
അമേരിക്കയുടെ ഏറ്റവും വലിയ മോർട്ട്ഗേജ് സ്ഥാപനമായ ഫെഡറൽ നാഷനൽ മോർട്ട്ഗേജ് അസോസിയേഷൻ (ഫാനി മാ) ഇരുനൂറോളം ഇന്ത്യൻ ജീവനക്കാരെ പിരിച്ചു വിട്ടു. കൂടുതലും തെലുങ്കു സംസാരിക്കുന്നവർ തെലുങ്കു ചാരിറ്റി സംഘടനകളുമായി ചേർന്നു തട്ടിപ്പു നടത്തി എന്നാണ് ആരോപണം.
'ധാർമികതയുടെ ലംഘനം' കണ്ടതു കൊണ്ടാണ് ഗവൺമെന്റ് സ്ഥാപനം അവരെ പിരിച്ചു വിട്ടതെന്നു ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജീവനക്കാരുടെ മാച്ചിങ് ഗ്രാന്റ്സ് പ്രോഗ്രാമിലാണ് തട്ടിപ്പു നടന്നത്. മൊത്തം 700 പേരെ പിരിച്ചു വിട്ടിട്ടുണ്ട്.
കമ്പനി ഫണ്ടുകൾ അടിച്ചെടുക്കാൻ തെലുങ്കു ചാരിറ്റികളുമായി ചേർന്നു ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇന്ത്യൻ ജീവനക്കാരുടെ മേൽ ആരോപിച്ചത്. സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ തെറ്റായി നൽകി.
തട്ടിപ്പു നടത്താൻ പല ജീവനക്കാരും തെലുങ്കു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുമായി (താന) ഒത്തുകളിച്ചു. പിരിച്ചു വിടപ്പെട്ട ഒരാൾ താനയുടെ പ്രാദേശിക വൈസ് പ്രസിഡറാണ്. അമേരിക്കൻ തെലുങ്കു അസോസിയേഷൻ മുൻ പ്രസിഡന്റിന്റെ ഭാര്യയാണ് മറ്റൊരാൾ.
താനയ്ക്കു പുറമെ മറ്റു ചാരിറ്റി സംഘടനകളും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫാനി മായിൽ നിന്നു പ്രതികരണം ചോദിച്ചതായി ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. സുഹാസ് സുബ്രമണ്യം പറഞ്ഞു. തന്റെ ഡിസ്ട്രിക്ടിലെ നൂറു കണക്കിന് ഇന്ത്യക്കാരെ തട്ടിപ്പു ആരോപിച്ചു പിരിച്ചു വിട്ടതായി അറിയുന്നുവെന്നു അദ്ദേഹം പറഞ്ഞു. "ആരോപണങ്ങൾ പൂർണമായി അന്വേഷിച്ചില്ല. തെളിവും ഹാജരാക്കിയിട്ടില്ല.
"ഫാനി മാ ഉടൻ അവർക്കും കോൺഗ്രസിനും അമേരിക്കൻ ജനതയ്ക്കും വിശദീകരണം നൽകേണ്ടതുണ്ട്."
ജീവനക്കാരുടെ വരുമാനം വർധിപ്പിക്കാൻ തട്ടിപ്പു നടത്തി എന്ന കുറ്റം ആരോപിച്ചു ആപ്പിൾ ഈ വർഷം ആദ്യം നൂറിലേറെ പേരെ പിരിച്ചു വിട്ടിരുന്നു. അതിൽ 50 പേർ കുപ്പർട്ടീനോ ആസ്ഥാനത്തു ജോലി ചെയ്തിരുന്നവരാണ്.
Fannie Mae fires 200 Indian employees