Image

തീവണ്ടിയിലെ സുരക്ഷ ...അതിഥി തൊഴിലാളികളുടെ കൈയ്യാൽ  രണ്ട് മരണങ്ങൾ (ഉയരുന്ന ശബ്ദം-109: ജോളി അടിമത്ര)

Published on 09 April, 2024
തീവണ്ടിയിലെ സുരക്ഷ ...അതിഥി തൊഴിലാളികളുടെ കൈയ്യാൽ  രണ്ട് മരണങ്ങൾ (ഉയരുന്ന ശബ്ദം-109: ജോളി അടിമത്ര)

നടുക്കത്തോടെയാണ് കേരളം ആ വാര്‍ത്തകള്‍ കേട്ടത്.എറണാകുളത്തെ രണ്ടു വിനോദ്മാരാണ് വത്യസ്ഥസംഭവങ്ങളില്‍  അന്യസംസ്ഥാനത്തൊഴിലാളികളുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.പട്ടി കുരച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആദ്യത്തേത്.അടുത്തത് ടിക്കറ്റ് ചോദിച്ചതിന് ടിക്കറ്റ് എക്‌സാമിനറെ ഓടുന്ന തീവണ്ടിയില്‍നിന്ന് തള്ളിയിട്ട് കൊല്ലുക..എത്ര ലാഘവത്തോടെയാണ് ആ കൊലപാതകങ്ങള്‍.എട്ടുവര്‍ഷത്തോളം സ്ഥിരം തീവണ്ടിയാത്രക്കാരിയായിരുന്ന എനിക്ക് വല്ലാത്തൊരു ഞെട്ടലാണ് ആ വാര്‍ത്ത നല്‍കിയത്. കേരളത്തിലെ ട്രെയിന്‍ യാത്രയ്ക്ക്  എന്തു സുരക്ഷയാണ് റെയില്‍വേ നല്‍കുന്നത് ? .കൂടുതല്‍ വരുമാനം റെയില്‍വേയ്ക്ക്   നല്‍കുന്ന സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം.കാരണം ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവര്‍ കേരളത്തില്‍ വിരളമാണ്.ആയിരങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന ജനശതാബ്ധിയില്‍ ടിക്കറ്റ് കിട്ടാനില്ല.ടിക്കറ്റ് ചാര്‍ജ്ജ് വളരെ കൂടുതലുള്ള വന്ദേഭാരതില്‍ ആഴ്ചകള്‍ക്കു മുമ്പേ ടിക്കറ്റ് തീരുന്ന അവസ്ഥ.അതാണ് കേരളം.പിന്നെ സ്റ്റേഷനില്‍ വരുമ്പോഴേക്കും ട്രെയിന്‍ വന്നാല്‍ ടിക്കറ്റ് എടുക്കാനാവാതെ രണ്ടും കല്‍പ്പിച്ച് ഓടിച്ചെന്ന് കേറുന്ന സാഹസികര്‍ മാത്രമാണ് റെയില്‍വേയ്ക്ക് കടക്കാരനാകുന്നത്.അത്ര പക്കായാണ് കേരളത്തിലെ പൗരന്‍മാരും അവരുടെ  നിയമബോധവും എന്നു സാരം.എട്ടുവര്‍ഷം ആഴ്ചയില്‍ ഒരിക്കല്‍ കോട്ടയത്തിനും തിരിച്ച് കോഴിക്കോടിനും രാത്രി യാത്രക്കാരിയായിരുന്നു ഞാന്‍ .16347,16348 എന്നീ ട്രെയിന്‍ നമ്പറുകള്‍ ജീവിതത്തിന്റെ ഭാഗമായ വര്‍ഷങ്ങള്‍.ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് കോഴിക്കോട്ടുനിന്ന് തിരിച്ചാല്‍ അര്‍ധരാത്രി കോട്ടയത്തെത്തും.പിറ്റേന്ന് ഞായറാഴ്ച അര്‍ധരാത്രി കോട്ടയത്തുനിന്ന് അതേ ട്രെയിനില്‍ കയറും.രാവിലെ കോഴിക്കോട്ടെത്തും. റിസര്‍വേഷന്‍ ചെയ്ത ദിവസങ്ങളിലൊക്കെ അത് ക്യാന്‍സല്‍ ചെയ്ത് ഞായറാഴ്ചയും ഓഫീസില്‍ ഇരിക്കേണ്ട അവസ്ഥ വന്നു .പണനഷ്ടവും മനപ്രയാസവും പതിവായപ്പോള്‍  പിന്നെ ലേഡീസ് കംമ്പാര്‍ട്ടുമെന്റിന്റെ ഇത്തിരി വട്ടമായി ആശ്രയം.അതൊരു വിചിത്ര ലോകമാണ്.രസകരമായ അനുഭവങ്ങള്‍ ഒരായിരമുണ്ട്.
             
തീവണ്ടിയുടെ വാലറ്റത്താണ് മിക്കപ്പോഴും ലേഡീസ് കമ്പാര്‍ട്ടുമെന്റ്.പിന്നിലെ കമ്പാര്‍ട്ടുമെന്റിലെ ഗാര്‍ഡാണ് സ്ത്രീകളുടെ സുരക്ഷാകേന്ദ്രം.ഓരോ സ്‌റ്റേഷന്ിലും ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അദ്ദേഹം ഇറങ്ങിവന്ന് വാതിലടയ്ക്കൂ,വാതില്‍ക്കല്‍ ഇരുന്ന് യാത്ര ചെയ്യരുത് തുടങ്ങിയ ഉപദേശങ്ങള്‍ തന്ന് ' ഞാനിവിടുണ്ടേ,ഒന്നുകൊണ്ടും പേടിക്കേണ്ട ' എന്ന് പറയാതെ പറയുകയാണ്.നടുവിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്ത സ്ത്രീകളെപ്പോലും ഉപദ്രവിച്ച വാര്‍ത്തകള്‍ വന്നതോടെ വാതിലടച്ച് ഞങ്ങള്‍ ഉറങ്ങാതെ ഉറങ്ങി നേരം വെളുപ്പിച്ചു.അതിനിടയില്‍ സീറ്റുതര്‍ക്കം,ഉറങ്ങിതോളിലേക്കു വീഴുന്നു,തുടങ്ങിയ ബഹളങ്ങള്‍,വഴക്കുകള്‍.മലബാറില്‍ ജോലിചെയ്ത് മടങ്ങുന്ന '  തിരുവന്തോരം ' കാരായ ഹോംനഴ്‌സുമാരുടെ പരസ്പരമുള്ള അനുഭവകഥകള്‍ പങ്കുവയ്ക്കലുകള്‍..ആര്‍സിസിയിലേക്കു ചികിത്സയ്ക്കു പോകുന്ന രോഗികളുടെ ആകുലതകള്‍....
  ഒരിക്കല്‍ വല്ലാതെ പേടിപ്പിച്ചുകളഞ്ഞ സംഭവമുണ്ടായി.തീവണ്ടി തിരൂര്‍ സ്റ്റേഷന്‍ വിട്ടതും സ്പീഡെടുക്കും മുമ്പ് ഒരാള്‍ ഓടിവന്ന് ലേഡീസ്‌കമ്പാര്‍ട്ടുമെന്റില്‍ കയറി.ചാടിക്കയറ്റം കണ്ടപ്പോഴേ മനസ്സിലായി അയാള്‍ ഒാടുംവണ്ടിയില്‍ ചാടിക്കയറാന്‍ എക്‌സ്പര്‍ട്ട് ആണെന്ന്.കണ്ടാല്‍തന്നെ ആ മുഖത്തെ ക്രൂരത മനസ്സിലാകും.ടോയ്‌ലറ്റിന്റെ അരികുചേര്‍ന്ന് നില്‍പ്പായി ആദ്യം.സ്ത്രീകള്‍ക്ക് ടോയ്‌ലറ്റില്‍ പോകാനും വാഷ്‌ബേസിന്‍ ഉപയോഗിക്കാനും പേടിയായി..കമ്പാര്‍ട്ട്‌മെന്റ് നന്നേ ഇടുങ്ങിയതാണ്.ആളുകള്‍ ഞെങ്ങിഞെരുങ്ങിയാണ് ഇരിക്കുന്നത്.ഒരു സ്ത്രീ അയാളെ നോക്കിയിട്ടു പറഞ്ഞു ' ചേട്ടാ,അടുത്ത സ്റ്റേഷനില്‍ ഇറങ്ങി മാറിക്കയറണേ.ഇത് ലേഡീസാണ് കേട്ടോ '. അയാള്‍ കമ്പാര്‍ട്ടുമെന്റിന്റെ നടുവിലേക്കുവന്ന് ഒറ്റ അലര്‍ച്ച. ' ഇറങ്ങിയില്ലെങ്കില്‍ നീയെന്നെ വിഴുങ്ങുവോടീ..ഞാനാരാന്ന് നിനക്കൊന്നുമറിയില്ല '.അലര്‍ച്ച കേട്ടതോടെ എല്ലാവരും പേടിച്ചു.അയാള്‍ അടുത്തടുത്ത് വന്നുകൊണ്ടിരുന്നു.അറ്റത്തെ  ക്യാബിനിലിരുന്ന ഞാന്‍ പെട്ടെന്ന് എണീറ്റ് സുരക്ഷാചെയിന്‍ പിടിച്ച് ആഞ്ഞ് ഒരു വലി.ഇപ്പം ട്രെയിന്‍ നില്‍ക്കും,മിടുക്കി എന്ന ശുഭപ്രതീക്ഷയില്‍ സഹയാത്രികര്‍ എന്നെ സന്തോഷത്തോടെ നോക്കി. ചെയിന്‍ അനങ്ങിപോലുമില്ല.ഞാന്‍ വീണ്ടും സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു.ഒരനക്കവുമില്ല.'' വലിയെടീ വലി.നീ എന്നാ കാണിക്കാനാ.അവടെ ഒരു വലി '',അയാള്‍ എനിക്കുനേരെ ആക്രോശിക്കാന്‍ തുടങ്ങി.ഏതാണ്ട് 20 മിനുട്ട് കഴിഞ്ഞാലേ അടുത്ത സ്‌റ്റേഷനായ കുറ്റിപ്പുറത്തെത്തുകയുള്ളൂ.
 
 ''ജയിലില്‍ നിന്ന് ഇറങ്ങിയതേയുള്ളെടീ ഞാന്‍.അങ്ങോട്ടു തിരിച്ചുപോകാന്‍ എനിക്ക് പേടിയൊന്നുമില്ല.അരയില്‍ കത്തിയുണ്ട്,കാണണോടീ..'',
അയാള്‍ വീരസാഹിത്യങ്ങള്‍ അടിച്ചുവിട്ട് ഞങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരുന്നു..ഒന്നും പ്രതികരിക്കരുതെന്ന് ഞാന്‍ സഹയാത്രികരെ കണ്ണടച്ചുകാണിച്ചു.എങ്ങനെയും അടുത്ത സ്റ്റേഷനെത്തിയാല്‍ മതിയെന്ന് പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും.സത്യത്തില്‍ ആരോഗ്യമുള്ള പത്തുനാല്‍പ്പതു പെണ്ണുങ്ങള്‍ അതിനുള്ളിലുണ്ട്.എല്ലാവരുംകൂടെ ഒത്തുപിടിച്ചാല്‍ അയാളെ ചവിട്ടിക്കൂട്ടാനുള്ളതേയുള്ളു.പക്ഷേ ഒരു സാങ്കല്‍പ്പിക കത്തി അയാളുടെ അരയില്‍ക്കിടന്ന് പല്ലിളിക്കുന്നുണ്ട്.കഞ്ചാവുപോലുള്ള  ലഹരി അകത്തുള്ള മട്ടാണ്.വല്ലതും കാണിച്ചാല്‍ ..ജീവന്‍ വച്ചുള്ള കളിയല്ലേ.
 
'' വീട്ടില്‍ കെട്ടിയവന്‍മാരുടെ തല ചാടിപ്പറിക്കുന്ന പെണ്ണുങ്ങളുടെ ധൈര്യമൊക്കെ ശൂ  '' ,ഒരു വൃദ്ധ ശബ്ദം താഴ്ത്തി പറഞ്ഞു.ആശങ്കയ്ക്കിടയിലും പെണ്ണുങ്ങള്‍ പരസ്പരം നോക്കി ചിരിച്ചുപോയി.
  അങ്ങനെ കുററിപ്പുറം സ്റ്റേഷന്‍ അടുക്കുന്നു.ട്രെയിന്‍ സ്പീഡ് കുറച്ചു.വാതിലില്‍ നിന്ന് ഒറ്റനിമിഷംകൊണ്ട് അയാള്‍ ഇരുട്ടിലേക്ക് കൂപ്പുകുത്തി.കുറ്റിപ്പുറത്ത് നിര്‍ത്തിയതും ഗാര്‍ഡ് എത്തി. എല്ലാവരുംകൂടെ സംഭവം വിവരിച്ചു.ആ പാവം എന്തുചെയ്യാന്‍..ഒരുകാര്യം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
'സ്ഥിരം തട്ടിപ്പുകാരനായിരിക്കണം ,സൂക്ഷിക്കണം.ആളുകള്‍ കയറിക്കഴിഞ്ഞാല്‍ വാതില്‍ അടച്ച് ലോക്കിടുക'.
അതെ അതേ ചെയ്യാനുള്ളൂ.
                  
കേരളത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ ആനന്ദം യാത്രകളില്‍ അവരുടെ ആഭരണം പ്രദര്‍ശിപ്പിക്കലാണ്.തുടലുപോലുള്ള മാലയും വലിയ ജിമുക്കിയുമിട്ട് പത്രാസ് കാട്ടിയുള്ള ആ ഇരുപ്പ് !.കവര്‍ച്ചക്കാരെ മാടിവിളിക്കുകയാണെന്ന് എന്താണിവര്‍ ഇനിയും മനസ്സിലാക്കാത്തത്.ഞാന്‍ യാത്രചെയ്ത വര്‍ഷങ്ങളില്‍ വിരലിലെണ്ണാവുന്ന തവണമാത്രമെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ ടിക്കറ്റ് പരിശോധകന്‍ വന്നിട്ടുള്ളൂ എന്നത് മറ്റൊരു രഹസ്യം.സ്ത്രീകള്‍ സത്യസന്ധരാണെന്ന തോന്നലാവണം കാരണം ! .കരുണയില്ലാത്ത ടിടിഇമാരെയും മനസ്സലിവുള്ള ടിടിഇമാരെയും യാത്രകളില്‍ ധാരാളം കണ്ടിട്ടുണ്ട്.
              
കെ.വിനോദ് എന്ന കൊല്ലപ്പെട്ട ടി ടി ഇ അദ്ദേഹത്തിന്റെ ഡ്യൂട്ടിമാത്രമാണ് ചെയ്തത്.റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റ് ഇല്ലാതെ യാത്രചെയ്തയാളിന് പിഴയിടുക റെയില്‍വേയുടെ നിയമമാണ്.ഒഡീഷ സ്വദേശിയായ രജനീകാന്ത് മദ്യപിച്ച് നിലതെറ്റിയ അവസ്ഥയിലായിരുന്നു.ചോദ്യംചെയ്യുന്നതിനിടെ  അപായപ്പെടും എന്ന ഉറപ്പോടെതന്നെ ടിടിഇ-യെ രജനീകാന്ത് രണ്ടുക്കൈകൊണ്ടും ശക്തമായി വാതിലിനുപുറത്തേക്ക് തള്ളിയിടുകയായിരുന്നു.അന്യസംസ്ഥാനത്തൊഴിലാളിയെ അങ്ങനെയൊന്നും വിളിക്കാന്‍ പാടില്ലെന്ന നിയമം ഇവിടുണ്ട്.അവര്‍ അതിഥികളാണത്രേ.അതിഥികള്‍ വീട്ടുകാരെ നിര്‍ദ്ദയം കൊല്ലുന്ന കാഴ്ചകള്‍ പെരുകുകയാണ്.കഴിഞ്ഞദിവസം എറണാകുളത്ത് അതിദാരുണമായ മറ്റൊരു സംഭവം നടന്നിരുന്നു.അയല്‍പക്കത്തെ വളര്‍ത്തുനായ കുരച്ചതിന് തൊട്ടടുത്ത് താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ രോഷാകുലരായി .നായയെ അവര്‍ ചെരിപ്പുകൊണ്ട് എറിഞ്ഞു.അതിനെ ചോദ്യംചെയ്ത ഗൃഹനാഥനെ കൂട്ടംചേര്‍ന്ന് ആക്രമിച്ച് കൊന്നു..ഹൈക്കോടതി ഡ്രൈവറായ ടി.ബി.വിനോദിനെയാണ് തപാല്‍ജീവനക്കാരായ നാല് അന്യസംസ്ഥാനത്തൊഴിലാളികള്‍ചേര്‍ന്ന് സ്വന്തം വീട്ടുമുറ്റത്തിട്ട്   മര്‍ദ്ദിച്ചത്.ഏഴുദിവസം വെന്റിലേറ്ററില്‍ ,അതിനു പിറ്റേന്ന് ,കഴിഞ്ഞ  തിങ്കളാഴ്ചയാണ് അദ്ദേഹം മരിച്ചത്.കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണം  എന്ന് പൊലിസ് പറഞ്ഞു.  അദ്ദേഹത്തിന്റെ ശവസംസ്‌കാരം കഴിയുംമുമ്പാണ് ടിടിഇ കെ.വിനോദിന്റെ മരണം.അടുത്ത ദിവസം മറ്റൊരു ടിടിഇ -ക്കുനേരെ ആക്രമണം ഉണ്ടായി. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദിയില്‍  വാതില്‍പ്പടിയിലിരുന്ന് യാത്രചെയ്ത യാചകനെ അതു പറ്റില്ലെന്നു പറഞ്ഞതിനാണ് യാചകന്‍ മുഖമാകെ  മാന്തിക്കീറിയത്. യാത്രക്കാര്‍ക്കുമാത്രമല്ല ടിടിഇമാര്‍ക്കുപോലും സുരക്ഷ ഇല്ലാത്ത തീവണ്ടിയാത്ര.ടിടിഇമാരില്‍ നല്ലൊരു പങ്കും വനിതകളാണ് .അന്യസംസ്ഥാനത്തൊഴിലാളികള്‍  മിക്കപ്പോഴും കൂട്ടത്തോടെയാണ് നാട്ടിലേക്കും തിരിച്ചും  യാത്രചെയ്യുന്നത്. ടിടിഇ അവരോട് ടിക്കറ്റ് ചോദിച്ചെത്തുമ്പോള്‍ അക്രമോത്സുകരാവുന്നു.കാരണം അവരില്‍ നല്ലൊരു പങ്കിനും മിക്കപ്പോഴും ടിക്കറ്റുണ്ടാവുകയില്ല.പുരുഷ ടിടിഇ മാരോട് ഇത്തരം ക്രൂരതയാണെങ്കില്‍ വനിതാ ടിടിഇ മാരുടെ സ്ഥിതിയെന്താവും.ഭയന്നുപോകുന്ന അവര്‍ ടിക്കറ്റ് ചോദിക്കാനേ വരില്ലെന്ന സ്ഥിതി.ഫലം റെയില്‍വേയ്ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടുന്നു.ഒരു മലയാളി യാത്രക്കാരന്‍ ജനറല്‍ ടിക്കറ്റെടുത്ത് അബദ്ധവശാല്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പോയാല്‍ പല ടിടിഇമാരും അവരെ വിറപ്പിക്കുന്നതും തോന്നിയപോലെ ഫൈന്‍ ഈടാക്കുന്നതും കണ്ടിട്ടുണ്ട്.കുഞ്ഞുമക്കളുമായി കറിയ സ്ത്രീകളോടും വയോധികരോടുംപോലും നിഷ്‌ക്കരുണം മര്യാദകേട് കാണിക്കുന്ന ടിടിഇമാരുണ്ട്.പക്ഷേ ഈ വീരശൂരപരാക്രമികളാരുംതന്നെ അന്യസംസ്ഥാനത്തൊഴിലാളികളോട് ഇപ്പോള്‍ മൊടയെടുക്കാറില്ല.അത്രയ്ക്ക്  പേടിച്ചുകഴിഞ്ഞിരിക്കുന്നു.
അന്യസംസ്ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ അവരുടെ നാട്ടിലേക്ക് സഞ്ചരിക്കുന്ന ചില തീവണ്ടികളുണ്ട്.അതില്‍ കഷ്ടകാലത്തിന് നമ്മള്‍ നാട്ടുകാര്‍ കയറിപ്പോയാലത്തെ ഗതികേട് പറഞ്ഞറിയിക്കാനാവില്ല.റിസര്‍വ്വേഷന്‍ കോച്ചാണല്ലോ എന്നൊന്നും ചിന്തിക്കേണ്ട.ടോയ്‌ലറ്റിനുള്ളില്‍പ്പോലും   കുപ്പികള്‍ കുത്തിത്തിരുകിയ കാഴ്ചകള്‍.മുട്ടത്തോടും ലെയ്‌സ്‌കവറുകളും  നിറഞ്ഞ കംമ്പാര്‍ട്ടുമെന്റ്ുകള്‍.പാന്‍പരാഗിന്റെ നാറ്റം.യഥേഷ്ടം സിഗരറ്റ് വലി.ജോലിചെയ്ത് അരോഗദൃഗാത്രരായ അവരോട് കേറി തര്‍ക്കിനൊന്നും മലയാളിക്ക് ധൈര്യമില്ലെന്ന സ്ഥിതി.ആരാണിതിന് കൂച്ചുവിലങ്ങിടേണ്ടത്.റെയില്‍വേ തന്നെയാണ്.എത്ര പൊലീസുകാരെ  നിയമിച്ചാലാണ് തീവണ്ടികളിലെ ആക്രമണം ഒഴിവാക്കാന്‍ സാധിക്കുക.ടിക്കറ്റ് എക്‌സാമിന്‍മാര്കക്കൊപ്പം സദാ പൊലിസിന്റെ കാവല്‍ നല്‍കുകയെന്നത് പ്രാക്ടിക്കലല്ല.ഇനി ടിടിഇ മാര്‍ക്കും ഔദ്യോഗികമായി തോക്കുകൊടുക്കേണ്ട ഗതികേടിലാണ് ഭാരതം.
           
കേരളത്തില്‍ എത്ര ലക്ഷം അന്യസംസ്ഥാനത്തോഴിലാളികളുണ്ടെന്നോ അവരൊക്കെ എവിടെനിന്നാണ് ഒഴുകിയെത്തുന്നതെന്നോ ഇവിടെ ഒരു കണക്കുമില്ല.ആര്‍ക്കും വരാം,ആര്‍ക്കും പോകാം..ഒരു പേടിയുമില്ലാതെ അവര്‍ വിലസുന്ന കാഴ്ച.കൂട്ടംചേര്‍ന്ന് ആക്രമിക്കാനെത്തിയാല്‍ കേരളം തോറ്റുപോകയേയുള്ളൂ.ഇവരില്‍ ഭൂരിഭാഗവും ലഹരിയുടെ പിടിയിലാണ്.പട്ടിയെ എരിഞ്ഞതെന്തിനെന്നു ചോദിച്ചതിന്റെ  പേരില്‍ കഴുത്ത് ഞെരിച്ച് കൊല്ലുന്ന ക്രൂരത.ഇവിടെ മാറിമാറി തിരഞ്ഞെടുപ്പുകള്‍ നടത്തുന്നുണ്ട്.എവിടെയാണ് സുരക്ഷിതത്വം.ആരാണ് സാധാരണ ജനങ്ങള്‍ക്ക് നിര്‍ഭയം വസിക്കാനുള്ള അന്തരീക്ഷം ഒരുക്കേണ്ടത്..അത് ഭരണഘടനയിലൊക്കെ എഴുതിവച്ചിട്ടുണ്ട്. പക്ഷേ പൗരന്റെ അവകാശവും സുരക്ഷയും ഏട്ടിലെ പശുമാത്രമാണ്.. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍..

Join WhatsApp News
Sudhir Panikkaveetil 2024-04-09 16:42:32
കുറെ വർഷങ്ങൾ കഴിയുമ്പോൾ ഭൂമിയിൽ നിയമവും നീതിയും ഉണ്ടാകും. കുറ്റവാളികൾ ശിക്ഷിക്കപ്പെടും. അന്നത്തെ മനുഷ്യർ പറയും പണ്ട് പണ്ട് ഇവിടെ കുറ്റങ്ങൾ ഉണ്ടായാൽ ജനങ്ങൾ പത്രങ്ങളിലൂടെ കരയും അല്ലെങ്കിൽ അവർ ടി വി യിൽ കയറിയിരുന്നു ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ പറയും. കുറ്റവാളികൾ വിലസി നടക്കും. ഇപ്പോൾ കണ്ടോ ഏതോ ശക്തനായ ഒരു ഭരണാധികാരി വന്നപ്പോൾ മേല്പറഞ്ഞ ചപ്പടാച്ചികൾ ഒന്നുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക