Image

ഡോ. മധു  നമ്പ്യാർ: ശാസ്ത്രരംഗത്തെ മികവുമായി ഫോമാ നേതൃത്വത്തിലേക്ക്

Published on 15 March, 2024
ഡോ. മധു  നമ്പ്യാർ: ശാസ്ത്രരംഗത്തെ മികവുമായി ഫോമാ നേതൃത്വത്തിലേക്ക്

ചിലർ കാലെടുത്തു കുത്തുമ്പോൾ തന്നെ മാറ്റങ്ങൾ ആരംഭിക്കുന്നു എന്ന ചൊല്ല്  ഡോ. മധു നമ്പ്യാരുടെ ഫോമാ ഇലക്ഷനിലേക്കുള്ള  വരവ് അന്വർത്ഥമാക്കുന്നതാണ്. മാറ്റങ്ങളും മികവും ആണ്  അദ്ദേഹം എന്നും ലക്ഷ്യമിടുന്നത്.  

പല രംഗത്തും നേട്ടങ്ങൾ കൈവരിച്ച ശാസ്ത്രജ്ഞൻ സംഘടനാ പ്രവർത്തനത്തിന് വരുന്നത് അത്ര സാധാരണമല്ല. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുമൊത്തു പ്രവർത്തിക്കുന്ന ഡോ. നമ്പ്യാരുടെ പ്രൊഫഷണൽ ബാക്ക്ഗ്രൗണ്ട് അറിയുമ്പോഴാണ് ഈ വ്യത്യസ്തത വ്യക്തമാകുന്നതും.

വ്യത്യസ്തമായ സംഘടനാ പ്രവർത്തനം ലക്ഷ്യമിട്ടാണ്  ഡോ.   നമ്പ്യാർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സംഘടനയിലെ പലകാര്യങ്ങളിലും മാറ്റം വേണമെന്നും വേറിട്ട് ചിന്തിക്കുന്ന ആളുകൾ കൂടുതലായി നേതൃത്വത്തിലേക്ക് വരണമെന്നും  അദ്ദേഹം  കരുതുന്നു.

നമ്പ്യാരെപ്പറ്റി എല്ലാവര്ക്കും തന്നെ അറിയാമെങ്കിലും കൂടുതൽ അറിയില്ല എന്നതാണ് വസ്തുത.
കാസർകോട് സ്വദേശിയായ ഡോ. മധു നമ്പ്യാർ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്ന്  സയൻസ് ബിരുദം നേടി മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് ക്ലിനിക്കൽ കെമിസ്ട്രി ആൻഡ് ന്യൂട്രീഷൻ, ഹ്യൂമൻ അനാട്ടമി, ഫിസിയോളജി എന്നിവ ഉൾപ്പെടുന്ന മെഡിക്കൽ ബയോകെമിസ്ട്രിയിൽ    ബിരുദാനന്തര ബിരുദവും നേടി.

ഹ്യൂമൻ അനാട്ടമി/ഓസ്റ്റിയോളജി വിഷയങ്ങളിൽ  കുറച്ചു കാലം  അധ്യാപകനായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ (SCTIMST) ന്യൂറോകെമിസ്ട്രി വിഭാഗത്തിൽ മെഡിക്കൽ ബയോകെമിസ്ട്രിയിൽ പിഎച്ച്.ഡി ചെയ്തു. കാർഡിയാക് സർജറിയിലും ന്യൂറോ സർജറിയിലും എംസിഎച്ച് ബിരുദങ്ങളും കാർഡിയോളജിയിലും ന്യൂറോളജിയിലും ഡിഎം ബിരുദങ്ങളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ സ്ഥാപനങ്ങളിലൊന്നാണ് SCTIMST.  

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ച്  കേരളത്തെ അങ്ങോളമിങ്ങോളം നന്നായി അറിഞ്ഞ വ്യക്തിയാണ് ഡോ.നമ്പ്യാർ.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ   ബയോ  എൻജിനിയറിംഗിൽ ജോലി ചെയ്ത ആദ്യത്തെ ശാസ്ത്രജ്ഞരിൽ ഒരാൾ കൂടിയായ  അദ്ദേഹം അത്  ഇന്ത്യാഗവണ്മെന്റിന്റെ   ബയോടെക്‌നോളജി വകുപ്പിന്റെ    ഭാഗമാക്കുകയും ചെയ്തു.

ബയോമെഡിക്കൽ ശാസ്ത്രജ്ഞൻ ആയ അദ്ദേഹം ഇപ്പോൾ   മെഡിക്കൽ ഡിവൈസസ് ആൻഡ് ടെക്‌നോളജി, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ)  എന്നിവിടങ്ങളിൽ  പോളിസി അഡ്വൈസറായി  പ്രവർത്തിക്കുന്നു.  

യൂണിഫോംഡ് സർവീസസ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നിവിടങ്ങളിൽ ശാസ്ത്രജ്ഞനായും അദ്ദേഹം പ്രവർത്തിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഗവേഷണ മികവിന് നൽകുന്ന ആദ്യ ഫെലോസ് അവാർഡും യൂണിഫോംഡ് സർവീസസ് യൂണിവേഴ്സിറ്റി  നൽകുന്ന  മെഡിസിനിലെ മികച്ച പേപ്പറിനുള്ള ജോൺ മഹർ അവാർഡും അദ്ദേഹം നേടി.

വാൾട്ടർ റീഡ് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  റിസേർച്  ഗവേഷകനായി പ്രവർത്തിക്കുമ്പോൾ    മസ്തിഷ്‌ക-രക്ത തടസങ്ങൾ കടന്ന് ടോക്സിക്ക് ഏജന്റുകളെ നിർവീര്യമാക്കാനുള്ള മരുന്ന് കണ്ടുപിടിച്ചതിന് ഏറ്റവും ഉന്നതമായ മിലിട്ടറി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് അവാർഡും പോൾ സിപ്പിൾ മെഡലും (സേനാവിഭാഗത്തിലെ നോബൽ സമ്മാനമായി കണക്കാക്കപ്പെടുന്നു) നേടി.

ശാസ്ത്ര ജേർണലുകളിൽ നിരൂപണങ്ങളും പുസ്തക അധ്യായങ്ങളും ഉൾപ്പെടെ 100-ലധികം പിയർ-റിവ്യൂഡ് ഗവേഷണ ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.  ഈ നേട്ടം കൈവരിക്കുക അത്ര എളുപ്പമല്ല. കഠിനമായ പരിശ്രമം ഈ കാര്യത്തിൽ വേണം. അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്ത പോസ്റ്റ്‌ഡോക്ടറൽ ഫെലോകളും മറ്റു  വിദ്യാർത്ഥികളും   നിരവധി അവാർഡുകൾ നേടി.

പ്രൊഫഷണൽ എന്ന നിലയിലുള്ള നേട്ടങ്ങളിൽ ചിലതാണിവ. സംഘടനാ തലത്തിലേക്ക് വരുമ്പോൾ ഫോമായുടെ പ്രധാന പരിപാടികളിലൊക്കെ ഡോ. നമ്പ്യാരെ കാണാം. നിരവധി പരിപാടികളുടെ ചുക്കാൻ  പിടിക്കുന്നതും അദ്ദേഹം തന്നെ.  

ഫോമ കാപിറ്റൽ റീജിയനിൽ നിന്നുള്ള  നാഷണൽ കമ്മറ്റി അംഗവും ആർവിപിയും ആയ ഡോ. നമ്പ്യാർ   വിമൻസ് ഫോറം, സീനിയേഴ്സ് ഫോറം, യൂത്ത് ഫോറം, ജൂനിയേഴ്സ് അഫയേഴ്സ്, കൾച്ചറൽ അഫയേഴ്സ്,  ഹെൽപ്പിംഗ് ഹാൻഡ്സ്,   തുടങ്ങി  വിവിധ ഘടകങ്ങൾ  സംഘടിപ്പിച്ച മിക്ക പരിപാടികളിലും മുന്നിലുണ്ട്. ദീർഘമായ ബൈലോ അവലോകന യോഗങ്ങളിലും പങ്കെടുത്തു. ലിറ്റററി ഫോറം, മാഗസിൻ കമ്മിറ്റി യോഗങ്ങൾ,  സിബി ഡേവിഡും സംഘവും നേതൃത്വം  നൽകിയ സാന്ത്വന സംഗീതം എന്നീ പ്രോഗ്രാമുകളിലും അദ്ദേഹം സജീവമായിരുന്നു.

ഫോമയുടെ ഓണത്തിന് മഹാബലിയായും ക്രിസ്മസിന് സാന്താ ക്ലോസായും അദ്ദേഹം സമ്മാനപ്പൊതികളുമായെത്തി.  

FOMAA 2022-24  പ്രവർത്തനവർഷത്തിൽ  അദ്ദേഹം പരമാവധി പരിപാടികൾ സംഘടിപ്പിക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ വസരങ്ങൾ നൽകുകയും ചെയ്തു. FOMAA മിഡ്-ഇയർ ജനറൽ ബോഡിയിൽ, FOMAA ക്യാപിറ്റൽ റീജിയന്റെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയത് ശ്രദ്ധിക്കപ്പെട്ടു.

രണ്ട് റീജിയണുകൾ ഒന്നിച്ച്  പരിപാടികൾ സംഘടിപ്പിക്കുക എന്ന ആശയവും അദ്ദേഹം കൊണ്ടുവന്നു. ഇത് കൂടുതൽ പേർക്ക് പ്രയോജനമാകും. സംഘാടനം  എളുപ്പമാവും. ചെലവും വിഭജിക്കപ്പെടും.

ഇപ്പോൾ അദ്ദേഹം ഒരു നാഷനൽ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ദേശീയ തലത്തിൽ അതിനു പ്രതികരണം ലഭിക്കുന്നു.

മേരിലാൻഡിലെ മൗണ്ട് എയറിയിലാണ് ഡോ. നമ്പ്യാർ കുടുംബത്തോടൊപ്പം താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ പാലക്കാട്ടെ ബി.പി.എല്ലിലെ ആദ്യ വനിതാ ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർമാരിൽ ഒരാളാണ്. അവർ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടി വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ ഏജൻസിയിൽ  ജോലി ചെയ്യുന്നു.

ഈ ദമ്പതികളുടെ രണ്ട് പുത്രന്മാരും   ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ മാസ്റ്റേഴ്‌സ് പൂർത്തിയാക്കുന്നു. ഗുരു ജാനകി ശിവരാമന്റെ (എം.ജി.ആറിന്റെ മകളും പ്രശസ്ത ക്ലാസിക്കൽ നർത്തകി പത്മഭൂഷൺ ഡോ. പത്മ സുബ്രഹ്‌മണ്യത്തിന്റെ വിദ്യാർത്ഥിനിയും) കീഴിൽ  2018 ൽ അരങ്ങേറ്റം നടത്തിയ ക്ലാസിക്കൽ ഭരതനാട്യം നർത്തകർ കൂടിയാണ് അവർ .  കോളേജ് ഡാൻസ് (ലെജൻഡ്‌സ്) മത്സരങ്ങളിൽ അമേരിക്കയിലെ ഏറ്റവും നല്ല ഡാൻസറായും  ടീമിന് രണ്ടാം സ്ഥാനവും നേടിയ  ഇവർ   ലോകോത്തര നിലവാരത്തിലുള്ള ബോളിവുഡ് നർത്തകരുമാണ്.

യുഎസ്എ ഫ്ളവേഴ്സ് ടിവിയും ഇപ്പോഴത്തെ  ഫോമാ എന്റർടൈൻമെന്റ് ചെയറും ചേർന്ന് സംഘടിപ്പിച്ച അറ്റ്ലാന്റ ടാലന്റ് അരീന നൃത്ത മത്സരങ്ങളിൽ സെമി ക്ലാസിക്കൽ, സിനിമാറ്റിക്  നൃത്തത്തിൽ ഒന്നാം സമ്മാനവും അവർ  സ്വന്തമാക്കി. എആർ റഹ്‌മാന്റെ സംഗീതക്കച്ചേരിയുടെ പിന്നാലൈ   I8th ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ഷോയിൽ നിരവധി ബോളിവുഡ് താരങ്ങൾക്കൊപ്പം  ന്യൂയോർക്ക് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നൃത്തം ചെയ്തും ഇവർ തിളങ്ങി. അതോടൊപ്പം തന്നെ ആദ്യ സമ്മർ ടു കേരള പ്രോഗ്രാമിലും അവർ പങ്കെടുത്തു. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിലെ   കലാപ്രതിഭയും റൈസിംഗ് സ്റ്റാർ കലാപ്രതിഭയുമായിരുന്നു  ഇവർ.

 

ഫോമയോടും ഫോമാ കുടുംബതോടും  ഹൃദയത്തിന്റെ ഉള്ളിൽ നിന്നുമുള്ള  അഗാധമായ ആദരവാണ് ഡോ. നമ്പ്യാർക്ക്. അതോടൊപ്പം ഫോമയുടെ പ്രവർത്തനങ്ങളോട്  സജീവ താത്പര്യവും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.  സാമൂഹിക സേവനത്തിനുള്ള  അദ്ദേഹത്തിന്റെ  താത്പര്യം   ഏറെ ശ്രദ്ധിക്കപ്പെടുന്നു.

Join WhatsApp News
ഒരു അഭ്യുതകാംഷി 2024-03-15 16:48:30
നമ്പ്യാർ ചേട്ടാ, ചേട്ടൻ പുലിയാണ്.. പക്ഷെ ഫോമായിലെ മറ്റു താപ്പാന-കാലുവരികളുടെ അടുത്ത് ഒറ്റയ്ക്ക് നിന്നാൽ ജയിക്കുമോ.. അവരുടെ അഭിപ്രായത്തിൽ അവരവരുടെ പാനലിൽ, ഏതു കുറ്റിച്ചൂല് നിന്നാലും ജയിക്കുമെന്നാണ് . അതാണ് ന്യൂജേഴ്‌സി അധോലോകം അടക്കി വാഴുന്നവർ പറയുന്നത്..
Puthan Chuul 2024-03-15 18:36:36
നമുക്ക് കുറ്റിച്ചൂലുകൾ മാത്രം പോരാ. നമുക്ക് ശരിയായ ഒരു നല്ല ചൂല് ഒരു പുതിയ ചൂല് തന്നെ വേണം. പുതിയ ചൂലുകൾ കൊണ്ട് എല്ലാം ഒന്ന് അടിച്ചു വെടുപ്പാക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക