Image

അമ്പതു നോമ്പിലെ ഞായർ ദിന ചിന്തകൾ (ലേഖനം: സൂസൻ പാലാത്ര)

Published on 26 February, 2024
അമ്പതു നോമ്പിലെ ഞായർ ദിന ചിന്തകൾ (ലേഖനം: സൂസൻ പാലാത്ര)

യേശു പത്രോസിൻ്റെ ഭവനത്തിൽ ശിഷ്യന്മാരോടും യേശുവിൻ്റെ ഉപദേശം കേൾക്കാൻ വന്ന ജനസമൂഹത്തോടും ദൈവരാജ്യത്തിൻ്റെ മർമ്മങ്ങളെ ഉദ്ഘോഷിച്ചുകൊണ്ടിരുന്നപ്പോൾ, നാലാളുകൾ ഒരു പക്ഷവാതരോഗിയെ അയാൾ കിടന്ന കട്ടിലോടെ  യേശുഇരുന്ന ഭവനത്തിൻ്റെ മേൽക്കൂര പൊളിച്ച് ഇറക്കിക്കൊണ്ടുവന്നു. യേശു അവരുടെവിശ്വാസം കണ്ടിട്ട്, ദൈവപുത്രന് ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ അധികാരമുണ്ട് എന്ന് തെളിയിക്കാൻ യേശു തളർവാതരോഗിയോട്  "മകനേ,  നിൻ്റെ പാപങ്ങൾ 
മോചിച്ചുതന്നിരിക്കുന്നു" എന്നു പറഞ്ഞു. മർക്കോസ് 2:5. ദൈവത്തിനല്ലാതെ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മറ്റാർക്കും കഴിയും എന്ന ശാസ്ത്രിമാരുടെ ഉള്ളിലെ ചിന്തകൾ മനസ്സിലാക്കിയ യേശു പക്ഷവാതക്കാരനോട്  "നിൻ്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട്, എന്നു നിങ്ങൾ അറിയേണ്ടതിന്, എഴുന്നേറ്റു കിടക്കഎടുത്ത് വീട്ടിലേക്കു പോക  എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഉടനേ അവൻ എഴുന്നേറ്റു കിടക്ക എടുത്ത് എല്ലാവരും കാൺകേ പുറപ്പെട്ടു. മർക്കോസ് 2: 5- 12.
           
യേശു തളർവാതരോഗിയെ സുഖപ്പെടുത്തുന്നു.  ഇക്കാലത്ത് പക്ഷാഘാതം, പക്ഷവാതം എന്നൊക്കെപ്പറയുന്ന തളർവാതരോഗം പണ്ട്  എല്ലാനാട്ടിലും അതിരൂക്ഷമായിരുന്നു. 
           
യേശുക്രിസ്തു നടന്നുപോകുന്ന വഴികളിലെല്ലാം - യേശുവിൻ്റെ നിഴൽ, ഒരുസ്പർശനം, ഒരുവാക്ക് ഇവയിലൂടെ സൗഖ്യം പ്രതീക്ഷിച്ച് അനേകം രോഗികൾ കുരുടർ, മുടന്തർ, ചെകിടർ, ഊമർ, അംഗവിഹീനർ, കുഷ്ഠരോഗികൾ, വരണ്ട കൈയുള്ളവർ, പിശാചുബാധിതർ, ഭ്രാന്തർ,  തളർവാതരോഗികൾ എന്നിവരെല്ലാം വഴിക്കിരുവശവും കിടന്നും ഇരുന്നും വിലപിച്ചും നിലവിളിച്ചും   അലറിക്കൊണ്ടും 
അതതുരോഗത്തിൻ്റെ രീതിയനുസരിച്ച് യാചിക്കുക പതിവായിരുന്നു. 
             
ഇതിൽ. തളർവാതരോഗികൾക്ക് യേശുവിൻ്റെ സാമീപ്യം ലഭിക്കണമെങ്കിൽ ആരെങ്കിലും ചുമന്നുകൊണ്ടുപോകണം അവർക്ക് ചലനശേഷിയില്ല,  നടക്കാൻവയ്യാ. പല തളർവാതരോഗികളെയും യേശുവിൻ്റെ അടുക്കൽ ആളുകൾ ഇങ്ങനെ ചുമന്നുകൊണ്ടുവന്ന്  സൗഖ്യംപ്രാപിച്ചവർ, തുള്ളിച്ചാടി ദൈവത്തെ മഹത്ത്വപ്പെടുത്തി പോകുന്നത് പതിവുകാഴ്ചയായിരുന്നു. 
           
 യേശു ദൈവപുത്രനാണ്, ദൈവത്തിനുമാത്രമേ പാപമോചനം കൊടുക്കാൻ സാധിക്കൂ. പുറപ്പാട് 34: 6 & 7, സങ്കീ: 51: 1- 9, സങ്കീ: 85:2, യെശ: 43:25. 
            
 യേശുവിൻ്റെ പാപമോചനപ്രഖ്യാപനം യഹൂദശാസ്ത്രികളെ  കോപിപ്പിച്ചു, ദൈവത്തിൻ്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി അവർ വ്യാഖ്യാനിച്ചു. യേശു ദൈവപുത്രൻ എന്നു  വിശ്വസിക്കാൻ അവർ കൂട്ടാക്കാതെ യേശുവിനോട്  അസൂയയോടെയും കോപത്തോടെയും, ശത്രുവായി പെരുമാറി.
          
 അലക്സാന്ത്രിയാ നാട്ടുകാരനായ മനശ്ശെബന്യാമിൻ തൻ്റെ ഏകപുത്രിയായ അദീനയെ  വിദ്യാഭ്യാസം ചെയ്യിക്കാൻ  യരുശലേമിൽ അയച്ചു.  അവിടെ താമസിച്ച് പഠിക്കുന്ന വേളയിൽ, യേശുവിൻ്റെ സമകാലീനയായ അദീന തൻ്റെ പിതാവിന് അയയ്ക്കുന്ന കത്തുകളാണ്, അദീനയുടെഎഴുത്തുകൾ അഥവാ ശ്രീയേശുചരിതം. അതിൽ അവൾ ഇപ്രകാരം കുറിക്കുന്നു:  "യേശുവിൻ്റെസ്വഭാവസവിശേഷതകളിൽനിന്ന്, യേശുവിന് സിദ്ധിച്ചിട്ടുള്ള കീർത്തിയും അത്ഭുതസിദ്ധികളും
 സുറിയാനാട്ടിലൊക്കെയും പരന്നിരിക്കുകയാൽ ധനികരും ദരിദ്രരും രോഗികളെ ദമസ്കോസിൽനിന്നുപോലും കൊണ്ടുവരുന്നുണ്ട്. പിശാചുബാധിതരും ഭ്രാന്തരും  പക്ഷവാതക്കാരും ആരുതന്നെ വന്നാലും യേശു സൗഖ്യമാക്കിയേ അവരെ  പറഞ്ഞയയ്ക്കൂ. അദ്ദേഹം എവിടെപ്പോയാലും മനുഷ്യമഹാസമുദ്രം അദ്ദേഹത്തെ പൊതിയും. ഫിലിപ്പിയയിലെ നാടുവാഴി  തൻ്റെ പുത്രൻ്റെ പക്ഷവാതരോഗം മാറ്റാൻ യേശുവിൻ്റെ അടുക്കൽ വന്ന്, ദൂരത്തായിരുന്ന തൻ്റെ മകനെ യേശുവിൻ്റെ ഒരു വാക്കാൽ ലഭിച്ച സൗഖ്യം പ്രാപിച്ച് സന്തോഷചിത്തനായി മടങ്ങിപ്പോയി.
        
യേശു പള്ളിയിൽ ഇരുന്ന് ജനത്തോടും ശിഷ്യന്മാരോടും  ഉപദേശിച്ച് പരിക്ഷീണനായി വരുമ്പോൾ, (യേശുവിൻ്റെ ശിഷ്യനായ യോഹന്നാനിൽനിന്നു കേട്ടവാക്കുകൾ,  അദീന സ്വപിതാവിന് എഴുതുന്നത്),  മുടന്തർ, കുരുടർ, ചെകിടർ, പക്ഷവാതരോഗികൾ, 
പിശാചുബാധിതർ തുടങ്ങിയവർ വഴിയ്ക്കിരുവശവുമായി ഇരുനൂറോളം രോഗികളെ, യേശു മന്ദംമന്ദം അടുത്തുചെന്ന് ചിലരെ തൊട്ടും, ചിലരെ വാക്കാലും, സൗഖ്യപ്പെടുത്തി. പിശാചുബാധിതർ അലറുകയും, കിടുകിടെവിറച്ചുകൊണ്ട്, യേശുവിൻ്റെ മുമ്പാകെ  സാഷ്ടാംഗം വീണുകൊണ്ട്, മഹോന്നതനായ ദൈവത്തിൻ്റെ പുത്രാ. നീ സാക്ഷാൽ ദൈവപുത്രനാണ്,  കാലത്തിനു മുമ്പേ ഞങ്ങളെ വന്നു വിഷമിപ്പിക്കരുതേ എന്ന്  അലറുകയും, പിശാചുബാധിതരായ രോഗികളെ നിലത്തുരുട്ടിമറിച്ചിട്ട് അലറിക്കൊണ്ട് അവരെവിട്ടുപോകുകയും ചെയ്യുന്നു. മറ്റുരോഗികൾ
 "ദാവീദുപുത്രാ ഞങ്ങളോട് കരുണചെയ്യണമേ" എന്നു നിലവിളിക്കുമ്പോൾ, യേശു കുരുടർ, ചെകിടർ ഇവരെ കണ്ണിലും ചെവിയിലും തൊട്ടും, ഭ്രാന്തന്മാരെ തലയിൽ കൈവച്ചും, മറ്റുള്ളവരെ സൗഖ്യമായിവരുകയെന്നും പറഞ്ഞ് സൗഖ്യപ്പെടുത്തുന്നു.
          
അദീനയുടെ എഴുത്തുകളിലെ പ്രസ്തുതാദ്ധ്യായത്തിൽ,  അദീന പിതാവിന് നല്കിയ കത്തിൻ്റെ  സംക്ഷിപ്തരൂപം, ഉപസംഹാരം ഇങ്ങനെ: 
"പ്രിയ അപ്പാ, യേശു, മിശിഹായെന്നതിനുള്ള  സാക്ഷ്യങ്ങളെ ഞാൻ ഒന്നുകൂടി ആവർത്തിച്ചുപറയാം. ഒന്നാമതായി ദൈവാലയത്തിൽ യേശുക്കുഞ്ഞിനെ കാഴ്ചവയ്പാൻ കൊണ്ടുപോയപ്പോൾ ശീമോനും, ഹന്നായും യേശുക്കുഞ്ഞിനെ വന്ദിച്ചു, തന്നെപ്പറ്റി അവർ നിബ്യൂസാ (പ്രവചനം) പറഞ്ഞു. 
രണ്ടാമതായി കിഴക്കുനിന്നു വിദ്വാന്മാരെ വരുത്തിയ നക്ഷത്രം.
മൂന്നാമതായി അവർ ഉണ്ണീശോയ്ക്ക്  ചെയ്ത വന്ദനം. 
നാലാമതായി യോഹന്നാൻ സ്നാപകൻ്റെ യേശുവിനെപ്പറ്റിയുള്ള സാക്ഷ്യം. 
അഞ്ചാമതായി യേശുവിൻ്റെ ജ്ഞാനസ്നാനത്തിങ്കലുണ്ടായ ദൈവശബ്ദം.
ആറാമതായി പരിശുദ്ധാത്മാവ് യേശുവിൻ്റെമേൽ ഇറങ്ങിയത്.
എഴാമതായി ഗലീലായിലെ കാനാവിൽവച്ച് യേശു ചെയ്ത അത്ഭുതം.
ഇതിനുംപുറമേ യേശു ഇപ്പോൾ ചെയ്തുവരുന്ന ഓരോഅതിശയങ്ങളും അദ്ദേഹത്തിൻ്റെ മഹിമയ്ക്ക് സാക്ഷ്യങ്ങളാണ്. യേശു,  ക്രിസ്തുതന്നെ.
                 എന്ന്, 
      വാത്സല്യമകൾ അദീന.
    
 വിശുദ്ധനാട് സന്ദർശിക്കാൻ എനിക്ക് ദൈവം സൗഭാഗ്യം തന്നവേളയിൽ, പത്രോസിൻ്റെ ഭവനത്തിൽ കയറുവാനും യേശു തളർവാതരോഗിയെ സൗഖ്യമാക്കിയത് ധ്യാനിച്ച്,  യേശുക്രിസ്തുവിനെ കുമ്പിട്ട് വണങ്ങാനും, ആത്മാവിൽ നമസ്കരിക്കാനും സാധിച്ചു. ഭവനത്തിൻ്റെ അടിത്തറയും ഭിത്തികളും ടൂറിസം ലക്ഷ്യമാക്കി അവർ നന്നായി സംരക്ഷിച്ചിട്ടുണ്ട്.
ദൈവമേ സ്തോത്രം !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക