Image

ഓശാന! (രാജു തോമസ്)

Published on 24 March, 2024
ഓശാന! (രാജു തോമസ്)

കഴുതക്കുട്ടിപ്പുറത്തേറിവരുന്ന ആർക്കാണവർ
കുരുത്തോലയിട്ടു വീഥിയൊരുക്കിയാർക്കുന്നത്?
ആചാരാനുസരണമാണീ നവരാജാസനസ്ഥൻ
നാടുകാണാനിറങ്ങിയതും! അവനുചുറ്റുമുണ്ടതാ
തന്റെ സചിവർ, വൈറ്റ് കാറ്റ്സ്--പന്തിരുവരും.
സാമന്തസേവിത മഹാരാജാക്കളെത്രയോയുണ്ട്
‘പഴയനിയമ’ത്തിൽത്തന്നെ! ഇപ്പോൾ തുരുതുരാ
രക്ഷകരും! ഇവിടിനി വല്ലതുമൊക്കെ നടക്കും.

ഞാൻ നോക്കുന്നത് മിശിഹായെ ചുമക്കുന്നയാ
പാവത്തെയാണ്‌. അതിനാണ്‌ ഏറ്റവുമുത്സാഹം;
ഇപ്പൊഴാണ്‌ അതിന്റെ തലയൊന്നുയർന്നതും!
അപശകുനമാമാ മുദ്രയുണ്ടതിന്റെയും മേൽ! *1
ശാന്തം പാപം! കൂട്ടിച്ചേർക്കപ്പെട്ട കഴുതക്കിടാവേ,*2
അവർ നിന്നെ വിടില്ല-- നീ ഓടി രക്ഷപ്പെടുക!

*1 കഴുതയുടെ തോൾഭാഗത്തെ രോമം
കുരിശ്ശാകൃതിയിൽ ഇരുണ്ടിരിക്കുന്നു.
*2 വർത്തമാന മലയാളം: അടിച്ചുമാറ്റിയ.
‘സുവിശേഷങ്ങ’ളിൽ വായിക്കുക.

Join WhatsApp News
G. Puthenkurish 2024-03-24 12:33:36
മിശിഹായെ ചുമക്കുന്ന കഴുത അത്ര മോശക്കാരനല്ല. യേശുവിനെ വിറ്റഴിക്കുന്ന പലരുടെയും വിചാരം കഴുതയുടെവിചാരം പോലെ തന്നെയാണ്. കുരുത്തോല ഇട്ട് ജനം ആർക്കുന്നതും സ്വീകരിക്കുന്നതും തന്റെ പുറത്ത് ഇരിക്കുന്ന യേശുവിനെയല്ല, തന്നെയാണെന്നാണ് കഴുത വിചാരിച്ചത്. ഓടി രക്ഷപ്പെടേണ്ടത് കഴുതയല്ല യേശുവാണ് . കാരണം അവൻ വീണ്ടും ക്രൂശിക്കപ്പെടാൻ സത്യമായി.
Raju Thomas 2024-03-24 12:38:03
Author’s Note: the poem is a Petrarchan Sonnet (2 segments of lines 8 and 6), save for meter & end rhyme. Thanks.
യൂദ 2024-03-24 14:56:43
തോമസ് എന്ന് പേരുള്ള കവിക്ക് 'തോമസ്സിന്റെ' സംശയങ്ങൾ ഇല്ലാതെ ഇല്ല. അദ്ദേഹത്തിന് സംശയം, യേശുവിന്റെ പുറത്ത് കഴുതയാണോ അതോ കഴുതപ്പുറത്ത് യേശുവാണോ എന്നാണ് . ആദ്യം പുറത്തി ഇരിക്കുന്ന ആൾക്ക് ചാട്ടവാറുകൊണ്ട് രണ്ടു പെട പെടയ്ക്ക് . 'അയ്യോ എന്നെ തല്ലല്ലേ' എന്ന് കരഞ്ഞാൽ അത് യേശു തന്നെ. അല്ല 'ന്ങ്ങാറ, ന്ങ്ങാറ ന്ങ്ങാറ ' എന്നാണ് ഒച്ച വയ്ക്കുന്നെങ്കിൽ അത് കഴുത തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക