Image

ദീപാവലി സന്ധ്യ (ജീവിതം ; അനുഭവം : സന റബ്‌സ് )

Published on 06 January, 2024
ദീപാവലി സന്ധ്യ (ജീവിതം ; അനുഭവം : സന റബ്‌സ് )

പതിനാല് ദിവസത്തെ അഡ്മിഷൻ ആണ് സാർ ആദ്യം പറഞ്ഞത്.
 ശേഷം നോക്കട്ടെ എന്നും.   അങ്ങനെ ഞാൻ AVM ൽ ഞാൻ അഡ്മിറ്റായി 
ചികിത്സ തുടങ്ങി.  
മർമ്മ ചികിത്സ  ആയുർവേദവുമായി സമന്വയിപ്പിക്കുമ്പോൾ നാലിരട്ടി പ്രയോജനം കിട്ടുന്നതിനാലാണ്  ചികിൽസിക്കുമ്പോൾ  രോഗികൾക്ക് ഉടനെ ഫലം കിട്ടുന്നത്.  പൗലോസ് സാറും   ആതിരഡോക്ടറും ഓരോദിവസവും ഓരോ മണിക്കൂർ ഇടവിട്ടു വരും. എങ്ങനെയുണ്ടെന്നു ചോദിക്കും.
ഒരു ദിവസം ഞാൻ പറഞ്ഞു നിങ്ങൾ ഇങ്ങനെ ചോദിക്കല്ലേ... കുറവുണ്ട് എന്നുപറയാൻ എനിക്കാഗ്രഹമുണ്ടെങ്കിലും കുറയുന്നില്ല. ഓരോ ദിവസവും വേദനയുടെ ആഴം കൂടിവന്നു.  കാലിന്റെ ഏതു ഭാഗത്താണ് വിഷമമെന്നു പറയാനാവാത്ത രീതിയിൽ ഫർണസിൽവെച്ചതുപോലെ ആളുന്നു!!

എന്റെ ഓരോ ദിവസത്തെ വേദനയ്ക്കും ഓരോ സ്പെഷ്യൽ മരുന്നുകൾ കണ്ടുപിടിച്ചുകൊണ്ടുവരികയെന്നത് ഒരു ചെറിയ ടാസ്ക് അല്ല.  അതൊരു റിസ്ക് തന്നെയാണ്. ഈ സൂപ്പർലേറ്റീവ് ഡിഗ്രി റിസ്കാണ് പൗലോസ് സർ ഏറ്റെടുത്തത്!!

ഓരോ വേദനയുടെ ആവലാതിയിലും സർ പറയും സാരമില്ല നമുക്ക് പരിഹാരമുണ്ടാക്കാം...
അതൊരു വെറും വാക്കല്ല എന്നു ദിവസങ്ങൾ പോകവേ മനസ്സിലായി.
ഫീമർ ഹെഡ് വേദനയ്ക്ക് അല്പം ആശ്വാസമായാൽ എളി വേദനിക്കും.  മരുന്നു പുരട്ടി കെട്ടിവെച്ചാൽ വെറും അരമണിക്കൂറിനുള്ളിൽ  എഫക്ട് കുറഞ്ഞു വീണ്ടും പുകയാൻ തുടങ്ങും. വീണ്ടും മരുന്നുചെയ്താൽ ആ ഭാഗം കുറച്ചു ശാന്തമായി കിടക്കും പക്ഷേ തുടയെല്ലും മുട്ടും ബാക്കിയും വേദനിച്ചു അലറാൻ തുടങ്ങും. എന്റെ ദേഹത്തുനിന്നും കൈ എടുക്കാൻ നഴ്സുമാർക്ക് സമയമില്ലാത്ത രീതിയിൽ കാല് കളി തുടങ്ങി.

വ്യത്യസ്തതരത്തിൽ എല്ലിനും ഞരമ്പിനും  അസുഖമുള്ളവരാണ്  എല്ലാ മുറികളിലുമുള്ളത്. പല പ്രായത്തിലുള്ളവർ. ജെസിബി പോലുള്ള വളരെ ഹെവിയായ വാഹനങ്ങൾ വന്നിടിച്ചു പരിക്കുപറ്റിയ ആളുകൾവരെ അവിടെയുണ്ടായിരുന്നു.   പുറംരാജ്യങ്ങളിൽ ജോലിചെയ്യുന്ന പലരും ചികിത്സതേടി എത്തുന്നത് ഈ ഡോക്ടറുടെ അടുത്താണ്.  മഞ്ഞിൽ വീണുപരിക്ക് പറ്റിയവർ,  ആ പരിക്കുകൾ ചികിൽസിച്ചിട്ടും ഇപ്പോഴും വേദനയിൽ തന്നെ ഉള്ളവർ, പണ്ട് ആസിഡന്റ് ആയി പരിക്കുപറ്റി ശരീരം മുറുകി ആ വേദന അവിടെത്തന്നെ ഉറച്ചു അവശതയിലായവർ അതുപോലെ ഡയബറ്റിക്  ന്യൂറോപ്പതിയിൽ അവശരായവർ, ഫ്രോസൺ ഷോൾഡർ കൊണ്ടു കൈ അനക്കാൻ വയ്യാത്തവർ,  കണ്ണിനും ചെവിക്കും അസുഖമുള്ളവർ....അങ്ങനെ പലരും.

അദ്ധ്യാപകരും  ക്യൂവിലുണ്ട്. മണിക്കൂറുകൾനിന്നു ക്ലാസ് എടുക്കുമ്പോൾ കാലിന്റെ വേദനകൂടി നട്ടംതിരിഞ്ഞു പല ഇൻജെക്ഷനും മരുന്നും എടുത്തു ശരണം കെട്ടു അവസാനമാണ് ഇവിടെ എത്തുക. എത്തുമ്പോഴേക്കും രോഗം വഷളായി ലാസ്റ്റ് സ്റ്റേജിലേക്ക് കടന്നിരിക്കും. ഡിസ്ക് ബൾജ് ആയി ഓപ്പറേഷൻ പറഞ്ഞവരും ഓപ്പറേഷൻ ചെയ്തവരും ഉണ്ടിവിടെ. 
എങ്കിലും  ഇരുപത്തൊന്നോ മുപ്പതോ ദിവസത്തെ ചികിത്സകൊണ്ടു അവരെല്ലാം സുഖം പ്രാപിക്കുന്നു. ഇതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു.

 അലോപ്പൊതി ഡോക്ടർമാരും നഴ്സ്മാരും ചികിത്സയ്ക്ക് വന്നിട്ടുണ്ട്. ഓപ്പറേഷൻ വേണ്ടിവന്നാൽ ഏതു അലോപ്പൊതി ഡോക്ടറും പത്തുവട്ടം ആലോചിച്ചിട്ടേ അതിനു മുതിരൂ. രോഗികളോട് പെട്ടെന്നു ഓപ്പറേഷൻ ചെയ്യാൻ പറയുന്ന ഇവർ സ്വന്തംകാര്യം വരുമ്പോൾ മാക്സിമം ആയുർവേദയൊ മറ്റോ ചെയ്തു ശരിയാക്കും. ശരിയാവാത്ത കേസ് മാത്രമേ മറ്റു വഴികൾ തേടുകയുള്ളൂ. പക്ഷേ ഒരു രോഗി ആയുർവേദ ട്രീറ്റ്മെന്റ് പരീക്ഷിക്കട്ടെയെന്നു ചോദിച്ചാൽ ഏയ്‌ വേണ്ട വേണ്ട എന്നു നിരുത്സാഹപ്പെടുത്തുകയും ചെയ്യും. 

ഒരുദിവസം  പൗലോസ് ഡോക്ടറോട് ഞാൻ പറഞ്ഞു 'എന്റെ കാല് പത്തു സെന്റിമീറ്റർ പോലും പൊങ്ങുകയില്ലെന്നു അറിയാമല്ലോ അല്ലെ?'

ആതിര പറഞ്ഞു. ചേച്ചീ, ചേച്ചി ഇപ്പോഴെങ്കിലും ഇവിടെ എത്തിയല്ലോ. നമ്മുടെ സർ എല്ലാം ശരിയാക്കും. സാറിനെ വിശ്വസിച്ചാൽ മതി. നമ്മുടെ കേരളത്തിൽ ഇതുപോലെ ഒരു ചികിത്സാലയം ഇല്ല. ചേച്ചി ധൈര്യമായിരിക്കൂ'

ആതിര വളരെ കോൺഫിഡന്റ് ആയിരുന്നു. പക്ഷേ വേദനിക്കുന്ന എനിക്ക് അത്രയ്ക്ക്  കോൺഫിഡന്റ് ആയിട്ടില്ല എന്നു  തോന്നിയിട്ടോ എന്തോ  പൗലോസ് സാർ ചിരിച്ചുകൊണ്ടു ചോദിച്ചു.
"1% എങ്കിലും വേദന കുറവ് തോന്നുന്നുണ്ടോ?'
ഞാൻ മറുപടി പറഞ്ഞില്ല.

പിന്നീട് ചികിത്സയുടെ മഹാപ്രളയകാലം ആയിരുന്നു.
മർമ്മത്തു തൊട്ടുള്ള ചികിത്സയിൽ ജീവിതം മതി എന്നു തോന്നിപ്പോകും. തിരുമ്മൽ ധാര കിഴി തുടങ്ങിയ ചികിത്സകൾ ആണെങ്കിലും അതിന്റെയെല്ലാം ആപ്ലിക്കേഷൻ വ്യത്യസ്‍തമായിരുന്നു. രാവിലെ ഏഴുമണിക്കോ എട്ടുമണിക്കോ തുടങ്ങുന്ന എന്റെ ചികിത്സ സൂര്യൻ അസ്തമിക്കുവോളം നീണ്ടു. തിരുമ്മൽ ചികിത്സയിൽ സാമാന്യം വേദനയുണ്ടാകും. 
അവശയായി രാത്രിയിൽ മുറിയിൽ കിടക്കുമ്പോൾ ഞാൻ ഓർക്കും.
മതി.. നാളെ നിറുത്തണം ഇതെല്ലാം. പറ്റുന്നില്ല. ഇനി ചികിൽസിക്കേണ്ട എന്നെല്ലാം തീരുമാനിക്കും.

എന്റെ ചികിൽസക്കിടയിൽ AVM ഹോസ്പിറ്റലിൽ പല കാലത്തും കുറേ ട്രൈയിനികൾ ഉണ്ടായിരുന്നു. അവരെല്ലാം ഈ ചികിത്സയും അതിനെടുക്കുന്ന സമയവും കണ്ടു എപ്പോഴും ചോദിച്ചിട്ടുണ്ട്. ചേച്ചിക്ക് എന്തു പറ്റിയതാ?
വേഗം മാറാൻ ഞാൻ പ്രാർഥിക്കാം കേട്ടോ...
കേൾക്കുമ്പോൾ ഞാൻ അലിവോടെ ചിരിക്കും. ആർക്കും എന്റെ വേദനയുടെ ആഴം കണ്ടു നിൽക്കാൻ ആവാത്തതിനാലാണല്ലോ ഇങ്ങനെ എന്നെ ആശ്വാസിപ്പിക്കുന്നത്.

രോഗിയും ഡോക്ടറും ഒരേ മനസ്സോടെ ഒരേ വീക്ഷണകോണിലൂടെ  നോക്കിയാലെ രോഗത്തെ വരുതിയിലാക്കാൻ കഴിയൂ. 
പലദിവസവും ഞാൻ പപ്പയോടു പറഞ്ഞു.
പപ്പ ഇതു റിസൾട്ട്‌ പോസിറ്റീവ് ആകുമോ
ഈ ചികിത്സയുടെ വേദന സഹിക്കാൻ എനിക്കാവുന്നില്ല. നമുക്ക് നിറുത്തിയാലോ....?
പപ്പ പറഞ്ഞു 'നീ തലവേദന സഹിക്കുന്നില്ലേ.... ഈ തലവേദന സഹിക്കുന്ന ഒരാൾക്ക്‌ ഈ ലോകത്തിലെ എന്തും നിസ്സാരമാണ്.'
അതു ശരിയായിരുന്നു.

ദേയ്‌തോവിസ്കി എന്ന വലിയ എഴുത്തുകാരന് വലിയൊരു അസുഖം കൂട്ടായിരുന്നു. ചുഴലി! ഇന്നത്തെ ഫിറ്റ്സ് എന്നോ അപസ്മാരം എന്നോ പറയും. അസ്ഥി പറിഞ്ഞുപോകുമ്പോലെ അലറി അദ്ദേഹം മറിഞ്ഞു വീഴാറുണ്ട് എന്നു ഞാൻ വായിച്ചിട്ടുണ്ട്. ഈ ചുഴലി രോഗം നിങ്ങൾക്കൊരു ബാധ്യതയല്ലേ ഇതു മാറ്റിക്കളയുന്ന മരുന്നുകൾ കഴിച്ചുകൂടെ എന്നു ചോദിച്ചപ്പോൾ ദേയ്‌തോവിസ്കി പറഞ്ഞ ഒരു മറുപടിയുണ്ട്.

'ഈ രോഗം മാറിയാൽ ഞാനില്ല. എന്റെ ക്രീയേറ്റിവിറ്റിയുടെ താക്കോൽ ഈ രോഗമാണ്. ഈ രോഗത്തിന്റെ അത്യുഗ്രൻ വേദനയിൽ നിന്നാണ് എന്റെ ഉജ്ജ്വലവിജയങ്ങൾ നേടിയ പല കൃതികളും ഞാൻ എഴുതിയത്. ഈ രോഗം എന്റെ കൂട്ടുകാരനാണ് "

അങ്ങനെയൊരു കൂട്ടുകാരനാണ് എനിക്കെന്റെ തലവേദനയും.
ആ തലവേദന സഹിക്കാമെങ്കിൽ ഈ കാലും ഈ ചികിത്സാവേദനയും നിനക്ക് നിസ്സാരമല്ലേ എന്നു എന്റെ ഫാമിലിയും ഫ്രണ്ട്സും ഒന്നടങ്കം ചോദിച്ചു.

കാലിന്റെ ഇത്രയൊക്കെ ചികിത്സ കഴിഞ്ഞുവരുന്ന ഞാൻ രാത്രി ഉറങ്ങുന്നത്  രണ്ടോമൂന്നോ മണിക്കൂർ ആണ്. വേവുന്ന തലച്ചോർ ഉറങ്ങാൻ വിടാഞ്ഞിട്ടാണോ എന്നറിയില്ല. ഉണർന്നാൽ മൊത്തത്തിൽ ശരീരം ഭൂമിയിലുണ്ടെന്നു തോന്നുകയില്ല. ഒട്ടും വേദനയില്ല! ആഹാ... ഇത്രയും വേദനിച്ചു രാത്രിയിൽ കിടന്നിട്ടു ഇപ്പോൾ ഒന്നും ഇല്ലേ... ഇതു കൊള്ളാമല്ലോ എന്ന സന്തോഷം വരും. ഈ ശാന്തതയാണ് പിറ്റേ ദിവസവും ട്രീറ്റ്മെന്റ് എടുക്കാനുള്ള ശേഷി  നൽകികൊണ്ടിരുന്നത്.
പക്ഷേ ആ ശാന്തതയ്ക്ക് അധികം ആയുസ്സില്ല.  പുലരുമ്പോഴേക്കും പതുക്കെ പതുക്കെ അരിച്ചരിച്ചു വരികയായി എല്ലാം..

എന്തായാലും  പെയിൻ കുറയാൻ തുടങ്ങി. മൂന്നു മാസത്തെ നിരന്തര ചികിത്സയാൽ എനിക്ക് ക്രചസ് ഉപയോഗിച്ചു നിവർന്നു നടക്കാം എന്ന പുരോഗതി വന്നു. അങ്ങനെ ആശ്വസിക്കവേ.....

കാലിന്റെ വേദന കുറയുമ്പോൾ തലവേദന കൂടുന്ന അവസ്ഥയാണ് ഞാൻ പിന്നീട് നേരിട്ട വൈതരണി. അതിശക്തമായ  Cluster Headache  ആണ് എന്റെ തലവേദന! പഠിക്കുന്ന കാലം മുതലേ ഈ അസുഖം എനിക്കുണ്ട്.

തലവേദന വരുമ്പോൾ  ഭൂലോകം  എനിക്ക് അന്യമാകും.  കണ്ണുകൾ നീര് വന്നു തൂങ്ങും. മൂക്കടയും. തലയുടെ ഉച്ചിയും നെറുകും മൂക്കിന്റെ ട്രൈജെമിനൽ നെർവും പിടഞ്ഞു വീർക്കും. വെളിച്ചം ദുസ്സഹമാകും. ശബ്ദം കേൾക്കാൻ വയ്യ. മണം പറ്റില്ല.   ചിലപ്പോൾ തണുത്ത മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നിയാലായി. അതും പക്ഷേ വേദന രൂക്ഷമാകും മുൻപേ വേണം. വലതു കണ്ണ് തുറക്കാനാവില്ല. ഉറങ്ങാൻ പറ്റില്ല. കിടക്കാൻ പറ്റില്ല.  ഇരിക്കാനോ നടക്കാനോ പറ്റാതെ ഉഴറും.
വലതുകണ്ണിൽ ഒരു ചെകുത്താൻ കേറിഇരുന്നു വലിച്ചു പറിക്കുന്ന വേദനയിൽ തലച്ചോർ പൊട്ടിത്തെറിക്കും.
ചില ദിവസം രാവിലെതന്നെ തുടങ്ങുന്ന ഈ പെയിൻ നല്ല വെയിൽ ഉള്ള ദിവസമാണെങ്കിൽ ഉച്ചയോടെ മാക്സിമം പീക്കിൽ എത്തും.  തല കഴുത്തിനുമുകളിൽ 360 ഡിഗ്രി തിരിയും. ഒക്കാനം വരുംപോലെയോ മറ്റോ മനം പിരട്ടും. ഛർദിക്കാൻ വരുന്നത്  അപൂർവമാണ്. അഥവാ ഛർദിച്ചാൽ കുറയുകയല്ല കൂടുകയാണ് ചെയ്യുക. എല്ലാ ഞരമ്പും വലിഞ്ഞു മുറുകിയുള്ള ഛർദിയിൽ തലയ്ക്കുള്ളിൽ പതിനായിരം പാമ്പുകൾ ഇഴയുംപോലെയാണ്.

 രാത്രി ആകുമ്പോഴേക്കും ബോംബ് പൊട്ടാൻ പാകത്തിന് തല സജ്ജമാകും. ഹോസ്പിറ്റലിലേക്ക് ഓടും. അവർ ഇൻജെക്ഷൻ ചെയ്യും. മരുന്നുകൾ തരും. ഓക്സിജൻ തെറാപ്പി എടുക്കും. പാതിരാവരെ കിടന്നു പിടഞ്ഞു എപ്പോഴോ ഉറങ്ങും. രാവിലെ എണീക്കുമ്പോൾ ഞാൻ ഓക്കേ ആയിരിക്കും!

 വരർഷങ്ങളായി ഞാൻ അനുഭവിക്കുന്ന പെയിൻ മറ്റൊരാൾക്ക് കണ്ടു നിൽക്കാൻ പോലും സാധിക്കില്ല. എന്നെ ചികിൽസിച്ച പല ഡോക്ടമാരും എന്റെ തലവേദന കണ്ടു പകച്ചിട്ടുണ്ട്. അവർ എനിക്കൊരു പേരിട്ടു.
ഫീനിക്സ് പക്ഷി! രാത്രിയിൽ വേദനയാൽ കത്തിചാമ്പലായി രാവിലെ ആ ചാരത്തിൽനിന്നും ഉയിരെടുത്തു  ദിവസം മുഴുവനും പറക്കുന്നവൾ!!

എന്റേയീ തലവേദന മാസത്തിൽ ഒന്നോ രണ്ടോ തവണ എന്നെ വിസിറ്റ് ചെയ്യും. അങ്ങനെ മാസത്തിലെ എഴോ എട്ടോ ദിവസം ഞാനും അവനും അതികഠിനയുദ്ധത്തിലായിരിക്കും.

ഇങ്ങനെ ആവർത്തിച്ച 20 വർഷങ്ങളാണ്  ജീവിതത്തിൽ കടന്നു പോയത്.   ഇതും വെച്ചാണ് ഇക്കാലമത്രയും ഞാൻ പഠിച്ചതും  ജോലി എടുത്തതും.  പഠനകാലത്തു പലപ്പോഴും ഹെവി ഡോസ് മരുന്നുകൾ എടുത്തിട്ടുണ്ട്. ശക്തമായ സ്റ്റീറോയ്ഡുകളും  മാസത്തിൽ ഒന്നോ രണ്ടോ ഇൻജെക്ഷൻ വീതവും. പീരിയഡ്‌സ് വന്നാൽ അതിശക്തമാവുന്ന ഈ വേദനയെ പരീക്ഷാകാലങ്ങളിൽ മറികടന്നത് പെയിൻ കില്ലറുകൾ വിഴുങ്ങിയിട്ടായിരുന്നു.

Degenerative Bone Diseases നു ഒരു കാരണം പെയിൻ കില്ലേഴ്‌സും സ്റ്റീറോയ്ഡുകളും ആണ്!

എഴുന്നേൽക്കാൻ വയ്യാത്ത പല ദിവസങ്ങളും ഞാൻ ഒരു മിസ്കാൾ അടിച്ചാൽ പൗലോസ് സാറും ആതിരയും  ഓടിവരും. നമുക്ക് പരിഹരിക്കാം എന്നു നമുക്ക് നോക്കാം എന്നു എപ്പോഴും പൗലോസ്  സർ പറഞ്ഞു.  നോക്കാം നോക്കട്ടെ എന്ന വാക്കിൽ ശരിയാക്കാം എന്ന ദൃഡനിശ്ചയമായിരുന്നു.

ആതിര AVM ലെ RMO ആയിരുന്നു. പല തലവേദനരാത്രികളും ആതിര മാനേജ് ചെയ്തിട്ടുണ്ട്.  സാരമില്ല ചേച്ചി  എല്ലാം ശരിയാകും നമുക്ക് ശരിയാക്കാം എന്ന വാചകം എപ്പോഴും അവൾ പറഞ്ഞു.

 സത്യത്തിൽ ഈ രണ്ടുപേരുടെയും ഈ പോസിറ്റീവ് മനോഭാവമായിരുന്നു എന്നെ പിടിച്ചു നിർത്തിയത്. ആതിരയെ ഞാൻ ആദ്യകാലങ്ങളിൽ ഡോക്ടർ ആതിര എന്നും ഡോക്ടർ എന്നും നിങ്ങൾ എന്നും ഒക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ആ വിളി താൻ എന്നും നീ എന്നുമായി.... പിന്നീട് അകലങ്ങൾ ഇല്ലാതായി എന്റെ സ്വന്തമായി 💞

ഈ തലവേദനയെ ചെറുക്കാനായിരുന്നു പൗലോസ് സാർ വാളും പരിചയുമായി ഇറങ്ങിയത്!

പൗലോസ് സാർ ചോദിച്ചു.
"കാലിനു ചികിൽസിക്കാനേ എന്നോടു പറഞ്ഞിട്ടുള്ളു. ഇത് ഒന്നെടുത്താൽ ഒന്ന്‌ ഫ്രീ ആണോ? അതും വമ്പൻ പാക്കേജുകളോടെ?"

"അല്ല.. ഇതു ഒരു പൂ ചോദിച്ചാൽ പൂക്കാലം ഫ്രീ കിട്ടുമ്പോലാണ്. ചുമ്മാ കിട്ടുന്നതല്ലേ ചികിൽസിച്ചു പഠിക്കാലോ.... വെറുതെ ഇരിക്കേണ്ടല്ലോ...."  എനിക്ക് ചിരി വന്നു.

"ഓഹോ... അപ്പൊ കല്പ്പിച്ചുകൂട്ടിതന്നെ ആണല്ലേ..." 

"ആതിര എന്നോടു പറഞ്ഞിട്ടുണ്ട് എന്തുണ്ടെങ്കിലും സാർ പരിഹരിക്കുമെന്ന്..."

സാർ എന്നെയൊന്നു നോക്കി. പിന്നെ ആതിരയെയും....
ആതിര ഒരോട്ടം ഓടി.

(തുടരും)

Read more: https://emalayalee.com/writer/176

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക