Image

ദാസേട്ടന് ജന്മദിനാശംസകൾ (പി. സീമ)

Published on 10 January, 2024
ദാസേട്ടന് ജന്മദിനാശംസകൾ (പി. സീമ)

"ചിത്രശിലാപാളികൾ കൊണ്ട് തീർത്ത ശ്രീകോവിലക"ത്തു നിന്നോ, അതോ "കണ്ണുനീർ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി"യിൽ നിന്നോ എന്റെ പാട്ടോർമകളുടെ തുടക്കം? 

 നിശ്ചയമില്ല. എങ്കിലും ഒന്ന് ഉറപ്പുണ്ട്. ഓർമ്മ വെച്ച നാൾ തൊട്ടിന്നോളം ഈ ശബ്ദം കേൾക്കാത്ത ദിവസങ്ങൾ വിരളം. 

അച്ഛനായിരുന്നു സംഗീതം എന്നിൽ ഒരു ഭ്രാന്തും ലഹരിയും ആയി നിറച്ചത്. നന്നായി പാടുമായിരുന്ന അച്ഛനിൽ നിന്നാണ് അല്പം ആലാപനവും ആസ്വാദനവും എനിക്ക് കിട്ടിയത്. അച്ഛൻ കേൾക്കാറുള്ളത് ഏറെയും ദാസേട്ടന്റെ പാട്ടുകളായിരുന്നു. 

ഇന്നും ആ പാട്ടുകൾ   എന്റെ ബാല്യമായി,  കൗമാരവും യൗവ്വനവും പകർന്ന ഏറ്റവും മനോഹരമായ പ്രണയസങ്കല്പങ്ങളായി, ഇന്നിന്റെ വ്യഥകളെ പാടെ തുടച്ചു മാറ്റുന്ന ശമനതാളങ്ങളായി മനസ്സ് ഓമ  നിക്കുമ്പോൾ ഏതു പാട്ടാണ് ഏറ്റവും പ്രിയതരം എന്ന് പറയാൻ പറ്റുന്നില്ല. 

ഒരു പക്ഷെ കേട്ടവയും കേൾക്കുന്നവയും അത്ര മേൽ പ്രിയങ്കരമായിട്ടാകാം. 

യൗവ്വനത്തിന്റെ മധുരോന്മാദങ്ങളിൽ ഇത് പോലൊരാൾ കൂട്ടു വേണം എന്ന് മനസ്സ് വാശി പിടിച്ചിരുന്നു എങ്കിലും പിന്നെ വെളുത്ത ചിരിയിൽ പൊതിഞ്ഞു വന്നൊരാൾ കൂടെ കൂട്ടിയപ്പോൾ അദ്ദേഹത്തെ ചൊടിപ്പിക്കാൻ ഞാൻ പറഞ്ഞിരുന്നു 

"ഭൂമിയിൽ ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന ആൾ ദാസേട്ടൻ ആണെന്ന്. " 
"അപ്പോൾ ഞാൻ അല്ലേ" എന്ന് നിർദോഷമായി കുറുമ്പ് പറഞ്ഞു അദ്ദേഹം ഒന്ന് പിണങ്ങാറുമുണ്ടാ യിരുന്നു. 

എങ്ങനെ നോക്കിയാലും ബാല്യം മുതൽ ഇപ്പോൾ ജീവിതപ്പാതി പിന്നിട്ടുവെങ്കിലും ഓർമ്മകൾ മനസ്സിലെ  ഒരു പച്ചത്തുരുത്തിൽ ആ മായിക സംഗീതം നിറച്ചു വെച്ചിരിക്കുന്നു. അവിടെ വീശുന്ന ഓരോ കാറ്റലയിലും, ദലമർമ്മരങ്ങളിലും കാലം ആ നാദം കൊത്തി വെച്ചിരിക്കുന്നു.  

ഞാൻ ഭൂമിവിട്ടു പോകുന്ന അവസാന നിമിഷത്തിലും കേൾക്കേണ്ടത് "ഒറ്റക്കമ്പിനാദം മാത്രം മൂളുന്ന "ആ വീണാഗാനം ആകണം എന്ന് ആഗ്രഹം. 

കാലത്തിന്റെ അനിവാര്യതയിൽ പെട്ടൊഴുകുമ്പോൾ നര വീണ താടിയും മുടിയുമുള്ള അദ്ദേഹത്തെ പിതൃതുല്യനായി ഇപ്പോൾ നമിക്കുന്നു. 

എന്നെങ്കിലും ഒരു നാൾ കുഞ്ഞമ്മയുടെ മകനായ എന്റെ പ്രിയ അനുജൻ അനീഷിന്റെ സംഗീതശേഖരം കാണാൻ അദ്ദേഹം എത്തുമെങ്കിൽ നേരിട്ട് കണ്ട് ആ പാദങ്ങളിൽ തൊട്ടു തൊഴണം.

 ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ളവരെ നമിക്കുമ്പോൾ ദൈവത്തെ നമിക്കും പോലെ തന്നെയാണ്. ഏതു കലയിലും ഉള്ളത് ആ ദേവാംശം തന്നെ ആണല്ലോ. 

ഇപ്പോഴും ഒരു പുഴ പോലൊഴുകുന്ന ആ "പൗർ ണമിചന്ദ്രിക"യും, "വെൺചന്ദ്രലേഖയാകുന്ന അപ്സരസ്ത്രീയും" കൈ പിടിച്ചു കൊണ്ട് പോകുന്നത് ബാല്യത്തിന്റെ പൂമുഖത്തേക്കാണ്. 

അവിടെ നിറമുള്ള ചിത്രത്തൂണിൽ ചാരി അച്ഛന്റെ  റേഡിയോ കേട്ട് കണ്ണടച്ചിരുന്ന ഏഴു വയസ്സുകാരിയിൽ നിന്നും വളരേണ്ടായിരുന്നു  എന്ന തോന്നൽ. 

ഇനിയുമെത്ര വർഷങ്ങൾ കഴിഞ്ഞാലും ആ ശബ്ദത്തിലെ യുവത്വം അനുപമമായ  അഭൗമസംഗീതമായി ചുറ്റിനും  ഒഴുകി നിറയട്ടെ. 

ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത സാഹോദര്യത്തിന്റെ ഗുരുസങ്കല്പത്തിൽ സകലചരാചരങ്ങളും ഇനിയും ആ നാദം ഏറെ നാളുകൾ ഏറ്റു വാങ്ങട്ടെ.. ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

പ്രിയപ്പെട്ട ദാസേട്ടന് പിറന്നാള്‍ മംഗളങ്ങള്‍ (ജോജോ തോമസ്, പാലത്ര, ന്യൂയോര്‍ക്ക്.)

ഗന്ധര്‍വ്വഗായകന്റെ ആയിരം പൂര്‍ണചന്ദ്ര ദര്‍ശനത്തില്‍ പ്രാര്‍ത്ഥനയോടെ സംഗീതലോകം (ജോയ്സ് തോന്ന്യാമല)

''പാടൂ ഗന്ധർവഗായകാ... ഒരായിരം സംവത്സരങ്ങൾ''   യേശുദാസിന് പിറന്നാൾ, 84  ന്റെ പുണ്യം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക