉള്ളിൽ സിനിമാമോഹം തലപൊക്കിയത്. അഭിനയിക്കാനുള്ള ആഗ്രഹവുമായി ചെന്നൈയിൽ ചെന്ന് വിൻസന്റ് മാസ്റ്ററെ കാണുന്നു ബെന്നി. സിനിമയുടെ സാങ്കേതിക മേഖലയിൽ ചേർന്നു പ്രവർത്തിക്കാനാണ് മാസ്റ്റർ അളിയന് നൽകിയ ഉപദേശം. നടനായാൽ ഉള്ള വില കൂടി പോകും; അവസരങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരും. ക്യാമറയുടെ പിന്നിൽ നിൽക്കാം എന്ന് തീരുമാനിച്ചാൽ ആ പ്രശ്‌നമില്ല. വിൻസന്റ് ഛായാഗ്രഹണം നിർവഹിച്ച "ഭക്തപ്രഹ്ളാദ'' എന്ന തെലുങ്ക് ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹായിയായി ബെന്നി അരങ്ങേറ്റം കുറിച്ചത് 1967 ൽ. പിന്നീടങ്ങോട്ട് വിൻസന്റ് ചിത്രങ്ങളിലെ സ്ഥിരം ക്യാമറാസഹായിയായി മാറി അദ്ദേഹം. ഒപ്പം നിരവധി പടങ്ങളിൽ കൊച്ചുകൊച്ചു റോളുകളിൽ മുഖം കാട്ടുകയും ചെയ്തു."അസുരവിത്തി''ലെ "പകലവനിന്ന് മറയുമ്പോൾ'' ആണ് ആദ്യം പാടി അഭിനയിച്ച ഗാനം. കാളവണ്ടിക്കാരന്റെ റോളായിരുന്നു. "ഒരു സുന്ദരിയുടെ കഥ''യിലെ "അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ'' എന്ന പ്രശസ്ത ഗാനം, വയലോരത്തെ കാവൽപ്പുരയിലിരുന്ന് പാടുന്ന അജ്ഞാതഗായകനും ബെന്നി അങ്കിൾ തന്നെ.
പക്ഷേ ബെന്നിയെ മലയാളി മനസ്സിൽ അനശ്വരനാക്കിയത് "കാറ്റടിച്ചു'' എന്ന നിത്യസുന്ദര ഗാനമാണ്. "സിനിമയിൽ യേശുദാസിന് പാടി അഭിനയിക്കാൻ വെച്ച പാട്ടാണതെന്ന് നിർമാതാവായ ഹരിപോത്തൻ പറഞ്ഞുകേട്ടിട്ടുണ്ട്.''-- ബെന്നിയുടെ ഓർമ്മ. "പക്ഷേ അക്കാര്യം തക്ക സമയത്ത് സംവിധായകനെ അറിയിക്കാൻ ഹരിപോത്തൻ മറന്നു. ദാസ് വന്നതുമില്ല. അങ്ങനെയാണ് ആ ദൗത്യം എന്നെ തേടിവന്നത്. ചീനവലക്കരികെ നിന്നു കൊണ്ട് ഞാൻ പാടുന്ന പാട്ടാണ്. അരൂരിൽ വെച്ചായിരുന്നു ഷൂട്ടിങ്. അഭിനയിക്കുമ്പോൾ ആ പാട്ട് ഇത്രയും വലിയ ഹിറ്റാകും എന്ന് നമ്മൾ വിചാരിക്കുന്നില്ലല്ലോ..''
ഇന്നും വയലാർ - ദേവരാജൻ ടീമിന്റെ ആ പാട്ട് കേൾക്കുമ്പോൾ കൈകൾ അറിയാതെ ചെവിയിലേക്ക് നീളും. പഴയൊരു നൊമ്പരം ഓർമ്മയിൽ വന്നു നിറയും. മനസ്സുകൊണ്ട് ആ പഴയ വയനാടൻ കുട്ടിയായി മാറും അപ്പോൾ.
ചില നോവുകൾ അങ്ങനെയാണ്. വർഷങ്ങൾ പിന്നിടുന്തോറും അവയ്ക്ക് മാധുര്യം കൂടും; ദേവരാജൻ മാസ്റ്ററുടെ പാട്ടുകളെപ്പോലെ.
Photo by Venugopal (Kaumudi)