Image

വീട്ടുകാരികൾ (കഥ : രമണി അമ്മാൾ )

Published on 26 March, 2024
വീട്ടുകാരികൾ (കഥ : രമണി അമ്മാൾ )

മിക്ക രാത്രികളിലും ഉറക്കം കിട്ടാതെ പലവിധ കാര്യങ്ങൾ ആലോചിച്ച് തിരിഞ്ഞും മറിഞ്ഞുമങ്ങനെ കിടക്കും ദീനാമ്മ..
നേരമൊന്നു വെളുത്തുകിട്ടാൻ പ്രാർത്ഥിക്കും..

വീടിനോടു ചേർന്ന് മരുമകൻ സ്റ്റേഷനറിക്കട നടത്തുന്നുണ്ട്..
കട രാവിലെ ആറുമണിക്കു തുറന്നാൽ രാത്രി എട്ടുമണി കഴിയും അടയ്ക്കാൻ..
സ്റ്റേഷനറിക്കടയെന്നു പേരാണെങ്കിലും ഇവിടെ കിട്ടാത്തതൊന്നുമില്ല..

കടയിൽ തിരക്കു കൂടുമ്പോൾ ദീനാമ്മയും സഹായിക്കാൻ ചെല്ലും..
ചുറ്റുവട്ടത്തുളളവരാണ് സാധനങ്ങൾ വാങ്ങാൻ അപ്പപ്പോൾ ഓടി വരുന്നത്...
അവരോടു ലോഹ്യം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചും വിരസതയില്ലാതെ ദീനാമ്മയുടെ 
പകലുകൾ നീങ്ങും..

മെയിൻ റോഡിലേക്കു കയറാനുളള പോക്കറ്റു റോഡാണ് തൊട്ടു മുന്നിൽ..
എപ്പോഴും വാഹനങ്ങളുടെ തിരക്കും... 

വിദേശത്ത് നേഴ്സായിരുന്ന
ഒരേയൊരു മകൾ,  ജോലിമതിയാക്കി പോന്നു..

വീട്ടിൽ നിന്നു ബോറടിച്ചു തുടങ്ങിയെന്നും പറഞ്ഞ്
അടുത്തുളള ഏതെങ്കിലും ഹോസ്പിറ്റലിൽ കയറിക്കൂടാൻ
ശ്രമിക്കുകയാണ്.

ചൂടു കാലമായതിനാൽ സംഭാരത്തിനും നാരങ്ങാ വെളളത്തിനും കടയിൽ ആളുകൂടും..
അപ്പോൾ മകളും കൂടി കടയിൽ
നിൽക്കും.. 

വയസ്സ് അറുപത്തഞ്ചുണ്ടെങ്കിലും ദീനാമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ
ഒന്നും തന്നെയില്ല..
നല്ല ചുറുചുറുക്കോടെ ഓടിനടന്ന് വീട്ടിലെ എല്ലാകാര്യങ്ങളും ചെയ്യും..

കിടപ്പുരോഗിയായിരുന്ന ഭർത്താവിനെ ഏറെക്കാലം ശുശ്രൂഷിച്ചു.. കഴിഞ്ഞ വർഷമാണ് അങ്ങേരു മരിക്കുന്നത്. 

നേരം പരപരാ വെളുക്കാൻ തുടങ്ങുമ്പോൾ
പതിവു തെറ്റിക്കാത്ത ഒരു നടത്തമുണ്ട്....
അങ്ങാടിക്കവല കുരിശ്യംതൊട്ടിവരെ..

കയ്യിലൊരു മെഴുകുതിരിയും
കാണും..
പുണ്യാളന്റെ ഫോട്ടോയ്ക്കുമുന്നിൽ കത്തിച്ചു വയ്ക്കാൻ..

ഒരേ പ്രായക്കാരും തരക്കാരുമായ  മറിയവും
ഏലിയാമ്മയും കുറച്ചങ്ങു നടന്നുചെല്ലുമ്പോൾ ദീനാമ്മയോടൊപ്പം കൂടും.  നടപ്പിനപ്പോൾ വേഗത കുറയും.
ഇവരു മൂന്നു പേരുമറിയാത്ത ഏതെങ്കിലും
കാര്യം അങ്ങാടിക്കവലയിലും പള്ളിത്താഴം
ഭാഗത്തുമുണ്ടോ
എന്നു സംശയമാണ്.
എന്നുമുണ്ടാവും എന്തെങ്കിലുമൊക്കെ  
വാ തോരാതെ സംസാരിക്കാൻ.

അന്നത്തെ വാർത്താ പരിപാടി ദീനാമ്മ തുടങ്ങിവച്ചു..
"അറിഞ്ഞോ..?
പള്ളിത്താഴത്തെ ലൈസാമ്മേടെ മോള് ജിൻസീടേം ആ കണിയാൻ ചെക്കന്റേം കാര്യത്തിൽ ഒരു
തീരുമാനമായി.
ഇന്നലെ, തന്തയും 
തളളയുമായി വന്ന്  അവൻ പെണ്ണിനു മോതിരമിട്ടിട്ടുപോയി."

"അവനവിടെ കയറിയിറങ്ങി നടക്കാൻ തുടങ്ങീട്ട് കാലം കൊറേയായില്ലേ..
ആൾക്കാരുടെ വായടപ്പിക്കാനാ
ഈ മോതിരമിടീൽ..
മറിയം പിറുപിറുത്തു..

"അല്ല ...ദീനാമ്മേ... 
കൊളളാവുന്ന ക്രിസ്ത്യാനി പെങ്കൊച്ചുങ്ങളെയൊക്കെ കണ്ണിൽക്കണ്ട
ചെമ്മാളനും, ചെരുപ്പുകുത്തീം, കണിയാനുമൊക്കെ കയ്യും കണ്ണും കാണിച്ചു  വശത്താക്കാൻ  തുടങ്ങിയാൽ നമ്മടെ ചെക്കന്മാർക്ക് പെണ്ണിനെ കിട്ടാതെവരുമല്ലോ. " 

ഏലിയാമ്മയുടെ രണ്ട് ആണ്മക്കളും പെണ്ണുകെട്ടി..കുട്ടികളുമായി..
പെണ്ണുകെട്ടാത്ത
ചെക്കന്മാരെക്കുറിച്ചോർത്തുളള വേവലാതിയേ...!
 
"അവൻ മതം മാറത്തില്ലെന്നാ അറിഞ്ഞത്.. അതുകൊണ്ടു പള്ളിയിൽ വച്ചു കല്യാണം നടക്കില്ല..
ലൈസാമ്മയ്ക്കുളള വിഷമം അതുമാത്രം..!

ഏതുനേരവും പളളിയും പ്രാർത്ഥനയുമായി നടക്കുന്ന ആളല്ലാരുന്നോ...പള്ളിക്കാരോടെന്തു സമാധാനം പറയും..?"

"ഞങ്ങടെ സെബാനുവേണ്ടി ജിൻസിയെ ആലോചിച്ചതാ.. 
തൊട്ടടുത്തുനിന്നും ഒരു ബന്ധം താല്പര്യമില്ലെന്ന്  ലൈസാമ്മ അന്നു പറഞ്ഞു...
സെബാൻ കെട്ടി ഒരു കൊച്ചുമായി.."

മറിയത്തിന്റെ മകനാണു സെബാൻ..
"കാര്യമെന്തൊക്കെപ്പറഞ്ഞാലും
ഈ കണിയാൻ ചെക്കൻ അനന്തു നല്ല പയ്യനാണ്..
ലൈസാമ്മയെ പൊന്നുപോലാ നോക്കുന്നത്..
ആശുപത്രിയിൽ ചെക്കപ്പിനുകൊണ്ടുപോകുന്നതും കൊണ്ടുവരുന്നതുമെല്ലാം ഇപ്പോൾ അവനാണ്.
പിന്നെ, മൂന്നാലു പട്ടികളുളളതിന്റെ കാര്യം നോക്കുന്നതും..

ജിൻസിക്ക് ഞായറാഴ്ചയൊഴിച്ച്
എല്ലാ ദിവസവും ജോലിക്കുപോകണമല്ലോ..
ശാസ്ത്രി റോഡിലുളള 
കുര്യൻസ് ദന്തൽ ക്ളിനിക്കിൽ..
കല്യാണം കഴിഞ്ഞ് രണ്ടുപേരും യു.കെ.യ്ക്കു പറക്കുകയാണെന്നു കേട്ടു...അതിന്റെ കടലാസു ജോലികളെല്ലാം കഴിഞ്ഞിട്ടുണ്ട്...
അപ്പൊഴും ലൈസാമ്മ ഒറ്റയ്ക്ക്.
പാവം...ജോഷ്വാ.. ജിൻസിയുടെ പപ്പ...എവിടേലും ജീവിച്ചിരിപ്പുണ്ടോ....എന്തോ.... വർഷം പന്ത്രണ്ടായി ഒരു വിവരവുമില്ലാതായിട്ട്.
പത്രത്തിലൊക്കെ കൊടുത്തിട്ടുണ്ടായിരുന്നു.

അതു കൊണ്ടൊന്നും
ഒരുകാര്യോം ഉണ്ടായില്ല..
ചുരുക്കിപ്പറഞ്ഞാൽ,
ഭർത്താവിനെക്കൊണ്ടും, ഒരു മകനുളളതിനെക്കൊണ്ടും ലൈസാമ്മയ്ക്ക്  പ്രയോജനമില്ല."
ദീനാമ്മ പറഞ്ഞു
കൊണ്ടിരുന്നു..

"ജിബിൻ നെതർലന്റിലല്ലേ.."
"അതെയതേ..
അവനവിടെ, തിരുവനന്തപുരത്തുകാരി ഒരു നേഴ്സിനേം കെട്ടി രണ്ടു പിള്ളേരുമുണ്ടെന്ന്..
കുടുംബസമേതം ഭാര്യവീട്ടിൽ വന്നാൽപ്പോലും പെറ്റ തളളയെ
കാണാൻ കോട്ടയത്തേക്കു
വരില്ല..."  

"ജിൻസീടെ കല്യാണത്തിന് നമ്മളെയൊക്കെ വിളിക്കുമായിരിക്കും.. അല്ലേ..?
എങ്ങനെ പോകും..?
പോകാതിരിക്കും...? 
ആ ചെക്കൻ ഒരു നായരായിരുന്നേലും
മതിയാരുന്നു..
ജോഷ്വാ.. ഇട്ടിമൂട് കുടുംബാംഗമാണ്.. പണ്ടവരു മേനോൻ
മാരായിരുന്നത്രേ..
പിന്നീടു മതംമാറി ക്രിസ്ത്യാനികളായി.
കുടുംബചരിത്രം അങ്ങനാണെന്ന് ഞങ്ങടച്ചായൻ പറയുന്നകേട്ടു.."
"ഒരു കണക്കിൽ പറഞ്ഞാൽ ഈ ജാതിയിലും മതത്തിലുമൊക്കെ എന്തിരിക്കുന്നു..
സുഖമായും സന്തോഷമായും അങ്ങോളം
അവരു ജീവിക്കണമെന്നേയുളളൂ..എനിക്ക്" 
ദീനാമ്മ പറഞ്ഞു നിർത്തി..

മറിയവും ഏലിയാമ്മയും നടത്തം മതിയാക്കി വീടുകളിലേക്കു കയറിപ്പോയി..

ദീനാമ്മ തന്റെ നടത്തത്തിനു വേഗതകൂട്ടി.
കുടിക്കാനുളള വെളളം തിളച്ചുകഴിഞ്ഞാൽ ഓഫുചെയ്തേക്കാൻ
മരുമോനോടു പറഞ്ഞിട്ടാണ് നടക്കാനിറങ്ങിയത്..
മകൾ ഉറക്കമുണർന്നെഴുന്നേറ്റു വരുമ്പോഴേക്കും ഒരു സമയമാവും...

ഇനി ഒരു മണിക്കൂർ അടുക്കളയിൽ..

നാലാംക്ളാസിൽ പഠിക്കുന്ന കൊച്ചുമകന് ടിഫിൻ കൊടുത്തുവിടണം..
കഴിച്ചിട്ടുപോകാൻ  ബ്രെയ്ക് ഫാസ്റ്റ് റെഡിയാക്കണം..
അവനെ വിളിച്ചുണർത്തി
പല്ലുതേക്കാനും കുളിക്കാനും പറയണം..

അവനെ പ്രസവിച്ചു മുപ്പതാം ദിവസം വിമാനം കയറിയതാണു അവന്റെ തളള...
ഇത്രനാളും കൈവെളളയിൽ
കൊണ്ടുനടന്നാണു വളർത്തിയത്..
അവനിപ്പോൾ എല്ലാത്തിനും അവന്റെ അമ്മ മാത്രം മതിയെന്നായി....!

കടയിൽ സാധനങ്ങൾ 
വാങ്ങാൻ ഒന്നുരണ്ടു പേരുണ്ട്..
ദീനാമ്മ വേഗം  അടുക്കള ജോലിയിലേക്കു കടന്നു....

ഒന്നു കഴിഞ്ഞു തീരും മുമ്പ് വേറൊന്ന് എന്ന പോലെ വീട്ടിലെ പണിത്തിരമാലകൾ കേറിയിറങ്ങി ചുറ്റിലും  നുരഞ്ഞു പതയുന്നു. കണ്ണെത്തുന്നിടത്ത് കയ്യെത്തണം.
എങ്ങോട്ടു തിരിഞ്ഞാലും പണിത്തിരക്ക്..
വീടും വീട്ടുകാരും ചേർന്ന് ചുഴികളായ് ദീനാമ്മയ്ക്ക് ചുറ്റും വട്ടം തിരിഞ്ഞു ; എല്ലായ്പോഴും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക