Image

വിലക്കയറ്റം വലയ്‌ക്കുന്നുവോ

പീറ്റര്‍ നീണ്ടൂര്‍ Published on 14 September, 2012
വിലക്കയറ്റം വലയ്‌ക്കുന്നുവോ
സെപ്‌റ്റംബര്‍ പതിന്നാലിന്റെ ഒന്നാം മിനിറ്റില്‍ ഇന്ത്യയില്‍ ഡീസല്‍ വില വര്‍ധിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ സാധാരണക്കാരന്റെ കഴുത്തില്‍ കരാളഹസ്‌തങ്ങള്‍ പിടിമുറുക്കുന്നു. ഇതായിരുന്നോ സ്വതന്ത്ര ഇന്ത്യയുടെ സ്വപ്‌നം? ഇതിനുത്തരവാദികള്‍ ആര്‌? പാവപ്പെട്ട ജനങ്ങള്‍ നേതാക്കളില്‍ അര്‍പ്പിച്ച വിശ്വാസമോ അതോ പൊതുജനം കഴുതകള്‍ എന്നു കരുതുന്ന നേതാക്കളോ?

ഒരു ഫൊക്കാനാ സമ്മേളനം കഴിഞ്ഞ്‌ ക്യൂന്‍സില്‍ വെച്ച്‌ അന്തരിച്ച പത്രപ്രവര്‍ത്തകന്‍ മാധവന്‍ കുട്ടിക്കും, കെ.എം. റോയിക്കും സ്വീകരണം കൊടുത്ത വേളയില്‍ ശ്രീ കെ.എം. റോയി ഇന്ത്യയില്‍ ടെലിഫോണ്‍ സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ സാം പിട്രോഡയെ വാനോളം പുകഴ്‌ത്തുകയും, സാധിച്ചാല്‍ കേരളത്തിന്റെയോ, ഇന്ത്യയുടെ തന്നെ ഭരണ സിരികേന്ദ്രത്തില്‍ കക്ഷിയെ അവരോധിക്കാന്‍ ഡോ. കെ.എം. റോയിക്ക്‌ ആവുന്നതരത്തില്‍ സ്വാധീനമുപയോഗിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. എന്തായാലും ഇന്ന്‌ പ്രധാന മന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവാണ്‌ സം പിട്രോഡ. അദ്ദേഹത്തിന്റെ ഉപദേശമാണോ പാചകവാതകത്തിനും ഇന്ധനത്തിനുമെല്ലാം എല്ലാ ആഴ്‌ചകളിലും വില കൂട്ടിക്കൊണ്ടിരിക്കുന്നത്‌? അങ്ങനെയാണെങ്കില്‍ അദ്ദേഹമൊരു രാജ്യദ്രോഹമാണ്‌ ചെയ്യുന്നത്‌.

ടെലിഫോണിന്റെ കാര്യത്തില്‍ അദ്ദേഹം കാട്ടിയ വൈദഗ്‌ധ്യം എന്തേ ബാക്കി കാര്യങ്ങളില്‍ ഇല്ലാത്തത്‌? ആശാരി ആശാരിയുടെ പണി ചെയ്‌താല്‍ പണി നന്നായിരിക്കും. എന്നാല്‍ ആശാരി -മൂശാരിയുടേയും കൊല്ലന്റേയും, തട്ടാന്റേയും പണി ചെയ്യാന്‍ ശ്രമിച്ചാല്‍ ശരിയാകുമോ? ഒരു ചക്കയിട്ടപ്പോള്‍ ഒരു മുയലു ചത്തു എന്നു കരുതി ഒരോ ചക്കയും ഇടുമ്പോള്‍ ഓരോ മുയല്‍ ചത്തിരിക്കണം എന്നു പറഞ്ഞാല്‍ ശരിയാകുമോ? അതോ ഇന്ത്യയില്‍ ചെന്നു കഴിഞ്ഞപ്പോള്‍ അയാളും ചക്കരക്കുടത്തില്‍ കയ്യിട്ടോ? എന്തായാലും പ്രധാനമന്ത്രിയെന്ന ബൊമ്മയെ തല്‍സ്ഥാനത്തുനിന്നും നീക്കുന്നതിനുമുമ്പ്‌ നീക്കം ചെയ്യേണ്ടത്‌ അദ്ദേഹത്തിന്റെ ഉപദേഷ്‌ടാവിനെയാണോ?

ഇന്ത്യയില്‍ നടക്കുന്ന അഴിമതിയുടെ പല കഥകളും നാം കേട്ടുകഴിഞ്ഞു. ഓഡിറ്റര്‍ ജനറലിന്റെ കണക്കുകള്‍ ഒന്നും ശരിയല്ല എന്നു വാദിക്കുന്ന ചില രാഷ്‌ട്രീയക്കാരുമുണ്ട്‌. ശ്രീ ടി.എന്‍. ശേഷനുശേഷം ഇന്ത്യ കണ്ടതില്‍ മിടുക്കനായ ഒരു ഭരണാധികാരയാണിദ്ദേഹം എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.

ഇനി കേരളത്തിലേക്ക്‌ പോകാം. എമര്‍ജിംഗ്‌ കേരളയുടെ നേട്ടങ്ങള്‍ എന്തെല്ലാമാണ്‌. അതും ഒരു `ജിം' അല്ലേ. ഫേസ്‌ബുക്കില്‍ കണ്ട ചിത്രമനുസരിച്ച്‌ പറക്കുന്ന എമര്‍ജിംഗ്‌ കേരള എന്ന പക്ഷിയുടെ തൂവലുകളും അവയവങ്ങളും ഒന്നൊന്നായി അടര്‍ന്നു പോയിട്ട്‌ അവസാനം പിടിഞ്ഞു മരിക്കുന്നു. വിഭവങ്ങള്‍ ഒന്നും ഒരുക്കാതെ എല്ലാവരേയും അടിയന്തിരത്തിനു വിളിച്ചുവരുത്തിയിട്ട്‌ എല്ലാവരും ഒരു കൈ തന്നാല്‍ ചോറും കറികളും ഉണ്ടാക്കാം എന്നു പറയുന്ന ആതിഥേയനെപ്പോലെ. ഈ മാമാങ്കത്തിനായി തുലച്ച തുകയെത്ര? പ്രധാന രാഷ്‌ട്രീയ നേതാക്കളുടെ കുറെ ബിനാമികള്‍ എത്തി അടിച്ചുപൊളിച്ചു-നല്ലൊരു മാമാങ്കം. ഇതാണോ വികസനം?

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുകൊണ്ടു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാത്രമേ പ്രായോഗികതയുള്ളൂ എന്നു മാറിമാറി ഭരിക്കുന്ന വലതും ഇടതുമായ രാഷ്‌ട്രീയക്കാര്‍ എന്തേ ഇതുവരേയും പഠിക്കാത്തത്‌. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകും എങ്കിലും ശ്രീ എ.കെ. ആന്റണി പറഞ്ഞതുപോലെ വികസനത്തില്‍ രാഷ്‌ട്രീയം പാടില്ല. രണ്ടു കൂട്ടരും നാടിന്റേയും നാട്ടാരുടേയും നന്മയ്‌ക്കായി സമവായം ഉണ്ടാക്കിയേ മതിയാകൂ.

ഉള്ള വഴികള്‍ സംരക്ഷിച്ചിട്ട്‌ ദേശീയ പാതയുണ്ടാക്കൂ. എന്തുകൊണ്ട്‌ പ്രധാനമന്ത്രി സഞ്ചരിക്കേണ്ട വഴിയുടെ അറ്റകുറ്റപ്പണികള്‍ തലേ രാത്രി മാത്രം ചെയ്‌തു? കേന്ദ്രത്തില്‍ നടന്നു എന്നു പറയപ്പെടുന്ന അഴിമതിത്തുകയുടെ അംശം മാത്രം പോരേ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞി കൊടുക്കാന്‍? ഇന്ദിരാ ഗാന്ധി വരെയുണ്ടായിരുന്ന ഭരണകര്‍ത്താക്കള്‍ക്ക്‌ രാജ്യസ്‌നേഹവും വികസന ചിന്തകളും ഉണ്ടായിരുന്നു. രാജീവ്‌ ഗാന്ധി പുരോഗമനത്തെക്കുറിച്ച്‌ ചിന്തിച്ചു. എവിടെ നിന്നോ ആരെക്കെയോ വലിക്കുന്ന ചരടിന്റെ തുമ്പത്തെ ആടുന്ന ബൊമ്മകള്‍.

ഈ നിലയ്‌ക്കു പോയാല്‍ കോസവോയിലും, ഇറാക്കിലും, അഫ്‌ഗാനിസ്ഥാനിലും, ലിബിയയിലും എല്ലാം സംഭവിച്ചതിനോട്‌ തുല്യമായ അവസ്ഥാ വിശേഷങ്ങള്‍ നമ്മുടെ പുണ്യഭൂമിയിലും സംഭവിക്കുമോ? രാജാക്കന്മാരും, മഹര്‍ഷിമാരും മുനിമാരും ആര്‍ജിച്ചെടുത്ത്‌ പകര്‍ന്ന ആര്‍ഷ ഭാരത സംസ്‌കാരം തകര്‍ന്നടിയുമോ? ഇനിയും ഒരു സ്വാതന്ത്ര്യസമരം വേണ്ടിവരുമോ?
വിലക്കയറ്റം വലയ്‌ക്കുന്നുവോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക