Image

മൂകാംബികയില്‍ ഒരു ദിവസം(ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 12 April, 2024
മൂകാംബികയില്‍ ഒരു ദിവസം(ദുര്‍ഗ മനോജ്)

'ദേവി വിളിക്കും, അപ്പോഴേ മൂകാംബികയെ തൊഴാന്‍ പറ്റൂ' എന്ന അമ്മയുടെ പറച്ചില്‍ കേട്ടു വളര്‍ന്നതുകൊണ്ടാവും മൂകാംബികയിലേക്കുള്ള യാത്രകള്‍ക്കിടയില്‍ വര്‍ഷങ്ങളുടെ വിടവു വരുമ്പോള്‍, സമയമായിട്ടില്ല, എന്നാണു ഞാന്‍ സ്വയം സമാധാനിച്ചിരുന്നത്. ഏതായാലും ഇക്കുറി ദേവിയും അത് ഉദ്ദേശിച്ചു എന്നാണ് ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ എനിക്കു തോന്നുന്നത്. സാധാരണ മഴ മാസങ്ങളിലാണ് കൊല്ലൂരേക്കു പോകാന്‍ സമയം ഒത്തുവന്നിരുന്നത്. പക്ഷേ, ഇക്കുറി, തിളയ്ക്കുന്ന വെയിലില്‍, കത്തുന്ന വേനലില്‍, രാത്രിയില്‍പ്പോലും ഉരുകുന്ന ചൂടിലാണ് ദേവിയെക്കാണാന്‍ സകുടുംബം പുറപ്പെട്ടത്. പണ്ടൊക്കെ ഞങ്ങളെ നയിച്ച് മുന്നില്‍ നടന്നിരുന്ന അമ്മയ്ക്ക് ഇന്നിപ്പോള്‍ നടക്കാന്‍ നല്ല പ്രയാസമുണ്ട്. വീല്‍ച്ചെയര്‍, ലിഫ്റ്റ് സംവിധാനങ്ങള്‍ ഉള്ള റെയില്‍വേ സ്റ്റേഷനുകള്‍ പ്രായമുള്ളവരുടെ യാത്രാമോഹങ്ങളെ പരിക്കേല്‍പ്പിക്കുന്നില്ല എന്നതു ചെറിയ കാര്യമല്ല.


രണ്ടു ട്രെയിന്‍ മാറിക്കേറിയും, ടാക്‌സി പിടിച്ചും ബുക്ക് ചെയ്ത ഹോട്ടലില്‍ എത്തിയപ്പോള്‍ സത്യത്തില്‍ നടുനിവര്‍ത്തി ഒന്ന് ഉറങ്ങാനായിരുന്നു മോഹം. പക്ഷേ, അതിനല്ലല്ലോ ഈ നീണ്ട യാത്ര ചെയ്ത് ഇത്രയും എത്തിയത്. ഉച്ചക്കു ശേഷം നട തുറക്കുമ്പോള്‍ത്തന്നെ അമ്പലത്തിലെത്തണം. വേഗം കുളിച്ചു റെഡിയായി, മടി പിടിച്ചു കിടന്നവരേയും വിരട്ടി തയ്യാറാക്കി അമ്പലത്തിലേക്ക്. തിരക്കില്ല, തിരക്കേയില്ല... അല്ല ഇത്ര നേരത്തേ വന്നിട്ടെന്തിനാ എന്ന് കരുതിയാകും ആരും വരാത്തത്. കിട്ടിയ അവസരം പാഴാക്കിയില്ല. നേരെ ശ്രീകോവിലിലേക്ക്. ചുറ്റുമുള്ളതൊന്നും കണ്ടില്ല, കേട്ടില്ല, ദേവി മുന്നില്‍, ചമയ ഘോഷങ്ങളില്ലാതെ ദേവി! തൊഴുതു, ചുറ്റും വലവെച്ചു വേഗം പുറത്തു കടന്നു, എന്തിനെന്നോ? ഒന്നുകൂടി തൊഴാന്‍. രണ്ടാം വട്ടം അകത്തു കടക്കുമ്പോള്‍ മരത്തില്‍ കൊത്തുപണി ചെയ്ത ശ്രീകോവില്‍ വാതില്‍പ്പടിയില്‍ ഒന്നു നിന്നു, മുന്നില്‍ അഞ്ചാറു പേരുണ്ട്. അവരു തൊഴട്ടെ, അഷ്ടലക്ഷ്മികളുടെ കൊത്തുപണികള്‍ ചെയ്ത വെളളി പൊതിഞ്ഞ വാതില്‍ കടക്കുമ്പോള്‍ വെള്ളിയില്‍ തീര്‍ത്ത വിഘ്‌നേശ്വരനെ കണ്ടു. അല്ല, വിഘ്‌നം തീര്‍ക്കാനും, എല്ലാം തുടക്കം കുറിക്കാനും കൂട്ടുവേണ്ടത് മറ്റാരേയുമല്ലല്ലോ. പിന്നെ, വരിയില്‍ നിന്നു തന്നെ ദേവിയെ ഒന്നുകൂടി തൊഴുതു. ഇക്കുറി അല്പം പ്രസാദം കിട്ടി. അതിന്റെ പുഞ്ചിരി ചുണ്ടില്‍ വിരിഞ്ഞതു ദേവി കണ്ടു കാണണം. എന്തായാലും രണ്ടു വട്ടമായി. അപ്പോള്‍ ഒരിക്കല്‍ക്കൂടി കാണണം.

ഇതാണ് മനുഷ്യന്‍, പോരുമ്പോള്‍ ദേവിയെ ഒന്നു കാണണം എന്നു മാത്രമായിരുന്നു ചിന്ത, ഇപ്പഴോ? ഒരു വട്ടം, രണ്ടുവട്ടം... എന്നിട്ടും ഇനീം വേണത്രേ! എന്തൊരു ജാതി മനുഷ്യര്‍ എന്നാവും അകത്താള്‍ ചിന്തിക്കുന്നത്. സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ....ജപിച്ചു കൊണ്ട് വലം വെച്ചു. തെക്കുഭാഗത്ത് ഗണപതി വടക്കോട്ട് ദര്‍ശനമായി ഇരിപ്പുണ്ട്.

''അതേ, കെറുവൊന്നും വേണ്ടാട്ടോ, ഇതിപ്പോ മൂകാംബികയെ കാണാന്‍ വരുമ്പോള്‍ മൂപ്പത്ത്യാരെ എത്ര കണ്ടാലാ ഒന്ന് കൊതി തീരുക? അതല്ലേ?'' എന്നു പറഞ്ഞ് രണ്ടു നാല് ഏത്തമിട്ട്, പിന്നെ കിഴക്കോട്ടു ദര്‍ശനമായുള്ള ആദിശങ്കരനെ വണങ്ങി പടിഞ്ഞാറ് ഭാഗത്തെ മണ്ഡപത്തിന്റെ പടി കയറി കുറച്ചു നേരം ഇരുന്നു. അമ്മ എണ്ണം പിടിച്ച് ജപത്തിലാണ്. തിരക്കുകൂടി വരുന്നു. കണ്ണടച്ച്, മുന്‍പു വന്നപ്പോള്‍ നൂലുപോലെ ചെയ്ത മഴയത്ത് ഇതുപോലെ കുറച്ചു നേരം ഇരുന്നത്  ഓര്‍ത്തു, മഴക്കാര്‍ നിറഞ്ഞ മാനവും, മഴയില്‍ കുളിര്‍ന്ന കുടജാദ്രി മലകളും! ആ കാഴ്ച എന്തായിരുന്നു! ഇക്കുറി പൊള്ളുന്ന പ്രദക്ഷിണവഴിയില്‍ നിന്നാണ് ചിന്തകള്‍. തിരക്കുകൂടും മുന്‍പ് ഒരു വട്ടം കൂടി.

പുറത്തിറങ്ങി, ക്യൂ രൂപം കൊണ്ടു തുടങ്ങിയിരിക്കുന്നു. വേഗം നടന്ന് ക്യൂവില്‍ ഇടം പിടിച്ചു. മെല്ലെ നീങ്ങി നീങ്ങി ദേവിക്കു മുന്നില്‍. 

''ഭഗവതീ, അമ്മേ, എന്താ പ്രാര്‍ത്ഥിക്കേണ്ടത്? എല്ലാരേം രക്ഷിക്കണം... അതിനപ്പുറം ദാ ഇങ്ങനെ ഇടയ്ക്കു വന്നു കാണാനാകണം. നീ ഒപ്പമുണ്ടെങ്കില്‍ അതിനോളം വലുതുമറ്റൊന്നുമില്ല.''

തൊഴുതു, കണ്ണു നിറഞ്ഞു,

പുറത്തിറങ്ങി സരസ്വതീമണ്ഡപത്തിലേക്കു നടന്നു. അമ്മ അവിടെ കാലു നീട്ടി ഇരിപ്പുണ്ട്. അമ്മയും ഒരുവട്ടം തൊഴുതു. വീല്‍ച്ചെയര്‍ ശ്രീകോവിലിനുള്ളില്‍ കടത്താനാവില്ല. അമ്മയെ ഏട്ടനും മോനും പിടിച്ചു നടത്തിച്ചു. അമ്മയും നന്നായി തൊഴുതു. ദീപാരാധന കഴിഞ്ഞേ പുറത്തേയ്ക്കുള്ളൂ. സരസ്വതീമണ്ഡപത്തില്‍ കുട്ടികള്‍ വന്നു പാട്ടു പാടുകയും, നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. മൂകാംബികാദേവി കലയുടെ ദേവതയാണ്. വിദ്യ അഭ്യസിക്കുന്നവര്‍ക്കു വേണ്ടത് ദേവിയുടെ കൃപാകടാക്ഷമാണ്. അമ്മേ, വാക്ക് മനതാരില്‍ നിറയാന്‍ നീ അനുഗ്രഹിക്കൂ. ജ്ഞാനമാണ് ദേവിയുടെ അനുഗ്രഹം. ഏതു പാമരനും അമ്മയുടെ അനുഗ്രഹം ലഭിച്ചാല്‍ പണ്ഡിതനാവും. ഒപ്പം പല മുനിമാരും സൂക്ഷ്മത്തില്‍ ഇവിടെ മൂകാംബികയില്‍ കുടികൊള്ളുന്നുവെന്നാണ് ഉപാസകര്‍ വിശ്വസിക്കുന്നത്. ദീപാരാധനയ്ക്ക് നട അടച്ചു. ക്ഷേത്രാങ്കണത്തില്‍ കൊടിമരത്തിന്നു മുന്നിലെ ആകാശത്തിലേക്കുയര്‍ന്നുപൊങ്ങി നില്‍ക്കുന്ന ഇരുപതു തട്ടു വിളക്കുകളിലും തിരികള്‍ക്കു വെളിച്ചം പകര്‍ന്നു കഴിഞ്ഞു. കത്തി നില്‍ക്കുന്ന നിറദീപം സാക്ഷിയാക്കി പുറം പ്രദക്ഷിണത്തിനൊരുങ്ങി. സുബ്രഹ്‌മണ്യനെ തൊഴുത്, പരമേശ്വരന്റെ വിവിധ ഭാവങ്ങള്‍ തൊഴുത് പഞ്ചമുഖ ഗണപതിയെ വണങ്ങി, ഹനുമാന്‍ സ്വാമിയേയും, നാരായണനേയും, വീരഭദ്രനേയും തൊഴുത് മടക്കം.

കുങ്കുമാര്‍ച്ചനയുടെ പ്രസാദവും, ലഡുവും. സഞ്ചിയിലുണ്ട്. അമ്മയെ ക്ഷേത്രത്തിനകത്തു കൊണ്ടുവന്നത് വീല്‍ച്ചെയറിലായിരുന്നു. ഏട്ടനും മകനും അത് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കാന്‍ പോയി. അത് വീല്‍ച്ചെയര്‍ വാങ്ങുന്നവര്‍ ഉറപ്പായും ചെയ്യേണ്ടുന്നതാണ്. മറ്റൊരാള്‍ക്ക് അത് കൃത്യമായി കിട്ടാന്‍ ഉപയോഗശേഷം കണ്ടയിടത്ത് ഉപേക്ഷിക്കാതിരിക്കാനും പഠിക്കണം നമ്മള്‍. അവര്‍ വരുന്ന നേരം ഞങ്ങള്‍ മൂന്നു തലമുറയില്‍പ്പെട്ട സ്ത്രീജനങ്ങള്‍ തെല്ലും പാഴാക്കിയില്ല, ഒരു ഡസന്‍ കുപ്പിവള വാങ്ങി രണ്ടു കൈകളിലും ഇട്ടു. കുപ്പിവളകളോളം, ഭംഗി മറ്റെന്തിനുണ്ട്?

കടകള്‍ക്കുള്ളില്‍ മൂകാംബികയുടെ ചിത്രങ്ങള്‍, അമ്മേ നീ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ചിത്രങ്ങളെന്തിനു വേറെ?


വലിയ പാറക്കല്ലുകളും, കുത്തിയൊലിച്ചു വരുന്ന മഴവെള്ളവും ഡ്രൈവിങ്ങ് ഏതാണ്ട് അസാധ്യമെന്നു തോന്നിപ്പിക്കുന്ന വഴി താണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടജാദ്രിയില്‍ എത്തിയതും, ശങ്കര മണ്ഡപത്തിലേക്കുള്ള കയറ്റം കയറി തളര്‍ന്ന് അവശയായി മുട്ടുകുത്തി ഭഗവാനേ എന്നു വിളിച്ചു നമസ്‌കരിച്ചതും ഓര്‍ത്ത് അടുത്ത വരവു കണക്കു കൂട്ടി, രാവിലെ തിരിച്ചു മടങ്ങും മുന്‍പ് ഒരു വട്ടം കൂടി തൊഴാമല്ലോ എന്നു ചിന്തിച്ചും മെല്ലെ മനസ്സില്‍ ജപിച്ചു, ഓം ശ്രീ മാതാ ശ്രീ മഹാരാജ്ഞി ശ്രീമത് സിംഹാസനേശ്വരി..

 

Join WhatsApp News
Sudhir Panikkaveetil 2024-04-12 12:18:11
മൂകാംബിക ദേവീദർശനം ഭക്തിസാന്ദ്രമായി അവതരിപ്പിച്ചിരിക്കുന്നു. മുൻപ് അവിടെ കുറെ പ്രാവശ്യം പോയതുകൊണ്ട് ലേഖനത്തിൽ പറയുന്ന കാഴ്ചകൾ എല്ലാം മുന്നിൽ കണ്ടുകൊണ്ടു വായിച്ചു. വിശ്വാസങ്ങളോ അന്ധവിസ്വാസങ്ങോ എന്തുമാകട്ടെ ഈശ്വരചിന്ത എപ്പോഴും ആനന്ദകരമാണ് അനുഗ്രഹപ്രദമാണ്. ഇനിയും ക്ഷേത്രദര്ശനങ്ങൾ തുടരുക, എഴുതുക. ഓം നമോ മൂകാംബികേ സർവാനുഗ്രഹദായികേ ...ലേഖികക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക