
വെസ്റ്റ് പാം ബീച്ച്, ഫ്ലോറിഡ — ചൊവ്വാഴ്ച പാംസ് വെസ്റ്റ് ആശുപത്രിയിൽ ആക്രമണത്തിനിരയായ നഴ്‌സിനോടും കുടുംബത്തോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ന് (ശനി) വൈകിട്ട് 6:15 -നു ഡേവിയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രാർത്ഥനയും വിജിലും സംഘടിപ്പിക്കും. ആശുപത്രിയിൽ ജീവിതത്തിനു വേണ്ടി മല്ലിട്ടു കൊണ്ടിരിക്കുന്ന അവർ ആരോഗ്യം വീണ്ടെടുക്കുന്നതിനും വിഷമസന്ധിയിലൂടെ കടന്നു പോകുന്ന കുടുംബത്തിനു പിന്തുണ പ്രഖാപിച്ചുകൊണ്ടുമാണ് പ്രാർത്ഥനയും വിജിലും. ഇതിൽ പങ്കെടുക്കാൻ എല്ലാവരോടും പ്രസിഡന്റ് വത്സമ്മ എബ്രഹാമും സഹപ്രവർത്തകരും അഭ്യർത്ഥിച്ചു.
അതെ സമയം, മാനസികരോഗിയുടെ ക്രൂരമായ ആക്രമണത്തെത്തുടർന്ന് ആശുപത്രിയാകെ പരിഭ്രാന്തിയിലായെന്ന് 911 കോൾ റെക്കോർഡ് വ്യക്തമാക്കുന്നു. 25 WPBF ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ ടെറി പാർക്കറാണ് ഇത് ചാനലിലൂടെ പുറത്തു വിട്ടത്.
ഒരു ആശുപത്രി സന്ദർശകൻ ആണ് ആദ്യമായി 911 ഡിസ്‌പാച്ചർമാരെ വിളിച്ചത്. ഒരു രോഗി നഴ്‌സിനെ കത്രിക ഉപയോഗിച്ച് കുത്തുന്നതായാണ് അയാൾ തെറ്റായി അറിയിച്ചത്. അക്രമിയുടെ കയ്യിൽ ഇപ്പോഴും കത്രിക ഉണ്ടെന്നും അയാൾ പറഞ്ഞു. പരുക്കേറ്റ നഴ്സ് രക്തം വാർന്ന് തറയിൽ കിടക്കുന്നുവെന്നും അയാൾ പറഞ്ഞു.
അപ്പോഴേക്കും അഡ്മിനിസ്ട്രേറ്റർമാരും വിളിച്ചു. ബേക്കർ ആക്ട് രോഗിയായ (മാനസിക രോഗമുള്ളയാൾ) പ്രതി ഇപ്പോഴും ആശുപത്രിക്കുള്ളിൽ സ്വതന്ത്രനാണെന്നും അടിയന്തിര സഹായം വേണമെന്നും അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.
അക്രമി കെട്ടിടത്തിന് ചുറ്റും ഓടുകയാണെന്നും അയാളെ കൈകാര്യം ചെയ്യണമെന്നും അഡ്മിൻ അപേക്ഷിച്ചു. പരുക്കേറ്റയാളുടെ അവസ്ഥയെപ്പറ്റിയും അഡ്മിൻ വിവരിച്ചു.
മറ്റൊരു സന്ദർശകനും അപ്പോഴേക്ക് വിളിച്ചു. 'മൂന്നാം നിലയിൽ താനും സഹോദരിയും വാതിലിനു നേരെ നിൽക്കുകയാണ്. അതിനാൽ അക്രമിക്കു കയറാൻ പറ്റില്ല. ഇത് അഞ്ച് മിനിറ്റിലേറെയായി തുടരുന്നു. ആകെ കുഴപ്പമാണ്.'
അക്രമി സതേൺ ബുലവാർഡിലൂടെ ഓടുന്നത് കണ്ട് ഒരു ഡ്രൈവറും 911 ൽ വിളിച്ചു, ആശുപത്രി നൽകിയ ഷോർട്ട്സും മെഡിക്കൽ പാച്ചുകളും മാത്രം ധരിച്ച് ഒരാൾ ഓടുന്നു എന്ന് വിശദീകരിച്ചു .
വൈകാതെ എത്തിയ പോലീസ് തോക്കു ചൂണ്ടി സ്റ്റീഫൻ എറിക് സ്കാൻറ്റിൽബറിയെ അറസ്റ്റ് ചെയ്തു. 67 വയസ്സുള്ള നഴ്‌സിനെ ക്രൂരമായി മർദ്ദിച്ചതിന് കൊലപാതകശ്രമത്തിന് കേസെടുത്തു. വിദ്വെഷ കുറ്റവും ചുമത്തി
അതേസമയം, സെന്റ് മേരീസ് മെഡിക്കൽ സെന്ററിൽ കഴിയുന്ന നഴ്‌സിന്റെ നില ഗുരുതരമായി തുടരുന്നു.
അതേസമയം ലീലാമ്മാമയുടെ ഡോക്ടറായ പുത്രി അക്രമാസക്തയായ ഒരു രോഗിയെ മാനസിക അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാൻ സൗകര്യമില്ലാത്ത ആശുപത്രിയിൽ പാർപ്പിച്ചതിൽ രോഷാകുലയാണ്. അമ്മയെ ഇങ്ങനെ കാണുന്നത് വളരെ ഹൃദയഭേദകമാണെന്നു പറഞ്ഞ അവർ ഇത് തടയാമായിരുന്ന ഒന്നാരുന്നുവെന്നും ചൂണ്ടിക്കാട്ടി.
സ്‌കാൻറ്റിൽബറിയുടെ അഭിഭാഷകൻ ഇതിനെ വ്യക്തമായ മാനസികാരോഗ്യ പ്രതിസന്ധി എന്ന് വിശേഷിപ്പിച്ചു. 'ഇപ്പോൾ, പൊതുജനങ്ങൾ സംഭവത്തിന്റെ ഒരു ഭാഗം മാത്രമേ കേട്ടിട്ടുള്ളൂ - പോലീസ് നല്കിയതാണത്. പലപ്പോഴും ഒരു പക്ഷത്തു നിന്ന് മാത്രമുള്ള വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ച് മാനസികരോഗം ഉൾപ്പെട്ടിരിക്കുമ്പോൾ. മുഴുവൻ വിവരവും പുറത്തു വരുന്നു എന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പങ്ക്,' പ്രസ്താവനയിൽ, സ്‌കാൻറ്റിൽബറിയുടെ അഭിഭാഷകൻ പറഞ്ഞു:
യുണൈറ്റഡ് ഹെൽത്ത്കെയർ വർക്കേഴ്സ് ഈസ്റ്റ് പ്രസ്താവനയിൽ അന്വേഷണത്തെപ്പറ്റി സൂക്ഷ്മവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ദുരന്തങ്ങളുടെ സാധ്യത ഒഴിവാക്കാൻ ഞങ്ങൾ എച്ച്‌സിഎ, പ്രാദേശിക ഏജൻസികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോട് ആവശ്യപ്പെടുന്നു. ഇതിൽ പൊതു മാനസികാരോഗ്യ നയത്തിന്റെയും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയുടെ സത്യസന്ധമായ പരിശോധനയും ഉൾപ്പെടുത്തണം.
https://www.wpbf.com/article/exclusive-911-calls-reveal-chaos-and-panic-as-hospital-patient-attacks-nurse-then-escapes/63874752