Image

ദീപാവലി സന്ധ്യയുടെ കഥ - 3 - സന റബ്സ്

Published on 30 December, 2023
ദീപാവലി സന്ധ്യയുടെ കഥ - 3 - സന റബ്സ്

എന്റെ മെഡിക്കൽ ആവലാതികൾ ഞാൻ ബോധിപ്പിക്കുന്ന  ചേച്ചിയാണ്  Dr കുഞ്ഞമ്മ ജോർജ്. ചേച്ചി എനിക്ക് കോട്ടയം മെഡിക്കൽ കോളേജിലെ DOC യുടെ റഫറൻസ് തന്നിരുന്നു.   വീട്ടിൽ ആർക്ക് അസുഖം വന്നാലും ഞാൻ ആദ്യം വിളിക്കുക ചേച്ചിയെയാണ്. ചേച്ചിയുടെ കൈയിൽ ഏതിനും പരിഹാരമുണ്ട് .  അസുഖത്തിന്റെ കാര്യങ്ങൾക്കു വിളിച്ചാൽ എനിക്കു ഏറെ ഇഷ്ടമുള്ള പുസ്തകങ്ങളുടെ ലോകത്തേക്ക് പോയി  കുറേ കഥാപാത്രങ്ങളിലൂടെ കയറിയിറങ്ങി വിഷയം മാറും. രോഗം കുറച്ചു നേരം മാറിനിൽക്കും.  പോസിറ്റീവ് ചിന്തകളുടെ വർണ്ണങ്ങൾ എന്നിലേക്കൊഴിക്കാൻ  മിടുക്കിയാണ് കുഞ്ഞമ്മ ചേച്ചി.

എന്നെ സംരക്ഷിക്കുന്ന എന്നെ സ്നേഹിക്കുന്ന വീട്ടുകാരുടെയും കൂട്ടുകാരുടെയും കണക്കെടുത്താൽ ഞാൻ ശതകോടീശ്വരിയാണ്. ഏതു സമയത്തും വെറുതെയൊന്ന് ഓർത്താൽപോലും  അരികിലേക്ക് ഓടിവരുന്ന സുഹൃത്തുക്കൾ എന്റെ ഭാഗ്യമാണ്. ചിലചില അപൂർവ ഭാഗ്യങ്ങളാൽ അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നത് സത്യവുമാണ്.

കുഞ്ഞമ്മ ചേച്ചി എപ്പോഴും പറയും. സന ഓപ്പറേഷനു തയ്യാറാവണം. മറ്റുള്ളതിലേക്കു പോയി സമയം കളയരുത് എന്ന്.
എന്റെ കൂടെ മാലിദ്വീപിൽ വർക്ക്‌ ചെയ്ത  ജിൻസി നേഴ്സ് ആണ്. അവൾ പെരുമ്പാവൂർ ഉള്ള  ഒരു ഡോക്ടറുടെ റഫറൻസ് തുടക്കത്തിലേ തന്നിരുന്നു. പക്ഷേ ഈ വക മാമാങ്കങ്ങൾ നടക്കുമ്പോൾഅതു ഞാൻ ശ്രദ്ധിച്ചില്ല. ആ റഫറൻസ്  കാലക്രമേണ മറന്നു.

മൂന്നുമാസത്തിനുള്ളിൽ സർജറി തീരുമാനിച്ചു.  ആ സമയം വെയിറ്റ് ചെയ്യുമ്പോഴാണ് കോവിഡ് കാലം വരുന്നത്. 

വീട്ടിൽനിന്നും പുറത്തുപോകുന്ന എല്ലാവരും എനിക്ക് അസുഖം വരരുതെന്നു കരുതി ഹൈ റിസ്ക് പ്രീകോഷൻസ് എടുത്തിരുന്നു.  പക്ഷേ കുറച്ചു ദിവസമായി ചെറിയ തലവേദന തുടങ്ങിയപ്പോൾ ആദ്യം മൈൻഡ് ചെയ്തില്ലെങ്കിലും  പിന്നീട് ടെസ്റ്റ്‌ ചെയ്തു. റിസൾട്ട്‌ പോസിറ്റീവ്!! 
അതു സത്യത്തിൽ ഉമിക്ക് തീ പിടിക്കുമ്പോലെ ആയിരുന്നു. പതുക്കെ വളരെ പതുക്കെ തുടങ്ങി എല്ലാം കത്തിയെരിക്കാൻ പാകത്തിൽ.  ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി. വീട്ടിലെ കുഞ്ഞുങ്ങളെ എവിടെയോ ഇട്ടെറിഞ്ഞു സിസ്റ്ററും സിസ്റ്റർ ഇൻ ലാ യുമാണ് ആശുപത്രിയിക്കു പുറത്തു  കാവൽ. കൂടാതെ എന്റെ ഫ്രണ്ട് ബിന്ദു തിരുവനന്തപുരത്തുനിന്നും വന്നു.  ബിന്ദു ആ സമയത്ത് ജോലിയിൽനിന്നും ബ്രേക്ക്‌ എടുത്തു നാട്ടിൽതന്നെനിൽക്കുന്ന കാലമാണ്. അവൾ  വീട്ടിലും  ആശുപത്രിയിലുമായി മാറിമാറി കയറിയിറങ്ങുന്നു.  പ്രഗത്ഭയായ ഒരു ഡ്രൈവർ കൂടിയാണ് കക്ഷി. സ്ത്രീകൾ ഡ്രൈവിംഗ് പഠിച്ചാൽ ജീവിതത്തിലും എമർജൻസിയിലും എന്തുമാത്രം ഉപകാരമാണെന്നറിയാൻ ബിന്ദുവിനെ നോക്കിയാൽ മതി.

ദിവസങ്ങൾ പോകവേ രക്തത്തിൽ ഹീമോഗ്ലോബിൻ വളരെ കുറഞ്ഞു.   കൗണ്ട് കുറഞ്ഞു. ശ്വാസം എടുക്കാൻ വയ്യ. ബോധവും അബോധവും മത്സരിച്ചു.  ഇടയ്ക്കിടെ ഡോക്ടർമാരും നേഴ്സുമാരും വന്നു എന്നോടു പേരെന്താണെന്ന് ചോദിക്കുന്നത് ഓർമ്മയുണ്ട്. എനിക്ക് പേരുണ്ടോ....? അറിഞ്ഞുകൂടാ....
ആരെയെങ്കിലും കാണണോ എന്നു ചോദിക്കുന്നുണ്ട്. ആരെ കാണാൻ!  ആരെയും വേണ്ട എനിക്കു പോയാൽ മതിയെന്നു പറയണമെന്നുണ്ട്.  ദേഹം മുഴുവനും ട്യൂബും  ബിപി  മോണിറ്റർ ചെയ്യുന്ന കുഴലുകളും ചുറ്റി ICU വിൽ കിടന്നു. കടുത്ത സന്നിജ്വരത്താൽ  തുള്ളിവിറച്ചു മുകളിലേക്ക് എടുത്തെറിയപ്പെട്ട് താഴേക്കു വീഴുന്ന രംഗം ഓർമ്മയിലുണ്ട്.  ഞാൻ മുകളിലേക്ക് പൊങ്ങാതിരിക്കാൻ നഴ്സുമാർ  കമ്പിളിപുതപ്പുകൾ പുതപ്പിക്കുന്നുണ്ട്. വിറയൽ നിൽക്കാതെ ഒരു നേഴ്സ് എന്നെ വരിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ചു കിടന്നത് ഓർമ്മയിലുണ്ട്.  എപ്പോഴോ കണ്ണു തുറന്നപ്പോൾ ദേഹം ചുറ്റിവരിഞ്ഞു ഒരു വലിയ പാമ്പ് മുഖത്തിനുനേരെ നിൽക്കുന്നു! What a bloody hell !!!  അന്നക്കോണ്ടാ പോലുള്ള പെരുമ്പാമ്പ് മുഖത്തിനു ചുറ്റും ഇഴയുന്നു! ഈ ജന്തുക്കൾ എന്നെ വരിഞ്ഞു മുറുക്കി  തിന്നുമെന്നു തോന്നി! കുറച്ചുകഴിഞ്ഞു നേഴ്സ് വന്നു ആ ജന്തുവിനെ മാറ്റി. നോക്കുമ്പോൾ ഏതോ ലൈഫ് സപ്പോർട്ട് കുഴലോ മറ്റോ മുഖത്തിനുനേരെ വന്നതായിരുന്നു.  ഫുൾ അനേസ്തീഷ്യ എന്നൊരു കാര്യമേയില്ല. ഉണ്ടെങ്കിൽ ഇതൊന്നും അറിയില്ലല്ലോ. തല വേദനിക്കുന്നെന്ന് പറയാൻ  പറ്റുന്നില്ല.  കണ്ണു വീങ്ങിയതിനാൽ അവർ ഐസ് കൊണ്ടുവന്നു കണ്ണിനു മുകളിൽ വെച്ചു അമർത്തുന്നുണ്ട്. ദേഹം മുഴുവനും ഐസ് വെച്ചു തണുപ്പിക്കാൻ നോക്കുന്നുണ്ട്.  എഴുതാൻ ഞാൻ ആംഗ്യം കാണിച്ചു. പേപ്പർ കൊണ്ടുവന്നപ്പോൾ   അനുഭവിക്കുന്ന വിഷമങ്ങൾ  പതറിയും ചിലമ്പിയും എഴുതികൊടുത്തു. 

പരീക്ഷിത്തു രാജാവിനെ കൊല്ലാൻ മാമ്പഴത്തിൽ ഒളിച്ചുകടന്ന തക്ഷകനെ  പോലെയായിരുന്നു കോവിഡ് ഞാനുമായി ഒളിച്ചുകളിച്ചത്‌. കൊല്ലുമെന്ന് അവനും സാധ്യമല്ലെന്ന് ഞാനും ഉഗ്രൻ വടംവലി നടന്നു. 
ആകായാലും കൂട്ടുകാരെ.... ഒടുവിൽ ആ ടഗ് ഓഫ് വാറിൽ ഞാൻ ജയിച്ചു. നഴ്സ്സും  ഡോക്ടർമാരും വളരെ കാര്യമായി എന്നെ പരിചരിച്ചു ജീവിതത്തിലേക്ക് തിരികെവിട്ടു. Hatts off them 💞💞💞

അങ്ങനെ വീട്ടിൽ വിശ്രമിക്കുന്ന സമയം....
ജിൻസി വിളിച്ചു ഇടയ്ക്കു പറഞ്ഞു. ഞാൻ പറഞ്ഞ ഡോക്ടറുടെ അടുത്തു മിസ്സ്‌ ഒരുവട്ടമെങ്കിലും പോയി നോക്ക്. എനിക്ക് വയ്യ ജിൻസി ഇനി ആയുർവേദ എന്നല്ല ഒന്നും പരീക്ഷിക്കാൻ എനിക്ക് വയ്യ. എങ്കിലും അവൾ പറഞ്ഞതനുസരിച്ചു പപ്പയും എന്നോടു പറഞ്ഞു. ഒരുവട്ടം കൂടി ശ്രമിക്കുന്നതിൽ തെറ്റില്ല എന്ന്. ഞാൻ കൂട്ടാക്കിയില്ല. പല അസുഖങ്ങളുടെ ആക്രമണത്താലും മെഡിക്കേഷൻകൊണ്ടും ഞാൻ ക്ഷീണിതയായിരുന്നു.

ഇത്രയും നേർധാരയിൽ നടക്കുമ്പോൾ അപ്പുറത്ത് അതീവരസകരമായ കാര്യങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു.

ഈ കൊച്ചിനിതു എന്തുപറ്റിയെന്ന് ചിന്തിച്ചവരെല്ലാം ഒരുമിച്ചു സമ്മേളനം നടത്തി.  ഇത്രമാത്രം അസുഖങ്ങൾ ഒരുമിച്ചു ഈ കൊച്ചിന്റെ മേലെ കയറുന്നതു പന്തിയല്ലല്ലോ. ഇതു നമുക്ക് ശരിയാക്കണം എന്നവർ തീരുമാനിച്ചതിൽ തെറ്റുപറയാനും ഒക്കില്ല. അവർ കാണുന്ന കാലത്തെല്ലാം ഞാൻ ജഗജില്ലിയായി ഓടിനടക്കുകയായിരുന്നല്ലോ.....
ഇവരെല്ലാം   ഹോമിയോ, സിദ്ധ, യുനാനി, നാച്ചുറോപതി, ഫിസിയോതെറാപ്പി  etc അങ്ങനെ ലോകത്തുള്ള  സകല ചികിത്സാപ്പദ്ധതികളും മുന്നിലെത്തിച്ചു. അതിൽ കൂടോത്രംവരെ ഉണ്ടായിരുന്നു.   ഇതു രോഗമല്ല എന്നവർ അടിച്ചു പറഞ്ഞു!  ഭൂതം കേറിയതാണെന്നും കണ്ണ് തട്ടിയതാണെന്നും ബ്രഹ്മരക്ഷസ്  എന്റെ ദേഹത്തു കൂടിയെന്നും അതല്ല ജിന്നാണെന്നും എന്തിനേറെ പറയുന്നു മണിച്ചിത്രത്താഴിട്ടുപൂട്ടിയ തെക്കിനിയിലെ നാഗവല്ലിയാണെന്നും തമിഴത്തി നിന്റെ രണ്ടു ഹിപും കൊണ്ടേ പോകൂ എന്നുംവരെ റീലുകൾ ഓടി! മാലിദ്വീപിലെ ആത്മാക്കൾ ഒന്നടങ്കം എന്നിലേക്ക്‌ ആവാഹിക്കപ്പെട്ടതാണെന്നും കൂടി കേട്ടപ്പോൾ ആശങ്കയോടെ അതിലുപരി ഭയത്തോടെ ഞാൻ എന്റെ ഹിപ്പിനെ നോക്കി പറഞ്ഞു.

 'ഞാൻ ഓടാൻ പോകുകയാണ്. നീ വയ്യാനും പറഞ്ഞു ഇവിടിരുന്നോ.... അതല്ല ജീവൻ വേണമെങ്കിൽ എന്റെകൂടെ ഓടി രക്ഷപ്പെട്ടോ..... ഓടിക്കോ...

ഹിപ് ദയനീയമായി എന്നെ നോക്കി. എനിക്ക് ഓടാൻ വയ്യ.

അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. ജീവൻ വേണോ?  വേണേൽ ഓടിക്കോ.... ഞാൻ പറഞ്ഞു.

അങ്ങനെ ഞാനെന്റെ ഹിപ് രണ്ടുമെടുത്തു കൈയിൽ പിടിച്ചു ഓട്രാ ഓട്ടം ഓടി....🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

ഇത്രയധികം അന്ധവിശ്വാസികളാണ് നമ്മുടെ ചുറ്റിലും ഉള്ളത് എന്ന് സന്ദർഭവശാൽ പറയാൻ ഞാനീ സാഹചര്യം ഉപയോഗിക്കുന്നു.

ഒരു സയൻസ് അധ്യാപികയോട് അതിലുപരി സയൻസിൽ PhD എടുക്കുന്ന ഒരു വിദ്യാർത്ഥിയോടു യാതൊരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പറയുന്നവർ സാധാരണ മനുഷ്യരെ എന്തെല്ലാം പറഞ്ഞാണ് വഴിതെറ്റിക്കുകയെന്നു അത്ഭുതപ്പെടേണ്ടതില്ല. ആപത്തുകൾ വരുമ്പോൾ ചിലർ ബ്ലാക്ക് മാജിക്കിൽ അഭയം പ്രാപിക്കുന്നു. ചിലർ മഹാഭക്തരായി മാറുന്നു. ചിലർ നേരിടാൻ വയ്യാതെ മരിക്കുന്നു.

പക്ഷേ ഞാൻ നേരിടാൻതന്നെ തീരുമാനിച്ചിരുന്നു. Fighter Awake & Fighter Alive!!

 (തുടരും)

see more: https://emalayalee.com/writer/176

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക