Image

പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 7: വിനീത് വിശ്വദേവ്)

Published on 24 March, 2024
പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 7: വിനീത് വിശ്വദേവ്)

ഭാഗം - 7

രാവും പകലും പ്രണയാധിഷ്ഠിതമായ കവിതകളിലെ വരികളിൽ ഇണചേർന്നപോലെ സ്വപ്‌നങ്ങൾ പൂവണിയിച്ചു കടന്നുപോയികൊണ്ടിരുന്നു. വീട്ടുമുറ്റത്തെ ചെടികളിൽ തേൻ കുടിക്കാൻ വരുന്ന കുരുവികളിലും വണ്ടിന്റെ  മൂളലിൽ വരെയും ഞാൻ സ്നേഹത്തിന്റെ മിന്നൽപ്പടർപ്പുകളും സംഗീതവും കണ്ടെത്തി ആസ്വദിച്ചിരുന്നു. എന്നിട്ടും എനിക്ക് എന്റെ പ്രണയം സിമിയോട് തുറന്നു പറയാൻ ധൈര്യം കിട്ടിയിരുന്നില്ല. എന്റെ ഉള്ളിലെ നിശബ്ദ പ്രണയം എനിക്ക് തന്നെ തണലേകുന്നുണ്ടായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിൽ നഷ്ടപ്രണയമായി പര്യവസാനിക്കുമോ എന്നുള്ള  കുറ്റബോധം ദിവസങ്ങൾ കഴിയുംതോറും എന്നെ വേട്ടയാടാൻ തുടങ്ങി. ബിനീഷ് പറഞ്ഞു തുടങ്ങിവെച്ച പ്രേമ ലേഖനത്തിന്റെ കാര്യം മനസ്സിൽ ഓടിയെത്തി. ദിവങ്ങൾക്കു മുന്നേ സർവീസ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചതിനു ശേഷം വരുന്ന വഴി വായനശാലയിൽ കേറിയ കാര്യം ഓർമയിൽ വന്നു. വരാന്തയിൽ നിന്നും ധൃതിയിൽ മുറിക്കുള്ളിലേക്ക് നടന്നു. മേശപ്പുറത്തു ഗ്രന്ധശാല പരിപാലകനായിരുന്ന രാജേദ്രൻ ചേട്ടൻ പുതുതായി വായന ആരംഭിക്കുന്നവർക്കു വായിച്ചു തുടങ്ങാൻ പറ്റിയ പുസ്തകങ്ങളാണെന്നു പരിചയപ്പെടുത്തി തന്നുവിട്ട പുസ്തകങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. തനിയെ പഴുത്ത മാങ്ങയുടെയും തല്ലിപ്പഴുപ്പിച്ച മാങ്ങയുടെയും രുചി വ്യത്യാസം മുഖത്ത് പ്രകടിപ്പിച്ചപ്പോലെ താനെ പഴുത്ത മാങ്ങകളെ ചെന്നെടുക്കാൻ ശ്രമിക്കുന്ന കുട്ടിയുടെ മനസ്സോടെ ഞാൻ പുസ്തകങ്ങൾക്ക് മുന്നിൽ ചെന്ന് നിന്നു. ചേലയുടുത്ത പെണ്ണിന്റെ ആലില വയറിൽ കൈവിരലുകളാൽ തഴുകും വിധം ഞാൻ ആ പുഷ്ടകങ്ങളുടെ പുറംചട്ടയിൽ പതിയെ വിരലുകളോടിച്ചു. 

പത്തു രൂപ അംഗത്വഎടുത്തിരുന്ന എനിക്ക് മൂന്നു പുസ്തങ്ങളായിരുന്നു ആദ്യമായി ആ വായനശാലയിൽ നിന്നും നൽകിയത്. അവയിലെ ഓരോ   പുസ്തകത്തിന്റെയും എഴുത്തുകാരുടെയും പേരുകൾ പറഞ്ഞു രാജേന്ദ്രൻ ചേട്ടൻ എനിക്ക് മുന്നിൽ വാചാലനായ വാക്കുകൾ എന്റെ മനസ്സിൽ ഒഴുകിയെത്തി. പ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ്  മാധവികുട്ടി. അവരുടെ "എന്റെ കഥ" എന്ന പുസ്തകം എന്റെ നേർക്ക് നീട്ടി. അതിനുശേഷം നൽകിയ രണ്ടു പുസ്തകങ്ങളും ഒരേ എഴുത്തുകാരന്റേതായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചയായ ഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരനായ മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ "ബാല്യകാലസഖി" "പ്രേമലേഖനം" എന്നി രണ്ടു പുസ്തകങ്ങളുമായിരുന്നു. 

പത്താം ക്ലാസ് പഠന സമയത്തു പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ "പാത്തുമ്മയുടെ ആട്" എന്ന കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടതുമായിരുന്നതിനാൽ ഞാൻ അതു പലതവണ വായിച്ചിട്ടുള്ളതായിരുന്നു. എനിക്ക് പരിചിതമായ പേരായിരുന്നതിനാൽ എന്റെ കണ്ണുകളിൽ ആദ്യമുടക്കിയത് കഥകളുടെ സുൽത്താനായി അറിയപ്പെട്ടിരുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന പുസ്തകം തന്നെയായിരുന്നു. തന്റെ പ്രണയിനിക്ക് വേണ്ടി പ്രേമലേഖനം എഴുതാൻ കാത്തിരുന്ന എന്റെ കാമുക ഹൃദയം ക്രമാതീതമായി ഇടിപ്പുകൾ നടത്തുന്നത് മുറിക്കുള്ളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. വായിക്കാൻ കൈയ്യിലെടുത്ത പുസ്തകത്തിന്റെ താളുകൾ പതിയെ മറിഞ്ഞു തുടങ്ങി. പുസ്തകത്തിലെ വാക്കുകളും വാചകങ്ങളും എന്റെ ഹൃദയത്തെ സ്പർശിച്ചു. ലളിതമായ ഭാഷ ശൈലിയും മടുപ്പുളവാക്കാത്ത വാക്യ ഘടനയും ആലേഖനം ചെയിത പുസ്തകത്തിന്റെ വായന പുരോഗമിച്ചു മുന്നേറുമ്പോൾ കേശവൻ നായർ സാറാമ്മയ്ക്കെഴുതിയ വരികൾ ഞാൻ വീണ്ടും വീണ്ടും വായിച്ചു. ആ കത്തിലെ വാക്യങ്ങൾ സിമിക്ക് വേണ്ടി ഞാൻ ഇങ്ങനെ ചുണ്ടുകളിൽ നിന്നും അടർത്തി വീഴ്ത്തി.

പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .

സാറാമ്മയുടെ
കേശവന്‍ നായര്‍

പൊടിമീശമുളക്കണ കാലത്തിൽ സഹപാഠികളിൽ പലർക്കും പ്രായത്തെ വെല്ലുന്ന ധൈര്യവും മുതുറന്നവരോട് ധിക്കാരവും തറുതല പറയുന്നതും ഞാൻ കണ്ടിട്ടുണ്ടായിരുന്നെകിലും എനിക്ക് അത്രയ്ക്ക് ധൈര്യം ഇല്ലായിരുന്നു. ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കപ്പെടുന്ന പരീക്ഷയാണ് പത്താം ക്ലാസ് പരീക്ഷയെന്നു ബന്ധുക്കൾ പറഞ്ഞിരുന്നത്. എനിക്കോ എന്റെ വീട്ടുകാർക്കോ അതിൽ യാതൊരുവിധ ആശങ്കയുമില്ലായിരുന്നു. അമിത പ്രതീക്ഷയുറപ്പിക്കാത്ത ജീവിതത്തെ സർവ്വ സാധാരണമായി നയിക്കാൻ ആഗ്രഹിച്ചിരുന്ന കുടുംബമായിരുന്നതിനാൽ എന്നിൽ അടിച്ചമർത്തപ്പെട്ട വേഷങ്ങളോ മറ്റു കുട്ടികളെപ്പോലെ മാതൃകയാക്കണമെന്ന അമിത പിരിമുറുക്കങ്ങളോ അങ്ങനെ അല്ലെങ്കിൽ ഇങ്ങനെ ജീവിക്കണം എന്ന ശാഠ്യങ്ങളോ എന്റെ മാതാപിതാക്കൾ എനിക്ക് നൽകിയിരുന്നില്ല. മാനസികമായി  പിരിമുറുക്കങ്ങളില്ലാത്ത പതിനഞ്ചു വർഷങ്ങൾ ജീവിത സന്തോഷത്തിനു ചുക്കാൻ പിടിച്ചിരുന്നു.

യൗവ്വനതീഷ്ണതയിൽ പ്രേമസുരഭിലമായ എന്റെ ജീവിതമെന്ന ഖണ്ഡകാവ്യത്തിൽ നിന്നും സിമിക്കുവേണ്ടി ഒരു പ്രേമകാവ്യം രചിക്കാൻ ഞാൻ തീരുമാനിച്ചു. അന്നുവരെ ഞാൻ പ്രേമലേഖനം കണ്ടിട്ടോ എഴുതിയിട്ടോ ഇല്ലെകിലും ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണിന് വേണ്ടി ഒരു കത്ത് എഴുതാനുള്ള ധൈര്യവും വാക്കുകളും എന്നിൽ നിക്ഷിപ്തമായിരുന്നു. കേശവൻ നായർ സാറാമ്മയ്ക്കു എഴുതിയ പ്രേമലേഖനം മുൻനിർത്തി പത്താം ക്ലാസ്സിലെ കണക്കുപുസ്തകത്തിൽ ബാക്കി വന്ന താളുകളിൽ നിന്നും സ്കെയിൽ ഉപയോഗിച്ച് തൂവെള്ള താളുകൾ ഞാൻ മുറിച്ചെടുത്തു.

ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്ന വാക്കുകൾ കടലാസിലേക്ക് പകർത്തുന്നതിനായി പത്താം ക്ലാസ് പരീക്ഷ എഴുതിയ നീല മഷിയുള്ള റെയ്നോൾഡ്സ് പേന മേശപ്പുറത്തു പരതിനോക്കി. ഉപയോഗംപോലും അറിയാത്ത വസ്തുക്കളായിരുന്ന സെറ്റ് സ്ക്വയറും കോമ്പസും പ്രൊട്രാക്ടറും അടങ്ങിയ ക്യാമൽ ബോക്സ് എന്റെ മുന്നിലെ മേശപ്പുറത്തുണ്ടായിരുന്നു, പതിയെ തുറന്നു നോക്കി ഉള്ളിൽ ഭദ്രമായി കരുതിയ നീലയും വെള്ളയും വസ്ത്രം ധരിച്ച റെയ്നോൾഡ്സ് പേന എന്നെ നോക്കി പുഞ്ചിരിച്ചു. ആകാശത്തോളം ചിന്തകൾ പറന്ന് നടക്കുമ്പോൾ തലയ്ക്കു മീതെ സീലിംഗ് ഫാനും കറങ്ങുന്നുണ്ടായിരുന്നു. പേന ഞാൻ ഹൃദയത്തോട് ചേർത്തുപിടിച്ചു പിന്നീട് എഴുതാൻ ശ്രമിച്ചു.

പ്രിയപ്പെട്ട സിമിക്ക് 

ഒരുപാടു നാളുകളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹമാണ്. തുറന്നു പറഞ്ഞാൽ നഷ്ടമാകുമോ എന്നുള്ള ആശങ്ക ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. താമര വിരിയുന്നത് സൂര്യനോട് ചോദിച്ചിട്ടല്ലെന്നുള്ള പരമാർത്ഥം ഉൾക്കൊണ്ടു പറയട്ടെ.. നമുക്ക് ഒരാളെ ഇഷ്ടപ്പെടാൻ അയാളുടെ സമ്മതം ആവശ്യമില്ലാത്തടുത്തോളം കാലം എനിക്ക് സിമിയെ നിരുപാധികം സ്നേഹിക്കാൻ താത്പര്യപ്പെടുന്നു. നിന്റെ ഇഷ്ടങ്ങളെ ഹനിക്കില്ല, പരസ്പരം ബഹുമാനിച്ചുകൊണ്ടു മനസ്സിന്റെ ഉള്ളറയിൽ സ്നേഹവിഗ്രഹമാക്കാൻ കഴിയുമെന്ന പ്രതീക്ഷിയോടെ കുറിക്കുന്നു. നമ്മുടെ പ്രണയത്തിനു മുന്നിൽ ഒരു അതിർ വരമ്പുകൾ തീർക്കാൻ ആഗ്രഹമില്ലാതെ മറുപടിക്കായി കാത്തു നിൽക്കുന്നു.

എന്ന് സ്വന്തം
വിഷ്ണു.

ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയതിനാൽ ആയിരിക്കണം തെറ്റുകളും തിരുത്തുകളുമില്ലാതെ എന്റെ ആദ്യം പ്രേമലേഖനം ഞാൻ സിമിക്കുവേണ്ടി എഴുതി തീർത്തു. പത്തു തവണയെങ്കിലും ഞാൻ വായിച്ചു. അല്ലേലും ഹൃദയത്തിൽ നിന്നും വരുന്ന അക്ഷരങ്ങൾക്ക് ജീവിതത്തിൽ തെളിച്ചമുണ്ടാകുമെന്ന ആപ്തവാക്യം ഞാൻ മനസ്സിൽ കുറിച്ചിട്ടു. പ്രേമലേഖനം ഞാൻ നാലായി മടക്കി മാധവിക്കുട്ടിയുടെ പുസ്കതകമായ എന്റെ കഥയ്ക്കുള്ളിൽ വെച്ചു. തെല്ലു പരിഭ്രമത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റു. ജനൽ വാതിലിലൂടെ പുറത്തെക്ക് നോക്കി ആകാശത്തു വെള്ള മേഘങ്ങൾ പഞ്ഞിക്കെട്ടുപോലെ ഓടിക്കൊണ്ടിരിക്കുന്നു. എന്റെ ചിന്ത ഈ പ്രേമലേഖനം എങ്ങിനെ സിമിലേക്കു എത്തിക്കുമെന്ന വ്യാകുലതയിലേക്കു മുങ്ങാൻ കുഴിയിട്ടു ശ്വാസം കിട്ടാതെ പിടയുകയായിരുന്നു..

(തുടരും.....)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക