
തിങ്കളാഴ്ച്ച രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിന് എത്തുന്ന ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ത്യൻ അമേരിക്കൻ സമൂഹവുമായി ഇടപെടുകയും ചെയ്യുമെന്നു കോൺഗ്രസ് വക്താവ് പവൻ ഖേര ഡൽഹിയിൽ അറിയിച്ചു.
റോഡ് ഐലൻഡിൽ ബ്രൗൺ യൂണിവേഴ്സിറ്റിയുടെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റര്നാഷനൽ ആൻഡ് പബ്ലിക് അഫെയേഴ്‌സ് സംഘടിപ്പിക്കുന്ന യോഗത്തിൽ രാഹുൽ തിങ്കളാഴ്ച്ച പങ്കെടുക്കും. 'A Conversation with Rahul Gandhi' എന്ന പരിപാടി സംഘടിപ്പിക്കുന്നത് സക്‌സേന സെന്റർ ഫോർ കണ്ടമ്പൊററി സൗത്ത് ഏഷ്യ ആണ്.
പ്രവാസികൾക്കു പുറമെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളെയും രാഹുൽ കാണുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ രാഹുൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പ്രസംഗിച്ചിരുന്നു. ടെക്സസിലും ഡി സിയിലും ഇന്ത്യൻ അമേരിക്കൻ സമൂഹവുമായി ഇടപെടുകയും ചെയ്തു.
അതിനു മുൻപ് അദ്ദേഹം ഹാർവാർഡ്, കേംബ്രിഡ്‌ജ്, സ്റ്റാൻഫോർഡ് എന്നീ ഉന്നത സർവകലാശാലകളിൽ പ്രസംഗിച്ചിട്ടുണ്ട്.
1764ൽ സ്ഥാപിച്ച ഐവി ലീഗ് സ്ഥാപനമായ ബ്രൗൺ യൂണിവേഴ്സിറ്റി ഒട്ടേറെ അന്താരാഷ്ട്ര നേതാക്കളെ അവതരിപ്പിച്ചിട്ടുണ്ട്.
Rahul to meet Indian Americans