Image

ഹാപ്പി ബർത്ത്ഡേ ജീസസ് (മിനി വിശ്വനാഥന്‍)

Published on 26 December, 2023
ഹാപ്പി ബർത്ത്ഡേ ജീസസ് (മിനി വിശ്വനാഥന്‍)

ഡിസംബർ മാസത്തിന്റെ ആദ്യ ആഴ്ചകൾ മുതലേ ഞങ്ങളുടെ ഫ്ലാറ്റുകളുടെ ഇടനാഴികൾ കൃസ്തുമസ് ഗന്ധങ്ങൾ പരക്കും.  മരുഭൂമിയിലെ തണുത്ത കാറ്റിൽ കൃസ്തുമസ് പൂക്കളുടെ ചുവപ്പ് നിറം ലക്ഷ്യമാക്കി സമ്മാനക്കെട്ടുകളുമായി വരുന്ന സാന്റാക്ലോസിന് അടയാളമൊരുക്കി ഉമ്മറപ്പടികൾ കാത്തിരിക്കും.   

വീട്ടുവാതിൽപ്പുറത്ത് ചുവന്ന പൂക്കളും ഇലകളും സ്വർണ്ണ നിറമുള്ള ഗോളകങ്ങളും കൊണ്ട് അലങ്കരിച്ച വളയങ്ങൾ തൂക്കിക്കൊണ്ടാണ്  ഞങ്ങൾ യേശു അപ്പച്ചന്റെ ബർത്ത്ഡേ സെലിബ്രേഷന് തുടക്കമിടുന്നത്. വീട് ആഘോഷങ്ങൾക്ക് തയ്യാറായിക്കഴിഞ്ഞു എന്ന അറിയിപ്പോടെ അതവിടെ തൂങ്ങിക്കിടന്നത് കാണുമ്പോൾ കഴിഞ്ഞ കൃസ്തുമസ്സിന്  ബ്രാണ്ടിയിൽ കുളിച്ച് പതം വന്ന
ഉണക്കമുന്തിരികളും ട്രൂട്ടി ഫ്രൂട്ടിയും  ചെറിപ്പഴങ്ങളും   അടുക്കളയിലെ അലമാരയിലെ ഇരുണ്ട കോണിലെ സ്ഫടിക ഭരണിയിലിരുന്ന് അമ്മച്ചിക്ക് ടെലിപ്പതിക്ക് സിഗ്നലുകൾ കൊടുക്കും.  വീട്ടിലെ  ചെറുപ്പക്കാരിപ്പെണ്ണുങ്ങളെ  സാക്ഷി നിറുത്തി അവർ
തുണി കൊണ്ട് വായ കെട്ടി ഭദ്രമാക്കിയ  ഭരണിയുടെ അടപ്പ് തുറന്ന് അവയുടെ പാകം മണത്ത് നോക്കും , പിന്നെ അതിൽ നിന്നൊരിത്തിരി മരക്കൈയിൽ കൊണ്ട് കോരിയെടുത്ത് അതിലൊന്നെടുത്ത് രുചിച്ച് കണ്ണടച്ച് സംതൃപ്തയായി പുഞ്ചിരിക്കും. ഞങ്ങൾക്ക് നേരെ നീട്ടുന്ന മരക്കൈയിലും ആദ്യമൊന്ന് മണത്ത് നോക്കണം. എന്നിട്ട് ബ്രാണ്ടിയുടെ വീര്യത്തിൽ കുതിർന്ന ഉണക്കമുന്തിരിയുടെ എരുവുള്ള മധുരം രുചിച്ചറിയും. തന്റെ മമ്മി ചെയ്യുത്തതിന്റെ ആവർത്തനം അവർ ഓർത്ത് ചെയ്യുന്നതിന്റെ കൗതുകത്തിൽ ഞങ്ങളും തലകുലുക്കും. 

അടുത്ത ദിവസം മുതൽ കേക്കിടൽ ആരംഭിക്കുകയായി. പഴയ ക്വാളിറ്റി സ്ട്രീറ്റ് ചോക്കലേറ്റ് ടിന്നുകളിൽ വെണ്ണ പുരട്ടിയ ബട്ടർ പേപ്പർ പാകത്തിന് മുറിച്ച് നിരത്തുന്ന പണി ഞങ്ങളുടേതാണ്.  മൈദയും പൊടിച്ച പഞ്ചസാരയും ഇടഞ്ഞിട്ട മിക്സിലേക്ക് മുട്ടയുടെ വെള്ളയും ഒരു നുള്ള് കറുവപ്പട്ടയുടെ പൊടിയും ചേർത്ത് ബീറ്റ് ചെയ്ത് പാകം നോക്കും ! മാവ് കട്ട് ചെയ്ത് വീഴുന്നത് വരെ ബീറ്റ് ചെയ്യണം. ഓരോ തരം കേക്കിനും ഓരോ പാകമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ആദ്യ സെറ്റ് ബിസ്കറ്റ് ടിന്നുകൾ പ്രീ ഹീറ്റ് ചെയ്ത കുക്കിങ്ങ് റേഞ്ചിലേക്ക് താഴ്തും. 
ഓറഞ്ച് തൊലി പൊടിച്ച് ചേർത്ത കേക്ക് ഇഷ്ടമുള്ള കൂട്ടുകാരെയും അതിനിടെ  ഓർക്കും. ട്രൂട്ടി ഫ്രൂട്ടി സത്യത്തിൽ വരത്തനാണെന്നും പണ്ട് കാലത്തെ കേക്കിൽ ഇതൊന്നുമുണ്ടാവില്ലെന്നും കേക്കിന്റെയും കൃസ്തുമസിന്റെയും ചരിത്രം ഓർമ്മിപ്പിക്കും. ഓവനിൽ നിന്നുയരുന്ന വെണ്ണമണത്തിൽ നിന്ന് കേക്കിന്റെ രുചിയറിഞ്ഞ് ഞങ്ങൾ കൃസ്തുമസ് ട്രീയുടെ അലങ്കരണങ്ങളിലേക്ക് കടക്കും !

വട്ടേപ്പം ഉണ്ടാക്കിയാൽ ആരൊക്കെ കഴിക്കുമെന്നതാണ് ഇതിനിടയിലെ മറ്റൊരു ചർച്ച. മധുരമില്ലാത്തത് വേണോ മധുരമുളളത് വേണോ എന്ന തീരുമാനം അപ്പച്ചനുള്ളതാണ്! ചിക്കൻസ്റ്റുവിനൊപ്പം അപ്പം കഴിക്കാനാവില്ലെന്ന് ലീന വാശിപിടിക്കും. ഇന്ത്യൻ മട്ടണ് ദിവസം തോറും വില കൂടുന്നുവെന്ന പരാതിക്കൊടുവിൽ മട്ടൺ മപ്പാസും വട്ടേപ്പവും ബ്രേക്ഫാസ്റ്റിനെന്ന് ഉറപ്പിക്കും. 
ചർച്ചകൾ അവസാനിക്കുമ്പോഴേക്കും കേക്കുകൾ വിരിഞ്ഞ് വിടർന്ന് സുഗന്ധം പരത്തിത്തുടങ്ങും. ഉണ്ടാക്കിയതിൽ ഏറ്റവും രുചിയുളളതിന്റെ അവകാശികൾ ഞങ്ങൾ തന്നെ. ബിൽഡിങ്ങ് കെയർ ടേക്കറുടെ പങ്കിൽ ചോക്കലേറ്റ് കുക്കീസും ഉണ്ടാവും. "അവർക്കൊക്കെ മറ്റാര് കൊടുക്കാനാ " എന്ന പ്രസ്താവനയിൽ ഔദാര്യത്തിനുപരി അർഹതയുടെ അംഗീകാരമാണ്. ഇല്ലാത്തവർക്കാണ് ഏറ്റവും നല്ലത് കൊടുക്കേണ്ടത് എന്ന് ഞങ്ങളെ പഠിപ്പിച്ചതും അമ്മച്ചി തന്നെ !

കൃസ്തുമസ് കാലത്ത് മാത്രം ഇലകൾ ചുവപ്പിക്കുന്ന കൊച്ച് ചെടികൾ ബാൽക്കണിയിൽ നിരത്തുന്നതിനൊപ്പം വാല് നീണ്ട പ്രത്യേകതരം നക്ഷത്രവും തൂക്കിയിടും. നക്ഷത്രങ്ങൾ വഴി കാണിക്കുന്നത് നന്മയുടെയും ത്യാഗത്തിന്റെയും പാതകളാണ്. പുൽക്കൂട്ടിൽ തണുത്തു വിറച്ചു കിടക്കുന്ന ഉണ്ണിയേശു എന്ന ഓർമ്മ പോലും വേദനിപ്പിക്കുന്നതായത് കൊണ്ടാണ് ഞങ്ങളുടെ അലങ്കാരങ്ങളിൽ പുൽക്കൂട് ഉണ്ടാവാത്തത്. പൈൻമരത്തിന്റെ മഞ്ഞ് മണത്തെ ഓർമ്മിപ്പിക്കുന്ന ഒരു സുഗന്ധം കൃസ്തുമസ് ദിവസം ഞങ്ങളെ തലോടിയെത്തുന്നത് ഓർമ്മയിൽ നിറയുന്നു ! 

നന്മ നിറഞ്ഞ കാലങ്ങൾ തിരിച്ച് വരുമെന്ന പ്രതീക്ഷയാണ് ജീവിതം. സ്നേഹവാത്സല്യങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടെയാണ് ആഘോഷങ്ങൾ !

ഇന്നും അടുക്കളയിൽ നിറയെ കേക്കിന്റെ മണമുയരുമ്പോൾ ഓർക്കുന്നത് അമ്മച്ചിയെയാണ്. അവർ പഠിപ്പിച്ച ആദ്യ പാഠങ്ങളിലൊന്ന് സഹജീവികളെ സ്നേഹിക്കുക എന്നതായിരുന്നു ! നന്മ പകരുന്ന കൃസ്തുമസുകൾ ഇനിയുമിനിയും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും യേശു അപ്പച്ചന്റെ പിറന്നാൾ ആശംസകൾ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക