
മലയാള സിനിമാ നടന്‍മാര്‍ക്കിടയിലെ മോശമല്ലാത്ത 'ഡ്രഗ് അഡിക്ട്' എന്ന് പേരെടുത്ത ഷൈന്‍ ടോം ചാക്കോ താമസിയാതെ അറസ്റ്റിലാവും. അതിന് തക്കതായ തെളിവുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. നടി വിന്‍സി അലോഷ്യസിനെ അപമാനിച്ചതും ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമാണ് ഇപ്പോള്‍ നടന് കുരുക്കായിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി കലൂരിലെ ഹോട്ടലില്‍ നിന്നും തനിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയിരിക്കുകയാണ് ഷൈന്‍ ചാക്കോ.
ലഹരി ഉപയോഗം പരിശോധിക്കാനെത്തിയ ഡാന്‍സാഫ് (ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ്-DANSAF) ഉദ്യോഗസ്ഥരെ വെട്ടിച്ച് അതിസാഹസികമായാണ് ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത്. കഴിഞ്ഞ 16-ാം തീയതി ബുധനാഴ്ച രാത്രി 10.40-നാണ് കലൂരിലെ പി.ജി.എസ് വേദാന്ത ഹോട്ടലില്‍ ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് ഉദ്യോസ്ഥര്‍ എത്തിയത്. ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും ഒരു ഡ്രഗ് ഡീലര്‍ അവിടെ താമസിക്കുന്നുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം എത്തിയത്.
ഷൈന്‍ ടോം ചാക്കോയും മേക്കപ്പ്മാനായ മുര്‍ഷിദും അനന്തകൃഷ്ണന്‍ എന്നൊരാളും മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയില്‍ അപ്പോള്‍ ഉണ്ടായിരുന്നു. ഡാന്‍സാഫ് സംഘം വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നത് മുര്‍ഷിദാണ്. ഷൈന്‍ മുറിയിലുണ്ടായിരുന്നുവെന്ന് മുര്‍ഷിദും അനന്തകൃഷ്ണനും സമ്മതിച്ചു. പരിശോധനയില്‍ മദ്യക്കുപ്പികളല്ലാതെ ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതിനിടെ ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിലേക്കാണ് ഒരു സര്‍ക്കസുകാരന്റെ മെയ്‌വഴക്കത്തോടെ ഷൈന്‍ ചാടിയത്. ചാട്ടത്തിന്റെ ആഘാതത്തില്‍ ഷീറ്റ് പൊട്ടുകയും ചെയ്തു. അവിടെനിന്ന് രണ്ടാം നിലയിലുള്ള സ്വിമ്മിങ് പൂളിലേക്ക് ചാടിയ ഷൈന്‍ സ്റ്റെയര്‍കെയ്‌സിലൂടെ ലോബിയിലെത്തി ഓടിപ്പോവുകയായിരുന്നു.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹോട്ടലിന്റെ പുറത്തുകടന്ന ഷൈന്‍ തന്റെ ടൂവീലറില്‍ ബോള്‍ഗാട്ടി പാലസിലെത്തി മുറിയെടുക്കുകയും വെളുപ്പിന് മൂന്ന് മണിയോടെ അവിടെനിന്ന് ഒരു വെള്ള അംബാസിഡര്‍ കാറില്‍ സ്ഥലം വിടുകയുമായിരുന്നു. പിന്നെ ഇയാളെപ്പറ്റി വിവരങ്ങളൊന്നും കിട്ടിയില്ല. മൊബൈല്‍ ലൊക്കേഷന്‍ തമിഴ്‌നാടാണ് സൂചിപ്പിച്ചത്. എന്നാല്‍ പിന്നെ ഫോണ്‍ ഓഫായി. ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം പോലീസിനെയും എക്‌സൈസിനെയും പരിഹസിച്ചു കൊണ്ട് ഷൈന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു.
ഏതായാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തി നല്‍കിയ നോട്ടീസില്‍ ശനിയാഴ്ച രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്.ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദേശം. അന്വേഷണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ സഹകരിക്കുമെന്ന് ഷൈനിന്റെ പിതാവ് സി.പി ചാക്കോ വ്യക്തമാക്കിയിട്ടുണ്ട്. താരസംഘടനയായ 'അമ്മ'യുടെ നോട്ടീസിന് മറുപടി നല്‍കുമെന്നും കുടുംബത്തിന് ഇതേവരെ ഷൈനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ചാക്കോ പറയുന്നത്. തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഷൈനിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചത്.
യുവ നടി വിന്‍സി അലോഷ്യസ് താരസംഘടനയ്ക്കും മറ്റും നല്‍കിയ ഒരു പരാതിയാണ് ഷൈന്‍ ചാക്കോയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമായത്. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നടന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. നടന്റെ പേര് വെളിപ്പെടുത്തരുതെന്ന് വിന്‍സി ആവശ്യപ്പെട്ടിരുന്നെങ്കിലും ഷൈന്റെ പേര് ചോര്‍ന്നു. ലൊക്കേഷനില്‍ വച്ച് വെളുത്ത പൊടി വായിലിട്ട് ചവച്ച ശേഷം തുപ്പിക്കളഞ്ഞ ഷൈന്‍ താന്‍ ഡ്രസ് മാറാന്‍ പോയപ്പോള്‍, കൂടെ വരാമെന്നും ഡ്രസ് മാറാന്‍ സഹായിക്കാമെന്നുമാണ് ഷൈന്‍ പറഞ്ഞതെന്നാണ് വിന്‍സിയുടെ പരാതി.
ഷൈന്റെ പേര് പുറത്തായതോടെ നടന്‍ കൂടുതല്‍ കുരുക്കിലാവുകയായിരുന്നു. എന്നാല്‍ നടനെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍ താത്പര്യമില്ലെന്നാണ് വിന്‍സിയുടെ നിലപാട്. ഷൈനിനെതിരായ വെളിപ്പെടുത്തലിനെ പറ്റി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിന്‍സിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും അന്വേഷണവുമായി സഹകരിക്കാനില്ലെന്ന നിലപാട് നടി ആവര്‍ത്തിച്ചു. വിന്‍സി പരാതി നല്‍കാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസും.
ആ നടന്റെ പേരും സിനിമയുടെ പേരും പുറത്തു പറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്ന് അറിയില്ലെന്നുമാണ് വിന്‍സി പ്രതികരിച്ചത്. ഒരാളുടെ മോശം പെരുമാറ്റം കാരണം ഒരു സിനിമ മുഴുവന്‍ അതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കരുതെന്നും അദ്ദേഹം അഭിനയിച്ച പുറത്തിറങ്ങാനുള്ള സിനിമകളുടെ ജയപരാജയങ്ങളെ ബാധിക്കരുതെന്നും കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും വിന്‍സി വ്യക്തമാക്കി.
വിന്‍സി നിയമ നടപടികളെടുത്തില്ലെങ്കിലും പോലീസിന് സ്വമേധയാ കേസെടുക്കാവുന്നതാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 എ, ബി, സി, ഡി വകുപ്പു പ്രകാരം പരാതിയുണ്ടെങ്കില്‍ പോലീസിന് കേസെടുക്കാം. ലഹരി ഉപയോഗിച്ചതായുള്ള വിന്‍സിയുടെ സ്റ്റേറ്റ്‌മെന്റ് ഷൈന്‍ ചാക്കോയെ സംബന്ധിച്ചിടത്തോളം വലിയ ഒഫന്‍സാണ്. എന്നാല്‍ ഹോട്ടലില്‍ നിന്ന് ചാടി രക്ഷപ്പെട്ടത് ഒരു കുറ്റകൃത്യമായി കണക്കാക്കാനാകില്ല.
അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ഫിലിം ചേംബറും ഷൈനിനെതിരെ അവരുടേതായ നടപടികളെടുക്കുമത്രേ. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ താരസംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടും വൈകുകയാണ്. പരമാവധി ഒരു ദിവസം കൂടി കാത്തിരുന്ന ശേഷം ഷൈന്‍ വിശദീകരണം നല്‍കിയാലും ഇല്ലെങ്കിലും കടുത്ത നടപടി എടുക്കാനുളള തീരുമാനത്തിലാണ് താരസംഘടന.
എന്നാല്‍ സിനിമാ ലൊക്കേഷനില്‍ ഇരുന്ന് മയക്കുമരുന്ന് കഴിക്കുക എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഷൈനിനെതിരെ ഇതിന് മുമ്പും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികലും കേസും ഉണ്ടായിട്ടുണ്ട്. 2015-ല്‍ ഷൈനിന്റെ കൊച്ചിയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഇവിടെ മൂന്ന് യുവതികള്‍ക്കൊപ്പമാണ് ഷൈന്‍ താമസിച്ചിരുന്നത്. ഈ കേസ് ശക്തമായി മുന്നോട്ട് പോകേണ്ടതായിരുന്നു. പോലീസ് അന്വേഷണത്തില്‍ വേണ്ടത്ര ശുഷ്‌ക്കാന്തി കാണിക്കാത്തതിനാല്‍ ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം ഉണ്ടായി.
പോലീസിന് സാങ്കേതികമായ പിഴവുകള്‍ സംഭവിക്കുകയുണ്ടായി. മയക്കുമരുന്നുമായി ഷൈനിനെയും പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യം വേണം. സ്ത്രീകളും ഉള്‍പ്പെട്ടതിനാല്‍ ഒരു വനിതാ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യം അനിവാര്യമായിരുന്നു. എന്നാല്‍ ഒരു പുരുഷ ഗസറ്റഡ് ഓഫീസര്‍ മാത്രമേ ആ സമയത്ത് സന്നിഹിതനായിരുന്നുള്ളു. കേസിന്റെ വിചാരണ സമയത്ത് പല സാക്ഷികളും കൂറ് മാറി. കുറ്റപത്രം കൊടുത്ത ഉദ്യോഗസ്ഥനും കോടതിയിലെത്തി പ്രോസിക്ക്യൂഷനെ സഹായിക്കണമെന്നിരിക്കെ അക്കാര്യത്തിലും കുറ്റകരമായ പിഴവുണ്ടായി.
അടുത്തയിടെ, ആലപ്പുഴയില്‍ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് സിനിമാ ബന്ധമുള്ള യുവതിയെ എക്‌സൈസ് പിടികൂടിയിരുന്നു. നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവ് കൈമാറിയെന്നാണ് ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന പറഞ്ഞത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ്, സെക്‌സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയിലായ തസ്ലിമ ആലപ്പുഴയില്‍ മുന്തിയ ഇനം കഞ്ചാവുമായി എത്തിയത്. തസ്ലീമയുടെ വെളിപ്പെടുത്തലില്‍ അതുവരെ പോലീസ് ഷൈനിനും ശ്രീനാഥ് ഭാസിക്കുമെതിരെ നടപടിയെടുത്തിട്ടില്ല.
2015-ല്‍ കൊക്കെയ്ന്‍ കേസില്‍ പിടിയിലായ ഷൈന്‍ തെളിവുകളുടെ അഭാവത്തില്‍ ആ കേസില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇത്തവണ ഷൈന്‍ ടോം ചാക്കോയുടെ കാര്യത്തില്‍ അത്തരം രക്ഷപ്പെടല്‍ സാധ്യമാവില്ല എന്നാണ് സൂചന. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് അത്ര നിസാരമല്ല. ഷൈനടക്കം എട്ട് പ്രതികള്‍ കുറ്റവിമുക്തനാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുളള നടപടികള്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസും തുടങ്ങിയിട്ടുണ്ട്.