Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 12 - സാംസി കൊടുമണ്‍) 

Published on 27 March, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 12 - സാംസി കൊടുമണ്‍) 

അമേരിക്കയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍

ബ്രിട്ടീഷ് കോളനികളായിരുന്നവര്‍ ബ്രിട്ടനില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടു നടത്തിയ സമരങ്ങളെ ആണ് അമേരിക്കന്‍ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ എന്നു വിളിക്കുന്നത്. ബ്രിട്ടന്റെ പതിമൂന്നു കോളനികള്‍ ചേര്‍ന്ന് യുണേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയായപ്പോള്‍, ക്രമേണ ഒരു സ്വതന്ത്ര രാഷ്ട്രം എന്ന ആശയം അതില്‍ മുളയ്ക്കുന്നുതാരും തിരിച്ചറിഞ്ഞിരുന്നില്ല. ആയിരത്തി എഴുനൂറ്റി എഴുപത്തിയാറ് (1776) ജൂലൈ നാലിന് അമേരിക്ക ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു.വികാരങ്ങളൊന്നും ഇല്ലാതെ ഏകദേശം ഇരുനൂറ്റിമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു ചരിത്ര സംഭവത്തെക്കുറിച്ച്, തിരക്കുള്ള നിരത്തില്‍ക്കൂടി അതിവേഗത്തില്‍ ഓടുന്ന ഒരു കാറില്‍ ഇരുന്നു ചിന്തിക്കുന്ന സാമിനെ നോക്കി അങ്കിള്‍ ടോം ചിരിച്ചു. അപ്പോള്‍ മാത്രമേ അങ്കിള്‍ ടോം റീനക്കൊപ്പം പോകാതെ തനിക്കൊപ്പം കൂടിയിട്ടുണ്ടെന്നു സാം തിരിച്ചറിഞ്ഞുള്ളു.

‘സാം നീ വിചാരിക്കുന്നപോലെ ഇതത്ര എളുപ്പത്തില്‍ നടന്ന ഒരു കഥയല്ല, ഇതില്‍ രക്തത്തിന്റെ നിലവിളികള്‍ ഉണ്ട്. അതിനെ ത്യാഗം എന്നാണു നമ്മള്‍വിളിക്കുന്നത്. ബലിദാനം.... രാജ്യത്തിനുവേണ്ടിയുള്ള ബലിദാനം...! അനേകായിരങ്ങള്‍ മരിച്ചു. എല്ലാ സമരങ്ങളും ആരംഭിക്കുന്നത് ചില ശരികേടുകളില്‍ നിന്നുമാണ്. നീതിമാന്മാരുടെ മനസില്‍ ആ ശരികേടുകള്‍ തിരമാലകള്‍ മാതിരി വളരുമ്പോള്‍ അത് അടുത്തുള്ളവരിലേക്കിറങ്ങും. ആ പ്രളയത്തില്‍ ആകാതെയിരിക്കാന്‍ ചെറുത്തു നില്‍ക്കുവന്നര്‍ അവരവരുടെ ന്യായങ്ങള്‍ കണ്ടെത്തും. നമുക്ക് ജീവിച്ചാല്‍ പോരെ, നമ്മുടെ അന്നം മുട്ടുന്നില്ലല്ലോ..., നമ്മുടെ സുഖവും സന്തോഷം നഷ്ടപ്പെടുന്നോ.... പിന്നെ എന്തേ....? അങ്ങനെ അവര്‍ ന്യായികരണങ്ങള്‍ പലതും കണ്ടെത്തും. പക്ഷേ മറ്റേക്കൂട്ടര്‍, അപ്പത്തിനുവേണ്ടി മാത്രമല്ലാതെ ജീവിക്കുന്നവര്‍ – അനീതിക്കെതിരെ എന്നും അവരുടെ ഉള്ളില്‍ വാളുകള്‍ രൂപപ്പെടുന്നു. അതു വിപ്ലവമായോ, കലാപമായോ പുറത്തുവരും.

ആയിരത്തി എഴുനൂറ്റി എഴുപത്തി മൂന്നില്‍ (1773) ബോസ്റ്റന്‍ തുറമുഖത്തെ കലാപത്തിനു കാരണം ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ തേയില കരം മാത്രമായിരുന്നുവോ...? അതൊരു കാരണമായി എന്നു മാത്രം. അതിനു മുമ്പുതന്നെ ഇവിടെയുള്ള പ്രമാണിമാരും, ദേശസ്‌നേഹികളും ബ്രിട്ടനില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നു. ബ്രിട്ടന്‍ ഒരിക്കലും കോളനികളുമായി ഒന്നും ആലോചിക്കാതെയായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത് എന്നതൊരു കല്ലുകടിയായി. ബ്രിട്ടന്‍ പലരാജ്യങ്ങളിലെ കോളനി ഭരണത്തിന്റെ ഭാരാം താങ്ങാന്‍ വയ്യാതെ സാമ്പത്തികമായി നട്ടം തിരിയുന്ന കാലത്താണ്, ഫ്രെഞ്ചുകാരുടെ ആക്രമണത്തില്‍ നിന്നും, നേറ്റീവ് ഇന്ത്ര്യന്‍സിന്റെ മിന്നലാക്രമണത്തില്‍ നിന്നും, ബ്രിട്ടിഷ് പൗരന്മാരെ സംരക്ഷിക്കാനായി ബ്രിട്ടീഷ് ആര്‍മിയെ ഇവിടെ ഇറക്കിയത്. അതിനുള്ള ചിലവുകള്‍ കണ്ടെത്താനാണ് പുതിയ ചുങ്കം ചുമത്തിയതെന്ന ന്യായികരണം ഇവിടെയുള്ള നേതാക്കന്മാര്‍ക്കൊട്ടും മനസിലായില്ല. അതിനെതിരെ അവര്‍ ശബ്ദിച്ചു. ആ ശബ്ദം മുഴങ്ങിക്കേട്ടു. എല്ലാ കോളനികളും ഈസ്റ്റിന്ത്യാ കമ്പിനിയോട് തേയില വാങ്ങുന്നതു നിരോധിച്ചു എങ്കിലും, മാസാച്ചുസെറ്റില്‍ തേയില ഇറക്കാന്‍ ബ്രിട്ടന്റെ സുഹൃത്തായ ഗവര്‍ണര്‍ അനുവാദം കൊടുത്തു. ബോസ്റ്റന്‍ തുറമുഖത്തു വന്ന കപ്പലിനെ എതിരേറ്റത്, എല്ലാ കോളനികളില്‍ നിന്നും വന്ന ദേശസ്‌നേഹികളും, തുറമുഖത്തൊഴിലാളികളും ആയിരുന്നു.

'നോ ടാക്‌സേഷന്‍ വിത്തൗട്ട് റെപ്രസന്റേഷന്‍' എന്ന മുദ്രാവക്യം ബ്രിട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുന്നൂറ്റി നാല്പത്തിരണ്ട് ബാരല്‍ ചായപ്പൊടി ബോസ്റ്റന്‍ തുറമുഖത്തെ ഓളങ്ങളില്‍ മുക്കി, അതിനെ ‘ബോസ്റ്റന്‍ ടീ പാര്‍ട്ടി’ എന്നവര്‍ വിളിച്ചു. ലോകത്ത് എല്ലായിടവും തൊഴിലാളികളുടെ അവകാശദിനമായി ആചരിക്കുന്ന മെയ് ദിനത്തിന്റെ ആരംഭവും ഈ സംഭവവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നു നീ ചരിത്രത്തില്‍ പഠിച്ചിട്ടുണ്ടാകും. ഇവിടെ ഡിസംബര്‍ പതിനാറിനാണതു നടന്നതെന്നാണു രേഖയില്‍. അതു തെറ്റാകാന്‍ വഴിയില്ല. പക്ഷേ അന്നു നടന്ന ഒരു ചതി നീ ശ്രദ്ധിച്ചോ എന്തോ...? ആ കലാപത്തില്‍ പങ്കെടുത്തവരൊക്കെ വേഷപ്രച്ഛന്നരായിരുന്നു. നാട്ടുകാരായ ഇന്ത്യന്‍സിന്റെ പരമ്പരാഗതമായ വേഷഭൂഷാതികളില്‍, ഒളിഞ്ഞിരുന്നവരുടെ ഉദ്ദേശ്യം, ബ്രിട്ടന്റെ കോപം നിരുപദ്രവകാരികളായ ഇന്ത്യന്‍സിനു നേരെ തിര്‍ച്ചുവിട്ട്, സ്വയം സുരക്ഷിതരാകാം എന്നുള്ളതായിരുന്നു. ഇന്ത്യന്‍സ് അതിന്റെ പേരില്‍ ഒത്തിരി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു എങ്കിലും സത്യം പുറത്തു വരാതിരിക്കില്ലല്ലോ...?

ആരായിരുന്നു ശരിക്കുമുള്ള നേതാവ് എന്ന ചോദ്യത്തിന് കാലം കുറേ ഏറെ പേരുടെ പേരുകള്‍ പറയും എങ്കിലും, സാമുവല്‍ ആഡത്തിന്റെ നേതൃത്വത്തില്‍ അറുപതു പേരടങ്ങുന്ന ഒളിപ്പോരാളികളായിരുന്നു മുന്നില്‍. അവരെ ‘സണ്‍സ് ഓഫ് ലിബര്‍ട്ടി’ എന്നാണറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിന്റെ പോരാളികള്‍ നേടിയ വിജയം സ്വതന്ത്ര അമേരിക്ക എന്ന ചിന്തയുടെ ആഴം കൂട്ടി. പതിമൂന്നു കോളനികളില്‍ ജോര്‍ജ്ജിയ ഒഴിച്ചുള്ളവര്‍ ഫിലഡല്ഫയിലുള്ള കാര്‍പ്പന്റര്‍ ഹാളില്‍ അവരുടെ ആദ്യത്തെ കോന്റിനെന്റല്‍ കോണ്‍ഗ്രസ് കൂടി. അഭിപ്രായ ഭിന്നതയിലും സ്വാതന്ത്ര്യം എന്ന ബോധത്തില്‍ അവര്‍ ഒന്നായി, നയപ്രഖ്യാപന രേഖയില്‍ അവരുടെ ആവശ്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. അങ്ങനെ ‘ബോസ്റ്റന്‍ ടീ പാര്‍ട്ടി’ വിപ്ലവത്തിന്റെ തുടക്കമായി അംഗീകരിച്ചു.

ബോസ്റ്റന്‍ കൂട്ടക്കുരുതി എന്നറിയപ്പെടുന്ന സംഭവത്തില്‍ മരിച്ച അഞ്ചുപേരില്‍ ഒരാള്‍ ഒരാഫ്രിക്കന്‍ സ്ലേവായിരുന്നു എന്നു രേഖപ്പെടുത്താന്‍ ചരിത്രകാരന്മാര്‍ എന്തിനു മടിച്ചു. ബോസ്റ്റന്‍ കൂട്ടക്കുരുതിയും, പിന്നെ നടന്ന ബോസ്റ്റന്‍ ടി പാര്‍ട്ടിയുമൊക്കെ അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വരുമ്പോള്‍ ഒരു നീഗ്രോ അതില്‍ രക്തസാക്ഷി ആയി എന്നു പറഞ്ഞാല്‍, അമേരിക്കന്‍ സ്വാതന്ത്ര്യം നീഗോയുടേതുകൂടി ആകില്ലെ എന്ന സന്ദേഹമായിരിക്കാം. എന്നിരുന്നാലും ചരിത്രത്തില്‍ ആദ്യം രക്തസാക്ഷിയായവരുടെ കൂട്ടത്തില്‍ ക്രിസ്റ്റഫര്‍ അറ്റൂക്കസിനെ വിട്ടുകളഞ്ഞില്ലെങ്കിലും, അയാള്‍ ഒരാഫ്രിക്കന്‍ നീഗ്രോയിക്ക്, നേറ്റീവ് അമേരിക്കന്‍ സ്ത്രീയില്‍ ജനിച്ചവന്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. വംശത്തില്‍ അല്പം കലര്‍പ്പിരുന്നോട്ടെ എന്നു കരുതിയിട്ടോ,സത്യം അതായിട്ടോ...? നമുക്ക് ചോദ്യങ്ങള്‍ ചോദിക്കാം എന്നല്ലേ ഉള്ളു. ഉത്തരം തരേണ്ട കാലം ഇനി തിരിച്ചു വരില്ലല്ലോ.... എന്തായാലും ഞാന്‍ സ്വയം ചോദിക്കുന്ന ഒരു ചോദ്യം ക്രിസ്്റ്റഫറിന്റെ അപ്പന്‍ ഒരടിമായയിരിക്കെ പുറത്തുപോയി ഇങ്ങനെ ഒരു ബന്ധം സ്ഥാപിച്ചിരുന്നുവോ...അല്ലെങ്കില്‍ അടിമകളുടെ കൂട്ടത്തില്‍ നേറ്റിവ് ഇന്ത്യന്‍സും ഉണ്ടായിരുന്നുവോ...? ഉത്തരം എന്തായിരുന്നാലും ക്രിസ്റ്റഫര്‍ ഒളിച്ചോടിയ ഒരടിമയായിരുന്നു. തണ്ടും തടിയുമുള്ള ആറടിയിലധികം പൊക്കമുള്ള, ആരും കണ്ടാല്‍ ഉള്ളൊന്നു കാളുന്ന തീഷ്ണമായ കണ്ണുകളോടു കൂടിയവന്‍ ഒരു സ്വാതന്ത്ര്യ സമരപോരാളിയും, ആദ്യത്തെ നീഗ്രോ രക്തസാക്ഷിയുമാണ്. ചരിത്രത്തില്‍ അങ്ങനെ രേഖപ്പെടുത്തി കാണാനാണെനിക്കാഗ്രഹം. സാമിനെന്നോടു വിയോജിക്കാം. കാരണം നിങ്ങളുടെ കണ്ണിലെ ചരിത്രം മറ്റൊന്നാണല്ലോ..

ബോസ്റ്റന്‍ കൂട്ടക്കൊല എന്നു വിളിക്കുന്ന വെടിവെപ്പ് എന്തിനു പറയുന്നു എന്നു ചോദിച്ചാല്‍, അതും അമേരിക്കന്‍ റെവലൂഷ്യന് ആക്കം കൂട്ടിയ വഴിമരുന്നായിരുന്നു എന്നു സുചിപ്പിക്കാനാണ്. ഒരു സംഭവവും പെട്ടെന്നു പെട്ടിമുളക്കുന്നതല്ല. എവിടെയെങ്കിലും, വേരില്‍ നിന്നും തണ്ടിലേക്കും, പിന്നെ ഇലകളിലേക്കും വളരുന്ന ഒരു ചെടിപോലെയാണ് വിപ്ലവും. ചിലതെല്ലാം അനുകൂല സാഹചര്യമില്ലാതെ ഉണങ്ങിപ്പോകും, മറ്റുചിലതെല്ലാം അനുകുല കാലം വരെ മണ്ണില്‍ മരിക്കാതെ കിടക്കും. ബോസ്റ്റന്‍ കൂട്ടക്കൊല എട്ട് ബ്രിട്ടിഷ് പട്ടാളക്കാര്‍, തങ്ങള്‍ക്കു ചുറ്റും കൂടിയവര്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കും എന്ന ഭയത്താല്‍വെച്ച വെടിയില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയാണ്. പിന്നിട് നടന്ന ബോസ്റ്റന്‍ തുറമുഖത്തെ ടി പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍, കൂട്ടക്കൊലയുക്കുള്ള പ്രതികാരം വീട്ടിയതായിരിക്കാം. എന്തായാലും ഒന്ന് മറ്റൊന്നിലേക്ക് നയിച്ചു. കോളനികള്‍ക്ക് സ്വന്തം നിയമപാലകര്‍ എന്ന ആശയം ഊരിത്തിരിഞ്ഞത് അങ്ങനെ ആയിരുന്നുവോ എന്തോ. അങ്ങനെ ഒന്നു രൂപീകരിക്കാന്‍ എഴുപ്പമായിരുന്നു. എല്ലാ പ്ലാന്റര്‍മാര്‍ക്കും സ്വന്തമായി അംഗരക്ഷകരും, ഗുണ്ടകളും ഉണ്ടായിരുന്നു. റവലൂഷന്റെ തലപ്പത്ത് ഉണ്ടായിരുന്നതത്രയും മുതലാളിമാര്‍ ആയിരുന്നു. ബ്രിട്ടന്‍ ചുമത്തുന്ന നികുതി അത്രയും അവരെ ബാധിച്ചിരുന്നു.

ഒരോ കോളനികളും സ്വയം സംരക്ഷക സേനക്ക് രൂപം കൊടുത്തു. ‘മലീഷ്യ’ എന്നു പേരില്‍ വിളിക്കപ്പെട്ടവരെ, പോലീസ് സേന എന്നു പറയാന്‍ പറ്റില്ലെങ്കിലും അതിന്റെ ആദ്യരൂപം എന്നു വിളിക്കാം. ഒരോ പുരോഗതികളും ആദ്യ ആശയത്തില്‍ നിന്നുമുള്ള വളര്‍ച്ചയാണല്ലോ. ബ്രിട്ടനില്‍ നിന്നും നീതി കിട്ടില്ല എന്നു മനസിലാക്കിയവര്‍ കോളനികളുടെ സ്വന്തം ആര്‍മിക്ക് രൂപം നല്‍കി. അതില്‍ മെലീഷ്യക്കാരും ഉള്‍പ്പെട്ടു. ആരായിരുന്നു അവരുടെ നേതാവ്. എന്തായാലും പണക്കാരായ പ്ലാന്റേഷന്‍ മുതലാളിമാരുടെ കൂട്ടാഴ്മ ആയിരിക്കും. രാജ്യസ്‌നേഹികളുടെ സേന എന്നു പേരിട്ട സേനയാണ് അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തില്‍ യുദ്ധം ചെയ്തവര്‍.

ഫിലഡല്‍ഫയില്‍ കൂടിയ 'ആലോചനായോഗത്തില്‍ അമേരിക്ക ഒരു സ്വതന്ത്ര രാഷ്ട്രമകണമെന്ന് അഭിപ്രായപ്പെട്ടവര്‍ ആരെല്ലാമായിരിക്കും. തീര്‍ച്ചയായും വെര്‍ജ്ജീനിയയില്‍ നിന്നുമൂള്ള ജോര്‍ജ്ജ് വാഷിങ്ങ്ടണ്‍, മാസാചുസെറ്റ്‌സില്‍ നിന്നുള്ള ജോണും, സാമുവല്‍ ആഡംസും, വെര്‍ജീനിയയില്‍ നിന്നു തന്നെയുള്ള പാട്രിക്‌സ് ഹെന്റ്രിയും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോണ്‍ ജേയും ഉള്ളതായി രേഖയില്‍ എവിടെയോ ഉണ്ട്.ആ യോഗത്തില്‍ ആയിരുന്നുവോ പേട്രിയോര്‍ട്ടിക്ക് ആര്‍മി രൂപികരിക്കാനും, ജോര്‍ജ്ജ് വാഷിംഗ്ടനെ കമാന്ററായി തിരഞ്ഞെടുക്കാനും തീരുമാനിച്ചെതെന്ന് ചോദിച്ചാല്‍ ക്രിത്യമായി എനിക്കറിയില്ല.നമുക്ക് ചരിത്രം അങ്ങനെ വായിച്ചാലും അതില്‍ വലിയ വസ്തുതാപരമായ അപാകതകള്‍ ഉണ്ടാകില്ല. കാരണം ഇവരെല്ലാം ഈ പോരാട്ട മുന്നണിയില്‍ ഉണ്ടായിരുന്നു. ജോര്‍ജ്ജ് വാഷിംഗ്ടന്‍ തന്നെയായിരുന്നു ആര്‍മി കമാന്റര്‍ അല്ലെങ്കില്‍ ജനറല്‍. യുദ്ധത്തിലുള്ള വാഷിംഗ്ടന്റെ മുന്‍ പരിചയം തന്നെയായിരുന്നു ആ തിരഞ്ഞെടുപ്പിനു കാരണം. ബ്രിട്ടിഷ് ആര്‍മിയില്‍ യുദ്ധവീര്യം തെളീച്ച ആ ചെറുപ്പക്കാരന്റെ ഉള്ളിലെ പുത്തന്‍ ആശയങ്ങളും, അഭിലാഷങ്ങളും മറ്റുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടന്റെ പുതിയ നികുതി നിയമങ്ങളിലെ അതൃപ്തിയാല്‍ സ്വയം രാജിവെച്ചൊഴിഞ്ഞ വാഷിംഗ്ടന് പുതിയ ജനറല്‍ പദവിഒരു രാജ്യത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടിയുള്ള നിയോഗം ആയിരുന്നു.

ഏട്ടുവര്‍ഷവും, നാലുമാസവും, രണ്ടാഴ്ചയും, ഒരു ദിവസവും എന്നു ക്രിത്യമായ കണക്കു പറയാവുന്ന ഈ യുദ്ധം ഒരു ചെറിയ യുദ്ധം ആയിരുന്നില്ല. ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ബലികൊടുത്ത് നേടിയ യുദ്ധം ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ച്, ഏപ്രില്‍ പത്തൊമ്പതിനു (1775) മാസ്സചുസെറ്റിലെ ലെക്‌സിന്റനിലും, കൊണ്‍കോടിലുമായി ആരംഭിച്ചു എന്നു ചരിത്രം പറയുന്നു.യുദ്ധങ്ങളുടെ യുദ്ധം എന്നു പറയുന്ന വെര്‍ജീനിയലിലെ യോര്‍ക്കു പട്ടണത്തില്‍ ആയിരത്തി എഴുനൂറ്റി എണപത്തി ഒന്നില്‍ (1781) നടന്ന യുദ്ധത്തിലെ ബ്രിട്ടന്റെ പരാജയത്തോട് യുദ്ധം അമേരിക്ക ജയിച്ചു, എന്നിരുന്നാലും ആയിരത്തി എഴുനൂറ്റി എണ്‍പത്തി മൂന്ന് സെപ്റ്റമ്പര്‍ മൂന്നുവരെ യുദ്ധം നീണ്ടു. (1783)

ആരായിരുന്നു വാഷിംഗ്ടന്‍. അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ്. അതു തന്നെചരിത്രത്തിലെ ഒരു വലിയ ചൂണ്ടുപലകയാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാതിപത്യ രാഷ്ട്രത്തിന്റെ പിതാവ് എന്ന പദവി ചരിത്രത്തില്‍ നിന്നും നീക്കിക്കളയാന്‍ പറ്റുമോ. ഇന്നത്തെ രാഷ്ട്രിയ സാഹചര്യത്തില്‍ ഈ രാജ്യം ഒരു ഏകാധിപതിയുടെ ഭരണത്തിന്‍ ആയാലും അത്ഭുതപ്പെടെണ്ടി വരില്ല. കാരണം ജനം അത്രമാത്രം ജനാധിപത്യത്തില്‍ നിന്നും അകന്നിരിക്കുന്നു. ഒരിക്കല്‍ അടിമത്വവും, വര്‍ണ്ണവിവേചനവും ആയിരുന്നു ഈ നാടിന്റെ മേലുള്ള കളങ്കം. അതിനെ അവര്‍ പണവും അധികാരവും ഉപയോഗിച്ച് വെള്ളപൂശി ലോകരാഷ്ട്രങ്ങള്‍ക്കു മേലെ ജനാധിപത്യത്തിന്റെ മേന്മകളെ വിളമ്പിയപ്പോഴും, അകം അഗ്നിപര്‍വ്വതം പോലെ നീറുന്നുണ്ടായിരുന്നു. കഴിഞ്ഞ നാനൂറു വര്‍ഷമായുള്ള നീറ്റല്‍... അത് ജോര്‍ജ്ജ് വാഷിംഗന്റന്‍ തിരിച്ചറിഞ്ഞിരുന്നുവോ... ഇതുപോലൊരു ദിവസം വരുമെന്നറിഞ്ഞിരുന്നുവോ...? ഇല്ല ഇതെല്ലാം കാലത്തിന്റെ ഗര്‍ഭത്തിലായിരുന്നു. ഇതിനു മുമ്പും കഴുത്തില്‍ മുട്ടുകേറ്റി പ്രാണവായു കിട്ടാതെ മരിച്ച അനേകം നീഗ്രോകളുടെ നിലവിളി ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. ചരിത്രത്തില്‍ ഇല്ലാത്ത അനേകം പോരാട്ടങ്ങളുടെ കഥകള്‍ നിങ്ങളോടു പറയാന്‍ എന്റെ ഓര്‍മ്മകള്‍ക്ക് കഴിയുന്നില്ലെങ്കിലും, സ്വയം കണ്ടെത്താനുള്ള ചരിത്രത്തിന്റെ ചില തുരുത്തുകള്‍ തുറന്നു തരാനെ എനിക്കു കഴിയു. വേണമെങ്കില്‍ നിങ്ങള്‍ അതില്‍ കൂടി കോണിവെച്ച് മുകളിലേക്ക് കയറാം. അല്ലെങ്കില്‍ നിങ്ങളുടെ സ്വസ്ഥതയില്‍ നിങ്ങള്‍ക്ക് കിട്ടിയ എല്ലില്‍ കഷണവും കടിച്ച് നിങ്ങള്‍ക്കൊരിണയെകിട്ടിയിട്ടുണ്ടെങ്കില്‍ അവരുടെ ചൂടും പറ്റി ഉറങ്ങാം. ഞങ്ങളുടെ കാലത്ത് ഒരിണയെ സ്വന്തമാക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍.

(

ഇതു പറയുമ്പോള്‍ ക്യുന്‍സിതോട്ടത്തിലെ ഒരു കൊടും ക്രൂരതയെക്കുറിച്ചുള്ള കേട്ടറുവ് ഞാന്‍ പറയാതിരിക്കുന്നതെങ്ങനെ. അതില്‍ മുഴുവന്‍ അടിമവംശത്തിന്റെയും തയിലെഴുത്തുണ്ട്. തോട്ടത്തിന്റെ നടുവിലായിട്ടുണ്ടായിരുന്ന ഒരു തൊഴുത്ത്. ഞാന്‍ അതിനെക്കുറിച്ച് പറയാമോ...? പറയണം സൂട്ടും കോട്ടും ഇട്ടവന്റെ മാനവികതയെക്കുറിച്ച് എങ്ങനെ പറയാതിരിക്കും. അവിടെ പാര്‍പ്പിച്ചിരുന്നവനില്‍ നിന്നും അടിമവംശത്തിന്റെ അനേകം ശാഖകള്‍ മുളപൊട്ടിയിട്ടുണ്ട്. കറുത്തവരിലെ ഏറ്റവും ആരോഗ്യമുള്ള ഒരാണിനെ അവിടെ പോറ്റുന്നു. അവന് ആവശ്യത്തിന് ആഹാരം കൊടുക്കും. അവന്റെ കയ്യും കാലും രണ്ടു കൊളുത്തുകളില്‍ ബന്ധിച്ചിരിക്കും. അവനു തോട്ടത്തില്‍ പണിയണ്ട. പകരം അവന്റെ തൊഴുത്തിലേക്ക് തോട്ടത്തിലെ സ്ത്രീകളെ ഒരൊരുത്തരായി കൊണ്ടാക്കുന്നു. പലപ്പോഴും കഴ്ച്ചക്കാരായി മുതലാളിമാര്‍തന്നെ കാണുമായിരുന്നു. കൂടുതല്‍ അടിമക്കുട്ടികളെ ജനിപ്പിക്കാനുള്ള വഴി. ലോകത്തെവിടെയെങ്കിലും അങ്ങനെയൊന്നുണ്ടായിരുന്നുവോ...? പിന്നീടുണ്ടായ വേശ്യാലയങ്ങളുടെ തുടക്കം അങ്ങനെ ആയിരിക്കും.)

ജനാധിപത്യം നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരാശയമാണ്. എന്നും പുത്തന്‍ ആശയങ്ങളും ആവശ്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ഏകദേശം ഇരുനൂറ്റമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍, അടിമകള്‍ക്കും സ്വാതന്ത്ര്യത്തിനവകാശമുണ്ടന്ന് ഭൂരിപക്ഷവും ചിന്തിച്ചില്ല എന്നു മാത്രമല്ല, കൂടുതല്‍ അടിമകളെ സ്വന്തമാക്കനുള്ള നൊട്ടോട്ടത്തില്‍ ആയിരുന്നു. അതുകൊണ്ടു തന്നെ ഏകദേശം മുന്നൂറടിമകളുടെ ഉടമ ജോര്‍ജ്ജ് വാഷിംഗ്ടന്‍ ആദ്യത്തെ പ്രസിഡന്റാകുന്നതില്‍ ആര്‍ക്കും അപാകതകള്‍ ഒന്നും തോന്നിയില്ല. അന്നത്തെ നേതാക്കളില്‍ സ്വന്തമായി അടിമകള്‍ ഇല്ലാത്തവരായി ആരും ഉണ്ടായിരുന്നില്ല എന്നു വേണം പറയാന്‍. അടിമ വ്യവസ്ഥ അത്രമാത്രം സാര്‍വത്രികാമായ ഒരു കാലത്തെക്കുറിച്ചാണു നമ്മള്‍ പറയുന്നത്. എന്നാല്‍ ചില മിഷനറിമാരുടെ സുവിശേഷങ്ങളില്‍ നീതി നിഷേധിക്കപ്പെട്ടവന്റെ വിലാപകാവ്യങ്ങളും ഉണ്ടായിരുന്നു. ദൈവത്തിന്റെ വചനം വെള്ളത്തില്‍ പരിവര്‍ത്തിച്ചപോലെ, പാസ്റ്ററിന്റെ വചനങ്ങള്‍ കാലത്തിന്റെ ആത്മാവിലേക്ക് കടക്കാന്‍ ഇനിയും കാലം ഏറെ വെണ്ടിവരും എങ്കിലും, ചില ആത്മാവുകളില്‍ അതു പരിവര്‍ത്തിക്ക തന്നെ ചെയ്തു. അങ്ങനെയുള്ളവര്‍ കറുത്തവന്റെനിറത്തിനുള്ളിലെ ആത്മാവിനെ കണ്ടെത്താന്‍ ഒപ്പം നിന്നു.

ജോര്‍ജ്ജ് വാഷിംഗ്ടനിലും ആ നല്ലപുസ്തകത്തിലെ സുവിശേഷത്തിന്റെ അലകള്‍ ചെറു പരിവര്‍ത്തനത്തിങ്ങള്‍ വരുത്തിയോ എന്തോ? നല്ല ഒരു കൃഷിക്കാരനായിരുന്ന ജോര്‍ജ്ജിന് പതിനൊന്നു വയസ്സായപ്പോഴെ സ്വന്തമായി അടിമകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ എണ്ണായിരം ഏക്കറും, മുന്നൂറ് അടിമകളും സ്വന്തമായി ഉണ്ടായി, ഒരു യുദ്ധം നയിച്ച്, രാഷ്ട്രപിതാവെന്ന ബഹുമതിയിലും, ഒന്നാം പ്രസിഡേന്റെന്ന പദവിയിലും, അടിമകളെ ഒപ്പം കൂട്ടിയിരുനു. അവരോടു കരുണയും അനുകമ്പയും ഉള്ളവനായിരുന്നു എന്നു പറയപ്പെടുന്നു. ഒരുപക്ഷേ അതു നേരായിരുന്നിരിക്കാം. അല്ലെങ്കില്‍ രാഷ്ട്രപിതാവിനോടുള്ള ചരിത്രത്തിന്റെ ഔദാര്യം. അതെന്തായാലും, മൗണ്ട് വെര്‍നോനിലെ അടിമകള്‍ ക്രയവിക്രയച്ചരക്കുകള്‍ ആയിരുന്നില്ല എന്നു പറയാനുള്ള ചരിത്രം അവശേഷിക്കുന്നു.

സ്വന്തം പ്ലന്റേഷനുകളില്‍ നിന്നും അകലങ്ങളില്‍ പാര്‍ക്കുമ്പോഴും അവിടുത്ത് വിവരങ്ങളുടെ നിജസ്ഥിതി കണക്കന്മാര്‍ കാലാകാളങ്ങളില്‍ വാഷിംഗടനില്‍ എത്തിച്ചിരുന്നു. അങ്ങനെയുള്ള ചില രേഖകളുടെ പിന്‍ബലത്തിലാണ് ചരിത്രകാരന്മാരുടെ കണ്ടെത്തലുകളെ ആധികാരികം എന്നു വിലയിരുത്തുന്നത്. സാം... എന്താ താങ്കളുടെ ചുണ്ടില്‍ ഒരു പുശ്ചരസത്തിന്റെ ചിരി ഒളിഞ്ഞിരിക്കുന്നത്. ഞാനും ചരിത്രത്തെ വെള്ളപൂശുന്നവരുടെ കൂട്ടത്തിലോ എന്നാണോ....? അങ്കിള്‍ ടോം സാമിനെ നോക്കി സന്ദേഹിച്ചു. സാമപ്പോള്‍ ജാക്കി റോബിന്‍സണ്‍ ഹൈവേയുടെ വളവുകളില്‍ ശ്രദ്ധയോടെ കാറിന്റെ വളയത്തില്‍ തിരിച്ച് മെല്ലെ ഇടവും വലവും ഉള്ള വെളുത്ത വരകള്‍ക്കുള്ളില്‍ തന്റെകാറിനെ അനുസരണ പഠിപ്പിക്കുകയായിരുന്നു. അങ്കിള്‍ ടോം കഥ കേള്‍ക്കുന്നവന്റെ മാനസിക വ്യാപാരത്തെ മറന്ന് ആര്‍ക്കുവേണ്ടിയോ കഥ പറയുന്നവനെപ്പോലെ ഒരു ഭാവം കൈക്കൊണ്ടു.

അങ്കിള്‍ ടോം, അങ്ങു പറയുന്ന കാര്യങ്ങളിലെ ചരിത്രപരമായ അംശത്തെ അവശ്വസിക്കുന്നതുകൊണ്ടല്ല എന്നിലെ നിസംഗത. അത്രവലിയ മനുഷ്യ സ്‌നേഹിയായിരുന്നു വാഷിംഗ്ടന്‍ എങ്കില്‍ അമേരിക്കന്‍ സ്വാതന്ത്ര്യത്തിനൊപ്പം എന്തുകൊണ്ട് അടിമകളുടെ സ്വാതന്ത്രത്തെക്കുറിച്ച് ചിന്തിച്ചില്ല.

സാമിന്റെ ചോദ്യത്തില്‍ പ്രചോദിനായ അങ്കിള്‍ ടോം ഒന്നു നിവര്‍ന്നിരുന്നു. താന്‍ അവഗണിക്കപ്പെടുന്നില്ല എന്ന ചിന്തയില്‍ തന്റെ ജോര്‍ജ്ജ് വാഷിംഗ്ടനെക്കുറിച്ചുള്ള കേട്ടറിവുകളിലേക്കു കടന്നു.

സാം ചോദിച്ച ചോദ്യം ഇതിനുമുമ്പ് പലരും ചോദിച്ചിട്ടുള്ളതാണ്. അതിനുള്ള ഉത്തരം ആ കാലത്തെ പൊതുസമൂഹം അതിനു തയ്യാറായിരുന്നില്ല എന്നതു തന്നെ. അമേരിക്കയുടെ പൊതു സ്വഭാവമാണത്. സ്വന്തം കാര്യ ലാഭത്തിനായി മറ്റവന്റെ വേദനയെ മറക്കുന്ന ജനം. ഒരു കയ്യില്‍ അവര്‍ പുകഴ്ത്തിപ്പാടുന്ന നല്ലപുസ്തകവും, മറുകയ്യില്‍ തോക്കും അവര്‍ കരുതുന്നു. സ്വന്തം സുഖത്തിനു വീഴ്ച്ച വരുന്നതൊന്നും അവര്‍ സമ്മതിക്കില്ല. അതാണമേരിക്കന്‍ രാഷ്ട്രിയത്തിന്റെ കാതല്‍.

‘ഡിക്ലറെഷന്‍ ഓഫ് ഇന്‍ഡിപെന്റന്‍സിനു’ ശേഷം കുടെയുണ്ടായിരുന്നവരുമായി ഈ വിഷയം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും എന്നുതന്നെ ഞാന്‍ കരുതുന്നു. പക്ഷേ അമേരിക്കന്‍ പൊതുസമൂഹം ഇന്നത്തെപ്പോലെ അന്നും അടിമയുടെ അദ്ധ്വാനത്തില്‍ സ്വന്തം സാമ്രാജ്യം പണിതവരാണ്. അടിമയുടെ കൈവേലയാണ് ഈ രാജ്യത്തിന്റെ സമ്പത്തിന്റെ അടിത്തറ. അതു സമ്മതിച്ചു കൊടുക്കാനോ, നഷ്ടപ്പെടുത്താനോ അന്നും ഇന്നും അവര്‍ തയ്യാറല്ല. ഇവിടുത്തെ അടിസ്ഥാന പ്രശ്‌നവും അതുതന്നെയാണ്. പ്രത്യേകിച്ചും സതേണ്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന കണസര്‍വേറ്റിവ് ചിന്താഗതിക്കാര്‍. അവരില്‍ മാനുഷ്വിക ഗുണങ്ങള്‍ കുറവാണന്നു ഞാന്‍ പറയും. അതെന്റെ നിരീക്ഷണം മാത്രമാണ്. അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. സ്വന്തം ലാഭത്തിനുവേണ്ടി ആരേയും കൊല്ലാന്‍ മടിക്കാത്ത ഒരു ജനത, അതിജീവനത്തിന്റെ തന്ത്രം എന്നതിനെ വിളിക്കുന്നു. ചിലപ്പോളതു ശരിയായിരിക്കാം. അവര്‍ സ്വന്തം പ്രദേശങ്ങളില്‍നിന്നും അത്രമാത്രം യാതനകളിലൂടെ ആയിരിക്കാം ഇവിടെ എത്തിച്ചേര്‍ന്നത്.

'മാ നിഷാദാ' എന്ന് നിങ്ങളുടെ ഋഷിമാര്‍ പറഞ്ഞതിനെക്കുറിച്ചു നീ കേട്ടിട്ടുണ്ടാകില്ലെ. പക്ഷേ ഇവിടെ അങ്ങനെ ഒന്ന് ആരും പറഞ്ഞില്ല. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മതമാണവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെങ്കിലും, അവരൊക്കെ ഇന്നും കിരാതന്മാര്‍ തന്നെയാണ്. അല്ലെങ്കില്‍ ഞങ്ങളുടെ വംശത്തെ അവര്‍ ഇത്രമാത്രം പീഡിപ്പിക്കുമോ...? അങ്കിള്‍ ടോം, നീ എന്റെ അഭിപ്രായത്തോടു യോജിക്കുന്നോ എന്ന മട്ടില്‍ സാമിനെ ഒന്നു നോക്കി തുടര്‍ന്നു.

ഞാന്‍ ഇത്രയും പറഞ്ഞത് സത്യം ലോകം അറിയണം എന്നുവെച്ചുമാത്രമാണ്. മനുഷ്യ മനസ്സ് എന്നും വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന് ഏകീഭാവം കൊടുക്കാന്‍ ശ്രമിക്കുന്ന എന്റെ കാഴ്ച്ചപ്പാടിനെ ന്യായികരിക്കാന്‍ നിനക്കു കഴിയില്ലായിരിക്കാം. ഞാനും എന്റെ വംശവും കടന്നുവന്ന വഴികളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മറ്റൊന്നു ചിന്തിക്കാന്‍ എനിക്കും കഴിയുന്നില്ല. കരുണയുടെ ഉറവ വറ്റാത്ത ചില ഹൃദയങ്ങള്‍ ഞങ്ങളുടെ വേദന അറിയുന്നുണ്ടായിരുന്നു. അവര്‍ തീര്‍ച്ചയായും ക്യുന്‍സിയെപ്പോലെയുള്ള തോട്ട ഉടമകള്‍ ആയിരുന്നില്ല. നല്ല വചനം ആത്മാവിനെ ഉണര്‍ത്തിയ ഇവാഞ്ഞലിസ്റ്റുകള്‍ ആയിരുന്നു അവര്‍. അത്തരം ആരെങ്കിലും ജോര്‍ജ്ജ് വാഷിംഗ്ടന്റെ ചിന്തകളെ സ്വാധിനിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ ഒന്നറിയാം വാഷിംഗ്ടന്‍ സ്വന്തം അടിമകളൊട് അല്പം കരുണയുള്ളവനായിരുന്നു. ഇതു ഞാന്‍ പറയുന്നതല്ല. അടിമകളുടെ ഇടയിലെ പൊതു അഭിപ്രായങ്ങളില്‍ ഉരിത്തിരിഞ്ഞുവന്നതാണ്. രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കുമ്പോഴും സ്വന്തം തോട്ടങ്ങളിലെ കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നെന്നു രേഖകളില്‍ ഉള്ളതായി ചരിത്രം വായിച്ചവര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെയുള്ള അറിവുകളാണു ഞാന്‍ പങ്കുവെയ്ക്കുന്നത്. അങ്ങനെയുള്ള അറിവുകളില്‍, ഒരോ അടിമയുടെയും കാര്യങ്ങള്‍ ക്രിത്യമായി കാര്യവിചാരകരുടെ നാള്‍വഴി രേഖയില്‍നിന്നും മനസിലാക്കി, എത്രപേര്‍ പുതുതായി ജനിച്ചു, എത്രപെര്‍ മരിച്ചു, എത്രപേര്‍ രോഗികളായി, എത്രമാത്രം പ്രവൃത്തിദിവസങ്ങള്‍ നഷ്ടമായി, മരിച്ച അടിമകളെ എവിടെ അടക്കി, ഇങ്ങനെയുള്ള എല്ലാകാര്യങ്ങളും കൃത്യമായി ശ്രദ്ധിച്ചിരുന്നു എന്നു പറയുന്നു. അതു ശരിയായിരിക്കും. ഒരടിമയേയും ചന്തകളില്‍ വിറ്റിരുന്നില്ല എന്നതും, പുതുതായി ആരേയും വാങ്ങിയിരുന്നില്ല എന്നതും എടുത്തു പറയുമ്പോള്‍, ആ മനസ്സിന്റെ പരിവര്‍ത്തനത്തന്റെ ദിനവ്യത്താന്തങ്ങളായി അതിനെ വായിച്ചുകൂടെ.

ഞാനതിനെ അങ്ങനെയാണു കാണുന്നത്. തന്റെ രണ്ടാം ഊഴം പ്രസിഡന്റു പദവി കഴിഞ്ഞപ്പോള്‍, എത്രകാലം വേണമെങ്കിലും എതിരില്ലാതെ ആ പദവിയില്‍ തുടരാമായിരുന്നുവെങ്കിലും, സ്വന്തം കൃഷിയിടത്തില്‍ വന്ന് ആയിരത്തി എഴുനൂറ്റി തൊണ്ണുറ്റൊമ്പതില്‍ (1799) മരിക്കുന്നതിനു മുമ്പ് വില്‍പത്രപ്രകാരം, തന്റെ അടിമകളുടെ അവകാശം ഭാര്യ മാര്‍ത്തയ്ക്ക് തുല്യം ചാര്‍ത്തുകയും, അവരുടെ മരണ ശേഷം എല്ലാവരേയും സ്വതന്ത്രരാക്കാനുമുള്ള വ്യവസ്ഥ ചെയ്തു എന്നതും അക്കാലത്തൊരു ചെറിയകാര്യമല്ലന്നോര്‍ക്കണം. അതുകൂടി ചേര്‍ത്തു വായിക്കുമ്പോഴെ ആ മനസ്സിന്റെ വലിപ്പം മനസ്സിലാകു. സ്വന്തം പൈതൃകം അവകാശപ്പെടാന്‍ അദ്ദേഹത്തിന് അവകാശികള്‍ ഇല്ലായിരുന്നു എന്നാണു പറയുന്നത്. ഭാര്യ മാര്‍ത്ത നാലുമക്കളുള്ള വിധവയും, വലിയ സ്വത്തിന്റെ അവകാശിയുമായിരുന്നു. അവരുടെ രണ്ടു മക്കള്‍ ചെറുപ്പത്തിലെ മരിച്ചു എന്നു പറയുന്നു. മറ്റു രണ്ടുപേരേയും സ്വന്തമെന്നപോലെ സ്‌നേഹിച്ചു എന്നും പറയുന്നു. വാഷിംഗ്ടനു സ്വന്തം മക്കള്‍ ഉണ്ടായിരുന്നോ... ഇന്നും ആരും അതിനുത്തരം പറയുന്നില്ല. അധവാ ആര്‍ക്കെങ്കിലും അറിയാമായിരുന്നു എങ്കിലും അതൊക്കെ രഹസ്യങ്ങളുടെ അറകളില്‍ പൂട്ടിവെച്ചു. ചരിത്രകാരന്മാര്‍ ഒന്നായി സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. മാര്‍ത്തയില്‍ അദ്ദേഹത്തിനു കുട്ടികള്‍ ജനിച്ചില്ല. പിന്നെ...ധാരാളം സുന്ദരികളായ അടിമകള്‍ വീട്ടില്‍ വരുന്നവരുടെ സേവനാര്‍ത്ഥം തരം തീരിച്ചിരുന്നവരില്‍ ആരെയെങ്കിലുമൊക്കെ സ്വന്തം കിടക്ക വിരിയ്ക്കാന്‍ തിരഞ്ഞടുത്തിട്ടുണ്ടാവില്ലെ എന്ന ചോദ്യം ആരോടു ചോദിക്കും.

വാഷിംഗ്ടന്റെ നാള്‍വഴിയിലെ വെസ്റ്റ് ഫോര്‍ഡ് ആരായിരുന്നു....? ചില ചരിത്രകാരന്മാര്‍ തങ്ങളുടെ ചായക്കൂട്ടില്‍, അങ്ങനെ ഒരു നിറം കലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സത്യം ആര്‍ക്കറിയാം. ഒരടിമക്കുട്ടിയുടെ അച്ഛന്‍ ആരെന്ന ചോദ്യം സമൂഹം ഒരിക്കലും ചോദിക്കില്ല എന്നതിനാല്‍ സത്യങ്ങള്‍ എപ്പൊഴും മറഞ്ഞിരിക്കും. ഇനി അമ്മ പറയട്ടെ എന്നു വെച്ചാല്‍ ഒരേകാലത്ത് എത്രപേരുടെ കിടക്കവിരിച്ചിട്ടുണ്ടെന്ന് ഒരടിമക്കു നാള്‍വഴികള്‍ സൂക്ഷിക്കാനുള്ള അവകാശം എന്നെങ്കിലും ഉണ്ടായിരുന്നുവൊ...? ഇന്നത്തെ കാലത്ത് അനീധി എന്നു പറഞ്ഞ് നമുക്ക് തലകുലുക്കാമെങ്കിലും അന്നതൊക്ക നാട്ടുനടപ്പായിരുന്നു. വെസ്റ്റ്‌ഫോര്‍ഡിന്റെ അമ്മയോടു ചോദിച്ചാല്‍ അവള്‍ ചിരിക്കാന്‍ മറന്നിട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഒന്നു ചിരിക്കുമായിരിക്കും. അല്ലെങ്കില്‍ അപമാന ഭാരത്താല്‍ തലകുനിക്കും. ഫോര്‍ഡ് പ്ലന്തേഷനിലെ ഒരടിമയുടെ കുട്ടിയെക്കുറിച്ച് നമ്മളെന്തിനു പറയുന്നു എന്നു ചിന്തിക്കരുത്. വെസ്റ്റ് ചരിത്രത്തില്‍ ഇടം പിടിച്ചവനാണ്. ജോര്‍ജ്ജ് വാഷിംഗ്ടന്റെ കാര്യസ്ഥനും, നോട്ടക്കാരനും, വിസ്വസ്തനും മാത്രമായിരുന്നില്ല വെസ്റ്റ്. ജോര്‍ജ്ജ് വാഷിംഗ്ടന്റെ മരണശേഷംമൗണ്ട് വെര്‍നൊനിന്റെ മൊത്തം ചുമതലക്കാരനും ആയി എന്നു പറയുമ്പോള്‍ അവര്‍ ഒരു അടിമയും, ഉടമയും തമ്മിലുള്ള ബന്ധത്തിനും അപ്പുറം ചില മാനങ്ങളിലേക്ക് അതു മാറുന്നില്ലെ എന്നു ചരിത്രകാരന്മാര്‍ സന്ദേഹിക്കുന്നു. ഫോര്‍ഡ് പ്ലാന്റേഷനിലെ ഒരു സന്ദര്‍ശകാനായി വിനോദസമയങ്ങള്‍ പങ്കുവെയ്ക്കാന്‍ വാഷിംഗടന്‍ അടിക്കടി അവിടെ പോകാറുണ്ടായിരുന്നു എന്നും, അപ്പോള്‍ അവിടെ പരിചാരികയായിരുന്ന സുന്ദരിയില്‍ തോന്നിയ താല്പര്യം ആയിരിക്കാം വെസ്റ്റിന്റെ ജന്മരഹസ്യം എന്നു വായിക്കുന്നതില്‍ തെറ്റില്ല. വെസ്റ്റ് മൗണ്ട് വെര്‍നോനിലെ കാരസ്ഥനായിരുക്കുമ്പോള്‍ തന്നെ അതിനടുത്തായി ഇരുനൂറേക്കറോളം സ്വന്തം ഭൂമിയുള്ളവനായിരുന്നു. അതിനുള്ള പണം എവിടെ നിന്ന്. വളര്‍ത്തച്ചന്റെ കരുണ ആയിരുന്നു അതെന്നു പറയുന്നു. ഇതൊക്കെ ചില കേട്ടറുവുകളൂടെ അടിസ്ഥാനത്തില്‍ ഞാനെത്തിയ നിഗമനങ്ങളാണ്.

മാര്‍ത്തയുടെ മരണശേഷം വാഷിംഗ്ടന്റെ വില്‍പത്രപ്രകാരം അടിമകള്‍ അത്രയും സ്വതന്ത്രരായി. ഇനി എന്തെന്നറിയാതെ പാറ്റോമിക് റിവറിലേക്കു നോക്കി നില്‍ക്കുന്ന രംഗം ഞാന്‍ കാണുന്നു. അവര്‍ക്ക് അടിമജീവിതം അല്ലാതെ മറ്റൊന്നറിയില്ലായിരുന്നു. എങ്കിലും അവര്‍ അടിമത്വത്തിന്റെ ചങ്ങല ഇല്ലാത്തവരായിരുന്നു. അവരൊക്കെ സാധാരണ ജീവിതത്തിന്റെ താളം എങ്ങനെ കണ്ടെത്തി എന്നെനിക്കറിയില്ല. പക്ഷേ അവരെ സഹായിക്കാന്‍ വിമോചകരായി ചിലരെല്ലാം അന്നും ഉണ്ടായിരുന്നു.


Read: https://emalayalee.com/writer/119

Join WhatsApp News
Abdulpunnayurkulam 2024-03-28 22:44:59
Samcy giving a good picture of American independence revolution. And the roles of George Washington. And how the independence idea came out from the 13 British colony. The length of the revolution and the death of thousands of soldiers, including slaves...!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക