
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ ലൊക്കേഷനിൽ നിന്നുള്ളതെന്ന വ്യാജേന കൃത്രിമമായി നിർമ്മിച്ച AI ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അടുത്തിടെ പുറത്തുവന്ന മോഹൻലാലിൻ്റെ ജോർജുകുട്ടി ലുക്ക് അനുകരിച്ചാണ് AI ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് മോഹൻലാലിനെ ആദരിച്ച ചടങ്ങിൽ അദ്ദേഹം ധരിച്ചിരുന്ന അതേ ഡിസൈനിലുള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് AI ചിത്രങ്ങളിലും കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ ചിത്രങ്ങളിൽ ഒരിടത്തും മോഹൻലാലിന്റെ മുഖം വ്യക്തമല്ല.
കയ്യിൽ വിലങ്ങണിയിച്ച് ജോർജുകുട്ടിയെ ഒരു ചതുപ്പിന് സമീപത്തായി പോലീസുകാർ നിർത്തിയിരിക്കുന്ന ദൃശ്യമാണ് ചിത്രങ്ങളിലുള്ളത്. ലൊക്കേഷനിൽ നിൽക്കുന്നൊരാൾ സ്മാർട്ട്ഫോൺ മറച്ചുപിടിച്ച് ചിത്രീകരിച്ചതുപോലെ തോന്നിക്കുന്ന രീതിയിലാണ് ഈ വ്യാജചിത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, ഈ ചിത്രങ്ങളോട് 'ദൃശ്യം 3'യുടെ അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
അടുത്തിടെ മോഹൻലാലിന് ദാദ സാഹേബ് പുരസ്കാരം ലഭിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് സഹതാരം കുഞ്ചാക്കോ ബോബൻ മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ആ ചിത്രത്തിലെ മോഹൻലാലിന്റെ വേഷം അതേപടി അനുകരിച്ചുകൊണ്ടാണ് AI ഉപയോഗിച്ച് മറ്റൊരു ചിത്രം നിർമ്മിച്ചത്. ഇതിനുമുമ്പ്, മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ ഒന്നിക്കുന്ന 'പാട്രിയറ്റ്' എന്ന ചിത്രത്തിൻ്റേതെന്ന വ്യാജേനയും ഒരു AI ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. സിനിമകളുമായി ബന്ധപ്പെട്ട് വ്യാജ AI ചിത്രങ്ങൾ പ്രചരിക്കുന്നത് ഒരു പുതിയ പ്രവണതയായി മാറിയിരിക്കുകയാണ്.
English summary:
Fake AI images being circulated as ‘Drishyam 3’ location visuals; Mohanlal’s look imitated.