Image

ലാളനം (ഇ-മലയാളി കഥാമത്സരം 2023: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 15 December, 2023
ലാളനം (ഇ-മലയാളി കഥാമത്സരം 2023: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

നിര്‍മ്മല നാട്ടില്‍ ബയോളജിയില്‍ ബാച്ച്‌ലേഴ്‌സ് ബിരുദം കരസ്ഥമാക്കിയിരിക്കവെയാണ്, അവളുടെ അമ്മാവന്‍ രാധാകൃഷ്ണന്‍ എണ്‍പതുകളുടെ തുടക്കത്തില്‍ അവളെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. അവള്‍ വരുന്നതിനു മുമ്പ് മാമന്റെ നിര്‍ദ്ദേശപ്രകാരം മൈക്രോബയോളജി കോഴ്‌സ് പഠിച്ചു. മലയാളികള്‍ അധികം അധിവസിക്കാത്ത ഒരു സ്‌റ്റേറ്റിലായിരുന്നു അവള്‍ വന്നത്. ജോലിയില്‍ നിന്ന് വിരമിച്ച മാമന്‍ അവധിക്കു നാട്ടില്‍ പോകുന്നതിനു മുമ്പായി, അനന്തരവള്‍ക്ക് ലാബില്‍ ഒരു ജോലി സമ്പാദിച്ചു കൊടുക്കുവാന്‍ സഹായിച്ചു. എങ്കിലും ഏകാന്തവാസം അവള്‍ ഇഷ്ടപ്പെട്ടില്ല. മാമന്‍ മനസ്സില്‍ ഉറപ്പിച്ചു നാട്ടിലെത്തിയാല്‍ മരുമകള്‍ക്കൊരു വിവാഹം ആലോചിക്കണമെന്ന്.

മാമനു ഹൃദ്രോഗമുളളതിനാല്‍ പേസ്‌മൈകര്‍ വെച്ചിരുന്നു. മദ്യം മാമന്റെ ഒരു വൈകല്യമായിരുന്നു.
ഡോക്ടര്‍മാര്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഒരു പരിധി വിട്ട് മദ്യപിച്ചാല്‍ അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ
കാര്യമായി ബാധിക്കും എന്ന്, പ്രത്യേകിച്ച് ഹൃദയം നാലിലൊന്ന് പ്രവൃത്തിക്കുമ്പോള്‍…

മാര്‍ച്ച് മാസത്തിലെ കൊടുംചൂടിലായിരുന്നു മാമന്‍ നാട്ടിലെത്തിയത്. വിശ്രമത്തിനു പകരം, മരുമകളുടെ
വിവാഹാന്വേഷണവും വീടിന്റെ അറ്റകുറ്റപ്പണിയും, അതില്‍ക്കൂടി അനിയന്ത്രിതമായ മദ്യപാനവും അമിത
ദാഹവും ആയപ്പോള്‍, പൊടുന്നനെ മാമനെ മരണം ആക്രമിച്ചു.

മരണത്തിനു മുമ്പായി മാമന്‍ പെങ്ങളുടെ മകള്‍ക്കു ഒരു ബന്ധം കണ്ടെത്തിയിരുന്നു. ജോലിയില്‍ പ്രവേശിച്ചു അധികം നാള്‍ ആവാത്തതിനാല്‍ മാമന്റെ അന്ത്യകര്‍മ്മത്തിനു പങ്കെടുക്കുവാന്‍ നിര്‍മ്മലയ്ക്ക് കഴിഞ്ഞില്ല. മാമന്‍ പരിചയപ്പെടുത്തിയ രണ്ടു മൂന്നു മലയാളി സുഹൃത്തുക്കളും, ഒന്ന് രണ്ട് അയല്ക്കാരും ഒഴിച്ചാല്‍ അവള്‍ തികച്ചും ഒറ്റപ്പെട്ടു.

നിര്‍മ്മല നാട്ടില്‍ അമ്മയുമായി സംസാരിക്കുമ്പോള്‍ അമ്മ ഓര്‍മ്മപ്പെടുത്തും, മാമന്‍ ആലോചിച്ച ബന്ധത്തെപ്പറ്റി: ‘ചെക്കന്‍ സൗമ്യനും സുമുഖനും ഓഫീസ് ജോലിക്കാരനും ഒക്കെയാണ്. മോള്‍ക്ക് പറ്റാതിരിക്കില്ല. ഉദയഭാനൂന്നാ പേര്; ഭാനുന്നാ എല്ലാരും വിളിക്ക്യാ.’

നിര്‍മ്മലയ്ക്ക് അച്ഛനില്ലാത്തതിനാല്‍ മാമന്‍ ഉദ്ദേശിച്ച വിവാഹാഭ്യര്‍ത്ഥനയെപ്പറ്റി കൂടുതല്‍ അറിയാനോ, വേറെ വിവാഹാഭ്യര്‍ത്ഥനകള്‍ ആരായാനോ കഴിഞ്ഞില്ല.
അമ്മ പറഞ്ഞു: ‘മോള് ലീവില് വരുമ്പൊ, മാമന്‍ പറഞ്ഞ് വെച്ച ചെക്കനെ കണ്ട് സംസാരിച്ച് ഒര് തീര്മാനമെട്ക്കണം.’

ആറ് മാസം കഴിഞ്ഞ്, ഒരു മാസത്തെ അവധിക്കു നിര്‍മ്മല നാട്ടില്‍ വന്നു. അമ്മ പറഞ്ഞതുപോലെ പ്രതിശ്രുതനായ ആള്‍ സുന്ദരനായിരുന്നു.
വിവാഹം കഴിഞ്ഞു രണ്ടാഴ്ചക്കു ശേഷം നിര്‍മ്മല തിരിച്ചു പോയി.
പത്തു മാസം കഴിഞ്ഞു ഭാനു അമേരിക്കയിലെത്തി. അയാള്‍ ഓഫീസ് ജോലിക്കായി ചിലയിടത്ത് ടെസ്റ്റുകളില്‍ പങ്കെടുത്തെങ്കിലും വിജയിച്ചില്ല. ഉച്ചാരണരീതിയും ഒരു ന്യൂനതയായി ഭവിച്ചു. തുടര്‍ന്നു ഫാക്ടറി ജോലി സ്വീകരിക്കേണ്ടി വന്നു.
ഒരു വര്‍ഷം ഫാക്ടറിയില്‍ ജോലി ചെയ്ത ശേഷം കമ്പനി അയാളെ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു തല്ക്കാലത്തേക്ക് പിരിച്ചു വിട്ടു. ജോലി ഇല്ലാതിരുന്നപ്പോള്‍ ഉപരിപഠനത്തിനു നിര്‍മ്മല ഭാനുവിനെ പ്രോത്സാഹിപ്പിച്ചെങ്കിലും, അയാള്‍ക്കത് കുറച്ചിലായി തോന്നി.

അതിനിടെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു. അവള്‍ക്കു പ്രിയ എന്ന് പേരിട്ടു. ഭാനുവിന് പ്രിയയെ നോക്കുന്നത് ഒരു ഫുള്‍ ടൈം ജോലി പോലെ ആയിരുന്നെങ്കിലും, അയാള്‍ക്കത് വളരെ ഹൃദ്യമായിരുന്നു.
മകളുടെ ഓരോ കാര്യവും തന്നേക്കാള്‍ കാര്യമായി ഭര്‍ത്താവു ശ്രദ്ധിക്കുന്നത് നിര്‍മ്മലയെ ആനന്ദിപ്പിച്ചെങ്കിലും, ലാളന കുറച്ച് കൂടിപ്പോകുന്നില്ലേ എന്ന് തോന്നാതിരുന്നില്ല?

പ്രിയ രാത്രിയില്‍ ഉണര്‍ന്നാല്‍ നിര്‍മ്മലയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ, താഴത്തെ നിലയില്‍ കൊണ്ടുപോയി ആശ്വസിപ്പിക്കും.
നിര്‍മ്മല ഭാനുവിനെ ഭാനുവേട്ടാ എന്നാണ് വിളിച്ചിരുന്നത്. പീന്നീട് വിളി ചേട്ടനെന്നായി. അതുപോലെ ഭാനു
നിര്‍മ്മലയെ നിമ്മിയെന്നും വിളിക്കും.

ഭാനുവിന്റെ പ്രധാന ജോലി വീട് ഒരു പൊടിയുമില്ലാതെ വൃത്തിയാക്കലും മകളെ കുളിപ്പിക്കലുമാണ്.
ചിലപ്പോള്‍ നിമ്മി ആശ്ചര്യപ്പെടും മകളുടെ ശരീരത്തില്‍ ഇത്ര അഴുക്കുണ്ടോ? അച്ഛന്‍ മകളെ തറയില്‍
നടക്കാന്‍ അനുവദിക്കില്ല; അഥവാ നടത്തുകയാണെങ്കില്‍, കാലില്‍ സോക്‌സും ഷൂസും ഇട്ടേ നടത്തൂ.
ഭാനു മകളെ നടക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ നിമ്മി: ‘അവള്‍ മുട്ടിലിഴഞ്ഞു നീന്തിക്കളിക്കട്ടെ, നിലത്ത് വൃത്തിയുളള കാര്‍പ്പറ്റില്ലേ?’ ഭാനു ഗൗരവത്തില്‍: ‘അവള്‍ പൂച്ച രോമമോ കരടോ വായിലിടും. പിന്നെ പൊടി മേനിയില്‍ തട്ടിയാല്‍ മോള്‍ക്ക് ചൊറിയും!’

മകള്‍ നഗ്നപാദയായി വീട്ടില്‍ ഓടിച്ചാടി കളിക്കണമെന്ന് നിമ്മി ആഗ്രഹിച്ചെങ്കിലും, ഭാനുവിനോട് തര്‍ക്കിച്ചിട്ട് ഫലമില്ലെന്ന് തോന്നി.
ചില വേനല്‍ സായാഹ്നങ്ങളില്‍ പ്രിയ അച്ഛന്റെ വിരല്‍ പിടിച്ചു നടക്കുന്നത് കൗതുകകരമാണ്. വല്ലപ്പോഴും നിമ്മിയും അവരുടെ കൂടെ ചേരും.

മകള്‍ക്ക് ചെറിയ ജലദോഷമോ പനിയോ വന്നാല്‍ ഏത് പാതിരാത്രിയിലും അച്ഛന്‍ എമെര്‍ജന്‍സിയില്‍
കൊണ്ടുപോകും.
നിമ്മി ജോലി കഴിഞ്ഞു വന്നാല്‍ അണിയിച്ചൊരുക്കിയ മകളെ, മടിയില്‍ ഇരുത്തും. അവള്‍ക്കത് അനഘ നി്വമിഷങ്ങളാണ്.
അവള്‍ എല്ലാം മറന്നു മകളെ പുല്കി പുളകം കൊളളും.

പ്രിയക്ക് അഞ്ച് വയസ്സായപ്പോള്‍ കിന്‍ഡെര്‍ഗാര്‍ട്ട്‌നില്‍ ചേര്‍ത്തു. അവളെ ബസ് വന്നു കൊണ്ടുപോകും. കൊണ്ടുവരും.
ഭാനുവിനു സമയം ധാരാളം ബാക്കി. അയാള്‍ വീണ്ടും ജോലി തിരക്കി. മുമ്പ് ജോലി ചെയ്ത കമ്പനി ഇതുവരെ
അയാളെ തിരിച്ചു വിളിച്ചിട്ടില്ല, എങ്കിലും മറ്റൊരു ഫാക്ടറി ജോലി ലഭിച്ചു. അസംബ്ലി ലെയിനില്‍
ആയതുകൊണ്ട് ജോലി അല്പം ആയാസപ്പെടേണ്ടിയിരുന്നു, എന്നാലും ആറുമാസം പിടിച്ചു നിന്നു.
ജോലി നഷ്ടമായപ്പോള്‍ നിമ്മി വീണ്ടും ഭാനുവിനെ പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു: ‘ഭാനുവേട്ടാ, ഫാര്‍മസി
ടെക്‌നിഷനായോ, മെഡിക്കല്‍ സെക്ഷനിലോ മറ്റോ ആറ് മാസം പഠിച്ചാല്‍, വീട്ടിലിരുന്നു  മുഷിയണ്ട.’
ഭാനു: ‘ഇനി അതൊന്നും ശരിയാകില്ല.’

തന്റെ ഭര്‍ത്താവിനു അത്രയൊന്നും പ്രായമായിട്ടില്ലെന്ന് പറയാന്‍ ഭാവിച്ചെങ്കിലും, അതുകൊണ്ടൊന്നും ഒരു
പ്രയോജനമില്ലെന്ന് നിമ്മിക്കറിയാമായിരുന്നു.
ഭാനു പതിവുപോലെ പ്രിയയെ നോക്കുന്നതിലും പാചകത്തിലും വസ്ത്രം കഴുകുന്നതിലും നിമ്മിയുടെ
യൂണിഫോം ഇസ്തിരിയിടുന്നതിലും ശ്രദ്ധിച്ചു. ഭാനു ദിവസവും വസ്ത്രം അലക്കുന്നത് അധികമാണെന്ന്
നിമ്മിക്ക് തോന്നാറുണ്ട്.
നിമ്മി ജോലി കഴിഞ്ഞു വന്നാല്‍ സാധാരണപോലെ ഭാനു അവള്‍ക്കു ചായ കൊടുത്തു, പ്രിയയുടെ വികൃതികള്‍ നര്‍മ്മരസത്തോടെ വിവരിക്കും; നിമ്മിക്കത് കാതിനു ഇമ്പമായിരുന്നു.

പ്രിയക്കു രണ്ടു വയസ്സുപ്പോള്‍, നിമ്മി രണ്ടാമതൊരു പെണ്‍കുഞ്ഞിനു ജന്മം നല്കി. അവള്‍ക്കു നീന എന്ന് പേരിട്ടു. നീന പ്രിയയേക്കാള്‍ സുന്ദരിക്കുട്ടിയായിരുന്നു. ഭാനു പ്രിയയെ വളര്‍ത്തിയതു പോലെ നീനയേയും വാത്സല്യത്തോടെ വളര്‍ത്തി.

പ്രിയ കിന്‍ഡെര്‍ഗാര്‍ട്ട്‌നില്‍ പഠിക്കാന്‍ മിടുക്കിയായതു പോലെ എലിമെന്ററി, മിഡില്‍, ഹൈസ്‌ക്കൂളിലും
സമര്‍ത്ഥയായിരുന്നു. നിമ്മിയും ഭാനുവും പ്രിയയുടെയും നീനയുടെയും എല്ലാ പാരന്റിംങ്
മീറ്റിങ്ങുകളിലും പങ്കെടുക്കും. പ്രിയയെപ്പറ്റി ടീച്ചേഴ്‌സിനു എല്ലാ വിഷയത്തിലും വളരെ നല്ലതേ
പറയാനുണ്ടായിരുന്നുളളു. എന്നാല്‍ നീന പഠനത്തില്‍ അത്ര ശ്രദ്ധിക്കുന്നില്ല; അവള്‍ക്കു അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഉണ്ടോ എന്ന് സംശയമുണ്ട്. എങ്കിലും അവള്‍ ഹോംവര്‍ക്കെല്ലാം ചെയ്യാറുണ്ട്.
യഥാര്‍ത്ഥത്തില്‍ പ്രിയയ്ക്കും നീനയ്ക്കും ഭാനുവാണ് ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിച്ചു കൊടുക്കാറ്. ഭാനുവിന്റെ മുഖ്യ ജോലിയായിരുന്നു സമയപ്പട്ടിക തയ്യാറാക്കി മക്കളെ പഠിപ്പിക്കല്‍. ഭാനു മക്കളുടെ ഹോംവര്‍ക്കില്‍ അതീവ ശ്രദ്ധിക്കുന്നത് കണ്ട് നിമ്മി അതില്‍ നിന്നകന്നു നിന്നെങ്കിലും, പറയും: ‘ഭാനുവേട്ടാ അവരെ ശ്രദ്ധിച്ചാല്‍ മതി. അവര്‍ സ്വന്തമായി ഹോംവര്‍ക്ക് ചെയ്ത് പഠിക്കട്ടെ, എന്നാലല്ലെ അവര്‍ക്കു പഠിയൂ…‘

നിമ്മി എത്ര പറഞ്ഞാലും ഭാനുവിനു മക്കള്‍ക്ക് 100ല്‍ 100കിട്ടണമെന്ന ശാഠ്യമാണ്.
പ്രിയയെ ബാച്ച്‌ലേഴ്‌സിനു ചേര്‍ത്തത് കുറച്ച് അകലെയുളള കോളേജിലാണെങ്കിലും, എല്ലാ ആഴ്ചാവസാനത്തിലും ഭാനു പോയി അവളെ വീട്ടിലേക്ക് കൊണ്ടുവരും. തിരിച്ചും കൊണ്ടുവിടും. ചിലപ്പോള്‍ നിമ്മി ഭര്‍ത്താവിനു തുണയ്ക്കുണ്ടാവും.

പ്രിയ ബാച്ച്‌ലേഴ്‌സിനു ചേര്‍ന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഒരു സന്ധ്യയ്ക്ക് പ്രിയയും കൂട്ടുകാരികളും കൂടി
പാര്‍ട്ടിക്ക് പോകുകയായിരുന്നു. അവളുടെ ഇറുകിയതും മേനി വെളിപ്പെടുത്തുന്നതുമായ വസ്ത്രധാരണം കണ്ടു ഭാനുവിനു സഹിച്ചില്ല.
ഭാനു നിര്‍മ്മലയോട്, ‘പ്രിയമോളുടെ ഈ തരത്തിലുളള വസ്ത്രം ധരിക്കല്‍ ആള്‍ക്കാര്‌ടെ അനാദരവ് ക്ഷണിച്ച്
വരുത്തുകയല്ലേ? നിര്‍മ്മല ശാന്തമായി പറഞ്ഞു:
‘അതൊക്കെയാ ഇപ്പഴ്‌ത്തെ ഫാഷന്‍.’
‘അതൊക്കെ എങ്ങനീം ശരിയാക, നമ്മടെ നാടിന്റെ സംസ്‌കാരവും സമ്പ്രദായവും നിലനിര്‍ത്തണ്ടേ?’
‘പ്രിയ ഇവിടെ ജനിച്ച് വളര്‍ന്നവളല്ലേ?’
‘എങ്കിലും, മറ്റുളളവരില്‍ നിന്നുളള മോശമായ നോട്ടം എന്റെ മോള്‍ക്ക് കിട്ടുന്നത് എനിക്ക് വെഷമമുളള കാര്യാണ്! ഒരച്ഛന്‍ എന്ന നിലയില്‍ ഞാനെങ്ങനെ അത് സഹിക്കും?’
‘ഭാനുവേട്ടാ, ഇവ്ട്ത്ത സംസ്‌കാരം നമ്മുടേതില്‍ നിന്ന് ഭിന്നമല്ലേ?’
‘പക്ഷേ, ഈ വസ്ത്രധാരണരീതി ജനങ്ങള്‍ക്ക് മാത്രല്ല, എനിക്കും അവളോടുളള ആദരം കുറയുകയല്ലേ?’
‘ചേട്ടന്‍ അവള്‍ പരിപാടികള്‍ക്ക് പോകുമ്പോഴുളള വേഷത്തില്‍ അവളെ കാണണ്ട, അവള്‍ടെ ഉളളിന്റെ സൗന്ദര്യം കണ്ടാ മതി. നിങ്ങള് സ്‌നേഹിക്കുന്നതു പോലെ തുടര്‍ന്നും മോളെ സ്‌നേഹിച്ചാ മതി.’
ഭാനു നിശ്ലബ്ദനായി.

പ്രിയ മാസ്‌റ്റേഴ്‌സിനു ചേര്‍ന്നത് കുറച്ചു ദൂരെയുളള സര്‍വകലാശാലയിലായിരുന്നു. ഭാനുവിനു അത്ര ദൂരം
ഇഷ്ടമില്ലെങ്കിലും, പഠനത്തിന്റെ കാര്യമല്ലെ… എന്നുവെച്ചു സമാധാനിച്ചു. എന്നാലും അച്ഛന്‍ മകളെ എല്ലാ മൂന്നോ നാലോ ആഴ്ച കൂടുമ്പോഴും സന്ദര്‍ശിക്കും. പ്രിയയുടെ എന്തെങ്കിലും വിശേഷ പരിപാടിയുണ്ടെങ്കല്‍ നിമ്മിയും കൂടെ പോകും.
പ്രിയ മാസ്‌റ്റേഴ്‌സ് കഴിഞ്ഞ ഉടനെ അവള്‍ക്കൊരു നല്ല ജോലി ലഭിച്ചു. അച്ഛന്റെ അമിതലാളനയില്‍ നിന്ന് മോചനം നേടാനായി അവള്‍ ഒരപ്പാര്‍ട്ടുമെന്റിലേക്ക് മാറണമെന്ന് ആഗ്രഹിച്ചു. നിമ്മി അതിനു എതിരല്ലായിരുന്നു.

ഭാനുവിനു അത് തീരെ ഇഷ്ടപ്പെട്ടില്ല: ‘എന്തിനാ ഇപ്പൊ വീട് മാറ്ണ്?’
നിമ്മി: ‘അവളൊരു പെണ്ണായില്ലേ, അവള്‍ക്ക് കുറച്ച് സ്വാതന്ത്ര്യം വേണ്ടേ?’
‘അതിന് ഇവ്‌ടെ എന്താ സ്വാതന്ത്ര്യക്കൊറവ്?’ ‘അവള്  കൂട്ടുകാരെ വീട്ടിലേക്ക് കൊണ്ട്‌വര്‌മ്പൊ, കൊറച്ച് സ്വകാര്യം?’
‘അവള് കൂട്ടുകാരെ കൊട്‌ന്നോട്ടെ ഞാനവരെ ശല്യപ്പെട്ത്ത്ണ്ല്ല.’ ‘അതല്ല, അവള്‍ക്ക് വിവാഹപ്രായമായി, അവളുടെ മെയില്‍ഫ്രണ്ടിനെയോ ബോയ്ഫ്രണ്ടിനെയോ വീട്ട്‌ല്ക്ക് കൊണ്ട്‌വര്‌മ്പൊ?’
‘എന്തിനാ ബോയ്ഫ്രണ്ട്? കല്യാണം കഴിക്കാന്‍ നീ നാട്ടീന്ന് എന്നെ കെട്ടിയതു പോലെ അവ്‌ളും പോയി
കെട്ടിക്കോട്ടെ…’
‘ഭാനുവേട്ടാ, അവള്‍ ഇവ്‌ടെയാണ് ജനിച്ചതും വളര്‍ന്നതും; ഞാന്‍ നാട്ടിലാ. അവള്‍ക്ക് ഇവ്ട്‌ത്തെ ആള്യേം ഇഷ്ടപ്പെട്ാ… അവള് അങ്ങനീം പറേണതും.’

‘ഇവ്ട്‌ത്തെ ആള്‍ക്കാര് കൊറച്ച് കഴീമ്പൊ, വേറെ വല്ല ആളെ കിട്ട്യാല് എന്റെ മോളെ ഇട്ടേച്ച് പോകും, എനിക്കത് സഹിക്കുല്ല!’
‘ഇവ്ട്‌ത്തെ ആളായാലും എവ്ട്‌ത്തെ ആളായാലും ആത്മാര്‍ത്ഥമായ അട്പ്പമല്ലെ പ്രധാനം?’
‘എനിക്കിഷ്ടം എന്റെ മോള് നാട്ടീന്ന് കല്യാണം കഴിക്കലാ…’
നിമ്മിക്ക് ഭാനുവിന്റെ ഉറച്ച ധാരണ ഇളക്കിയെടുക്കല്‍ പ്രയാസമായി തോന്നി. മക്കള്‍ മുതിരുമ്പോള്‍, മറുനാടന്‍ സംസ്‌ക്കാരത്തിന്റെ ചുവടു പിടിച്ച് നടന്നകലാന്‍ വെമ്പുമ്പോള്‍, തായ് വേര്
നഷ്ടപ്പെട്ട മരം പോലെ നിമ്മിക്ക് തോന്നി.

നീന ഹൈസ്‌ക്കൂളില്‍ പഠിച്ചതു പോലെ കോളേജില്‍ ആ മിടുക്ക് കാണിച്ചില്ല! ബാച്ച്‌ലേഴ്‌സ് ബിരുദം
പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അവള്‍ പഠനം നിര്‍ത്തി, വീട്ടില്‍ വന്നു കംപ്യൂട്ടറിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ചു.
മകള്‍ പഠനം നിര്‍ത്തിയത് അമ്മയ്ക്ക് ഇഷ്ടമായില്ല: അമ്മ മകളുമായി വഴക്കിട്ടു. ഭാനു അതില്‍ ഇടപെട്ടു: ‘അവള് ചെറ്പ്പല്ലേ, പഠിച്ചോളും.’ ‘ചെറുപ്പത്തിലാ പഠിക്കേണ്ടത്. വലിപ്പത്തീ ഈ സൗകര്യം കിട്ടീന്ന് വരുല്ല. അമേരിക്കേല് ബിര്ദല്ലാതെ ഒര് നല്ല ജോലീം കിട്ടുല്ല.’
‘അവള് എന്തെങ്കിലും ജോലി കണ്ട്പിടിച്ചോളും.’
നീന കോളേജിലും ജോലിക്കും പോകാത്തതില്‍ നിമ്മി ഇടയ്ക്കിടെ കലഹിക്കുമ്പോള്‍, ഭാനു അവളുടെ രക്ഷകനാകും.
നിമ്മി ദേഷ്യത്തോടെ: ‘നിങ്ങള് ഓളെ കൊഞ്ചിച്ച് ഓള്‍ടെ ഭാവി കേട് വര്ത്തും. ഓള് വീട്ടിലിര്ന്നാ
ശരിയാകില്ല.’

വാഗ്വാദം തുടര്‍ന്നപ്പോള്‍ നീന ജോലി അന്വേഷിച്ചു. അവള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ കാഷ്യറായും
അക്കൗണ്ടന്റിന്റെ സഹായിയായും കസ്റ്റമര്‍ സര്‍വീസിലും ആയി ആറു മാസം ജോലി ചെയ്തിട്ട് വീണ്ടും വീട്ടില്‍ വന്നു, കംപ്യൂട്ടറിന്റെ മുന്നിലിരുന്നു.
നിമ്മിയുടെ ശബ്ദം താഴുമ്പോള്‍, വീട്ടില്‍ ദുഃഖത്തിന്റെ നേരിയ നിഴല്‍ പരക്കും. അത് മൗനത്തിന്റെ തീവ്രത കൂട്ടും.
കാലം അധികം സംഭവവികാസങ്ങളില്ലാതെ പൊയ്‌ക്കൊണ്ടിരുന്നു.
പാചകം ചെയ്യുമ്പോള്‍ വീട്ടില്‍ ചൂരുണ്ടെന്ന് പരാതിപ്പെട്ട് ഭാനു മുമ്പെത്തേതിനേക്കള്‍ കൂടുതലായി ഓരോ
മുറിയിലും സ്‌പ്രേ അടിക്കും, വിശേഷിച്ച് കക്കൂസിലും കുളിമുറിയിലും. നിമ്മിയുടേയും പ്രിയയുടേയും
യൂണിഫോം അലമാരയില്‍ അടച്ചിടും.
നിമ്മി: ‘ഇവിടെ ചൂരൊന്നും ഇല്ല. പിന്നെ അടച്ചിട്ട വീട്ടില്‍ എപ്പളും കെമിക്കലിന്റെ ഗന്ധം ശ്വസിക്ക്ണത് നല്ലതല്ല.’
ഭാനു മണം പിന്നെയും വീട്ടില്‍ തങ്ങി നില്ക്കുന്നുണ്ടെന്ന് ആരോപിച്ച് തണുപ്പത്ത് പോലും പുറത്തെ ഡെക്കില്‍ വെച്ച് കുക്ക് ചെയ്യും. ഒന്ന് രണ്ട് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം പഴകിയതാണെന്ന് പരാതിപ്പെട്ട് ചവറ്റ് കൊട്ടയില്‍ തട്ടുമ്പോള്‍, പ്രിയ പറയും: ‘ഡാഡ്, ഫ്രിഡ്ജില്‍ കുറച്ച് ദിവസൊക്കെ ഭക്ഷണം സൂക്ഷിക്കാം, നന്നായി പൊതിഞ്ഞു വെച്ചാലോ, അടച്ചു വെച്ചാലോ മതി.’
‘അതിനൊക്കെ ഒര് തരം വാടയാ, മോളെ. പിന്നെ പൂപ്പല്‍ മറ്റ് ഭക്ഷണത്തിലേക്കും പരക്കും!’
അപ്പോള്‍ നിമ്മി ഇടപെടും: ‘വെറും മൂക്കിനെ വിശ്വസിച്ചൂടാ, കേട് വന്നീന്ന് തോന്ന്ണ്ണ്ടങ്കി രുചിച്ച്
നോക്കണം.’ ഭാനു: ‘പഴേതൊന്നും കഴിക്കണ്ട, വല്ല കേടും പിടിക്കും.’
നിമ്മിക്ക് ഭാനുവിന്റെ മനം മാറ്റിയെടുക്കല്‍ വിഷമമാണെന്നറിയാം.
ഭാനു പതിവു പോലെ നിമ്മിയുടേയും പ്രിയയുടേയും അടുത്ത ദിവസത്തേക്കുളള ഉച്ചഭക്ഷണം തയ്യാറാക്കിയും അവരുടെ കാറുകള്‍ കഴുകി, പെട്രോള്‍ അടിച്ചും ഇടും. ഭാനുവിനു എപ്പോഴും കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ വേണം.. പെട്രോള്‍ തീര്‍ന്നിട്ട് രാത്രിയില്‍ പെണ്‍കുട്ടികള്‍ നടന്നുവരുമ്പോള്‍ പല അത്യാഹിതങ്ങളും സംഭവിച്ചിട്ടുണ്ട്.
പ്രിയ വളര്‍ന്നിട്ടും അവളെ ഒരു കുട്ടിയോടെന്ന പോലുളള ഡാഡിന്റെ പെരുമാറ്റം അവള്‍ക്ക് അരോചകമായി
തോന്നി.
നീന ഓണ്‍ലൈനില്‍ വിഹരിച്ചും, ഡാഡിയെ അടുക്കളയില്‍ സഹായിച്ചും ദിനങ്ങള്‍ നീക്കും. ദിനങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുമ്പോള്‍, നിമ്മി മക്കളുടെ ഭാവി ഓര്‍ത്ത് നെടുവീര്‍പ്പിടും.

ഭാനു ദിനവും രാവിലെ കുളിച്ചതിനു ശേഷം രാത്രി ഒന്നുകൂടി കുളിക്കും. നിമ്മിയോടും സമയമെടുത്തു
കുളിക്കാന്‍ ആവശ്യപ്പെടും. അവള്‍ അത് നിരസിക്കുമ്പോള്‍, അയാള്‍ നീരസത്തോടെ: ‘നിനക്കൊരു വായ് നാറ്റമുണ്ട്; ലിസ്റ്ററിന്‍ ഉപയോഗിച്ച് വായ് നന്നായി കഴുകിയാലേ, ബാക്റ്റീരിയ നശിക്കയുളളു. നീ കുളിക്കാതെ കിടക്കുമ്പോള്‍ ബെഡ്‌റൂമില്‍ മാത്രല്ല, ഈ വീട് മൊത്തം വാസനിക്കും!
നിമ്മി അത് കേട്ടില്ലെന്ന് നടിക്കുമ്പോള്‍, ഭാനുവിന്റെ കോപം ഇരട്ടിക്കും. ‘നീ നല്ലോണം സോപ്പിട്ട്
കുളിച്ചില്ലെങ്കില്‍, നിന്റെ ശരീരത്തില്‍ ഞാന്‍ തൊടില്ല. അതും അവള്‍ ചെവിക്കു പുറത്തു വിടും.
ചിലപ്പോള്‍ ഭാനുവിന്റെ തരംതാഴ്ത്തുന്ന വാക്കുകള്‍ സ്ഥിരം കേള്‍ക്കുമ്പോള്‍, നിമ്മിക്ക് എവിടെയോ അകപ്പെട്ടത് പോലെയോ, എവിടേക്കെങ്കിലും ഓടിപ്പോകാനോ തോന്നും. ചിലപ്പോള്‍ ജോലിക്ക് പോകുന്നത് ആശ്വാസമായും തോന്നും.

നിമ്മി ആകുലപ്പെടും, വിവാഹം കഴിഞ്ഞിട്ട് ഇരുപത്തഞ്ചു വര്‍ഷമായി. ഇപ്പോള്‍ എവിടെ നിന്നാണ് ഈ
ശുചിത്വഭീതി പൊന്തിവരുന്നത്? നിമ്മി ഓര്‍ത്തു, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അദ്ദേഹം പറയാറുളളത്: ‘നിന്റെ ചന്ദനനിറമുളള കളേബരത്തിന്റെ ചന്ദനസോപ്പിന്റെ വാസനയും ചന്തമുളള മുലയും മുടിയുടെ മാസ്മര സുഗന്ധവും എന്നെ ലഹരി പിടിപ്പിക്കുന്നു….’
അത് കേള്‍ക്കുന്നത് നിമ്മിയുടെ കാതിന് മധുരമര്‍മ്മരമായിരുന്നു? പക്ഷേ, ഇപ്പോള്‍ എങ്ങനെ ആ വശ്യസുഗന്ധം ദുര്‍ഗന്ധമാകും?
ആലോചിക്കുമ്പോള്‍ നിമ്മിക്ക് വിഷാദംകൊണ്ടു കരച്ചില്‍ വരുന്നു.
നിമ്മി ഓര്‍ക്കും, അകന്നു കിടക്കുമ്പോഴാണ് അദ്ദേഹത്തിനു ഇത്ര രൗദ്രം. അടുത്തു കിടക്കുവാന്‍
പ്രോത്സാഹിപ്പിക്കുമ്പോള്‍, ഓരോ കാരണങ്ങളാലും അത് വഴുതി അകലും.
കഴിഞ്ഞ ആഴ്ചത്തെ വിവാദവിഷയം പൂച്ചകളായിരുന്നു. അര ഡസനിലധികം അലഞ്ഞു നടക്കുന്നതൊ അല്ലാത്തതൊ ആയ പൂച്ചകളെ അദ്ദേഹം സ്ഥിരം തീറ്റിക്കും. അവയ്ക്കു സാധാരണ കാറ്റ് ഫുഡ് കൊടുക്കന്നതിനു പകരം,. സ്വന്തം പൂച്ചയ്ക്കു കൊടുക്കന്നതു പോലുളള ടിന്‍ ഫുഡ് കൊടുക്കണം.

നിമ്മി: ‘അവയ്ക്ക് ഉടമസ്ഥരുണ്ടെങ്കില്‍ വിശിഷ്ട വിഭവങ്ങള്‍ അവരുടെ ഉടമസ്ഥര്‍ കൊടുക്കില്ലേ? പിന്നെ നമ്മള്‍ കൊടുക്കുന്ന ഭക്ഷണവും സ്‌പെഷ്യല്‍ ട്രീറ്റും അവ ഇഷ്ടത്തോടെ തിന്നാറുണ്ടല്ലോ?’
‘അതുപോര; നമ്മുടെ പൂച്ചയെപ്പോലെ അവയേയും കാണണം.’
ഇരുവരും വഴക്കിട്ടു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍, ഭാനുവിന്റെ മറ്റൊരു ഡിമാന്റ്. പൂച്ചകള്‍ക്കു എന്നും പുതിയ പ്ലേറ്റില്‍ ഒജീനം
കൊടുക്കണം!
നിമ്മി: ‘ഭാനുവേട്ടാ, പുറത്തുളളവയെ നമ്മുടേതിനെപ്പോലെ കാണണ്ട; അവരുടെ വിശപ്പടക്കിയാല്‍ മതി.’
ഭാനു വാശിയോടെ അത് പാടില്ല പോസ്സം പോലെത്തെ വലിയ എലി രാത്രിയില്‍ വര്ന്ന്ണ്ട്, അത് ചെലപ്പൊ ആ
പാത്രത്തില്‍ തൊട്ടാല്‍ വിഷം പൂച്ചകള്‍ക്കും പകരും! നമ്മള്‍ അവയ്ക്ക് വാക്‌സിനേഷന്‍ കൊട്ക്ക്ണില്ലല്ലോ?’
‘അവ നമ്മുടേതല്ലല്ലോ?’
‘അതൊന്നും സാരല്ല.’
ഒരു ദിവസം രാവിലെ ഡെക്കില്‍ മാര്‍ജ്ജാര സംഘം അന്നത്തിനായി അക്ഷമരായി കാത്തു നില്ക്കുന്നു. നിമ്മി അവയ്ക്ക് തീറ്റ കൊടുത്തു.
ഭാനുവിന് അതിഷ്ടമായില്ല.
‘അവയ്ക്ക് എന്നും പുതിയ പേപ്പര്‍ പ്ലേറ്റില്‍ അന്നം കൊട്ക്കണം!’
‘പേപ്പര്‍ പ്ലേറ്റുകള്‍ കാറ്റില്‍ പറന്ന് ബാക്ക്‌യാര്‍ഡ് ആകെ വൃത്തികേട് ആവണ്!’
തുടര്‍ന്ന് ഭാനുവിന്റെ ശബ്ദം ഉയര്‍ന്നു; നിമ്മിയുടെ ശബ്ദം താഴ്ന്നു. വീട്ടില്‍ ഇരുള്‍ വീണു.

നിര്‍മ്മലമായ ഭാനുവിന്റെ മസ്തിഷ്‌കത്തില്‍ നിന്ന് അകന്നു പോകുന്ന ഒന്നിനെക്കുറിച്ച് അവള്‍ ആകുലപ്പെട്ടു.
നിമ്മിയോടു കുളിക്കാന്‍ പറയുന്നതു പോലെ പ്രിയയോടും പറയും: ‘പ്രിയമോള് ഓഫീസീന്ന് വര്‌മ്പൊ
വിയര്‍പ്പിന്റെ ഗന്ധണ്ട്, കിടക്കുന്നതിനു മുമ്പ് സോപ്പിട്ട് കുളിക്കണം.’
‘ഡാഡ്, ഞാനും മമ്മിയും രാവിലെ എന്നും സോപ്പിട്ട് കുളിക്കും. ഓഫീസില് വിയര്‍ക്കുന്ന
ജോലിയൊന്നുല്ല; ജോലി കംപ്യൂട്ടറിലും ഫോണിലും. പിന്നെ ഓഫീസില്‍ എയര്‍കണ്ടീഷനുണ്ട്.’
‘എന്നാലും ആര്‍ക്കെങ്കിലും കൈ കൊടക്ക്‌മ്പൊ ജേംസ് പകരാനിടയുണ്ട്, അതോണ്ട് മോള് നല്ലം സോപ്പിട്ട് കൈ കഴുകണം, പ്രത്യേകിച്ച് ഭക്ഷണത്തില്‍ തൊടുമ്പൊ. നോക്കൂ, നീനമോള് ആഹാരത്തില്‍ തൊടുമ്പൊ, കൈ കഴുകിയും എപ്പഴും മണത്ത് നോക്കിയിട്ട്മല്ലേ?’
നീന അച്ഛന്റെ പല്ലവി ഏറ്റുപറയും…!
ഒരു സാങ്കല്പിക യാത്രയുടെ കൗതുകം നിമ്മിയെ ഇതുവരെ എത്തിച്ചു; അയാളെയും. പ്രിയപ്പെട്ട ഭര്‍ത്താവിലെ
അഭിനിവേശത്തിന്റെ ഇരയെ അവള്‍ തിരിച്ചറിഞ്ഞു; ഇന്നല്ല പലപ്പോഴായി.
ഭാനുവില്‍ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ മാറ്റം അവള്‍ ഭയപ്പാടോടെ മനസ്സിലാക്കി. അച്ഛനും മക്കളും വീണ്ടും സംഭാഷണം തുടരുമ്പോള്‍ നിമ്മി ചുമരിലേക്ക് നോക്കി ഇരുന്നു… ഏറെനേരം.

Join WhatsApp News
Rafeeq Tharayil 2023-12-16 03:37:44
Very good story. Thank you for posting in e-malayali.
Sudhir Panikkaveetil 2023-12-16 05:04:49
ചില കഥകൾ അവസാനിക്കുന്നില്ല. ഇതിലെ കഥാപാത്രങ്ങളുടെ ജീവിത യാത്ര .തുടരുകയാണ്. ഇതിലെ നായകൻ clean freak ആണ്. അത് OCD (obsessive compulsive disorder) ആണ്. അത് സൈക്കോളജിക്കൽ ഡിസോർഡർ ആണ്. അമേരിക്കൻ കുടുംബങ്ങളിൽ കാണാറുള്ള ചില വിശേഷങ്ങൾ അവതരിപ്പിച്ചിരിക്കയാണ് കഥാകൃത്ത്. അവതരണ രീതിയിൽ പഴമ കയറി വന്നത് കഥാകൃത്ത് അറിഞ്ഞിട്ടുതന്നെയന്നു വായനക്കാരന് ബോധ്യപ്പെടുമ്പോൾ കഥ വിശ്വാസയോഗ്യമാകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക