Image

പുതിയ പുല്‍ക്കൂട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 25 December, 2023
പുതിയ പുല്‍ക്കൂട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

ലോക നന്മയ്ക്കായി വ്യക്തികള്‍,
സേവനം വ്രതമാക്കുമ്പോള്‍,
ആതുരര്‍ക്കത്താണിയായി,
ത്യാഗവീഥിയില്‍ യാത്രികര്‍,
ശാന്തിമന്ത്രങ്ങളോതിയോതി,
സാന്ത്വനം പകരുന്നവര്‍,
ആത്മജ്ഞാന പ്രഭചൊരിഞ്ഞ്,
നേര്‍വഴി നയിക്കുന്നവര്‍,
സ്‌നേഹമൂര്‍ത്തികളീയരങ്ങില്‍,
രക്തസാക്ഷികളായവര്‍;
എത്രയുത്തമജീവിതങ്ങള്‍,
സത്യമോതി മറഞ്ഞുപോയ്.
കാലഘട്ടം പകുത്തുപാരില്‍,
പവിത്രമായൊരു ജന്മമായ്,
ദീര്‍ഘദര്‍ശികള്‍ കുറിച്ച നാമം,
രക്ഷകനായ്, യേശുവായ്;
ക്രിസ്തുമസ് വരവേറ്റു രാവില്‍-
ക്രിസ്തുവിന്നവതാരമേ,
വാനില്‍ നക്ഷത്ര ദീപമായി,
മംഗള വാര്‍ത്തയായി, ഹാ!
മാലാഖമാരാര്‍ത്തുപാടി....
മാറ്റൊലിയായ് മര്‍ത്യരില്‍,
'ഉന്നതത്തിലെന്നന്നേയ്ക്കും-
മഹത്വം സര്‍വശക്തന്;
ദൈവകൃപയുള്ളോര്‍ക്ക് ഭൂവില്‍,
ഹൃദയസമാധാനവും'
ദിവ്യമീയാശംസയെപ്പോഴും,
പുതിയ പാഠങ്ങളാകട്ടെ;
സ്‌നേമുയിര്‍ക്കൊണ്ടു,ള്‍ത്തടങ്ങള്‍-
പുതിയ പുല്‍ക്കൂടാകട്ടെ;
കാരുണ്യക്കരലാളനത്താല്‍,
ദീനര്‍ക്കാശ്വാസമേകട്ടെ,
മൃത്യുവിന്‍ ചിറകേറി ജന്മം,
മുക്തിമാര്‍ഗ്ഗത്തിലാകട്ടെ;
ക്രൂരത തീച്ചുളയാക്കുന്ന,
ക്രോധമി;ന്ധമാക്കുന്ന,
അഹന്ത തീര്‍ക്കും ഗോപുരത്തില്‍,
സത്യധര്‍മ്മങ്ങള്‍ പൂട്ടുന്ന,
ആയുധപ്പുരയാം മനസ്സേ,
ജ്ഞാന വചസുകള്‍ തേടുമോ?
നിത്യമായി ഭവിച്ചിടട്ടെ ,
സൗഖ്യദായക സ്വപ്നങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക