
ഒരു സ്വതന്ത്ര ഭാഷ എന്ന നിലയിൽ ആയിരത്തിയെഴുന്നൂറു മുതൽ രണ്ടായിരം വരെ വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന് കരുതുന്ന മലയാളം ആദി ദ്രാവിഡ ഭാഷയിൽ നിന്ന് പരിണമിച്ചു വന്നതാണ്. മലയാളം എന്ന പേര് 'മലകളും സമുദ്രവും ഒത്തുചേരുന്ന' എന്ന് അർത്ഥമുള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡവാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തെ ശ്രേഷ്ഠ ഭാഷയായി രണ്ടായിരത്തി പതിമൂന്ന് മെയ് 23ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിച്ചു.
“മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍ “
മഹാകവി വള്ളത്തോളിന്റെ ഈ കവിതാ ശകലം കടമെടുത്താൽ സ്വന്തം ഭാഷ സ്വന്തം ഭാഷയെ അമ്മയായി കരുതണം എന്നാണ് പറയുക. എന്നാൽ ഇന്ന് മലയാളികളുടെ മാതൃഭാഷയായ മലയാളം നമ്മളാൽ തന്നെ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. ലോകത്ത് എവിടെയും ഉള്ള മലയാളികളുടെ ഐഡൻറിറ്റി ആണ് മലയാള ഭാഷ. ആ മലയാളം മറന്നു എന്നു പറഞ്ഞാൽ നമുക്ക് നമ്മുടെ ഐഡൻറിറ്റി നഷ്ടപ്പെട്ടു എന്നാണ് അർത്ഥം.
”എനക്ക് കൊഞ്ചം കൊഞ്ചം മലയാലം തെരിയും” എന്നു സങ്കടത്തോടെ പറഞ്ഞിരുന്ന കാലം മാറി. "എനിക്ക് മലയാലം റൈറ്റ് ചെയ്യാനോ, റീഡ് ചെയ്യാനോ അരിയില്ല." എന്നഭിമാനിച്ച് ഊറ്റം കൊള്ളുന്ന പുതിയ തലമുറയെയാണ് നമുക്കിന്ന് കാണാൻ കഴിയുക. ഇവിടെ അമേരിക്കയിലും കാനഡയിലും ഉള്ള നമ്മുടെ കുട്ടികൾക്ക് മിക്കവാറും ഏറ്റവും വിഷമമുള്ള വിഷയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു നമ്മുടെ മാതൃഭാഷയായ മലയാളം. വിദ്യാഭ്യാസം എന്നതിന്റെ ഒരേ ഒരു ലക്ഷ്യം സാമ്പത്തികനേട്ടവും ജീവിതവിജയവുമെന്ന തെറ്റിദ്ധാരണയാവണം നമ്മുടെ കുട്ടികളെ മാതൃഭാഷ വേണ്ട എന്നു വച്ചു ഇംഗ്ലീഷ് മാത്രം പഠിക്കാന്‍ നാം നിര്‍ബന്ധിക്കുന്നത്. സ്വന്തം അസ്തിത്വവും അടിസ്ഥാനവും തള്ളിപ്പറഞ്ഞു കൊണ്ടുള്ള ഈ പോക്കെങ്ങോട്ടേക്കാണ്? ഭാഷയുടെ അറിവില്ലായ്മ കൊണ്ട് കേരളത്തിലേക്ക് ഒരു വെക്കേഷനു പോലും പോകുവാൻ മടിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നു വരുന്നില്ലേ? കുട്ടികള്‍ ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നു വാശിപിടിക്കുന്ന, മലയാളം ചാനലുകള്‍ കാണരുതെന്നു വാശി പിടിക്കുന്ന മാതാപിതാക്കളോട്, നിങ്ങളുടെ മക്കൾക്ക് മാതൃഭാഷ എന്ന് പറഞ്ഞാല്‍ അമ്മയുടെ ഭാഷയാണ് എന്നും പറഞ്ഞു കൊടുത്തു കൂടെ?
ആദ്യമായി നമുക്ക് സ്നേഹം പകർന്നു തന്ന, നമ്മുടെ ആംഗ്യങ്ങള്‍ വാക്കുകളാക്കി മാറ്റി അക്ഷരവെളിച്ചത്തിലേക്ക് നമ്മെ നയിച്ച അദൃശ്യദൈവകരങ്ങള്‍, പെറ്റമ്മയേയും, പിറന്ന നാടിനെയും നമുക്ക് മറക്കാനാവുമോ? സ്നേഹത്തോടെയുള്ള മോനേ, മോളേ വിളിക്ക് പകരമായി മറ്റേതു ഭാഷ നമുക്കു വഴങ്ങും?
വിധി വൈപരീത്യം എന്ന് പറയട്ടെ മലയാളം ഭാഷയുടെ മഹത്വം തിരിച്ചറിഞ്ഞ് മലയാളം പഠിച്ച് Austin-ലെ ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് -ൽ മലയാളം ഡിഗ്രി കോഴ്സ് ആരംഭിച്ച പ്രൊഫസർ Prof. Rodney Moag ഉള്ള രാജ്യത്താണ് നമ്മുടെ കുട്ടികൾ മലയാളം സംസാരിക്കാത്തത് എന്ന് ഓർക്കണം. സ്വന്തം വീട്ടിൽ മക്കളോട് ഇംഗ്ലീഷ് മാത്രം സംസാരിച്ചിട്ട് അവരെ മലയാളം പഠിക്കുവാൻ മലയാളം ക്ലാസുകളിലേക്ക് തള്ളിവിടുന്ന ചില മാതാപിതാക്കളിൽ നിങ്ങൾ ഉൾപ്പെടുന്നുണ്ടോ? സ്വന്തം മക്കൾ മലയാളം പഠിക്കുന്ന ഏറ്റവും വലിയ യൂണിവേഴ്സിറ്റി സ്വന്തം വീട് തന്നെയാണ് എന്ന് ഒന്ന് ഓർമ്മിപ്പിക്കുകയാണ്. സ്വന്തം വീട്ടിൽ മലയാളം മാത്രം സംസാരിക്കുക എന്നതാണ് നമ്മുടെ മക്കളെ മലയാളം പഠിപ്പിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. പലരും പേടിക്കുന്നത് പോലെ അവർക്കു മനസ്സിലാകുമോ, ഇംഗ്ലീഷ് പഠിക്കാതെ വരുമോ എന്ന യാതൊരു പേടിയും നിങ്ങൾക്ക് വേണ്ട, കാരണം അവർ പഠിക്കുന്ന സ്കൂളിലും അവർ ഇടപെടുന്ന സമൂഹത്തിലും അവരുടെ ഭാഷ ഇംഗ്ലീഷ് ആയിരിക്കും. നമ്മുടെ ഭാഷ നമ്മുടെ കുട്ടികൾക്ക് മനസ്സിലാക്കുവാൻ ഏറ്റവും എളുപ്പം സ്വന്തം മാതാപിതാക്കളിൽ നിന്നായിരിക്കും അതുകൊണ്ടുതന്നെ അവർക്ക് മലയാളം മനസ്സിലാകുമോ പേടിയും വേണ്ട.
അമ്മയെപ്പോലെ ആത്മബന്ധം ഉള്ളതാണ് ഏതൊരാള്‍ക്കും മാതൃഭാഷ. അതിന് ജാതി, മത, ദേശ, കാലഭേദങ്ങള്‍ ഇല്ല. മലയാളിയെ സംബന്ധിച്ച് രക്തത്തില്‍ അലിഞ്ഞ വികാരമാണ് മലയാളം-സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്ന പ്രിയപ്പെട്ട മാതൃഭാഷ. സ്വന്തം നാട്ടില്‍ നിന്നും ഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകന്ന് വ്യത്യസ്ത സാമുഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് ഇവിടത്തെ മലയാളികള്‍. എന്റെ നാടിന്റെ സംസ്‌കാരവും മാതൃഭാഷയും എന്റെ കുട്ടികള്‍ അറിഞ്ഞിരിക്കണം എന്ന മനോഭാവം ഉണ്ടാക്കിയെടുത്താല്‍ തീരാവുന്ന പ്രശനമേ നമുക്കുള്ളു. മലയാളഭാഷ തന്റെ ജന്മനാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് അതിലൂടെ നാടിന്റെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നതിനും തന്റെ സ്വത്വബോധം വികസിപ്പിക്കുന്നതിനുള്ള കഴിവു നേടുക തുടങ്ങിയ കാര്യങ്ങളാണ് നമ്മുടെ വരും തലമുറകളെ പരിശീലിപ്പിച്ചെടുക്കേണ്ടത്. ഇതുവരെ നമുക്ക് സംഭവിച്ച അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
68-മത് കേരളപ്പിറവി ദിനം ഈ നവംബർ ഒന്നിനാണ്. ഈ കേരളപ്പിറവിദിനത്തിൽ നമ്മുടെ മാതൃഭാഷയായ മലയാളം തീർച്ചയായും പുതുതലമുറക്ക് പകർന്നു നൽകുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
പ്രശസ്ത കവി ഒ. എൻ. വി കുറുപ്പിന്റെ സുന്ദരമായ ഒരു കവിത ഓർമ്മ വരുന്നു..
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു
പോന്നു നൂൽ പോലേ....
ഈ സുന്ദരമായ ഭാഷ നമ്മളിലൂടെ നമ്മുടെ മക്കളിലൂടെ എന്നെന്നും ഈ ലോകത്തിൽ നിലനിൽക്കട്ടെ.