Image

ദീപാവലി സന്ധ്യ (ജീവിതം ; അനുഭവം : സന റബ്‌സ്)

സന റബ്‌സ് Published on 13 January, 2024
ദീപാവലി സന്ധ്യ (ജീവിതം ; അനുഭവം : സന റബ്‌സ്)

മൂന്നുനാലുമാസം കഴിഞ്ഞപ്പോൾ ഉണ്ടായ ചെറിയ പുരോഗതിയിൽനിന്നും പിന്നീട് ഒരണുപോലും മുന്നേറാതെ അവിടെത്തന്നെ നിൽക്കുകയാണ് കാലും തലയും രോഗാവസ്ഥയും. എനിക്കു തോന്നിയത് പനമരത്തിനു വെള്ളം ഒഴിക്കുമ്പോലെയാണ് ഞാനീ ചെയ്യുന്നതെല്ലാം എന്നാണ്. പനമരത്തിനു (അതോ ഇനി വേറെ മരമാണോ എന്റെ ഓർമ്മയില്ലായിമയാണോ എന്നറിയില്ല) അഞ്ചോ എട്ടോ വർഷം വെള്ളമൊഴിക്കണം വളരണമെങ്കിൽ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആ വർഷങ്ങൾക്കുള്ളിൽ  പന ചെടിയായി നിൽക്കുകയല്ലാതെ വളരുകയില്ലെത്രെ! വെള്ളമൊഴിക്കുന്ന നമ്മൾ ഇതു വളരുന്നില്ലല്ലോ എന്നു കണ്ടു മടുത്തു പിന്തിരിഞ്ഞാൽ അതോടെ കഴിഞ്ഞു.
ക്ഷമയോടെ അതിനു വേണ്ടതെല്ലാം നൽകി കാത്തിരുന്നാൽ എട്ടാം വർഷം വലിയ മരമായി പന വളരും! അത്രയും വർഷം ആ ചെടി അതിന്റെ വളർച്ചയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണെന്നാണ് പറയപ്പെടുന്നത്. പിന്നീട് ആ മരത്തെ പരിചരിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ. അതുപോലെയായിരിക്കാം ഒടുവിൽ വലിയ വിജയം ഉണ്ടാകും എന്നു ഞാൻ എന്നെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി.

പപ്പയും പറഞ്ഞു.
'ചികിൽസിക്കുമ്പോൾ ഫലം കിട്ടുന്നില്ലേ... നീ കിടപ്പിലല്ലല്ലോ...'
ശരിയാണ്... ഞാൻ കിടപ്പിലല്ല. ബുദ്ധിമുട്ടിയാണെങ്കിലും എന്റെ കാര്യങ്ങൾ സ്വയം നടത്താൻ കഴിയുന്നുണ്ട്.

എന്റെ വേദനകളോട് പൊരുതാൻ സദാ മാനസികമായി എന്റെ കൂടെയുള്ള ആളാണ് വൈശാഖൻ മാഷ്. അദ്ദേഹം എപ്പോഴും പറഞ്ഞു.
"എന്നുമുതൽ ചികിത്സ തുടങ്ങിയോ അന്നു മുതൽ നീ എണീറ്റു നടക്കുന്നുണ്ട്. ശേഷം ഒരിക്കലും കിടപ്പായിട്ടില്ല. വീട്ടിൽ തന്നെ പലർക്കും അസുഖം വന്നപ്പോൾ ആശുപത്രിയിൽ കൂടെ നിൽക്കാൻ കഴിഞ്ഞില്ലേ...അതിനുള്ള ആരോഗ്യം  കിട്ടിയത് ഈ ചികിത്സയിൽ നിന്നാണല്ലോ. അല്ലെങ്കിൽ നിനക്ക് മറ്റൊരു രോഗിയുടെ ബൈ സ്റ്റാൻഡർ ആകുവാൻ കഴിയുമായിരുന്നോ?"

ശരിയാണ്.  ഇതിനിടയിൽ വീട്ടിൽ പല ആശുപത്രിക്കേസുകൾ വന്നു. ക്രചസ് വെച്ചു നടന്നിട്ടാണെങ്കിലും  അതെല്ലാം ഞാൻ ഭംഗിയായി ചെയ്തു. മുൻപത്തെപോലെ കിടപ്പായിരുന്നെങ്കിൽ എനിക്കൊരിക്കലും ചിന്തിക്കാൻ പറ്റില്ലായിരുന്നു ഈ കാര്യങ്ങൾ. പക്ഷേ  അസുഖത്തിന്റെ പൂർണ്ണ ഫലപ്രാപ്തി കിട്ടാൻ വൈകുന്നത്  ദേഹം അനങ്ങിയുള്ള ഇത്തരം കാര്യങ്ങളാണെന്നും എനിക്കറിയാം. പക്ഷേ അവ ചെയ്യാനുള്ള ആർജ്ജവം കിട്ടുന്നതും ഈ ചികിത്സ കൊണ്ടാണ്. ആയുർവേദ ട്രീറ്റ്മെന്റ് എടുക്കുന്നതുപോലെ പ്രധാനമാണ് പരിപൂർണ്ണ വിശ്രമം. പലവട്ടവും എനിക്ക് ആ പൂർണ്ണ വിശ്രമം കിട്ടിയതുമില്ല. പൗലോസ് സാർ ഇതെല്ലാം കാണുന്നുണ്ടെങ്കിലും എന്നോടു വിശ്രമിക്കാൻ പറയാൻ കഴിയുന്ന സ്ഥിതിയല്ല എന്നു അദ്ദേഹത്തിനും അറിയാമായിരുന്നു.

അങ്ങനെ ചികിത്സയുടെ രണ്ടാംഘട്ടം വരുന്നു. തമിൾനാട്ടിൽ സാധാരണയായി കാണുന്ന ഒരു വഴിപാടാണ് തല മുണ്ഡനം ചെയ്യൽ. നമ്മുടെ നാട്ടിൽ അങ്ങനെ ഒരു സാഹസം അപൂർവമായേ നടക്കാറുള്ളു. ചികിത്സക്ക് വേണ്ടി ഞാൻ അതിനു തയ്യാറായപ്പോഴും  എല്ലാവർക്കും അല്പം സങ്കോചമുണ്ടായിരുന്നു.  ലക്ഷ്യത്തിൽ എത്താനായി പല കാര്യങ്ങളും നമ്മൾ ത്യജിക്കേണ്ടിവരും.  എനിക്കതിൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. തല മൊട്ടയടിച്ചു!
ചികിത്സയ്ക്കായിട്ടാണെങ്കിലും ജീവിതത്തിന്റെ മറ്റു പ്രധാനകാര്യങ്ങൾക്കാണെങ്കിലും നമുക്കുവേണ്ടി ഒരാൾ റിസ്ക് എടുക്കാൻ തയ്യാറാവുമ്പോൾ  നമ്മെ പ്രൊട്ടക്റ്റ് ചെയ്യാൻ തയ്യാറാവുമ്പോൾ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ഒപ്പം നിൽക്കാമെന്നു സമ്മതിക്കുമ്പോൾ ആ യാത്രയുടെ മുഴുവൻ ബുദ്ധിമുട്ടും വരാനിടയുള്ള സംഭവങ്ങളും വന്നുചേർന്നേക്കാവുന്ന അപകടങ്ങളും ആ വ്യക്തി മുന്നിൽ കാണുന്നുണ്ട്.   എല്ലാത്തരത്തിലും ദൂരക്കാഴ്ച്ച ഉണ്ടാവും.  ഇതിങ്ങനെ ചെയ്താൽ റിസൾട്ട്‌ എന്താവുമെന്ന് വ്യക്തമായി അറിയുന്ന ആ വ്യക്തിയുടെ കൂടെനിൽക്കുക എന്നതാണ്  മര്യാദ.  എത്രമാത്രം മുൻകരുതൽ എടുത്താലും ചിലപ്പോൾ പ്രതീക്ഷിച്ച ഗുണമോ റിസൾട്ടോ അവസാനത്തിൽ കിട്ടിയില്ലെന്നും വരാം. ഞങ്ങൾ സയൻസ് അദ്ധ്യാപകർ എപ്പോഴും കുട്ടികളോടും ഞങ്ങളോടും പറയുന്ന ഒരു വാക്കുണ്ട്.   "എല്ലാ സന്ദർഭങ്ങളും ഓക്കേ ആയാൽ റിസൾട്ട്‌  ഒരുപക്ഷെ കിട്ടിയേക്കാം" എന്ന്.  കിട്ടിയേക്കാം എന്നാണ്....കിട്ടും എന്ന യാതൊരു ഗ്യാരന്റിയും ഇല്ല. 
അത്തരമൊരു ഞാണിന്മേൽ കളിയാണ്   ഞാനും പൗലോസ് സാറും എടുക്കുന്നത്. 

അഞ്ചാറുശതമാനമെങ്കിലും വേദനയ്ക്കു കുറവുണ്ടോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് കുറച്ചു കഴിഞ്ഞപ്പോൾ യെസ് പറയാൻ  എനിക്ക് സാധിച്ചു. പക്ഷേ എപ്പോഴും ഞാൻ അദ്ദേഹത്തോട് പറയുന്ന ഒരു നിർബന്ധബുദ്ധിയുണ്ട്.


"എനിക്ക് ഈ അസുഖം കുറയുകയല്ല വേണ്ടത്.
ഈ അസുഖം 100% മാറുകയാണ്  വേണ്ടത്. പൂർണ്ണമായ ആരോഗ്യമാണ് വേണ്ടത് "

സർ അപ്പോൾ പറയുന്ന ഒരു വാചകമുണ്ട്.
"100% എന്ന ഒരു കണക്ക് വൈദ്യത്തിൽ ഇല്ല.  നമുക്ക് നോക്കാം. നോക്കട്ടെ "

നോക്കട്ടെ എന്ന വാക്കിനു എന്റെ ജീവിതത്തോളം മൂല്യമുണ്ടായിരുന്നു. ആ വാക്ക് ഒരു വാഗ്ദാനമായാണ് ഞാൻ എന്നിലേക്ക്‌ എടുത്തത്.
എണീറ്റു നടക്കണം എന്ന വാശി.... ഓരോ ചികിത്സയിലും പരാജയപ്പെടുകയാണോയെന്ന് തോന്നുന്ന അവസാനനിമിഷത്തിലായിരിക്കും  ചെറിയൊരു പ്രകാശം ലഭിക്കുക. ഒരു അന്ധന് ചെറിയ പ്രകാശം പോലും വളരെ പ്രത്യാശ നിറഞ്ഞതല്ലേ....

തല മൊട്ടയടിച്ചപ്പോൾ  ബുദ്ധിമുട്ട് മുഴുവനും എന്റെ ചുറ്റുവട്ടത്തുള്ളവർക്കായിരുന്നു.
നമ്മുടെ ആളുകളുടെ പ്രധാന പരിപാടി മറ്റുള്ളവരുടെ ജീവിതത്തിൽ എന്തുനടക്കുന്നുവെന്ന ഒളിഞ്ഞുനോട്ടം ആണല്ലോ. പക്ഷേ മൈൻഡ് ചെയ്യാൻ പോയില്ല. മനുഷ്യരെ മനസ്സിലാക്കാൻക്കൂടി സാധിച്ച കാലഘട്ടമാണ് കടന്നുപോയത്.

പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ ശ്രമിക്കുമ്പോലെയാണ് ചില കാര്യങ്ങൾ. അസാധ്യമെന്നു  നമുക്ക് പലപ്പോഴും തോന്നുന്ന കാര്യങ്ങളിൽ ഒന്നാണ് ചിലതരം രോഗങ്ങൾ.
നടിയും ഗായികയുമായ മംമ്ത മോഹൻദാസിന്റെ ഇന്റർവ്യൂ ഞാൻ പലപ്പോഴും  കാണാറുണ്ട്. എങ്ങനെയാണ് അവർ കാൻസർ രോഗത്തോട് പൊരുതുന്നതെന്ന്. മറ്റുള്ളവർക്കു ബാധ്യത ആവാതിരിക്കാൻ അവർ എടുക്കുന്ന മുൻകരുതലുകൾ വളരെ ആർജ്ജവം നിറഞ്ഞതാണ്. കേൾക്കുന്നവർക്ക് പലതരം അഭിപ്രായങ്ങൾ ഉണ്ടാവുമെങ്കിലും നേരിടുന്നവർക്ക് അതിൽ പല ശരികളുണ്ട്.
ഒന്നും എളുപ്പമല്ല.  നിതാന്തജാഗ്രതയോടെ പൊരുതേണ്ട സാഹചര്യം വന്നാൽ നേരിടുകയേ വഴിയുള്ളൂ.

ചികിത്സയുടെയും വേദനയുടെയും മഹാമഹം നടന്നുകൊണ്ടിരിക്കുന്നു മാസങ്ങളിൽ ഒരിക്കൽപോലും ആശ്വാസം തോന്നാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.  എന്നും വേദന വേദന എന്ന് എങ്ങനെ ഡോക്ടറോട് പറയുമെന്ന് ആകുലപ്പെട്ടിട്ടുണ്ട്. ഇത്രയും ദീർഘിച്ച ചികിത്സകൾ നടക്കുമ്പോൾ ദേഹത്തിന്റെ ക്ഷീണം കാരണം ചില മാസങ്ങളിൽ വീട്ടിൽ വരും. ഒന്നും ചെയ്യാനാവാതെ വീട്ടിൽ വെറുതെ കിടക്കും. ആ കിടപ്പിലും എങ്ങനയെങ്കിലും പൊരുതണമെന്നു വാശി വരുമ്പോൾ ഞാൻ സാറിനെ വിളിക്കും. 
'ഭയങ്കര വേദനയാണ്. എന്തു ചെയ്യും?'

'അവിടെയിരുന്നു വേദന എന്നു പറഞ്ഞാൽ എന്തു ചെയ്യും?
 ഇങ്ങോട്ടു വന്നാൽ വഴിയുണ്ടാക്കാം"

ഒരിക്കൽപോലും എന്നെ ഏറ്റെടുക്കാൻ പറ്റില്ലെന്ന് സർ പറഞ്ഞില്ല. എന്നെയിനി ചികിൽസിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞില്ല. ഒരു ഡോക്ടർ എന്ന നിലയിൽ രോഗികളെ ചികിൽസിക്കാൻ തന്നെയാണ് അദ്ദേഹം ജീവിക്കുന്നതെങ്കിലും മുൻപ് എന്നോടു പല ഡോക്ടർമാരും പറഞ്ഞതുപോലെ ഇനി മതിയാക്കാം എന്നദ്ദേഹം ഒരിക്കലും പറഞ്ഞില്ല.
ഇത്രയും ചികിൽസിച്ചില്ലേ
ഇതിനു ഇത്ര ഫലമേ കിട്ടൂ
ഇനി മതി.... ഇത്രയേ പറ്റൂ  എന്നദ്ദേഹം ഒരിക്കലും പറഞ്ഞില്ല.ഇനിയും ഏറ്റെടുത്താൽ റിസൾട്ട്‌ നെഗറ്റീവ് ആയാൽ ഒരു ഡോക്ടർ എന്ന നിലയിൽ തനിക്ക് ചീത്തപ്പേരുണ്ടായാലോ എന്നദ്ദേഹം കരുതിയില്ല. ഇത്രകാലം ചികിൽസിച്ചല്ലോ ഇനി മതി, ഇനി മരുന്നും കഷായവുമായി വീട്ടിൽ കൂടിയാൽ മതി എന്ന് എന്നോട് പറഞ്ഞാലും ഒരു ഡോക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയറിനു ഒരു ചുക്കും സംഭവിക്കില്ലായിരുന്നു.

എണീറ്റു നടക്കണമെന്ന എന്റെ വാശി കണ്ടപ്പോൾ എന്നെ എഴുനേൽപ്പിച്ചു ഓടിച്ചേ അടങ്ങൂ എന്ന പത്തിരട്ടി വാശി അദ്ദേഹത്തിനുണ്ടായിട്ടുണ്ടെന്നു പിന്നീടെനിക്ക് മനസ്സിലായി. കാരണം അത്തരം മരുന്നുകളും ചികിത്സാരീതികളും കൊണ്ടാണ്  എന്റെ മുന്നിൽ വരിക.

"ഇതൊക്കെ ഏതു താളിയോലയിൽ നിന്നാണ് കണ്ടെത്തിയെടുക്കുന്നത്?" ഞാൻ ചോദിക്കാറുണ്ട്.
"താളിയോല ഞാൻ കത്തിച്ചു. ആ ചാരത്തിൽനിന്നും എടുത്ത കുറച്ചു കുറിപ്പടികളാണ്." അദ്ദേഹം സരസമായി മറുപടി പറയും.

എന്റെ ചികിത്സയുടെ അപ്ഡേറ്റുകൾ എന്റെ പല ഫ്രണ്ടിസിനും അറിയാമല്ലോ. ഞാൻ വീട്ടിൽ വരുന്ന ചെറിയ ഇടവേളകളിൽ അവരും എന്നെ കാണാനായി  വീട്ടിൽ വരും.

"സാറിനിപ്പോൾ ഉറക്കമൊന്നും ഇല്ലെന്ന് തോന്നുന്നല്ലേ....?" അവർ ചോദിക്കും.

"അതെന്താ....?"

" അല്ല... തീരുമ്പോൾ തീരുമ്പോൾ കുടത്തിൽനിന്നും വിട്ട ഭൂതത്തിന് പണി കൊടുക്കുമ്പോലെ ഒന്ന്‌ കഴിഞ്ഞാൽ അതിലും വലിയ പണി നീ സാറിന്   കൊടുക്കുന്നുണ്ടല്ലോ.... "

ഞാൻ ചിരിച്ചു.

'നീ ചിരിക്കേണ്ട...മണിച്ചിത്രത്താഴ് സിനിമയിലെ ഡോക്ടർ സണ്ണി അലയുന്നതുപോലെ  സാർ അലയുന്നു എന്നാണ് കേട്ടത്. ഗംഗയിലെ നാഗവല്ലിയെ ഒഴിവാക്കാൻ സണ്ണി പഠിച്ച പതിനെട്ടെടവും എടുത്തു അവസാനം മെഡിക്കൽ സയൻസിന്റെ അതിരുകൾ ബ്രേക്ക്‌ ചെയ്തു. അതുപോലെ ഒരു ഡോക്ടറും സഞ്ചരിക്കാത്ത വഴികളിലൂടെ അദ്ദേഹം പോകുന്നു.... He is goint to break all coventional concepts of treatment!  For you... "
കൂട്ടുകാർ തമാശയുടെ മേമ്പൊടിചേർത്താണ് പറഞ്ഞതെങ്കിലും  ഈ നിമിഷം എനിക്ക് ചിരി വന്നില്ല.

ശരിയാണ്. പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. റിസ്ക് ആണ്... Impossible ആണ്....This is incurable എന്നു പറയുന്നുണ്ട്. നിറുത്തിക്കൂടെ എന്തു ചികിത്സയാണിത്? റിസൾട്ട്‌ കിട്ടാൻ പോകുന്നില്ല എന്നു പറയുന്നുണ്ട്.

പക്ഷെ ഇതെല്ലാം അദ്ദേഹം നിഷേധിക്കുന്നു.

ഞാൻ ഭയന്നു പിന്മാറാൻ സമ്മതിക്കാതെ എന്നെ അതിജീവിക്കാൻ പ്രേരിപ്പിക്കുന്നു.

അതെ. പിന്മാറ്റം അസാധ്യമായിരുന്നു.

( തുടരും )

Read more: https://emalayalee.com/writer/176

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക