Image

അക്കൗണ്ട് അഗ്രിഗേറ്റർ ഫ്രെയിംവർക്ക്: 112 ധനകാര്യ സ്ഥാപനങ്ങൾ ലൈവായി, 220 കോടി അക്കൗണ്ടുകൾ സുരക്ഷിത ഡാറ്റാ ഷെയറിംഗിന് സജ്ജം – സർക്കാർ

Published on 02 September, 2025
അക്കൗണ്ട് അഗ്രിഗേറ്റർ ഫ്രെയിംവർക്ക്: 112 ധനകാര്യ സ്ഥാപനങ്ങൾ ലൈവായി, 220 കോടി അക്കൗണ്ടുകൾ സുരക്ഷിത ഡാറ്റാ ഷെയറിംഗിന് സജ്ജം – സർക്കാർ

രാജ്യത്തെ 112 ധനകാര്യ സ്ഥാപനങ്ങൾ അക്കൗണ്ട് അഗ്രിഗേറ്റർ (എ.എ) ഫ്രെയിംവർക്കിൽ ലൈവായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതിൽ ചിലത് ഫിനാൻഷ്യൽ ഇൻഫർമേഷൻ പ്രൊവൈഡർമാരായി (FIP), ചിലത് ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂസർമാരായി (FIU), മറ്റുചിലത് ഇരട്ട പദവികളിലുമായി പ്രവർത്തിക്കുന്നു. 56 എണ്ണം എഫ്ഐപി മാത്രമായും, 410 എണ്ണം എഫ്ഐയു മാത്രമായും പ്രവർത്തിക്കുന്നുണ്ട്.

220 കോടിയിലധികം ധനകാര്യ അക്കൗണ്ടുകൾ ഇപ്പോൾ എ.എ സംവിധാനത്തിലൂടെ സുരക്ഷിതവും സമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ഡാറ്റാ പങ്കുവെക്കലിന് സജ്ജമാണ്. ഇതിനകം 11.23 കോടി ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ എ.ഐ പ്ലാറ്റ്ഫോമിൽ ലിങ്ക് ചെയ്തുകഴിഞ്ഞുവെന്നും, ഇത് പദ്ധതിയോടുള്ള വിശ്വാസവും വ്യാപ്തിയും തെളിയിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

2021 സെപ്റ്റംബർ 2-നാണ് എ.എ  ഫ്രെയിംവർക്ക് ഔദ്യോഗികമായി ആരംഭിച്ചത്. ഉപയോക്താക്കളുടെ സമ്മതത്തോടെ, സുരക്ഷിതമായ രീതിയിൽ ധനകാര്യ ഡാറ്റ പങ്കിടാനുള്ള സംവിധാനമാണ് ഇത്. 2016-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് എ.എ ഇക്കോസിസ്റ്റത്തിനായുള്ള മാസ്റ്റർ ഡയറക്ഷൻസ് പുറത്തിറക്കിയത്.

എ.എ സംവിധാനം വഴി ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, വായ്പകൾ തുടങ്ങിയ ധനകാര്യ വിവരങ്ങൾ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഏകോപിപ്പിച്ച്, വായ്പാ അപേക്ഷകൾ, ധനകാര്യ പദ്ധതി നിർമാണം തുടങ്ങിയ സേവനങ്ങൾക്കായി സേവനദാതാക്കളുമായി പങ്കുവെക്കാൻ കഴിയും.

എ.എകൾ ഇടനിലക്കാരുടെ വേഷം വഹിച്ച്, എൻക്രിപ്ഷൻ സാങ്കേതികവിദ്യയും ഉപയോക്തൃ സമ്മതം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണവും ഉപയോഗിച്ച് ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നു.

2023-ലെ ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം സമയത്ത്, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഒരു അടിസ്ഥാന ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയി അംഗീകരിക്കപ്പെട്ടു. ആധാർ (ഐഡന്റിറ്റി), യുപിഐ(പേയ്മെന്റ്) ലെയറുകൾക്ക് പിന്നാലെ ഡാറ്റാ എക്സ്ചേഞ്ച് ലെയറായി ഇതിനെ ലോകം അംഗീകരിച്ചു.

എ.എയുടെ പ്രാധാന്യം ജി20യുടെ പ്രധാന രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023-ലെ  ഡിപിഐ മുഖേന സാമ്പത്തിക ഉൾക്കൊള്ളലിനും ഉൽപാദന വർധനയ്ക്കുമായുള്ള പോളിസി ശുപാർശകൾ, കൂടാതെ 2024 ജൂലൈയിൽ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ജി20  ഡിപിഐ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് എന്നിവയിൽ എ.എയ്ക്ക് പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ട്.

“എ.എ ഇക്കോസിസ്റ്റം വേഗത്തിൽ വളർന്ന് ബാങ്കിംഗ്, സെക്യൂരിറ്റീസ്, ഇൻഷുറൻസ്, പെൻഷൻ മേഖലകളിലാകെ വ്യാപകമായി സ്വീകരിക്കപ്പെടുകയാണ്. ഇത് ഇന്ത്യയുടെ  ഡിപിഐയെ കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

എം.എസ്.എം.ഇ-കൾക്കും വ്യക്തിഗത വായ്പാ മേഖലയ്ക്കും കൂടുതൽ സൗകര്യപ്രദമായ ഔപചാരിക ക്രെഡിറ്റ് ആക്സസ് എ.എ വഴി തുറന്നു കൊടുക്കുമെന്ന്, അതുവഴി 2047-ലെ വിക്സിത് ഭാരത് ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ യാത്രയിൽ വലിയ പങ്ക് വഹിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


112 financial institutions, over 2.2 billion accounts enabled on Account Aggregator framework: Govt

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക